തിരുവാർപ്പ് മർത്തശ്മൂനി പള്ളി: പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി


കൊച്ചി ∙ കോട്ടയം തിരുവാർപ്പ് മർത്തശ്മൂനി പള്ളി തുറക്കാനും കർമാനുഷ്ഠാനങ്ങൾ നടത്താൻ ഓർത്തഡോക്സ് സഭയിലെ വികാരിക്കും ഇടവകക്കാർക്കും മതിയായ പൊലീസ് സംരക്ഷണം നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. വികാരി ഫാ.എ.വി.വർഗീസ് നൽകിയ ഹർജിയിലാണു നിർദേശം. രണ്ടുവർഷം കഴിഞ്ഞിട്ടും സിവിൽ കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ ജില്ലാ ഭരണകൂടത്തെയും പൊലീസിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. പൂട്ടിക്കിടക്കുന്ന പള്ളി കോട്ടയം കലക്ടറും ജില്ലാ പൊലീസ് മേധാവിയും തുറക്കണം എന്നാണ് നിർദേശം. തിരുവാർപ്പ് മർത്തശ്മൂനി പള്ളി സംബന്ധിച്ചുള്ള മുൻസിഫ് കോടതിയുടെ ഉത്തരവ് ആറാഴ്ചയ്ക്കകം നടപ്പാക്കാനും ഹൈക്കോടതി ഉത്തരവ് പാലിച്ചതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിയും കോട്ടയം ജില്ലാ പൊലീസ് മേധാവിയും ഹൈക്കോടതി റജിസ്ട്രാർക്ക് ആറാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനുമാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ നിർദേശിച്ചത്. കോട്ടയം മുൻസിഫ് കോടതി ഉത്തരവ് നടപ്പാക്കാൻ വേണ്ട നടപടികൾക്ക് സംസ്ഥാന പൊലീസ് മേധാവി മേൽനോട്ടം വഹിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

എതിർ കക്ഷികളുടെ തടസ്സമില്ലാതെ കർമാനുഷ്ഠാനങ്ങൾ ഹർജിക്കാരനും ഇടവകക്കാർക്കും നടത്താൻ സർക്കാരും പൊലീസും അടക്കമുള്ളവർ മതിയായ സംരക്ഷണം നൽകണം. ഉത്തരവ് സുഗമമായി നടപ്പാക്കുന്നതിന് ആരെങ്കിലും പ്രശ്നമുണ്ടാക്കുകയോ തടസ്സമുണ്ടാക്കുകയോ ചെയ്താൽ കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്യണം. പ്രകോപനമുണ്ടാക്കുന്നവരും ഗൂഢാലോചന നടത്തുന്നവരുമുണ്ടെങ്കിൽ അവർക്കെതിരെയും കേസെടുക്കണം.

ഉത്തരവ് നടപ്പാക്കുമ്പോൾ തടസ്സങ്ങളുണ്ടായാൽ ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തി ബന്ധപ്പെട്ട കോടതിയിൽ ഹാജരാക്കണം. റജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവിയും കോട്ടയം ജില്ലാ പൊലീസ് മേധാവിയും പ്രത്യേക സംഘം രൂപീകരിക്കണം. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ വിചാരണ കോടതി ഈ ഉത്തരവിന്റെ പൊരുളും കണക്കിലെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ അരാജകത്വം: ഹൈക്കോടതി

കൊച്ചി ∙ കോട്ടയം തിരുവാർപ്പ് മർത്തശ്മൂനി പള്ളി തുറക്കാനും പൊലീസ് സംരക്ഷണം നൽകാനും സിവിൽ കോടതി ഉത്തരവിട്ട് രണ്ടുവർഷം കഴിഞ്ഞിട്ടും നിയമം നടപ്പാക്കേണ്ടവർ നടപ്പാക്കാത്തത് നാണക്കേടാണെന്നു കോടതി പറഞ്ഞു. ക്രമസമാധാന പ്രശ്നം മൂലം കോടതിയുടെ ഉത്തരവ് നടപ്പാക്കാനായില്ലെന്ന ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നിലപാട് അംഗീകരിച്ചാൽ രാജ്യത്ത് നിയമവാഴ്ചയില്ലെന്നു കോടതി പറഞ്ഞു. കോടതി ഉത്തരവ് നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് അരാജകത്വത്തിലേക്ക് നയിക്കും.

പള്ളിയും പരിസരവും ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കലക്ടർ ഏറ്റെടുത്തതാണ്. എന്നിട്ടും മുൻസിഫ് കോടതിയുടെ വിധി നടപ്പാക്കാൻ സമയം വേണമെന്നു പറയുന്നത് അംഗീകരിക്കാനാവില്ല. ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും പ്രേരണയിൽ കോൾഡ് സ്റ്റോറേജിൽ വയ്ക്കാനല്ല കോടതി ഉത്തരവിടുന്നത്. കോടതി ഉത്തരവ് നടപ്പാക്കാനായി എത്തുമ്പോൾ ഹർജിക്കാരനെയും ജില്ലാ ഭരണകൂടത്തെയും പൊലീസിനെയും തടയാൻ എതിർകക്ഷികൾക്ക് അധികാരമില്ല. സിവിൽ കോടതി ഉത്തരവിനെതിരെ ഒരു പൗരന് തെരുവിൽ പോയി പ്രതിഷേധിക്കാനാവില്ലെന്നും കോടതി പറഞ്ഞു.