1947 നവംബര്‍ രണ്ടിനു ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ പരുമല സെമിനാരിയില്‍ പരിശുദ്ധ സുന്നഹദോസ് കൂടി. പരുമല തിരുമേനിയോടൊപ്പം കോതമംഗലത്തു കബറടങ്ങിയിരിക്കുന്ന ബസേലിയോസ് കാതോലിക്കാ ബാവായെയും ഈ സുന്നഹദോസാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്. പരുമല തിരുമേനിയെ വിശുദ്ധന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഔഗേന്‍ മാര്‍ തീമോത്തിയോസിന്‍റെ അഭിപ്രായത്തെ തോമ്മാ മാര്‍ ദീവന്നാസ്യോസ് തിരുമേനി അനുകൂലിച്ചു സംസാരിക്കുകയും ചെയ്തു. ഇതു സംബന്ധിച്ചു അന്നു ചേര്‍ന്ന സുന്നഹദോസിന്‍റെ മിനിറ്റ്സില്‍ ഇപ്രകാരമാണ് പ്രസ്താവിച്ചിട്ടുള്ളത്.
“സ്വജീവിത കാലത്തും കാലശേഷവും ചാത്തുരുത്തില്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ വഴിയായി നാനാജാതി മതസ്ഥര്‍ക്കും ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ അദ്ഭുതങ്ങള്‍ ഏവര്‍ക്കും ബോധ്യപ്പെട്ടിരിക്കുകയാല്‍ അദ്ദേഹത്തെ പരിശുദ്ധന്മാരുടെ പട്ടികയില്‍ ചേര്‍ക്കുന്നതിനെപ്പറ്റി സുന്നഹദോസ് ആലോചിച്ചു. ബാല്യകാലത്തും യൗവനകാലത്തും പിന്നീടും അദ്ദേഹത്തില്‍ യാതൊരു ദോഷവും കണ്ടെത്തപ്പെട്ടിട്ടില്ലാത്തതുകൊണ്ടും എക്കാലവും അദ്ദേഹം വിശുദ്ധന്മാര്‍ക്കു അനുയോജ്യമായ ജീവിതം നയിച്ചിട്ടുള്ളതുകൊണ്ടും ജീവിതകാലത്തും കാലശേഷവും അദ്ദേഹം മൂലം നടന്നിട്ടുള്ള അദ്ഭുതങ്ങളെ പരിഗണിച്ചും അദ്ദേഹത്തെ പരിശുദ്ധന്മാരുടെ പട്ടികയില്‍ ചേര്‍ക്കേണ്ടതാണെന്നു ഔഗേന്‍ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ തിരുമനസുകൊണ്ടു അഭിപ്രായപ്പെടുകയും മാര്‍ ദീവന്നാസ്യോസ് തിരുമേനിയും മാര്‍ പീലക്സിനോസ് തിരുമേനിയും അതിനെ അനുകൂലിക്കയും ചെയ്തു.”
(മഹാനായ ദീവന്നാസ്യോസ്, പോള്‍ മണലില്‍, പത്തനാപുരം, 1987, പേജ് 163)
“പരുമലെ കാലംചെയ്ത നമ്മുടെ പരിശുദ്ധ പിതാവിന്‍റെ തിരുനാമം ശുദ്ധിമാന്മാരുടെ പട്ടികയില്‍ ചേര്‍ത്തു തുബ്ദേനില്‍ എഴുതുന്നതിനും കോതമംഗലത്തു കാലംചെയ്ത പരിശുദ്ധ പിതാവാകുന്ന മാര്‍ ബസ്സേലിയോസ് കാതോലിക്കായുടെ നാമവും ഇപ്രകാരം തന്നെ ചെയ്യുന്നതിനും നമ്മുടെ വി. സുന്നഹദോസ് നിശ്ചയിച്ചിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത നിങ്ങളെ നാം അറിയിച്ചുകൊള്ളുന്നു. അതിനാല്‍ ഈ ശുദ്ധിമാന്മാരുടെ ഓര്‍മ്മ, ശേഷം പരിശുദ്ധന്മാരുടെ ഓര്‍മ്മപോലെ “സാദീക്കോ” (നയവാന്‍ പനപോലെ തളിര്‍ത്തീടുമേ) എന്നുള്ള പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുകയും അവരുടെ നാമങ്ങളില്‍ പള്ളികള്‍ സ്ഥാപിക്കുകയും മറ്റും ചെയ്യാവുന്നതാണ്. ഈ പരിശുദ്ധന്മാരുടെ പ്രാര്‍ത്ഥന നമുക്കു കോട്ടയായിരിക്കട്ടെ. ആമ്മീന്‍.”
(1947-നു കൊല്ലം 1123 ധനു 3-നു കോട്ടയം സുറിയാനി സിമ്മനാരിയില്‍ നിന്നും അയച്ച കല്പനയില്‍ നിന്നും)