ദൈവ തിരുനാമത്തിന് മഹത്വമുണ്ടായിരിക്കട്ടെ.
മലങ്കര സഭയുടെ ആദരണീയ അതിഥികളായി ഈ സ്നേഹ സംഗമത്തില് സംബന്ധിക്കുന്ന ഏറ്റവും ബഹുമാന്യരായ മതമേലധ്യക്ഷന്മാര്, ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ, പാണക്കാട് റഷീദലി ശിഹാബ് തങ്ങള്, സഹോദര മെത്രാപ്പോലീത്താമാരെ, മാധ്യമ സ്ഥാപന ചുമതലക്കാരെ നിങ്ങള്ക്ക് സ്നേഹവന്ദനം.
നിങ്ങളുടെ മഹനീയ സാന്നിധ്യത്തിന് ആദ്യമെ വിനയപൂര്വ്വം നന്ദി സമര്പ്പിക്കുന്നു. നിങ്ങള് ഓരോരുത്തരും വഹിക്കുന്ന ഉന്നത സ്ഥാനങ്ങളും തത്ഫലമായിട്ടുള്ള സമയ ദൗര്ലഭ്യതയും നമുക്ക് നന്നായി അറിയാം. കൃത്യാന്തരബഹുലതയുടെ നടുവിലും നിങ്ങള് സന്നിഹിതരായതില് നമ്മുടെ കൃതജ്ഞത നിസ്സീമമാണ്. മലങ്കര സഭയോട് നിങ്ങള് ഓരോരുത്തരും പുലര്ത്തുന്ന സ്നേഹത്തിനും കരുതലിനും ഞങ്ങള് ഏവരും കൃതാര്ത്ഥരാണ്. പ്രത്യേകിച്ച് മലങ്കര സഭയുടെ അധ്യക്ഷ പദവിയിലേക്ക് ദൈവം നമ്മെ നിയോഗിച്ചതിന് ശേഷം വിവിധ സ്ഥലങ്ങളില് വച്ച് നടന്ന സ്വീകരണ സമ്മേളനങ്ങളില് നിങ്ങള് ഓരോരുത്തരുടെയും സാന്നിധ്യവും മഹനീയ സന്ദേശങ്ങളും ബലഹീനനായ എന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ആഴമായ ബോധ്യം നല്കുന്നവയായിരുന്നു. നിങ്ങളുടെ സ്നേഹത്തിന്റെ മുമ്പില് മലങ്കര സഭയ്ക്കു വേണ്ടി ഞാന് നന്ദി സമര്പ്പിക്കുന്നു. ഏവരുടെയും പ്രാര്ത്ഥനയും സഹകരണവും തുടരണമെന്ന് വിനയപൂര്വ്വം അഭ്യര്ത്ഥിക്കുന്നു.
സമാനതകള് ഇല്ലാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത്. ധര്മ്മശോഷണവും മൂല്യച്യുതിയും ഒന്നിനൊന്ന് വര്ദ്ധിക്കുന്നു. ധനികനും ദരിദ്രനും തമ്മിലുള്ള അന്തരം നിരന്തരം കൂടുന്നു. നമ്മുടെ കൊച്ചു കേരളത്തില് കൊച്ചിയും തിരുവനന്തപുരവും പോലുള്ള മെട്രോ സിറ്റികളില് വികസനത്തിന്റെ ഉത്തരാധുനിക മുഖം തെളിയുന്നതില് നമുക്ക് അഭിമാനിക്കാം; പക്ഷെ കൊച്ചിയില് നിന്ന് കേവലം ഇരുന്നൂറ് കിലോമീറ്റര് അകലം മാത്രമുള്ള അട്ടപ്പാടിയില് അതിജീവനത്താല് വികൃതമാകുന്ന മുഖങ്ങള് നമുക്ക് ഹൃദയവേദന ഉളവാക്കുന്നു. ഈ സ്നേഹസംഗമത്തിന്റെ ഊഷ്മളതയുടെ നടുവിലും മനസ്സില് എരിയുന്ന കനലാണ് സ്നേഹപൂര്വ്വം ഞാന് പങ്കുവച്ചത്. മത രാഷ്ട്രീയ ഭിന്നതകളുടെ നടുവിലും മനുഷ്യസ്നേഹം നമ്മെ ഒന്നിപ്പിക്കുന്നു. ഗുരു പങ്കുവച്ചതുപോലെ മാധവ സ്നേഹം മനുഷ്യ സേവനത്തിലൂടെ നമുക്ക് ഒരുമിച്ച് സാക്ഷിക്കാം. മലങ്കര സഭയുടെ സര്വ്വ പിന്തുണയും സഹായ സഹകരണ ങ്ങളും മനുഷ്യസ്നേഹത്തില് അധിഷ്ഠിതമായ എല്ലാ പ്രവര്ത്തനങ്ങള്ക്കും ഉണ്ടാകും.
നമ്മുടെ നാട് നന്മകളുടെ ഈറ്റില്ലവും മൂല്യങ്ങളുടെ പ്രഭവസ്ഥാനവുമായിരുന്നു. ഭാരതനാടിന്റെ സാംസ്‌കാരികവും ആധ്യാത്മീകവുമായ പൈതൃകത്തിന്റെ പിന്തുടര്ച്ചക്കാരാണ് നാം ഓരോരുത്തരും. എന്നാല് ഇന്ന് രാഷ്ട്രീയ അതിപ്രസരം മത ഭിന്നതകള്ക്ക് വളം വയ്ക്കുന്നു. ഭാരത മണ്ണില് നിന്നും സഹിഷ്ണതയുടെ മഹത്തായ പാരമ്പര്യം അന്യം നിന്നു പോകുമോ എന്ന് നാം വ്യാകുലപ്പെടേണ്ടിയിരിക്കുന്നു. ഭൂരിപക്ഷ ന്യൂനപക്ഷ ചിന്തകള്ക്കുപരിയായി സനാതന ധര്മ്മത്തിന്റെ നിലനില്പിനു വേണ്ടി നമുക്ക് കൈകോര്ക്കാം. നമ്മുടെ നാടിന്റെ വൈവിധ്യങ്ങള് നമ്മുടെ നാടിന്റെ മഹത്തായ പാരമ്പര്യത്തിന്റെ സമ്പന്നതയാണെന്ന് തിരിച്ചറിയുവാന് വരും തലമുറയെ ജാതി മതഭേദമെന്യെ നമുക്ക് ഒരുമിച്ച് പ്രേരിപ്പിക്കാം, പ്രചോദിപ്പിക്കാം.
ഭിന്ന മത രാഷ്ട്രീയ കാഴ്ചപ്പാടുകള് പുലര്ത്തുന്നവരാണെങ്കിലും ജന്മം കൊണ്ട് നാം ഏവരും ഭാരതീയരാണ്. മോക്ഷവും നിത്യജീവനും നമ്മുടെ ആധ്യാത്മിക ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങളാണ്. രക്ഷയുടെയും നിത്യജീവന്റെയും ഒരുക്ക സ്ഥലവും കര്മ്മ മണ്ഡലവും നമ്മള് ജനിച്ചു വീണ ഈ മണ്ണാണ്. ഭാരതത്തിന്റെ ദേശീയതയും നമ്മുടെ നാടിന്റെ അഖണ്ഡതയും നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങള് തന്നെയാണ്. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജി, മത-രാഷ്ട്ര ബന്ധത്തിന്റെ പരമമായ പ്രസ്തുത ദര്ശനം പ്രായോഗികമാക്കിയതുകൊണ്ടാണ് സ്വതന്ത്ര ഭാരതം യാഥാര്ത്ഥ്യമായത്. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ പ്രബോധനം പ്രതിധ്വനിപ്പിക്കുന്നതുപോലെ, സ്വതന്ത്രരെന്ന് പറയുമെങ്കിലും വിവിധങ്ങളായ പാരതന്ത്ര്യങ്ങളില് നാം ബന്ധിതരായിരിക്കുന്നു. നമ്മെ ബന്ധിച്ചിരിക്കുന്ന ചങ്ങലകള് നാം തന്നെ നിര്മ്മിച്ചവയാണെന്നുള്ളതാണ് വലിയ വിരോധാഭാസം! അജ്ഞത, മത രാഷ്ട്രീയ തീവ്രത, പ്രത്യയ ശാസ്ത്ര അടിമത്തം, ദാരിദ്ര്യം, സ്വജനപക്ഷവാദം, പ്രാദേശികത, വ്യാമൂഢമായ ദേശീയത, അതിരുകളില്ലാത്ത ആര്ഭാഡവും അഴിമതിയും തുടങ്ങി നമ്മെ ബന്ധിക്കുന്ന ചങ്ങലകള് അനവധിയാണ്. നാം സ്വയമേവ ബന്ധനങ്ങളില് നിന്ന് സ്വതന്ത്രരാവണം, നമ്മുടെ ജനങ്ങളെ സ്വതന്ത്രരാക്കണം. ‘ഏകം സത് വിപ്രാ ബഹുധാ വദന്തി’. സത്യം ഒന്നാണ് – പണ്ഡിതന്മാര് പല പേരുകളില് അതിനെ അഭിസംബോധന ചെയ്യുന്നു. ഈ ഋഗ്വേദ മഹത് വാക്യം ദൈവത്തിന്റെ ഏകത്വവും സത്യത്തിന്റെ അനന്യതയും നമ്മെ ഓര്മ്മിപ്പിക്കുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭൂമിയുടെ അവകാശികള്‘ ജൈവസദാചാരത്തിന്റെ നവ മാനങ്ങള് പ്രഘോഷിക്കുന്ന കഥയാണല്ലോ. ഭൂമിയെന്ന കുടുംബം ഒന്നാണ്. ഭാരതീയരായ നമ്മുടെ പൂര്വ്വീകര് സ്വാംശീകരിച്ച മഹത്തരമായ ആശയം ‘വസുധൈവ കുടുംബകം’ എന്നതാണ്. പരമമായ ഈ ആശയം സര്വ്വ പ്രപഞ്ചത്തിന്റേയും നിലനില്പിനുവേണ്ടി ഭാരത തത്വചിന്ത നല്കുന്ന അമൃതാണ്. ജൈവ പിരമിഡിന്റെ അഗ്രത്ത് നില്ക്കുകയാണ് മനുഷ്യന്! അതിസങ്കീര്ണ്ണമായ ജൈവ പിരമിഡിനെ താങ്ങിനിര്ത്തുന്ന ലക്ഷക്കണക്കിന് ജീവജാലങ്ങള് ഈ ജൈവ പിരമിഡിന്റെ അവിഭാജ്യ ഘടകങ്ങളാണ്. മൈക്രോബു മുതല് ‘മാന്‘ (മനുഷ്യന്) വരെ ഒരേ തറവാട്ടിലെ അംഗങ്ങളാണ്. പരസ്പരം സഹോദര ബന്ധം പുലര്ത്തി ജീവിക്കേണ്ടിയ സഹോദരങ്ങള്! ഈ സഹോദര ബന്ധത്തിന് ഉലച്ചില് സംഭവിച്ചാല് പ്രകൃതി നശിക്കും. പ്രപഞ്ചം ഇല്ലാതാകും. സൂര്യനും സൂര്യകാന്തിയും തമ്മിലുള്ള ബന്ധം അവതരിപ്പിച്ച കവി ശ്രീ. ജി. ശങ്കരക്കുറുപ്പും മുല്ലവള്ളിയേയും മാന് കിടാവിനേയും സ്നേഹിച്ച ശകുന്തളയെ ചിത്രീകരിച്ച മഹാകവി കാളിദാസനും ഭൂമിക്കൊരു ചരമഗീതം കുറിച്ച ഒ.എന്.വിയും പ്രപഞ്ചത്തിലെ ചെറുതും വലതുമായ ജീവജാലങ്ങള് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നും ഒരു ചങ്ങലയിലെ അടര്ത്തി മാറ്റുവാനോ വിസ്മരിക്കുവാനോ പാടില്ലാത്ത കണ്ണികളാകുന്നുവെന്നും നമ്മെ ഗൗരവമായി ഓര്മ്മിപ്പിക്കുന്നു. പ്രപഞ്ചത്തിലെ ഈ പരസ്പര ബന്ധം തിരിച്ചറിയുന്ന അവസ്ഥയ്ക്കാണ് ‘ദൈവരാജ്യം’ എന്ന സംജ്ഞയിലൂടെ ക്രിസ്തു പ്രബോധിപ്പിച്ചത്. ‘ദൈവരാജ്യം എപ്പോള് വരുന്നു എന്ന് പരീശന്മാര് ചോദിച്ചതിന് ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നത്; ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല: ദൈവരാജ്യം നിങ്ങളുടെ ഇടയില് തന്നെ ഉണ്ടല്ലോ’ (വി. ലൂക്കോ. 17:20-21) എന്നതായിരുന്നു ക്രിസ്തുവിന്റെ പ്രബോധനം. ധന്യനായ പൗലൂസ് അപ്പോസ്തോലന് പരസ്പര ബന്ധത്തില് ദൈവരാജ്യത്തിന്റെ പ്രപഞ്ച വീക്ഷണം ഇപ്രകാരം വിവരിക്കുന്നു. ‘ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവില് സന്തോഷവും അത്രേ’ (റോമ.14:17).
പ്രപഞ്ചത്തിന്റെ സമഗ്രതയും പരസ്പര പങ്കാളിത്തത്തോടു കൂടിയുള്ള നിലനില്പുമാണ് യേശുക്രിസ്തുവിനാല് സമാരംഭിക്കപ്പെട്ട ദൈവരാജ്യത്തിന്റെ അടിസ്ഥാനം. പ്രപഞ്ചമെന്ന മഹാകുടുംബത്തില് ‘മനുഷ്യന്‘ ദൈവത്താല് നിയോഗിക്കപ്പെട്ട കാര്യസ്ഥനും ഒപ്പം ശുശ്രൂഷകനുമാണ്. പ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങളും പരസ്പരപൂരകങ്ങളാണ്. പരസ്പരം ഇണങ്ങിക്കഴിഞ്ഞില്ലെങ്കില് നിലനില്പ് നശിക്കും. സര്വ്വതും നന്മയില് വളരട്ടെ, നമുക്ക് ഒന്നിച്ച് വളരാം, ഒരുമയോടെ ജീവിക്കാം. പ്രപഞ്ചജീവിതമാകുന്ന മനോഹര സംഗീതം സാഹോദര്യത്തിന്റെ വീണയില് അപശബ്ദങ്ങളില്ലാതെ നമുക്ക് ഒരുമിച്ച് ആലപിക്കാം. നന്ദി.. നമസ്‌കാരം….
(മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭ കോട്ടയത്ത് സംഘടിപ്പിച്ച മതാന്തര സ്നേഹ സംഗമത്തില് പരിശുദ്ധ കാതോലിക്കാബാവാ നടത്തിയ പ്രസംഗം)