ഞങ്ങളുടെ തലമുറയിലെ കായിക താരങ്ങൾക്ക്, പ്രത്യേകിച്ചും അത്‌ലീറ്റുകൾക്ക് ഒരു രക്ഷിതാവിന്റെ സ്ഥാനത്തായിരുന്നു പത്രോസ് മത്തായി സാർ. ഒരേസമയം കർക്കശക്കാരനും സ്നേഹനിധിയുമായ വഴികാട്ടി.
1982ൽ പാലാ അൽഫോൻസ കോളജിൽ പ്രീഡിഗ്രിക്കു ചേരുമ്പോഴാണ് കേരള സർവകലാശാല കായിക വിഭാഗം മേധാവിയായിരുന്ന അദ്ദേഹവുമായുള്ള പരിചയം തുടങ്ങുന്നത്. അന്നു കേരള സർവകലാശാലയുടെ ഭാഗമായിരുന്ന ഞങ്ങളുടെ കോളജൊക്കെ അടുത്ത വർഷമാണ് എംജി സർവകലാശാലയ്ക്കു കീഴിലാകുന്നത്. 1982 ഡൽഹി ഏഷ്യൻ ഗെയിംസിലെ സംഘാടകനായും സാറുണ്ടായിരുന്നു. ഞാനും ഏഷ്യൻ ഗെയിംസിൽ മത്സരിച്ചിരുന്നു. അടുത്ത വർഷം കാനഡയിൽ നടന്ന ലോക യൂണിവേഴ്സിറ്റി ഗെയിംസിലേക്കു തിരഞ്ഞെടുക്കപ്പെട്ട വിവരം എന്നെ അറിയിക്കുന്നത് അദ്ദേഹമാണ്. 5 അംഗ ഇന്ത്യൻ ടീമിലെ ഏക മലയാളിയായിരുന്നു ഞാൻ. ചെറുപ്രായത്തിൽ ഒരു രാജ്യാന്തര ഗെയിംസിനായി പോകുമ്പോഴുള്ള പരിഭ്രമം മറികടക്കാൻ എല്ലാ കാര്യത്തിനും വഴികാട്ടിയായത് പത്രോസ് സാറാണ്. പിന്നീട് എഫ്സിഐയിൽ ജോലി കിട്ടി ഞാൻ തിരുവനന്തപുരത്ത് എത്തിയപ്പോൾ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ പരിശീലനത്തിനു സൗകര്യം ഒരുക്കിത്തന്നു. ഒരു കായിക സംഘാടകൻ എന്ന നിലയിൽ അദ്ദേഹം ഏറെ തിളങ്ങിയത് 1987ൽ തിരുവനന്തപുരത്തു നടന്ന ദേശീയ ഗെയിംസിലാണ്. 4 സ്വർണവുമായി ഞാൻ ഗെയിംസിലെ മികച്ച താരമായപ്പോൾ അങ്ങേയറ്റം സന്തോഷിച്ചവരിലൊരാളും അദ്ദേഹമാണ്.
സായ് എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തെത്തിയപ്പോഴും പത്രോസ് സാർ മലയാളി കായികതാരങ്ങളുടെയെല്ലാം രക്ഷിതാവായി തുടർന്നു. ഡൽഹിയിലെ ദേശീയ ക്യാംപിൽ ഉള്ളപ്പോൾ ഇടയ്ക്കു ഞങ്ങൾ അദ്ദേഹത്തിന്റെ ഓഫിസിൽ പോകും. നാട്ടിലേക്ക് ഫോൺ ചെയ്യുന്നതൊക്കെ അവിടെ നിന്നാണ്. ഇടയ്ക്കിടെ അദ്ദേഹം ക്യാംപിലെത്തും. മലയാളി താരങ്ങളുടെ പരിശീലനമൊക്കെ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. കായിക താരങ്ങളുടെ കുടുംബങ്ങളുമായും ആഴത്തിലുള്ള ബന്ധം അദ്ദേഹം കാത്തു സൂക്ഷിച്ചു.
ഏതു പ്രതിസന്ധിയിലും പ്രശ്നങ്ങളിലും ഞങ്ങൾക്ക് അദ്ദേഹത്തിന്റെ സഹായം തേടാമായിരുന്നു. അതാരായാലും കഴിയാവുന്നതെല്ലാം അദ്ദേഹം ചെയ്തിരിക്കും. കേരള യൂണിവേഴ്സിറ്റി കായിക വകുപ്പ് മേധാവിയായിരിക്കെ, സാമ്പത്തികമായടക്കം ബുദ്ധിമുട്ടനുഭവിച്ചിരുന്ന പല താരങ്ങളെയും അദ്ദേഹം സഹായിച്ചതായും കേട്ടിട്ടുണ്ട്. സ്പോർട്സിനോടുളള അടങ്ങാത്ത ഇഷ്ടമായിരുന്നു അതിന്റെയെല്ലാം അടിസ്ഥാനം. നന്മ നിറഞ്ഞ ഒരു വഴികാട്ടിയാണ് ഓർമയാകുന്നത്.