കാരുണ്യത്തിനും കരുതലിനും സുനിൽ ടീച്ചറുടെ പേരാണ്; ഇരുന്നൂറ് വീടുകളുടെ കാവൽ മാലാഖ

സ്നേഹത്താൽ അടിത്തറ കെട്ടി, കാരുണ്യത്തിൽ കെട്ടിപ്പൊക്കി, കരുതൽ മേൽക്കൂരയിട്ട 200 വീടുകൾ. അഥവാ സുനിൽ ടീച്ചർ നിർമിച്ചു നൽകിയ സ്നേഹ ഭവനങ്ങൾ. അടച്ചുറപ്പുള്ള കൂര എന്നതു സ്വപ്നത്തിൽ മാത്രം കണ്ട, ആരോരുമില്ലാത്ത 200 കുടുംബങ്ങൾക്ക് അവരുടെ കണ്ണീർ തുടച്ച കാവൽ മാലാഖയാണ് ഡോ. എം.എസ്.സുനിൽ എന്ന സാമൂഹിക പ്രവർത്തക. മനസ്സിൽ നന്മ വറ്റാത്ത ഒരുപിടി നല്ല മനുഷ്യരുടെ സ്നേഹക്കരുതൽ ചേർത്തുകെട്ടി ടീച്ചർ നിർമിച്ചു നൽകുന്ന 200–ാമത്തെ വീട് കേന്ദ്രമന്ത്രി വി.മുരളീധരൻ 18ന് കാവാലം തട്ടാശേരിൽ പാക്കള്ളിൽ രുക്മണിക്ക് കൈമാറും.

വെള്ളപ്പൊക്കം തകർത്ത, ഏതുനിമിഷവും നിലംപൊത്താവുന്ന വീട്ടിലായിരുന്നു വിധവയായ രുക്മണിയുടെ താമസം. ഒപ്പം രണ്ടു പെൺമക്കളും ഭർത്താവിന്റെ അമ്മയുടെ സഹോദരി ജാനകിയും. പോകാൻ മറ്റൊരിടമില്ലാത്ത ഇവർ സമാധാനമായി ഒന്നുറങ്ങിയിട്ട് നാളുകളായി. ഈ ദുരിതം അറിഞ്ഞ് സുനിൽ ടീച്ചർ എത്തിയതോടെ, വീട്ടുജോലി ചെയ്തു കുടുംബം പോറ്റുന്ന രുക്മണിക്കും കുടുംബത്തിനും അടച്ചുറപ്പുള്ള സ്നേഹവീട് ഉയർന്നു.

പേരിൽ വ്യത്യസ്ത, പ്രവൃത്തിയിലും

പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ സുവോളജി വിഭാഗം മേധാവിയായിരുന്ന ഡോ. എം.എസ്.സുനിൽ പേരുകൊണ്ടായിരുന്നു ചെറുപ്പം മുതൽ ശ്രദ്ധിക്കപ്പെട്ടത്. ആദ്യത്തെ കൺമണി ആണാണെന്ന കണക്കുകൂട്ടലിൽ പിതാവ് കരുതിവച്ച പേരായിരുന്നു ‘സുനിൽ’. പിറന്നത് മകളായിട്ടും തീരുമാനം മാറ്റിയില്ല. സുനിൽ എന്ന് അവളെ വിളിച്ചു. പെൺകുട്ടികൾക്കിടയിൽ ആൺ പേരുകാരിയായി സുനിൽ വളർന്നു. പേരു പറയുമ്പോൾ ആശ്ചര്യപ്പെടുന്നവരാണ് ആദ്യം പരിചയപ്പെടുന്നവരിൽ ഏറെയും. എന്നാൽ ഇന്നു പേരിന്റെ വൈവിധ്യത്തിനപ്പുറം പ്രവൃത്തിയുടെ മേന്മകൊണ്ടാണ് സുനിൽ ശ്രദ്ധിക്കപ്പെടുന്നത്. 2016ൽ ജോലിയിൽനിന്നു വിരമിച്ചതോടെ മുഴുവൻസമയ സാമൂഹിക സേവനത്തിലാണ് ടീച്ചർ.