ശെമവോന്‍ മാര്‍ അത്താനാസ്യോസിന്‍റെ നിര്യാണം

കടവില്‍ മാര്‍ അത്താനാസ്യോസ്, അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് അയച്ച സുറിയാനി കത്തില്‍ ശെമവോന്‍ മാര്‍ അത്താനാസ്യോസിന്‍റെ നിര്യാണത്തെപ്പറ്റി ഇപ്രകാരം കാണുന്നു:

“കര്‍ത്താവിന്‍റെ നാമത്തില്‍ പരിപാലിക്കപ്പെടുന്നവരും ഉന്നതപ്പെട്ട മഹാപൗരോഹിത്യത്തിന്‍റെ പദവിയില്‍ (ദര്‍ഗാ) ആരൂഢനായിരിക്കുന്ന ഭാഗ്യവാനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് അതായത്, പിതാക്കന്മാരുടെ പിതാവും, ഇടയന്മാരുടെ ഇടയനും അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും ശ്ലൈഹിക സിംഹാസനത്തില്‍ വാഴുന്ന നിറവുള്ളവനായ പത്രോസ് മൂന്നാമന്, ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചാലും.

അങ്ങയുടെ തൃക്കൈകാലുകള്‍ ചുംബിച്ചുകൊണ്ടും, അങ്ങയുടെ മഹാപരിശുദ്ധതയെ വണങ്ങിക്കൊണ്ടും, അങ്ങയുടെ പ്രാഭവത്തെ സ്തുതിച്ചുകൊണ്ടും, അങ്ങയുടെ മഹാപൗരോഹിത്യത്തിന്‍റെ സിംഹാസനത്തിന്‍റെ മുമ്പാകെ അങ്ങയോടുള്ള വിധേയത്വം ഏറ്റുപറഞ്ഞുകൊണ്ടും, വലിയ ദുഃഖത്തോടും കയ്പ്പേറിയ വിലാപത്തോടും അനുഗൃഹീതനും, പ്രിയനും സ്നേഹിതനുമായിരുന്ന നിറവുള്ള ആബൂന്‍ ശെമവൂന്‍ മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്താ ആത്മീയന്മാരുടെയും മാലാഖമാരുടെയും ഇടത്തേക്ക്, ഈ ലോകംവിട്ട് കടന്നുപോയി ഉന്നതങ്ങളിലേക്ക് കരേറി (എന്നതറിയിക്കുന്നു). ഞങ്ങളെ അനാഥരേപ്പോലെയും ഒറ്റപ്പെട്ടവരേപ്പോലെയും ആക്കി, ഞങ്ങളില്‍നിന്ന് അദ്ദേഹം വേര്‍പെടുകയും മടങ്ങി പോകുകയും ചെയ്തു.

സ്ലീബാ ശെമ്മാശന്‍ പറയുന്നതുപോലെ മരണത്തിനു മുന്‍പ് (അദ്ദേഹം) സന്തോഷവാനായി വി. കുമ്പസാരം നടത്തി. തന്‍റെ രോഗത്തെപ്പറ്റി അങ്ങയുടെ പരിശുദ്ധതയ്ക്ക് ഒരു കത്തെഴുതി അയച്ചു. ഇതിനെല്ലാം മുമ്പുതന്നെ തന്‍റെ വാര്‍ദ്ധക്യത്തില്‍ തന്‍റെ നാഥന്‍റെ അടുക്കല്‍ എത്തുമെന്നുള്ള ആത്മാര്‍ത്ഥമായ പ്രത്യാശ അദ്ദേഹത്തിനുണ്ടായിരുന്നു. നിറവുള്ള ഈ പിതാവ് വലിയ നോമ്പിനു മുമ്പുതന്നെ ക്ഷീണിതനായി കാണപ്പെട്ടു. ആദ്യമൊക്കെ ഇടയ്ക്ക് അല്‍പം വെള്ളം (കഞ്ഞി) കുടിക്കുമായിരുന്നു. തുടര്‍ന്ന് ദിനംപ്രതി അദ്ദേഹത്തിന്‍റെ ക്ഷീണാവസ്ഥ അവസാനംവരെയും ക്രമേണ കൂടി വന്നു. അദ്ദേഹത്തിന്‍റെ ഉദരത്തിലും കാലുകളിലും നീരു കാണപ്പെട്ടു. എന്തു ചെയ്യണമെന്ന് ആര്‍ക്കും നിശ്ചയമുണ്ടായില്ല. തുടര്‍ന്ന് അതില്‍നിന്ന് പഴുപ്പ് വരുവാന്‍ തുടങ്ങി. പെട്ടെന്ന് രണ്ടു നാട്ടുവൈദ്യന്മാരുടെയും ഇംഗ്ലീഷ് വൈദ്യന്‍റെയും നിര്‍ദ്ദേശമനുസരിച്ച് മരുന്നുകള്‍ സ്ഥിരമായി നല്‍കിക്കൊണ്ടിരുന്നു. എന്നാല്‍ ഞങ്ങളുടെയും അവരുടെയും ആഗ്രഹങ്ങള്‍ക്കു വിരുദ്ധമായി പ്രയോജനമുണ്ടായില്ല. എന്നാല്‍ സ്വര്‍ഗ്ഗീയ വൈദ്യന്‍റെ ഇഷ്ടം മാത്രം നടന്നു. അദ്ദേഹം രോഗത്തിലായ ദിവസം മുതല്‍ ദീവന്നാസ്യോസ് വലിയ മെത്രാപ്പോലീത്താ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. വീണ്ടും ക്ഷീണം വര്‍ദ്ധിച്ചുവന്നു. സൗഖ്യത്തിനുവേണ്ടി ചെയ്തതെല്ലാം ദയാരഹിതമായി പാഴായി. അദ്ദേഹത്തിന്‍റെ രോഗവിവരം ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ എഴുത്തു (കല്‍പ്പന) മുഖാന്തിരം സഭ മുഴുവനെയും ഞങ്ങള്‍ അറിയിച്ചു. ഈവാനിയോസ് മെത്രാപ്പോലീത്താ, കന്തീലായുടെ ക്രമം ഉചിതമായി കഴിച്ചു. ഇയോര്‍ (ഇടവം) 30-ാം തീയതി ഉച്ചയായപ്പോഴേക്കും (അന്ത്യ) ശ്വാസഗതി ഉച്ചസ്ഥായിലായി. പെട്ടെന്ന് അത് നിലച്ചു. ആത്മാവ് അതിന്‍റെ ഉടയവനായ ദൈവത്തില്‍ എത്തി. അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥന നമുക്ക് കോട്ടയായിരിക്കട്ടെ. അദ്ദേഹത്തിന്‍റെ കബറടക്കം പിറ്റേദിവസം, അദ്ദേഹത്തിന്‍റെ ആഗ്രഹംപോലെ കോട്ടയം പുത്തന്‍പള്ളിയില്‍ നടത്തി. അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്കായി, 40-ാം ചരമദിനമായ തോമ്മൂസ് (കര്‍ക്കിടകം) 8-ന് അടിയന്തരസദ്യ നല്കുവാനും, ഞങ്ങളുടെ പ്രാപ്തിപോലെ അദ്ദേഹത്തിന്‍റെ ബഹുമാനത്തിനുചിതമായ കബറിടം പണിയുവാനും ഇപ്പോള്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു…

(സുറിയാനിയില്‍നിന്നും പരിഭാഷ – ഫാ. ഡോ. മാത്യു വര്‍ഗീസ് അടൂര്‍).