ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ചിത്രം വരച്ച് റെക്കോർഡുകൾ നേടി വൈദിക വിദ്യാർഥി


കോഴഞ്ചേരി: ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിരുന്ന 15 പേരുടെ ചിത്രങ്ങൾ മണൽ ഉപയോഗിച്ച് 53 മിനിറ്റ് 25 സെക്കൻഡ് സമയം ചെലവഴിച്ച് വരച്ച് ഏഷ്യ ബുക്ക് ഓഫ് റെക്കോർ‍ഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും നേടി വൈദിക വിദ്യാർഥി ശ്രദ്ധേയമാകുന്നു. കോഴഞ്ചേരി സ്വദേശി ഡീക്കൻ ക്രിസ്റ്റി വലിയവീട്ടിലാണ് ഏറ്റവും കുറഞ്ഞ സമയത്തിൽ വരച്ച് പൂർത്തിയാക്കിയ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ പോർട്രെയ്റ്റ് എന്ന തലക്കെട്ടോടെ റെക്കോർഡിന് ഉടമയായത്.പ്രകാശം കടത്തിവിടാൻ കഴിയുന്ന പെട്ടിയുണ്ടാക്കി അതിന്റെ പുറത്താണ് ചിത്രങ്ങൾ ദൃശ്യ ഭംഗിയോടെ വരച്ചത്. തെർമോകോൾ ഉപയോഗിച്ച് 25 ഇഞ്ച് നീളവും 14 ഇഞ്ച് വീതിയും ഉള്ള ബോക്സ് നിർമിച്ച് അതിലാണ് 15 പേരുടെയും ചിത്രങ്ങൾ ക്രമമായി വരച്ചത്. ചിത്രം വരയ്ക്കുന്നതിന്റെ വിഡിയോ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് അംഗീകാരം നൽകിയത്.

ഓർത്തഡോക്സ് സഭയുടെ കോട്ടയം പഴയ സെമിനാരിയിൽ വൈദിക പഠനം നാലാം വർഷ വിദ്യാർഥിയാണ്. പെൻസിൽ, അക്രിലിക് എന്നിവ ഉപയോഗിച്ച് ചിത്രങ്ങൾ വരച്ചിട്ടുള്ള ഡീക്കൻ ക്രിസ്റ്റി ഏതാനും വർഷമായാണ് സാൻഡ് ആർട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. 2020ൽ യുവരാജ് സിങ്ങിന്റെ ജന്മദിനത്തിൽ ആശംസ നേർന്ന് ഡീക്കൻ ക്രിസ്റ്റി വരച്ച മണൽ ചിത്രത്തിന്റെ വിഡിയോ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഇദ്ദേഹം സച്ചിന്റെ ചിത്രവും വരച്ചിട്ടുണ്ട്. 99 ക്രൈം ഡയറി എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ സാൻഡ് ആർട്ടിലൂടെ വരച്ചതും ഇദ്ദേഹമാണ്.