പ്രുമിയോന്‍ ഒരു പട്ടക്കാരന്‍ വായിക്കുന്നു മ്ഹസ്യൊനൊയും സെദറായും ഒരു ശെമ്മാശന്‍ (sub deacon) വായിച്ചു. ശെമ്മാശന്മാരും sub deacon മുതലായവരും അവരുടെ തൊഴില്‍ ചെയ്തു കാലം കഴിക്കയും വി. കുര്‍ബാനയ്ക്കു പള്ളിയില്‍ വരുമ്പോള്‍ വൈദിക വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നു. വി. കുര്‍ബാന: മറിയം ദീലെത്തോക് എന്നതു പാത്രിയര്‍ക്കീസ് ബാവാ തന്നെ ചൊല്ലി അവസാനിപ്പിക്കുന്നു. ചൊല്ലുന്ന പട്ടക്കാരന്‍ ധൂപം മാത്രം വീശിയിട്ട് ശുശ്രൂഷക്കാരനെ ഏല്പിക്കുന്നു. ഏവന്‍ഗേലി: സിംഹാസനത്തിന്മേല്‍ വെള്ളിത്തകിടില്‍ പൊതിഞ്ഞു എപ്പോഴും മദ്ബഹായുടെ നടയില്‍ പടിഞ്ഞാറെ അറ്റത്തു സൂക്ഷിക്കപ്പെട്ടിരിക്കുന്നു. പട്ടക്കാരോ മേല്‍പട്ടക്കാരോ ആരുതന്നെ ഏവന്‍ഗേലി സന്ധ്യയ്ക്കോ രാവിലെയോ വായിച്ചാലും കറുത്ത ളോഹായുടെ പുറമെ കാപ്പ ധരിക്കാതെ വായിക്കുന്നില്ല. ശുശ്രൂഷക്കാരന്‍ കാപ്പ തക്കസമയത്തു പട്ടക്കാരനെ ധരിപ്പിക്കുന്നു. മേല്പട്ടക്കാരനെങ്കില്‍ ഒരു പട്ടക്കാരനോ ദയറായക്കാരനോ ധരിപ്പിക്കുന്നു.
ഏവന്‍ഗേലി വായനാ സമയത്തു എല്ലാവരും പടിതൊപ്പി, മേല്‍പട്ടക്കാര്‍ മത്തങ്ങാമുടി എന്നിവ മാറ്റിയിട്ടു തലകുനിച്ചു ഭക്തിയായി നിന്നു ശ്രദ്ധിക്കുന്നു. അറബിയിലാണ് വായന. ഏവന്‍ഗേലി വായന കഴിഞ്ഞിട്ട് ഏവന്‍ഗേലി മേശ (വിശുദ്ധ കുര്‍ബാനയുള്ള ദിവസം) ശുശ്രൂഷക്കാരില്‍ ഒരാള്‍ എടുത്തു ത്രോണോസിന്‍റെ വലതു വശത്തു ത്രോണോസിനെ തൊട്ടു വയ്ക്കുന്നു. വിശുദ്ധ കുര്‍ബാന കഴിഞ്ഞു ആളുകള്‍ കൈമുത്താന്‍ വരുന്നതോടുകൂടി വീണ്ടും പൂര്‍വ്വസ്ഥിതിയില്‍ മദ്ബഹാ നടയില്‍ മധ്യഭാഗത്തായി പടിഞ്ഞാറെ അറ്റത്തു കൊണ്ടു വയ്ക്കുന്നു. ഏവന്‍ഗേലി വായിച്ചു കഴിഞ്ഞാലുടനെ ഗായകസംഘം ഇമ്പമായി പാടുന്നു. പാട്ടുകള്‍ എപ്പോഴും ഗായകസംഘം മാത്രം പാടുകയും ജനം ശ്രദ്ധയോടും ഭക്തിയോടും സംബന്ധിക്കയും ചെയ്യുന്നു. ധൂപം നമസ്കാരസമയത്തും മറ്റെല്ലായ്പോഴും ആരുതന്നെ അണക്കുന്നുവോ അവര്‍ ശുശ്രൂഷകന്മാരെങ്കില്‍ ശുശ്രൂഷക്കുപ്പായം, ഊറാറാ മുതലായവയും പട്ടക്കാരാണെങ്കില്‍ ഹയ്മനിക്കയും ധരിക്കാതെ ധൂപം വയ്ക്കുന്നില്ല. ശുശ്രൂഷക്കുപ്പായത്തിന്‍റെ പുറത്തു ചുവന്ന തുണികൊണ്ടു കുരിശു +, x എന്നീ രൂപങ്ങളില്‍ വച്ചു പിടിപ്പിക്കാറുണ്ട്. പദവികേറുന്ന പട്ടക്കാരന്‍ മൂന്നു പ്രാവശ്യം (അതായതു ശോശപ്പായുടെ മധ്യം, ഇടം, വലം എന്നിങ്ങനെ) ശോശപ്പായില്‍ മുത്തിയിട്ട് പദവിമേല്‍ കേറുന്നു. ശോശപ്പാ ആഘോഷത്തിന്‍റെ അവസാനത്തില്‍ ഇടത്തുകൈ മുകളില്‍ പിടിച്ചുകൊണ്ടു വലതുകൈ അതിനു താഴെയായി പിടിച്ചിട്ടു വലത്തോട്ട് രണ്ടും ഇടത്തോട്ട് ഒന്നും ചുറ്റുന്നു. വിശുദ്ധ കാഴ്ചകള്‍ വാഴ്ത്തുമ്പോള്‍ എല്ലാവരും തലകുനിച്ചു നില്‍ക്കുന്നു. പട്ടക്കാരന്‍ നീട്ടിചൊല്ലുന്നു. നിര്‍ത്തി ചൊല്ലുകയും ചെയ്യുന്നുണ്ട്. ഈ സമയം മറുബഹസാ തുടരെ കിലുക്കുന്നില്ല. ഏറ്റം പ്രധാനഭാഗത്തു മാത്രം ഇരുവശത്തു നിന്നും മറുബഹസാ കിലുക്കുന്നു…..
(ഹോംസില്‍ 1934-ല്‍ നടന്ന സഭാസമാധാന ചര്‍ച്ചകളില്‍ പങ്കെടുത്തപ്പോള്‍ കണ്ട ആരാധന ക്രമീകരണങ്ങള്‍ ഫാ. സി. എം. തോമസ് ഡയറിയില്‍ രേഖപ്പെടുത്തിയത്. സമ്പാദകന്‍ പോള്‍ മണലില്‍. അവലംബം പോള്‍ മണലില്‍ രചിച്ച മഹാനായ ദീവന്നാസ്യോസ് എന്ന ഗ്രന്ഥം.)