സഭാചരിത്രത്തിലെ മാമ്മന്‍ സ്പര്‍ശം | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

സഭാചരിത്രകാരനും പത്രപ്രവര്‍ത്തകനുമായ കോട്ടയ്ക്കല്‍ കെ. വി. മാമ്മന്‍ സഭാചരിത്രം, സഭാപിതാക്കന്മാരുടെ ജീവചരിത്രം എന്നിവ ഉള്‍പ്പെടെ നൂറോളം പുസ്തകങ്ങള്‍ എഴുതുകയും എഡിറ്റു ചെയ്തു പ്രസിദ്ധീകരിക്കുകയും ചെയ്തു. കഴിഞ്ഞ 60 വര്‍ഷമായി മലയാള മനോരമയും മലങ്കരസഭയും മറ്റു മാസികകളുമായി ബന്ധപ്പെട്ടു കോട്ടയത്തു താമസിക്കുന്ന അദ്ദേഹം ആധുനിക മലങ്കരസഭാ ചരിത്രത്തിന്‍റെ വിവിധ സുപ്രധാന സംഭവങ്ങള്‍ക്കും സാക്ഷിയാണ്.

പ. ഗീവറുഗീസ് രണ്ടാമന്‍ കാതോലിക്കാ ബാവായുടെ കാലം മുതലുള്ള ആറു കാതോലിക്കാ ബാവാമാരുടെ പ്രവര്‍ത്തനങ്ങളില്‍ സാക്ഷിയായ കെ. വി. മാമ്മന്‍ അക്ഷരലോകത്ത് തുറന്നിട്ടിരിക്കുന്നത് ചരിത്രത്തിന്‍റെ രാജ വീഥിയാണ്. അതിനാല്‍ അദ്ദേഹം പറയുന്നു:

“ഞാന്‍ നേരിട്ടു കണ്ടതും കേട്ടതും റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളതുമായ കാര്യങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മറ്റാര്‍ക്കും പറയുവാന്‍ കഴിയില്ല. സഭാ സംബന്ധമായ ചരിത്രപുസ്തകങ്ങള്‍ സഭയുടെ ആഭിമുഖ്യത്തില്‍ നേരിട്ടിറക്കാത്തത് എതിരാളികള്‍ അവയുടെ അടിസ്ഥാനത്തില്‍ പഴുതുകള്‍ കണ്ടെത്തി സഭാനേതാക്കളെ കോടതി കയറ്റുമെന്ന ഭയംകൊണ്ടാവാം. എന്നാല്‍ എന്‍റെ പുസ്തകങ്ങളുടെ ഉള്ളടക്കത്തെ സംബന്ധിച്ചിടത്തോളം ഞാന്‍ മാത്രമാണ് ഉത്തരവാദി.”
പത്തനംതിട്ട മാക്കാംകുന്ന് സെന്‍റ് സ്റ്റീഫന്‍സ് ഇടവകാംഗമായ കോട്ടയ്ക്കല്‍ എം. വര്‍ഗീസിന്‍റെയും മറിയാമ്മയുടെയും നാലാമത്തെ മകനായ കെ. വി. മാമ്മന്‍ കോളജ് വിദ്യാഭ്യാസത്തിനായാണ് കോട്ടയത്തേക്ക് കുടിയേറിയത്. സി.എം.എസ്. കോളജില്‍ നിന്നും ഹിസ്റ്ററി ആന്‍ഡ് എക്കണോമിക്സില്‍ ബിരുദം നേടി (1951-53). പഠനകാലത്ത് പത്രപ്രവര്‍ത്തനത്തില്‍ താല്‍പര്യം വളര്‍ന്നു. ചര്‍ച്ച് വീക്കിലിയുമായി ബന്ധപ്പെട്ട അക്കാലം സഭാചരിത്ര രചനകള്‍ക്ക് തുടക്കമിട്ടു.
ബിരുദം നേടിയ അന്നുതന്നെ മലയാള മനോരമ ദിനപത്രത്തില്‍, 1953 ജൂണ്‍ 15-ന് പ്രതാധിപ സമിതിയില്‍ ജോലി നേടി.

“ഞാന്‍ 1953 മുതല്‍ 1990 വരെ മലയാള മനോരമ പ്രതാധിപസമിതിയില്‍ പ്രവര്‍ത്തിച്ചു. കെ. സി. മാമ്മന്‍ മാപ്പിളയുടെ കാലത്ത് മലയാള മനോരമ പത്രാധിപസമിതിയില്‍ പ്രവേശിച്ച് ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് ഞാന്‍. ജേര്‍ണലിസം കോഴ്സ് പൂര്‍ത്തിയാക്കിയ ആദ്യ വ്യക്തിയും.”

സഭാചരിത്രം, പത്രപ്രവര്‍ത്തനം, മലയാള സാഹിത്യം എന്നിവയില്‍ വ്യൂല്‍പത്തി നേടിയ കെ. വി. മാമ്മന്‍ ആദ്യകാലത്ത് പത്രപ്രവര്‍ത്തനത്തോ ടൊപ്പം മലയാള മനോരമയുടെ ബാലജനസഖ്യം പ്രവര്‍ത്തനങ്ങള്‍ക്കും കാര്‍ഷിക പംക്തിക്കും നേതൃത്വം നല്‍കി.

ബാലജനസഖ്യത്തിന്‍റെ ‘ശങ്കരച്ചേട്ടനായി” നിയമിതനായി. തിരുവിതാംകൂര്‍ മുഴുവന്‍ ബാലജനസഖ്യം സംഘടിപ്പിക്കുക, പ്രസംഗിക്കുക, പത്രത്തില്‍ ശങ്കരച്ചേട്ടന്‍റെ കത്തെഴുതുക ഇവയായിരുന്നു മുഖ്യദൗത്യം.” കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്‍റെ മുഖ്യ ഉപദേശകനായ ടി. കെ. എ. നായരും അക്കാലത്തെ ബാലജനസഖ്യം പ്രവര്‍ത്തനത്തിലൂടെ ഉയര്‍ന്നുവന്ന പ്രമുഖ വ്യക്തികളില്‍ ഉള്‍പ്പെടുന്നതില്‍ കെ. വി. മാമ്മന്‍ സന്തോഷിക്കുന്നു.

കെ. വി. മാമ്മന്‍റെ മലയാള മനോരമയിലെ ദീര്‍ഘമായ പത്രപ്രവര്‍ത്തന ചരിത്രം മലങ്കരസഭയുമായി ബന്ധപ്പെട്ടുള്ളതാണ്. സഭകളുടെ വാര്‍ത്തകള്‍ പരിശോധിക്കുകയും തിരുത്തുകയും ചെയ്യുന്ന മുഖ്യധര്‍മ്മം കെ. വി. മാമ്മനിലാണ് ഭരമേല്‍പ്പിച്ചിരുന്നത്. സഭാദ്ധ്യക്ഷന്മാരുടെ പേരും സ്ഥാനനാമങ്ങളും മറ്റും കൃത്യമായി അച്ചടിച്ചു വരണമെന്ന് മനോരമയ്ക്ക് നിര്‍ബന്ധം ഉണ്ട്.

ക്രൈസ്തവസഭകളുടെ വിവിധ വാര്‍ത്തകള്‍ ശേഖരിക്കുന്നതിനും പ്രധാന സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനും അദ്ദേഹത്തെ നിയോഗിച്ചിരുന്നു. പ്രത്യേകിച്ച് മലങ്കര ഓര്‍ത്തഡോക്സ് സഭാസംബന്ധമായ വാര്‍ത്തകളുടെയും ക്രൈസ്തവ സഭകളുടെ റിപ്പോര്‍ട്ടുകളുടെയും ഫൈനല്‍ വാക്കായിരുന്നു കെ. വി. മാമ്മന്‍.

മലയാള മനോരമയില്‍ 38 വര്‍ഷത്തെ സേവനത്തിനുശേഷം (1953-90) അസിസ്റ്റന്‍റ് എഡിറ്റര്‍ എന്ന നിലയില്‍ വിരമിച്ചു. ചര്‍ച്ച് വിക്കിലിയുടെ സഹപത്രാധിപരായിരുന്നു. മലങ്കരസഭാ മാസികയുടെയും ഓര്‍ത്തഡോക്സ് യൂത്തിന്‍റെയും പത്രാധിപസമിതി അംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
പത്രലോകത്തുനിന്നും വിരമിച്ചെങ്കിലും കഴിഞ്ഞ 25 വര്‍ഷമായി എഴുത്തിന്‍റെയും പുസ്തക പ്രസിദ്ധീകരണത്തിന്‍റെയും നിരന്തര തപസ്യയിലാണ് 94-ലേക്കു കടന്ന കെ. വി. മാമ്മന്‍.

ചരിത്രത്തില്‍ വിസ്മൃതമാകുന്ന അനേക സംഭവങ്ങളേയും വ്യക്തികളേയും അക്ഷരങ്ങളിലൂടെ അനശ്വരനാക്കിയ കെ. വി. മാമ്മന്‍ എഴുത്തിന്‍റെ പുതിയ ലോകം സൃഷ്ടിച്ചു. പ്രസിദ്ധീകരണ രംഗത്ത് തനതായ തായ്വഴി പകര്‍ന്നു. 2022 നവംബര്‍ 11-ന് 93 തികയുന്ന കെ. വി. മാമ്മന്‍ പിന്നിട്ട വഴികള്‍ തുറന്നു തരുന്നു.

മലയാള മനോരമയിലെ പത്രപ്രവര്‍ത്തന ജീവിതം…?

മലയാള മനോരമ അഗ്നിപരീക്ഷണങ്ങള്‍ അതിജീവിച്ചു വളര്‍ന്ന സ്ഥാപനമാണ്. മാധ്യമരംഗത്ത് വന്‍കിട സ്ഥാപനമായി അതു വളര്‍ന്നു. വളരെ സന്തോഷത്തോടെയാണ് 38 വര്‍ഷം അവിടെ പ്രവര്‍ത്തിച്ചത്. മലങ്കര സഭയുടെ പ്രതിസന്ധികളില്‍ മലയാള മനോരമ അത്താണിയായി നിലകൊണ്ടിട്ടുള്ള ചരിത്രമാണ് അതിനുള്ളത്. മനോരമ ആദ്യകാലം മുതല്‍ വളര്‍ത്തി എടുത്ത സഭാസ്നേഹം അത്യധികം ശ്രേഷ്ഠമാണ്. അത് ആര്‍ക്കും മറക്കുവാന്‍ കഴിയുകയില്ല. മലങ്കരസഭാചരിത്രത്തില്‍ മനോരമ വഹിച്ച പങ്ക് പ്രത്യേകം പഠനാര്‍ഹമാണ്. മനോരമയില്‍ സഭാവാര്‍ത്തകള്‍ പരിശോധിക്കുവാനും അവതരിപ്പിക്കുവാനും എന്നെ പ്രത്യേകം ചുമതലപ്പെടുത്തിയിരുന്നു. മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച സഭാവാര്‍ത്തകള്‍ അധികവും എഴുതിയിരിക്കുന്നത് ഞാനാണ്. 1964-ല്‍ ഔഗേന്‍ ബാവായെ വാഴിച്ചതിന്‍റെയും ദിദിമോസ് പ്രഥമന്‍ ബാവായെ 1966-ല്‍ കോലഞ്ചേരിയില്‍ വച്ചു മേല്‍പ്പട്ടക്കാരനായി വാഴിച്ചതിന്‍റെയും റിപ്പോര്‍ട്ടുകള്‍ പ്രത്യേകം ശ്രദ്ധേയമാണ്. കൃത്യവും നിഷ്പക്ഷവുമായ വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

എന്‍റെ അനുഭവത്തില്‍ സഭ മാധ്യമങ്ങളെ ഉള്‍ക്കൊള്ളണം. അവയെ ഫലപ്രദമായി പ്രയോജനപ്പെടുത്തുവാന്‍ ശ്രദ്ധിക്കണം. എല്ലാ മുഖ്യധാരാ മാധ്യമങ്ങളുമായി ഉറ്റബന്ധം വളര്‍ത്തിയെടുക്കണം. മാധ്യമത്തിന്‍റെ ശക്തിയും പ്രചരണശേഷിയും ശക്തമാണല്ലോ.

സഭാചരിത്ര സംബന്ധമായ പുസ്തക പ്രസിദ്ധീകരണം എങ്ങനെ കാണുന്നു?
സഭാചരിത്രം, വിജ്ഞാനകോശം, സഭാപിതാക്കന്മാരുടെ ജീവചരിത്രം, യാത്രാവിവരണം, നാടകം തുടങ്ങി വിവിധ മേഖലകളിലായി നൂറോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അഭിവന്ദ്യ ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസ്, പൗലോസ് മാര്‍ ഗ്രിഗോറിയോസ്, മാത്യൂസ് മാര്‍ ബര്‍ണബാസ് എന്നിവരുടെ ആദ്യ പുസ്തകങ്ങള്‍ എനിക്ക് പ്രസിദ്ധീകരിക്കുവാന്‍ സാധിച്ചു.

സുപ്രസിദ്ധ ചരിത്രകാരനായ ഇസ്സഡ്. എം. പാറേട്ട് പ്രായാധിക്യം വകവെയ്ക്കാതെ ഗവേഷണ പഠനങ്ങളുടെ പിന്‍ബലത്തോടെ പല വാല്യങ്ങളിലായി സഭാചരിത്രം തയ്യാറാക്കി മലങ്കരസഭയ്ക്ക് സമര്‍പ്പിച്ചു. സഭയിലെ പ്രമുഖര്‍ ആരെങ്കിലും അദ്ദേഹത്തെ വേണ്ടപോലെ ആദരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്തതായി അറിയില്ല. ഇതുതന്നെയാണ് സാഹിത്യ – സഭാചരിത്ര ഗവേഷകനായ ഡോ. സാമുവല്‍ ചന്ദനപ്പള്ളിക്ക് ലഭിച്ചതും.

ഞാന്‍ ഇക്കാര്യം എല്ലാം ചെയ്യുന്നത് സഭയോടുള്ള സ്നേഹം കൊണ്ടാണ്. മാക്കാംകുന്നിലും പുതുപ്പള്ളി നിലയ്ക്കലുമായി സണ്ടേസ്കൂളില്‍ ഞാന്‍ 50 വര്‍ഷം പഠിപ്പിച്ചു. സഭയുടെ ചരിത്രവും പിതാക്കന്മാരുടെ ജീവിതവും സണ്ടേസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വേണ്ടത്ര പഠിക്കുന്നില്ല. ആ കുറവ് പരിഹരിക്കപ്പെടുവാന്‍ എന്‍റെ പുസ്തകങ്ങള്‍ പ്രയോജനപ്പെടുമെന്ന് വിശ്വസിക്കുന്നു.

എഴുത്തിനെ എങ്ങനെ വിലയിരുത്തുന്നു?

ചരിത്രം, ഐതിഹ്യം, പാരമ്പര്യം എന്നിവ വാമൊഴിയിലും വരമൊഴിയിലും കെട്ടുപിണഞ്ഞു കിടക്കുന്ന ക്യാന്‍വാസിലാണ് യഥാര്‍ത്ഥ ചരിത്രത്തെ കണ്ടെത്തേണ്ടത്. അടിസ്ഥാനരഹിതവും നിരാധാരവുമായ അഭിപ്രായങ്ങള്‍ സഭാചരിത്രത്തിന് ഏല്‍പ്പിച്ചിരിക്കുന്ന ക്ഷതങ്ങള്‍ തുറന്നുകാട്ടി നെല്ലും പതിരും മാറ്റി സഭാചരിത്രഗാത്രത്തെ നിര്‍മ്മലമാക്കുന്ന കര്‍ത്തവ്യമാണ് ഒരളവില്‍ ഞാന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. ഇത് മാതൃസഭയോടുള്ള എന്‍റെ താല്‍പ്പര്യംകൊണ്ട് മാത്രമാണ്.

വ്യാപകമായി പരസ്യം നല്‍കിയിട്ടും ആദായകരമായ പ്രീ പബ്ലിക്കേഷന്‍ വ്യവസ്ഥ പ്രഖ്യാപിച്ചിട്ടും ആദ്ധ്യാത്മിക സംഘടനാ പ്രവര്‍ത്തകരോ, സഭാസ്ഥാനികളോ, വൈദികരോ പുസ്തകം വാങ്ങുന്നതിനോ, വായിക്കുന്നതിനോ, പ്രചരിപ്പിക്കുന്നതിനോ താല്‍പര്യം കാണിക്കാറില്ല എന്നത് പരമാര്‍ത്ഥം.
സഭാ സംബന്ധമായ പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും വിജയിക്കണമെങ്കില്‍ പ്രതിഭാസമ്പന്നരായ വ്യക്തികളെ കണ്ടെത്തി അവരുടെ ആത്മാര്‍ത്ഥമായ സഹകരണം ലഭ്യമാക്കണം.

പഴയ തലമുറയെയും പുതിയ തലമുറയെയും എങ്ങനെയാണ് താരതമ്യം ചെയ്യുന്നത്?

പഴയ തലമുറയ്ക്ക് സഭാസ്നേഹവും ഉത്സാഹവും വളരെയായിരുന്നു, “എന്‍റെ സഭ’ എന്ന ബോധ്യം ശക്തമായിരുന്നു. പുതിയ യുഗത്തില്‍ സഭാചരിത്രം പഠിക്കുവാനോ സഭാവിശ്വാസം മനസ്സിലാക്കുവാനോ പലര്‍ക്കും താല്‍പര്യമില്ല. വ്യക്തിബന്ധം കുറഞ്ഞു. വലിയ ഇടവകകളില്‍ ചടങ്ങുകളും നിര്‍മ്മാണ പദ്ധതികളും വര്‍ദ്ധിച്ചു. സമയം കുറഞ്ഞു. എല്ലാം സങ്കീര്‍ണ്ണമായി. കഴിവുറ്റ നേതാക്കന്മാരും സഭയില്‍ കുറയുന്നു. നൈപുണ്യവും കാര്യശേഷിയും ദര്‍ശനവും ഉള്ളവരുടെ നിര വളര്‍ന്നു വരണം.

മലങ്കരസഭയുടെ 2030-നെ ക്കുറിച്ചുള്ള സ്വപ്നം എന്താണ്?

പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. ആര്‍ക്കും സഭയെ തകര്‍ക്കുവാന്‍ കഴിയില്ല. വ്യക്തികളില്‍ നിസ്സംഗത ശക്തിപ്പെടുകയാണ്. പണംകൊണ്ട് കാര്യമില്ല. ജനങ്ങളെ സഭാബന്ധത്തില്‍ ഉറപ്പിക്കുവാന്‍ കഴിയണം. സഭയുടെ ചരിത്രവും വിശ്വാസവും എല്ലാവരേയും പഠിപ്പിക്കുവാന്‍ പദ്ധതി ഉണ്ടാകണം. സാമൂഹിക തിന്മകള്‍ക്ക് എതിരെ വ്യാപകമായ ബോധനം വേണം. പ്രത്യേകിച്ച് മദ്യപാനം. സഭയില്‍ ശക്തമായ ഒരു യുവതലമുറ ഉണ്ടാകണം. ഇപ്പോള്‍ ചെറുപ്പക്കാര്‍ അധികവും പ്രവാസികളാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുവാന്‍ സംവിധാനം വേണം.
സഭയില്‍ ഇനി അനാഥാലയങ്ങള്‍ ആവശ്യമില്ല. വാര്‍ദ്ധക്യത്തിലുള്ളവരെ സംരക്ഷിക്കുവാന്‍ പദ്ധതികള്‍ ഉണ്ടാകണം. പട്ടിണിയും പട്ടിണി മരണവും ഉണ്ടാകരുത്.

സഭയില്‍ എല്ലാവര്‍ക്കും വീട് ഉണ്ടായിരിക്കണം. മിഷന്‍ ബോര്‍ഡ് സഭയുടെ ശക്തികേന്ദ്രമാണ്. കുടുതല്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. അതില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ ഉണ്ടാകണം.

പ്രത്യേകം ശ്രദ്ധിക്കേണ്ട മേഖലകള്‍?

സണ്ടേസ്കൂള്‍ സിലബസ് കാലോചിതമായി പരിഷ്ക്കരിക്കണം. ആധുനിക പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും കൂട്ടികളെ പഠിപ്പിക്കണം. വെടിക്കെട്ട്, വാഹനഘോഷയാത്ര, പത്രസപ്ലിമെന്‍റുകള്‍, പെരുന്നാളുകളിലെ ആര്‍ഭാടം, സ്വര്‍ണ്ണാഭരണഭ്രമം, വന്‍ സൗധങ്ങള്‍ എന്നിവ നിയന്ത്രിക്കണം. പെരുന്നാളുകളോട് അനുബന്ധിച്ചുള്ള നാല് പേജ് വര്‍ണ്ണ കളര്‍ സപ്ലിമെന്‍റുകള്‍ പലതിന്‍റെയും ഉള്ളടക്കവും ഭാഷയും വികൃതമാണ്. ഇവ നിയന്ത്രിക്കപ്പെടണം.
സഭാ ജീവിതം ലളിതവും വിശുദ്ധവുമാകണം. സാമൂഹിക പ്രതിബദ്ധതയും നിതിബോധവും വളര്‍ത്തണം. കുടുംബസമാധാനവും അച്ചടക്കവും എല്ലായിടത്തും പരിരക്ഷിക്കപ്പെടണം.

ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍…?

വലിയ കാര്യങ്ങള്‍ ഒന്നും നേടിയിട്ടില്ല. എങ്കിലും എന്‍റെ കഴിവിലുപരി ദൈവം നടത്തി. ഒരു ചെറിയ ഉറവ ഒരു നദിയായി തീര്‍ന്ന അനുഭവം. നിരാശയില്ല, എഴുത്തും വായനയും തുടരണമെന്നാഗ്രഹിക്കുന്നു. ദൈവനടത്തിപ്പില്‍ പ്രണമിക്കുന്നു.

സഹധര്‍മ്മിണി ലീലാമ്മ മാമ്മന്‍, മാങ്ങാനം മന്ദിരം സ്കൂള്‍ ഓഫ് നേഴ്സിങ്ങിലെ മുന്‍ പ്രിന്‍സിപ്പളാണ്. കുമരകം വാലയില്‍ കുടുംബാംഗമാണ്.
മക്കള്‍: വര്‍ഗീസ് മാമ്മന്‍ (ആനന്ദ് ട്രാന്‍സ്പോര്‍ട്ട്), അഡ്വ. മോഹന്‍ മാമ്മന്‍ (നോട്ടറി, കോട്ടയം), ഡോ. അനിത മേരി തോമസ് (ആണവ ശാസ്ത്രജ്ഞ, ബാംഗ്ലൂര്‍).

മാങ്ങാനം മന്ദിരം ആശുപ്രതിക്ക് സമീപം താമസിക്കുന്ന കെ. വി. മാമ്മന്‍ അക്ഷരവെളിച്ചം പകരുന്ന കര്‍മ്മയോഗിയാണ്. പുതിയ പുസ്തകങ്ങള്‍ക്കായി ഇപ്പോഴും താളുകള്‍ മറിച്ചുകൊണ്ടിരിക്കുന്നു…