വീണാ ജോര്‍ജ്: 14-ാം മന്ത്രി, ഒന്നാം വനിത / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

കേരള സംസ്ഥാനത്ത് മന്ത്രിയാകുന്ന 14-ാമത്തെ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാംഗമാണ് വീണാ ജോര്‍ജ്. ഒരു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കണക്കാണിത്. സഭാംഗമായ പ്രഥമ വനിതാമന്ത്രി എന്ന ബഹുമതിയും വീണയ്ക്കു സ്വന്തം.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.സി. ജോര്‍ജ്, ഇ.പി. പൗലോസ്, കെ.ടി. ജേക്കബ്, പോള്‍ പി. മാണി, ഇ. ജോണ്‍ ജേക്കബ്, ടി.എസ്. ജോണ്‍, പ്രൊഫ. കെ.എ. മാത്യു, പി.സി. ചാക്കോ, ടി. എം. ജേക്കബ്, പി.പി. തങ്കച്ചന്‍, ടി.യു. കുരുവിള, അനൂപ് ജേക്കബ് എന്നിവരാണ് കേരളത്തില്‍ മന്ത്രിമാരായത്. കേരളത്തില്‍ ഇതുവരെയുള്ള 23 മന്ത്രിസഭകളില്‍ രണ്ടിന് ഉമ്മന്‍ ചാണ്ടി (2004 – 2006, 2011 – 2016) നേതൃത്വം നല്‍കി. 4 മന്ത്രിസഭകളില്‍ സഭാംഗങ്ങളാരുമില്ലായിരുന്നു. 14 മന്ത്രിസഭകളില്‍ ഒന്നും 5 മന്ത്രിസഭകളില്‍ രണ്ടും പേര്‍ വീതമുണ്ടായിരുന്നു.

കേരളപ്പിറവിയ്ക്കു (1956) മുന്‍പ് വി.ഒ. മര്‍ക്കോസ് (തിരുവിതാംകൂര്‍, 1948 – 1949), ഇ. ജോണ്‍ ഫീലിപ്പോസ് (തിരു-കൊച്ചി, 1949 – 1951) എന്നിവര്‍ മന്ത്രിമാരായിരുന്നു. എ.എം. തോമസ് (സഹമന്ത്രി, 1957 – 1967), സി.എം. സ്റ്റീഫന്‍ (കാബിനറ്റ് മന്ത്രി, 1980 – 1983) എന്നിവര്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു. സി.എം. സ്റ്റീഫന്‍ 6-ാം ലോക്സഭയിലും ഉമ്മന്‍ ചാണ്ടി 12-ാം കേരള നിയമസഭയിലും പ്രതിപക്ഷനേതാവായിട്ടുണ്ട്.

എ.എം. തോമസ് (തിരു-കൊച്ചി, 1951 – 1952), ടി.എസ്. ജോണ്‍, എ.പി. കുര്യന്‍, പി.പി. തങ്കച്ചന്‍ എന്നിവര്‍ നിയമസഭാ സ്പീക്കര്‍മാരും സി.എ. കുര്യന്‍, ജോസ് ബേബി എന്നിവര്‍ ഡപ്യൂട്ടി സ്പീക്കര്‍മാരുമായിട്ടുണ്ട്. കൊച്ചി നിയമസമിതിയില്‍ കെ.ടി. മാത്യു (1934 – 1935), ടി.പി. പൗലോസ് (1938 – 1940) എന്നിവര്‍ ഡപ്യൂട്ടി പ്രസിഡന്‍റ് ആയിരുന്നു.

51 വനിതകള്‍ ഉള്‍പ്പെടെ 969 പേര്‍ കേരളത്തില്‍ നിയമസഭാംഗങ്ങളായി. ഇവരില്‍ 11 വനിതകള്‍ ഉള്‍പ്പെടെ 226 പേര്‍ മന്ത്രിമാരായി. 12 മുഖ്യമന്ത്രിമാരും 3 ഉപമുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ള കണക്കാണിത്. മൂന്ന് വനിതകള്‍ ഉള്‍പ്പെടെ 55 മലങ്കരസഭാംഗങ്ങളാണ് കേരളത്തില്‍ ഇതുവരെ എംഎഎമാരായത്. ഡോ. മാത്യു കുഴല്‍നാടനാണ് പുതിയ നിയമസഭയിലെ പുതുമുഖം. പ്രായപൂര്‍ത്തി വോട്ടവകാശം നടപ്പാക്കിയ 1948 മുതല്‍ തിരുവിതാംകൂര്‍, കൊച്ചി, തിരു-കൊച്ചി നിയമസഭകളിലായി 14 പേര്‍ കൂടി അംഗങ്ങളായിട്ടുണ്ട്. ജയിച്ചിട്ടും എംഎല്‍എ ആകാത്ത ഒരാള്‍ കൂടിയുണ്ട് – എ.ടി. പത്രോസ് (മൂവാറ്റുപുഴ, 1965).

ഇതുവരെ 13 സഭാംഗങ്ങളാണ് പാര്‍ലമെന്‍റ് അംഗങ്ങളായത്. ഇ. ജോണ്‍ ഫീലിപ്പോസ് ഭരണഘടനാ നിര്‍മാണ സഭയിലും എന്‍. അലക്സാണ്ടര്‍ ഇടക്കാല പാര്‍ലമെന്‍റിലും അംഗമായി. 3 പേര്‍ രാജ്യസഭയിലും 8 പേര്‍ ലോക്സഭയിലുമെത്തി. മുന്‍ നിയമസഭാംഗമായ കെ.സി. ഏബ്രഹാം (1978 – 1983), പിന്നീട് രാജ്യസഭാംഗമായ ഡോ. പി.സി. അലക്സാണ്ടര്‍ (1988 – 2002) എന്നിവര്‍ ഗവര്‍ണര്‍മാരായിരുന്നു.

തിരുവിതാംകൂര്‍, കൊച്ചി ലയനത്തോടെ (1949) രൂപീകരിച്ച സംയുക്ത നിയമസഭയില്‍ 178 (120 + 58) ല്‍ 11 (9 + 2) സഭാംഗങ്ങളുണ്ടായിരുന്നു. പിന്നീടുള്ള രണ്ടു തിരു-കൊച്ചി നിയമസഭകളിലായി 108ല്‍ 5, 117ല്‍ 7 എന്നിങ്ങനെയായിരുന്നു കണക്ക്. ഒന്നു മുതല്‍ 15 വരെ കേരള നിയമസഭകളിലെ മലങ്കര സഭാംഗങ്ങളുടെ കണക്ക്: 1 – 7,  2 – 8, 3 – 7, 4 – 11, 5 – 11, 6 – 9, 7 – 6, 8 – 5, 9 – 6, 10 – 11, 11 – 7, 12 – 10, 13 – 7, 14 – 6, 15 – 5. ആദ്യത്തെ രണ്ടു നിയമസഭകളില്‍ 126, മൂന്നും നാലും നിയമസഭകളില്‍ 133, പിന്നീടുള്ള നിയമസഭകളില്‍ 140 എന്നിങ്ങനെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുണ്ടായിരുന്നു. (ഇവരെ കൂടാതെ നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരു ആംഗ്ലോ-ഇന്ത്യന്‍ അംഗവുമുണ്ടായിരുന്നു). നിയമസഭയോ മന്ത്രിസഭയോ രൂപീകരിക്കാതെ പോയ 1965ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച 133 പേരില്‍ 9 മലങ്കരസഭാംഗങ്ങളുണ്ടായിരുന്നു. എ.ടി. പത്രോസ് (മൂവാറ്റുപുഴ) ഈ തെരഞ്ഞെടുപ്പില്‍ മാത്രം വിജയിച്ച സഭാംഗമാണ്. ശേഷിച്ചവര്‍ 1965നു മുന്‍പോ പിന്‍പോ എംഎല്‍എ ആയവരാണ്. 4-ാം നിയമസഭയിലേക്കു (1970) നടന്ന തെരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല്‍ (8.27 %) പ്രാതിനിധ്യമുണ്ടായിരുന്നത്. ഏറ്റവും കുറവ് 1987ലും ഇത്തവണയുമായിരുന്നു (3.57 %).

ഇന്നും തീരാത്ത നമ്മുടെ കക്ഷിവഴക്ക് ഈ പതനത്തിന് ഒരു കാരണമല്ലേ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.  സുപ്രിംകോടതി വിധികളനുസരിച്ച് മലങ്കര സഭ ഒന്നേയുള്ളു; സഭയുടെ പ്രഖ്യാപിത ഔദ്യോഗിക നിലപാടും ഇതാണ്. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഭാഗമായ എല്ലാവരെയും ഈ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ക്നാനായ സമുദായ അംഗങ്ങളും മറുകക്ഷിയോടു ചേര്‍ന്നു നില്‍ക്കുന്നവരും ഇതിലുള്‍പ്പെടുന്നു.

(ക്രൈസ്തവസഭ, മലങ്കരസഭ, നിയമസഭ, രാജ്യസഭ, ലോക്സഭ തുടങ്ങിയ സഭകളില്‍ ഗവേഷണ പഠനം നടത്തുന്ന വ്യക്തിയാണ് ലേഖകന്‍. ഫോണ്‍ – 9446412907).