ആധിപത്യത്തിന് അടിസ്ഥാനം ഇല്ല / തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ

പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കേറ്റുമായി മലങ്കര സഭയ്ക്ക് ഒരു പ്രത്യേക ബന്ധം ഉണ്ട് എന്ന വിഷയത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് പാത്രിയർക്കീസ് കക്ഷിയുമായി തർക്കമില്ല. എന്നാൽ ആ ബന്ധത്തിന്റെ സ്വഭാവം സംബന്ധിച്ച് ഈ രണ്ട് വിഭാഗത്തിനും വ്യത്യസ്ത കാഴ്ചപ്പാടുകളാണ് ഉള്ളത്. മലങ്കര സഭയ്ക്ക് അന്ത്യോഖ്യ പാത്രിയർക്കേറ്റുമായ ബന്ധം സംബന്ധിച്ച ഭിന്നതയാണ് സഭാതർക്കത്തിലെ കേന്ദ്ര വിഷയം (core issue) ആയി വ്യവഹരിക്കപ്പെടുന്നത്. പാത്രിയർക്കീസ് ബാവായ്ക്ക് മലങ്കര സഭയിൽ സ്വതന്ത്രമായ ഭരണ സ്വാതന്ത്ര്യവും, നിരുപാധികമായ ഇടപെടൽ അവകാശവും ഉണ്ട് എന്നാണ് പാത്രിയർക്കീസ് കക്ഷിക്കാരുടെ വാദം. എന്നാൽ ആ ബന്ധം ഇന്ത്യയുടെ സുപ്രീം കോടതിയുടെ വിധിപ്രകാരം 1934 ലെ സഭാ ഭരണഘടന നിർവ്വചിച്ചിരിക്കുന്നതുപോലെ ആയിരിക്കണമെന്ന് ഓർത്തഡോക്സ് സഭ നിഷ്ക്കർഷിക്കുന്നു. ഇത് നിയമാധിഷ്ഠിതമായത് കൊണ്ട് മാത്രമല്ല സഭയ്ക്ക് മുഴുവനായി ബാധകമാകുന്നത് പ്രത്യുത 1958 – 1975 കാലഘട്ടത്തിൽ ഐക്യ മലങ്കര സഭയിൽ ഈ ഭരണഘടനയാണ് പ്രാബല്യത്തിലിരുന്നത് എന്നത് കൊണ്ടു കൂടിയാണ് . മുൻ പാത്രിയർക്കീസ് കക്ഷിക്കാരുടെ സഹകരണത്തോടെ ഈ കാലഘട്ടത്തിൽ ഭരണഘടന ഭേദഗതി ചെയ്തത് അവർക്ക് നിഷേധിക്കാനാവില്ല. കൂടാതെ, 1958 ലെയും 1995 ലെയും വിധിക്കുശേഷം അന്നത്തെ പാത്രിയർക്കീസ് കക്ഷിയിലെ എല്ലാ മേല്പട്ടക്കാരും ഈ ഭരണഘടന അംഗീകരിച്ച് പ്രതിജ്ഞാപത്രം നൽകിയിട്ടുള്ളതുമാണ്. അതുകൊണ്ട് ഈ ഭരണഘടനയും, അതിൽ വിഭാവനം ചെയ്യുന്ന മലങ്കര അന്ത്യോഖ്യാ ബന്ധവും അതേപടി സ്വീകരിക്കുവാനുള്ള ധാർമ്മികമായ ബാധ്യത പാത്രിയർക്കീസ് കക്ഷിക്ക് ഉണ്ട്. ആ സാഹചര്യത്തിൽ ഇപ്പോൾ പാത്രിയർക്കീസ് പക്ഷം ഉയർത്തിയിരിക്കുന്ന വാദത്തിന് നിയമപരമായ അടിസ്ഥാനമോ ധാർമ്മികമായ പിൻബലമോ ഇല്ലെന്ന് പറയേണ്ടിവരും. 1958 ലെ പാത്രിയർക്കീസ് കക്ഷിയിലെ പിതാക്കന്മാർക്ക് അജ്ഞാതവും 1995 ലെ വിധി വരെ ഉയർത്താത്തതുമായ രണ്ട് വാദങ്ങളാണ് ഇപ്പോൾ പാത്രിയർക്കീസ് പക്ഷത്തു നിന്നും തങ്ങളുടെ നിലപാട് സാധൂകരിക്കുന്നതിനായി അവതരിപ്പിക്കുന്നത്. ഒന്ന്, പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവായുടെ ഭരണ വരുതിയിൽ മലങ്കരസഭ കഴിയേണ്ടത് പ്രമാണവിശ്വാസ(article of faith) മാണ്. രണ്ട്, അന്ത്യോഖ്യായോടുള്ള തീർക്കാനാവാത്ത കടപ്പാടുണ്ട്. ഈ വാദങ്ങൾ ഉയർത്തി അവർ അന്ത്യോഖ്യ പാത്രിയർക്കേറ്റിനോടുള്ള നിയന്ത്രിത ബന്ധം നിരാകരിക്കാൻ ശ്രമിക്കുകയാണ് . വിശകലന ശേഷിയില്ലാത്ത വ്യക്തികൾ ഇത് അന്ധമായി വിശ്വസിക്കുന്നു. അതിലേറെ പേർ ഈ കാര്യത്തിൽ ആശയ അവ്യക്തതയിലുമാണ്. അതുകൊണ്ട് ഈ വിഷയങ്ങൾ പഠന വിഷയമാക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്. ഒന്നാമതായി, പാത്രിയർക്കേറ്റിന്റെ ഭരണത്തിൻ കീഴിൽ തന്നെ മലങ്കരസഭ കഴിയണം എന്ന വാദത്തിന് എന്തെങ്കിലും വിശ്വാസ അടിസ്ഥാനത്തിലുള്ള സാധൂകരണം ഉണ്ടോ എന്ന് അന്വേഷിക്കാം. സുറിയാനി സഭ ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ ഒരു അംഗ സഭയാണ്. മറ്റു സഭകൾ കോപ്റ്റിക് സഭ, അർമ്മേനിയൻ സഭ, എത്യോപ്യൻ സഭ, എറിത്രിയൻ സഭ എന്നിവയാണ്. അവ ആരാധനക്രമം, ഭരണ സംവിധാനം, അനുഷ്ഠാനങ്ങൾ, അധികാര ഘടന, കാനോൻ എന്നിവയിലെല്ലാം വൈവിധ്യം പുലർത്തുന്നു. എന്നാൽ വിശ്വാസ വിഷയത്തിൽ ഈ സഭകൾ എല്ലാം ഐക്യം നിലനിർത്തുന്നു. ഇവ തമ്മിൽ വിശ്വാസ വിഷയങ്ങളിൽ ഭിന്നതയില്ല. അതുകൊണ്ട് ഈ സഭകൾ എല്ലാം തമ്മിൽ കുർബാന സംസർഗ്ഗവും ഉണ്ട്. ഈ സഭകളെല്ലാം പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസിന് പരിശുദ്ധ പത്രോസ് ശ്ലീഹായുടെ അപ്പോസ്തോലിക പിന്തുടർച്ചാവകാശം ഉണ്ടെന്ന് അംഗീകരിക്കുന്നു. അതേസമയം അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് ഓറിയന്റൽ സഭകളിലെ ഇതര അധ്യക്ഷന്മാർക്ക് ഉപരി എന്തെങ്കിലും സവിശേഷ അധികാരം ഉള്ളതായി വിശ്വസിക്കുന്നില്ല. നേരെ മറിച്ച് , സഭാധ്യക്ഷന്മാരുടെ അടിസ്ഥാന തുല്യതയിൽ വിശ്വസിക്കുകയും ചെയ്യുന്നു. അതുപോലെ അന്ത്യോഖ്യൻ പാത്രിയർക്കേറ്റ് മറ്റ് ഓറിയന്റൽ സഭകളുമായ ബന്ധത്തിൽ ഈ സവിശേഷ ഭരണാധികാര വാദം ഉന്നയിക്കുന്നുമില്ല. സ്ഥാനമഹിമയിലാകട്ടെ , അന്ത്യോഖ്യാ പാത്രിയർക്കീസിന് ഉള്ള സ്ഥാനം കോപ്റ്റിക് പാത്രിയർക്കീസിന് ശേഷമാണ്. അതുകൊണ്ട് ഇവിടെ പാത്രിയർക്കീസ് പക്ഷം ഉയർത്തുന്ന അന്ത്യോഖ്യാ പാത്രിയർക്കേറ്റിന്റെ ഈ സവിശേഷ അധികാര വിശ്വാസവാദം ഇതര ഓറിയന്റൽ സഭകൾക്കില്ല എന്ന് മാത്രമല്ല അങ്ങനെ ഒന്നിനെ അവർ നിരാകരിക്കുകയും ചെയ്യുന്നു. പത്രോസ് ശ്ലീഹായുടെ സ്ഥാന പിന്തുടർച്ചയുടെ അടിസ്ഥാനത്തിൽ അന്ത്യോഖ്യൻ പാത്രിയർക്കീസിന്റെ പേരിൽ ഇവിടെയുള്ള പാത്രിയർക്കീസ് വിഭാഗം ഉന്നയിക്കുന്ന വാദത്തിന് വിശ്വാസ അടിത്തറയില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഈ വസ്തുത അംഗീകരിച്ചുകൊണ്ട് പരിശുദ്ധ അന്ത്യോഖ്യ പാത്രിയർക്കീസിന് പരിശുദ്ധ പത്രോസിന്റെ പിൻഗാമി എന്ന നിലയിൽ പാത്രിയർക്കീസ് കക്ഷി അവകാശപ്പെടുന്ന സാർവ്വത്രിക ഭരണാവകാശവാദം പ്രമാണ വിശ്വാസമായി ഭവിക്കുന്നില്ല. ഒരേ വിശ്വാസമുള്ള അംഗസഭകളിൽ ഒന്നിന് മാത്രം പ്രത്യേക വിശ്വാസം ഉണ്ടാകാനാവില്ലല്ലോ. ഇവിടുത്തെ പാത്രിയർക്കിസ് കക്ഷികൾ സഭയിൽ ഐക്യമുണ്ടാകാതിരിക്കുവാൻ ഉയർത്തുന്ന ഒരു ഉടക്ക് ന്യായമായി മാത്രമേ ഇതിനെ പരിഗണിക്കാനാവൂ. സഭയിലെ പാത്രിയർക്ക – കാതോലിക്ക സ്ഥാനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ നിർവ്വചിച്ചത് ഹൂദായ കാനോനാണ്. കാനോൻ നിയമങ്ങൾ പത്താം നൂറ്റാണ്ടു വരെയുള്ള സുന്നഹദോസ് തീരുമാന പ്രകാരം ആവിർഭവിച്ചിട്ടുള്ളതാണ്. ഈ തീരുമാനങ്ങളിൽ ഒന്നിൽ പോലും പത്രോസ് ശ്ലീഹായിൽ നിന്നുള്ള പിന്തുടർച്ചയുടെ അടിസ്ഥാനത്തിൽ അന്ത്യോഖ്യ പാത്രിയർക്കീസിന് പ്രത്യേക അധികാരമുള്ളതായി പരാമർശമില്ല. സുറിയാനി സഭയുടെ പൊതു അംഗീകാരമുള്ള ഹൂദായ കാനോന്റെ ആധികാരിക കയ്യെഴുത്ത് പ്രതികളുടെ അടിസ്ഥാനത്തിലാണ് 1934 ലെ സഭാഭരണഘടനയിൽ പാത്രിയർക്കീസ് – കാതോലിക്ക ബന്ധം നിർവ്വചിച്ചിരിക്കുന്നത്. അതുകൊണ്ട് ഇത് വിശ്വാസപരമായ ബന്ധമായിട്ടല്ല, മറിച്ച് കാനോനിക ബന്ധമായാണ് മനസ്സിലാക്കേണ്ടത്. കാനോൻ ഇതിനെ കാണുന്നതാകട്ടെ ഭരണപരമായ വിഷയമായിട്ടും. ആദിമ ക്രൈസ്തവ സഭയിൽ രൂപപ്പെട്ട അപ്പോസ്തോലിക ഭരണഘടന പരിശോധിച്ചാൽ സഭയിൽ എപ്പിസ്ക്കോപ്പയ്ക്ക് ഉപരി ഒരു സ്ഥാനമില്ല. മെത്രാപ്പോലീത്ത, കാതോലിക്ക, പാത്രിയർക്കീസ്, പോപ്പ് എന്നീ സ്ഥാനങ്ങൾ റോമാ സാമ്രാജ്യത്തിന്റെ സിവിൽ അധികാരഘടനയ്ക്ക് സമാന്തരമായി രൂപപ്പെട്ട സഭാധികാരഘടനയിൽ അധികാര സ്ഥാനത്തിന്റെ ഗുരുത്വം അനുസരിച്ച് സിദ്ധിച്ച നാമങ്ങളാണ്. സത്യത്തിൽ അന്നത്തെ ഭൂമിശാസ്ത്ര – രാഷ്ട്രീയ(geo-political ) ഭൂപടം മാറി രാഷ്ട്രീയ കേന്ദ്രങ്ങളുടെ സ്ഥിതി വ്യത്യാസം വന്നതോടെ ഈ സഭാധികാരഘടനയും കാലഹരണപ്പെടേണ്ടതായിരുന്നു. എന്നാൽ പിന്നീട് ഈ സഭാകേന്ദ്രങ്ങളോട് ആദരവ് പുലർത്തി പുതിയ സഭാകേന്ദ്രങ്ങൾ ഉണ്ടാവുകയായിരുന്നു. അമ്മേനിയൻ, കിലിക്യൻ, എത്യോപ്യൻ, എറിത്രിയൻ പാത്രിയർക്കേറ്റുകൾ അങ്ങനെയാണ് ഉണ്ടായത്. കേരളത്തിലെ പാത്രിയർക്കീസ് കക്ഷിക്കാർ പാത്രിയർക്കീസിന്റെ ഭരണം വിശ്വാസ പ്രമാണ ( article of faith) മാക്കി വച്ചിരിക്കുന്നതിനെ ചരിത്രം സാധൂകരിക്കുന്നില്ല. ഇന്ന് കത്തോലിക്കാ സഭയിൽ പോലും ഇങ്ങനെയൊരു വാദത്തിന് പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. വ്യക്തിഗത സഭകൾ എല്ലാം ഭരണപരമായി സ്വതന്ത്രമാണ്. പോപ്പിനെ സാർവ്വത്രിക സഭയുടെ അധ്യക്ഷൻ എന്ന് വിളിക്കുമ്പോഴും അദ്ദേഹം സഭകളിലെല്ലാം ഭരണം നിർവ്വഹിക്കണമെന്ന് അവർ പോലും ചിന്തിക്കാത്ത സമയത്താണ് പാത്രിയർക്കീസ് ഇന്ത്യയിൽ പള്ളി വിഷയങ്ങളിൽ പോലും ഇടപെടുന്നതും ഇത് വിശ്വാസവിഷയമാക്കി കക്ഷിക്കാർ വിശേഷിപ്പിക്കുന്നതും . ചുരുക്കത്തിൽ, പാത്രിയർക്കേറ്റിന്റെ അധികാരവും, കാതോലിക്കേറ്റുമായുള്ള ബന്ധവും നിർണ്ണയിക്കുന്നത് വിശ്വാസമല്ല, പ്രത്യുത ഹൂദായ കാനോനും അതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ട 1934 ലെ സഭാ ഭരണഘടനയുമാണ്. അതോടൊപ്പം പാത്രിയർക്കീസ് ബാവായുടെ സാർവ്വത്രിക ഭരണാധികാരമെന്ന വാദം ഓറിയന്റൽ സഭയുടെ പൊതു വിശ്വാസവുമായി പൊരുത്തപ്പെടുന്നതുമല്ല. അതുകൊണ്ട് അത് വിശ്വാസ വിരുദ്ധവുമാണ് എന്ന് ചിന്തിക്കേണ്ടി വരുന്നു. പാത്രിയർക്കീസ് ബാവായുടെ സ്വതന്ത്രഭരണ ഇടപെടൽ അധികാരം അംഗീകരിക്കുന്നതിന് പാത്രിയർക്കീസ് പക്ഷം ഇപ്പോൾ ഉന്നയിക്കുന്ന മറ്റൊരു അടിസ്ഥാനം അന്ത്യോഖ്യൻ പാത്രിയർക്കേറ്റിനോടുള്ള മലങ്കര സഭയുടെ കടപ്പാടാണ് . കടപ്പാട് ഉണ്ടോ എന്ന് അന്വേഷിക്കുന്നതിന് മുമ്പ് കടപ്പാട് ഉണ്ടെങ്കിൽത്തന്നെ അതിന്റെ അടിസ്ഥാനത്തിൽ സഭയിൽ നിരുപാധികമായ ഭരണവിധേയത്വം ആകാമോ എന്നതാണ് വിശകലനം ചെയ്യേണ്ടത്. ഭരണം എന്ന ചിന്ത തന്നെ ക്രൈസ്തവ വേദശാസ്ത്രത്തിലോ സഭാ വിജ്ഞാനീയത്തിലോ കണ്ടെത്താനാവില്ല. മറ്റൊരു സഭയെ വിധേയപ്പെടുത്തി ഭരിക്കുന്നതിന് ഒട്ടും തന്നെ നീതീകരണമില്ല. ഏതെങ്കിലും സഭയുടെ മിഷൻ പ്രവർത്തന ഫലമായിട്ടാണ് പിൽക്കാലത്ത് സഭകൾ ഉണ്ടായിട്ടുള്ളത്. അതിന്റെ പേരിൽ പുതിയ സഭകളുടെ സഭാജീവിതവും ഭരണ സംവിധാനവും രൂപപ്പെടുന്നതുവരെ മാതൃസഭ പുതിയ സഭയ്ക്ക് നേതൃത്വം കൊടുത്തിട്ടുണ്ടാകും. അല്ലാതെ മിഷനറിമാരെ വിട്ടു എന്നതുകൊണ്ട് എല്ലാക്കാലവും മാതൃസഭയ്ക്ക് കീഴ്പെട്ടിരിക്കണം എന്ന് ഒരു സഭാ കാനോനും നിർദ്ദേശിക്കുന്നില്ല. മലങ്കര സഭയുടെ കാര്യമാകട്ടെ, തികച്ചും വ്യത്യസ്തമാണ്. ഇത് സിറിയക്കാർ സ്ഥാപിച്ച ഒരു സഭയല്ല. ഇതൊരു അപ്പോസ്തോലിക സഭയാണ്. ഇത് രൂപം കൊണ്ടത് മാർത്തോമാ ശ്ലീഹായുടെ പ്രേഷിതപ്രവർത്തനം കൊണ്ടാണ്. ഈ സഭയ്ക്ക് അന്ത്യോഖ്യൻ സഭയിൽ നിന്ന് പതിനാറാം നൂറ്റാണ്ട് മുതൽ ഉണ്ടായ സഹകരണത്തിന്റെ പേരിൽ ഇവിടെ സർവ്വാധിപത്യം ഉറപ്പിക്കാം എന്ന വാദത്തിന് എന്തെങ്കിലും സാധൂകരണം ഉണ്ട് എന്ന നിഗമനത്തിലെത്താനാവില്ല. മലങ്കര സഭയ്ക്ക് പാത്രിയർക്കേറ്റിനോടുള്ള കടപ്പാടിന്റെ പേരിൽ പറയുന്ന കാര്യങ്ങൾ എന്തൊക്കെയാണ്, പറയുന്ന വസ്തുതകൾ ശരിയാണോ,കാര്യങ്ങളിൽ സത്യത്തിൽ കടപ്പാടിനുള്ള സാധ്യതയുണ്ടോ എന്നെല്ലാം അന്വേഷിക്കണം . കടപ്പാട് ശരിയാണെങ്കിൽ പോലും അധീശത്വത്തിന് സാധ്യതയില്ല എന്ന കാര്യം നാം മുമ്പ് ചർച്ചയിൽ കണ്ടു കഴിഞ്ഞു. മലങ്കര സഭയ്ക്ക് അന്ത്യോഖ്യാ പാത്രിയർക്കേറ്റിനോട് കടപ്പാടുണ്ട് എന്ന് പാത്രിയർക്കീസ് പക്ഷം ഉയർത്തുന്ന വാദഗതിക്ക് അടിസ്ഥാനമായ വിഷയങ്ങൾ ചുവടെ ചേർക്കുന്നു:1- മലങ്കര സഭയിൽ നിലച്ചുപോയ മേല്പട്ട സ്ഥാന പിന്തുടർച്ച പുന:സ്ഥാപിക്കുവാൻ സഹായിച്ചത് അന്ത്യോഖ്യാ പാത്രിയർക്കേറ്റാണ്. 2. മലങ്കര സഭയിൽ ഉപയോഗത്തിലിരിക്കുന്ന ആരാധന – കൂദാശ ക്രമങ്ങൾ, വേദവായനക്കുറിപ്പുകൾ (lectionaries) എന്നിവ അന്ത്യോഖ്യൻ സഭയിൽ നിന്ന് ലഭിച്ചതാണ്.3. ആരാധനയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, തൈലങ്ങൾ, മറ്റു ക്രമീകരണങ്ങൾ എന്നിവയെല്ലാം സുറിയാനി സഭയിൽ നിന്ന് മാതൃകയാക്കിയതാണ്.4. മലങ്കര സഭയിലെ മേല്പട്ടക്കാരുടെയും പട്ടക്കാരുടെയും പൗരോഹിത്യ – ആരാധനാ വസ്ത്രങ്ങൾ (vestments ) അന്ത്യോഖ്യൻ വൈദിക വസ്ത്ര രീതിയിലുള്ളതാണ്. 5- കാലാ കാലങ്ങളിൽ മലങ്കര സഭയിൽ മേപ്പട്ട സ്ഥാന വൈധവ്യം വന്നപ്പോൾ ഏറെ ത്യാഗം സഹിച്ച് സുറിയാനി സഭയിൽ നിന്ന് പിതാക്കന്മാർ ഇവിടെ വന്ന് പരിഹാരമുണ്ടാക്കി. 6 തക്ക സമയത്ത് അന്ത്യോഖ്യൻ ഇടപെടൽ ഉണ്ടായില്ലായിരുന്നെങ്കിൽ ഈ സഭ ഇന്ന് കത്തോലിക്ക സഭയുടെ ഭാഗമാകുമായിരുന്നു. മേല്പറഞ്ഞ കാര്യങ്ങളുടെ വാസ്തവികത സംബന്ധിച്ച്‌ ഓർത്തഡോക്സ് സഭയ്ക്ക് തർക്കമുണ്ടാകാൻ സാധ്യതയില്ല. എന്നാൽ ഇവ അന്ത്യോഖ്യ പാത്രിയർക്കേറ്റിനോട് മലങ്കര സഭയ്ക്ക് കടപ്പാട് സൃഷ്ടിച്ചിട്ടുണ്ട് എന്ന ചിന്തയും അതിന്റെ അടിസ്ഥാനത്തിൽ മലങ്കര സഭ അന്ത്യോഖ്യാ പാത്രിയർക്കേറ്റിന്റെ ഭരണ വരുതിയിൽ എന്നാളും കഴിഞ്ഞുകൊള്ളണം എന്ന വാദവും സംബന്ധിച്ചാണ് തർക്കമുള്ളത്. മേല്പറഞ്ഞ വാദങ്ങൾ അതുകൊണ്ട് പഠന വിഷയമാക്കാവുന്നതാണ്. മലങ്കര സഭയിൽ മേല്പട്ടസ്ഥാന പിന്തുടർച്ച നിലനിർത്തുവാൻ അന്ത്യോഖ്യൻ സഭ ചെയ്ത സഹായമാണ് ഒന്നാമത്തെ കടപ്പാടായി അവതരിപ്പിക്കപ്പെടുന്നത്. കൂനൻ കുരിശു സത്യത്തെ തുടർന്ന് കത്തോലിക്കാ സഭയിൽ നിന്നും വിഘടിച്ച നസ്രാണി സമൂഹത്തെ നയിക്കുന്നതിന് മേല്പട്ടക്കാർ ഇല്ലാതെ വന്നു. 12 പട്ടക്കാർ ചേർന്ന് അന്നത്തെ അർക്കദിയോക്കനെ മേല്പട്ടക്കാരനായി വാഴിച്ചു. ഈ സ്ഥാനദാന ത്തിന്റെ കാനോനിക ന്യൂനത പരിഹരിച്ചത് ഇവിടെ എത്തിയ ഗ്രിഗോറിയോസ് അബ്ദുൽ ജലീൽ ബാവയാണ്. അന്നു മുതൽ മേല്പട്ട സ്ഥാനം നിലനിർത്തുവാനായി ശീമയിൽ നിന്ന് പിതാക്കന്മാർ ഇവിടെ വന്നിട്ടുണ്ട്. സത്യത്തിൽ ഈ രീതി സഭയിൽ ആദിമ കാലം മുതൽ നിലനിന്നിരുന്ന ഒരു സാധാരണ ക്രമമായിരുന്നു . ഏതെങ്കിലും മേല്പട്ട സ്ഥാനിക്ക് ദേഹവിയോഗം വരുമ്പോൾ പിൻ തുടർച്ചക്കാരനായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയ്ക്ക് മേല്പട്ടദാനം നല്കിയിരുന്നത് മറ്റ് മേല്പട്ടക്കാരായിരുന്നു. അതിന്റെ പേരിൽ വാഴിച്ച വ്യക്തിക്ക് ഭരണപരമായി കീഴ്‌പ്പെടണം എന്ന് പാരമ്പര്യം ഇല്ല. നിലവിലിരുന്ന സ്ഥാനത്തേയ്ക്ക് പുതിയ മേല്പട്ടക്കാരനെ വാഴിക്കുക മറ്റ് മേല്പട്ടക്കാരുടെ ഉത്തരവാദിത്തമായിരുന്നു. അതാണ് ശീമയിൽ നിന്നുള്ള പിതാക്കന്മാർ നിർവ്വഹിച്ചത്. ഇത് സാർവ്വതിക സഭയിലെ സാധാരണ പതിവ് മാത്രമാണ്. അതിന്റെ പേരിൽ മലങ്കര സഭയ്ക്ക് കടപ്പാട് ആവശ്യമില്ല. ഭരണാധിപത്യം ആവശ്യപ്പെടുന്നതിന് അന്ത്യോഖ്യ പാത്രിയർക്കീസിന് ന്യായവുമില്ല. ഇതൊരു കടപ്പാടിന്റെ വിഷയമാണെങ്കിൽ മലങ്കര സഭയ്ക്ക് ഇതിലേറെ കടപ്പാട് ഉള്ളത് കല്ദായ (നെസ്തോറിയൻ) സഭയോടാണ്. പതിമൂന്നാം നൂറ്റാണ്ട് വരെ അവരായിരുന്നു മേല്പട്ട സ്ഥാനികളുടെ കുറവ് നികത്തിയിരുന്നത്. ആ കടപ്പാട് വിസ്മരിച്ച് കൊണ്ട് സമീപ കാലത്തെ കടപ്പാടിന് മാത്രം വില നല്കുന്നതിന് എന്തു ന്യായം. അതായത് പട്ടദാനത്തെ പ്രതി കടപ്പാടിന്റെ കാര്യമില്ല. കടപ്പാടിന്റെ അടിസ്ഥാനത്തിൽ അധികാര പ്രയോഗ ശ്രമത്തിന് സാധൂകരണവും കണ്ടെത്താനാവില്ല. മലങ്കരയിൽ ഇന്ന് ഉപയോഗത്തിലിരിക്കുന്ന ആരാധന – കൗദാശിക ക്രമങ്ങൾ പടിഞ്ഞാറൻ സുറിയാനി പാരമ്പര്യത്തിലുള്ളതാണ്. അത് ലഭിച്ചതു വഴിയുള്ള കടപ്പാടിന്റെ കാര്യമാണ് ഇനി അന്വേഷിക്കുക. ആരാധന – കൗദാശിക ക്രമങ്ങൾ മലങ്കര സഭയിൽ ഇല്ലാതിരുന്നിട്ടോ മലങ്കര സഭ ആവശ്യപ്പെട്ടിട്ടോ ശീമക്കാരായ പിതാക്കൻമാർ ഇവിടെ അവതരിപ്പിച്ചതല്ല. ഇവിടെ നിലനിന്നിരുന്നവ അന്ത്യോഖ്യൻ ക്രമമല്ലാതിരുന്നതു കൊണ്ട് അന്ത്യോഖ്യൻ പിതാക്കന്മാർ അവ നീക്കം ചെയ്ത് അവരുടേത് പ്രാബല്യത്തിൽ വരുത്തുകയായിരുന്നു. അന്ത്യോഖ്യൻ ആത്മീയ അധികാരം ഉറപ്പിക്കുവാനായി ചെയ്ത അവരുടെ ഈ നടപടിക്ക് നമുക്ക് എന്ത് കടപ്പാടാണ് വേണ്ടത്. ഈ നടപടി ഇതിന് മുമ്പ് ഇവിടെ വന്നവരും ചെയ്തിട്ടുണ്ട്. കല്ദായ സഭാ പിതാക്കന്മാർ ഇവിടെ വന്ന സമയത്ത് തദ്ദേശീയ രീതിയിലുള്ള ദ്രവീഡിയൻ ആരാധന ക്രമങ്ങൾ ഇവിടെ നിലവിലിരുന്നുവെന്നാണ് പണ്ഡിത മതം. അവർ അത് നീക്കം ചെയ്ത് കല്ദായ അഥവാ കിഴക്കൻ സുറിയാനി ആരാധന – കൂദാശ ക്രമങ്ങൾ നിലവിൽ വരുത്തി. പിന്നീട് പോർച്ച്ഗീസുകാർ വന്നപ്പോൾ അവർ ഇവിടെ നിലനിന്നിരുന്ന ആരാധന ക്രമങ്ങൾ അവരുടെ രീതിയിൽ പരിഷ്ക്കരിച്ചു. അന്ത്യോഖ്യൻ പിതാക്കന്മാർ അവരുടെ സ്വാധീനം ഇവിടെ ഉറപ്പിക്കുവാൻ അവരുടേത് അടിച്ചേല്പിച്ചു. ഇതാണ് സത്യത്തിൽ സംഭവിച്ചത് . മലങ്കര സഭയിൽ അന്ത്യോഖ്യൻ ബന്ധത്തോടെ ഉണ്ടായ ഗതി വിപര്യം സമഗ്രമാക്കുവാനുള്ള അന്ത്യോഖ്യൻ പിതാക്കന്മാരുടെ അധിനിവേശ തന്ത്രമായിരുന്നു ഇവിടെ നിവർത്തിതമായത്. ഇതിന് എവിടെയാണ് കടപ്പാട് സാധ്യതയുള്ളത്. മലങ്കര സഭയിൽ നിലവിലിരുന്ന ആരാധന – കൂദാശ ക്രമങ്ങൾ നീക്കം ചെയ്ത് പുതിയത് അവതരിപ്പിക്കപ്പെടുകയായിരുന്നു. ഓരോ സഭയും അവരുടെ ആധിപത്യം ഉറപ്പിക്കാൻ പ്രയോഗിച്ച തന്ത്രങ്ങൾക്കെല്ലാം നാം കടക്കാരാവാൻ തുടങ്ങിയാൽ ഇതിന് എവിടെയാണ് ഒരു അവസാനം. ആരാധന ക്രമങ്ങൾ മാറ്റുമ്പോൾ അതിന് അനുസൃതമായ ഉപകരണങ്ങളും സ്വാഭാവികമായി മാറ്റേണ്ടി വരും. അതിനായി ശീമക്കാരായ പിതാക്കന്മാർ അവരുടെ മാതൃകകൾ ഇവിടെ കൊണ്ടുവന്നു . അവ അനുകരിച്ച് അവയുടെ തദ്ദേശീയ ഭാഷ്യങ്ങൾ ഇവിടെയുള്ളവർ സൃഷ്ടിച്ച്‌ ആരാധനയിൽ ഉൾപ്പെടുത്തി. അന്ത്യോഖ്യൻ പിതാക്കന്മാർ അവയെല്ലാം ഇവിടെ കൊണ്ടുവന്ന രീതി എല്ലാം നാടകീയമായി അവതരിപ്പിച്ച് ഇന്നും ജനത്തെ വൈകാരികമായി ചൂഷണം നടത്തുന്ന രീതിയാണ് തുടർന്നുവരുന്നത് . അതോടെ ജനത്തിന് കടപ്പാട് ജനിക്കുന്നു. ആരാധന ക്രമങ്ങൾ മാറ്റിയവർ തന്നെ അതിന് പറ്റിയ ഉപകരണങ്ങളും ക്രമീകരണങ്ങളും സൃഷ്ടിക്കുക എന്നത് അവരുടെ ബാധ്യതയാണല്ലോ. അതിന് മലങ്കര സഭയെന്തിന് കടപ്പെടുന്നു. ഓരോ ക്രിസ്തീയ വകുപ്പുകാരും ഇവിടെ വന്ന് മലങ്കര സഭയെ അവരുടെ പരീക്ഷണശാലയാക്കി മാറ്റി എങ്കിൽ അത് അവരുടെ ആവശ്യത്തിനായിരുന്നു. നിലവിലിരുന്ന ആരാധന – കൂദാശ ക്രമീകരണങ്ങൾ മാറ്റി പുതിയത് പരിചയപ്പെടുത്തിയപ്പോൾ മുമ്പത്തേത് ക്രമേണ മറന്ന് നൂതനമായത് കൊണ്ടുവന്നവർക്ക് നാം കടപ്പാടുകാരായി ചിത്രീകരിക്കപ്പെട്ടു. അതോടൊപ്പം ഇതിന്റെ പിന്നിലുള്ള ആധിപത്യ ലക്ഷ്യം നാം കാണാതെ പോവുകയും ചെയ്തു അതുപോലെ പട്ടക്കാരുടെയും, മേല്പട്ടക്കാരുടെയും വൈദിക വസ്ത്രങ്ങളുടെ മാറ്റം നിർബന്ധപൂർവ്വവും, സാവകാശവും ആയിരുന്നു. മലങ്കര മെത്രാപ്പോലീത്തായുടെയും മറ്റും അംശവസ്ത്രങ്ങളിൽ ഇന്നും പഴയ പാരമ്പര്യങ്ങൾ അവശേഷിക്കുന്നത് ശ്രദ്ധിക്കുക. ഇവിടെയും ഒരു അടിച്ചേല്പിക്കലും, അധിനിവേശ ശ്രമവും നിരീക്ഷിക്കാവുന്നതാണ്. ഈ മാറ്റവും പുതിയ ആത്മീക അധികാരികളുടെ സാംസ്ക്കാരിക ആധിപത്യ സ്ഥാപനങ്ങളുടെ നടപടിക്രമങ്ങളായി കാണണം. പാശ്ചാത്യർ ഇവിടെ വന്നപ്പോൾ അവരുടെ വസ്ത്രധാരണരീതി ഇവിടെ പരിഷ്ക്കാരത്തിന്റെ മാനദണ്ഡമാക്കിയത് പോലെ ചിലർ സ്വമനസ്സോടെ മാറ്റം സ്വീകരിച്ചിരിക്കാം. ഏതായാലും ഇതിലും കടപ്പാട് കാണാൻ പ്രയാസം. സുറിയാനി പിതാക്കന്മാർ ഇവിടെ എത്തിയത് ത്യാഗം സഹിച്ചായിരുന്നില്ല എന്നാരും പറയുമെന്ന് തോന്നുന്നില്ല. എന്നാൽ ഈ ത്യാഗം സഹിക്കേണ്ടതുണ്ടായിരുന്നോ എന്നതാണ് സംശയം. അവർ ഇവിടെ വരേണ്ട ആവശ്യം സൃഷ്ടിച്ചത് അന്ത്യോഖ്യ തന്നെയാണ്. മേല്പട്ടസ്ഥാനം തുടർന്ന് കൊടുക്കുവാനുള്ള ക്രമീകരണം ഇവിടെത്തന്നെ ഉണ്ടാക്കിയിരുന്നെങ്കിൽ അവിടെ നിന്നും ആരും ത്യാഗം സഹിച്ച് വരേണ്ട ആവശ്യം ഉണ്ടാകുമായിരുന്നില്ല. മേല്പട്ട സ്ഥാനലബ്ധിയ്ക്ക് എന്നും അന്ത്യോഖ്യായെ അഭയപ്പെട്ട് മലങ്കര സഭയിൽ ആശ്രയബോധം നിലനിർത്തുക എന്നത് മലങ്കര സഭയുടെ ആവശ്യമായിരുന്നില്ല. സഭയുടെ നന്മയ്ക്ക് വേണ്ടിയും ആയിരുന്നില്ല. ഇത് പാത്രിയർക്കേറ്റിന്റെ അധിനിവേശ പദ്ധതിയുടെ ഭാഗമായിട്ട് ആയിരുന്നു എന്നത് നാം തിരിച്ചറിയണം. അതുകൊണ്ട് ശീമക്കാരായ പിതാക്കന്മാർ ഇവിടെ ത്യാഗം സഹിച്ചു വരേണ്ടി വന്നു. ത്യാഗം സഹിച്ചില്ല എന്നാരും പറയുന്നില്ല. അതിന്റെ ആവശ്യം വേണ്ടിയിരുന്നില്ല എന്ന് മാത്രമാണ്. അതോടെ പിതാക്കന്മാർ സഹിച്ച ത്യാഗത്തിന്റെ മൂല്യവും വിചാരണയ്ക്ക് വിധേയമാകുന്നു. എന്നാൽ ത്യാഗത്തിന്റെ വസ്തുത തീർത്ത് അവസാനിക്കുന്നില്ല. പലപ്പോഴും മൂന്നും, നാലും പിതാക്കന്മാർ ഒന്നിച്ച് ഇവിടെ എത്തിയപ്പോൾ ആവശ്യമായ ഭാരിച്ച കപ്പൽയാത്ര കൂലി കൊടുക്കാൻ പണമില്ലാതെ മലങ്കരസഭാ നേതാക്കന്മാർ ജയിലിൽ പോകേണ്ടിവന്ന സാഹചര്യമുണ്ടായിട്ടുണ്ട്. അതിൽ അന്തർഭവിക്കുന്ന ത്യാഗത്തെ വിസ്മരിക്കാനാവുമോ. അതായത് അധിനിവേശം നിലനിർത്തുന്നതിന് വേണ്ടി അന്ത്യോഖ്യ എപ്പിസ്ക്കോപ്പൽ പിന്തുടർച്ച ക്രമീകരണം മലങ്കരയിൽ അനുവദിക്കാത്തതു കൊണ്ട് ശീമപിതാക്കന്മാർക്കും, മലങ്കര സഭയും ത്യാഗം സഹിക്കേണ്ടി വന്നു. വാസ്തവത്തിൽ അതുവഴി അന്ത്യോഖ്യ പാത്രിയർക്കേറ്റ് ആരോപണ വിധേയമാവുകയാണ്. ശീമ പിതാക്കന്മാർ ഇടപെട്ടില്ലായിരുന്നെങ്കിൽ മലങ്കര സഭ കത്തോലിക്ക സഭയായി തുടരുമായിരുന്നു എന്നത് ഏറെക്കുറെ ശരിയാണ്. അത് അത്ര വലിയ കുഴപ്പമാകുമായിരുന്നോ. അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ കീഴിൽ നില്ക്കേണ്ടി വന്ന ഈ സഭ കഴിഞ്ഞ രണ്ടു നൂറ്റാണ്ടായി വ്യവഹാര – കലഹങ്ങളിൽ നിന്നും വിമുക്തമായ എത്രനാൾ ഉണ്ടായിരുന്നു. എന്ത് സാക്ഷ്യമാണ് കലഹിക്കുന്ന ഒരു ക്രൈസ്തവസമൂഹത്തിന് സൃഷ്ടിക്കാനായത്. കത്തോലിക്കാ സഭ സുറിയാനി സഭയെപോലെ തന്നെ പൗരാണിക അപ്പോസ്തോലിക സഭയാണ്. ആ സഭ കേരളത്തിലും, പുറത്തും നല്കുന്ന സാക്ഷ്യത്തെ പറ്റി നമുക്ക് എന്തെങ്കിലും പരാതി പറയാനാകുമോ. അവരിൽ നിന്ന് വിശ്വാസത്തിന്റെ പേരിൽ പിണങ്ങി പിരിയുകയായിരുന്നില്ല, നേരേ മറിച്ച് നേതൃത്വ – സാംസ്കാരിക വിഷയങ്ങളാണ് അന്ന് ഭിന്നതയ്ക്ക് കളമൊരുക്കിയത്. മലങ്കര നസ്രാണികളുടെ ചില ജാത്യാചാരങ്ങൾ മാറ്റിയെടുക്കുവാനായി കത്തോലിക്ക സഭ നടത്തിയ നവീകരണങ്ങൾ സൃഷ്ടിച്ച അസ്വസ്ഥതകൾ ഭിന്നതയിലേക്ക് നയിക്കുകയായിരുന്നു. ഭിന്നതയുടെ സാഹചര്യത്തിൽ സഹായം എന്ന പേരിൽ ഉണ്ടായ ഉടപെടൽ ഇവിടെ സൃഷ്ടിക്കപ്പെട്ട പിളർപ്പ് ശ്വാശ്വതമാക്കിത്തീർക്കുകയായിരുന്നു. അങ്ങനെയാണ് ഇവിടെ അന്ത്യോഖ്യൻ പാരമ്പര്യമുള്ള സുറിയാനി സഭ രൂപപ്പെട്ടത്. സഭയിൽ സാംസ്കാരിക വിഷയങ്ങൾ മൂലമുണ്ടായ ഭിന്നതകളിൽ ഇടപെട്ട് നിത്യ വിഭജനത്തിന് നയിച്ചതിന് നാം അന്ത്യോഖ്യയ്ക്ക് കടപ്പെടേണ്ടതുണ്ടോ. ഈ സഭ കത്തോലിക്ക സഭയിൽ നില നിന്നിരുന്നുവെങ്കിൽ അത്ര വലിയ കുഴപ്പമാകുമായിരുന്നോ? മേല്പറഞ്ഞ ചർച്ചയിൽ നിന്നും വ്യക്തമാകുന്ന കാര്യങ്ങൾ: 1. കടപ്പാടിന്റെ പേരിൽ നിരുപാധിക ഭരണാവകാശ വാദം ഉയർത്തുന്നതിൽ സാധൂകരണം ഇല്ല. 2. മലങ്കര സഭയ്ക്ക് അന്ത്യോഖ്യാ പാത്രിയർക്കേറ്റിനോട് പ്രത്യേക കടപ്പാടുകളില്ല. അന്ത്യോഖ്യൻ അധിനിവേശം ഇവിടെ നിലനിർത്തുന്നതിനുള്ള ഇടപെടലുകളായി ഈ ബന്ധത്തെ നാം മനസ്സിലാക്കുന്നു. ഈ ചർച്ചയുടെ ഉദ്ദേശ്യം അന്ത്യോഖ്യയുമായുള്ള സഭാബന്ധം മുറിക്കണം എന്നതല്ല , പ്രത്യത അത് നീതിപൂർവ്വവും ഇരു സഭകൾക്കും അഭിമാനകരവുമായ തലത്തിലേക്ക് ആക്കി തീർക്കുകയാണ് ലക്ഷ്യം. പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവായ്ക്ക് മലങ്കരയിൽ നിരുപാധിക ഇടപെടലിന് വിശ്വാസത്തിന്റെയും കടപ്പാടിന്റെയും അടിസ്ഥാനത്തിൽ അവകാശമുണ്ടെന്ന വാദത്തിന് കഴമ്പില്ല എന്ന് സ്ഥാപിക്കേണ്ടതുണ്ട് . സഭാ വിശ്വാസം നിഷേധിക്കുകയും കടപ്പാടുകൾ വിസ്മരിക്കുകയും ചെയ്യുന്ന മലങ്കര ഓർത്തഡോക്സ് സഭയാണ് ഐക്യത്തിനും സമാധാനത്തിനും തടസ്സം നില്ക്കുന്നത് എന്ന ആരോപണം അടിസ്ഥാനരഹിതവും ബുദ്ധി ശൂന്യവുമാണ് എന്ന വസ്തുത ജനം അറിയേണ്ടതുമുണ്ട് എന്നതിനാലാണ് ഈ വിഷയം ചർച്ചയ്ക്ക് വിധേയമാക്കിയത്. മലങ്കര സഭയുടെ ഭരണഘടനയും, ഈ സഭകൾ രണ്ടും അംഗീകരിക്കുന്ന ഹൂദായ കാനോനും വിഭാവനം ചെയ്യുന്ന രീതിയിൽ ഈ ബന്ധം നിലനില്ക്കണം എന്ന് മലങ്കര സഭ ആഗ്രഹിക്കുന്നു. അങ്ങനെ ഭിന്നിച്ചു നില്ക്കുന്ന സഭ ഒന്നാവുകയും വേണം. മലങ്കര സഭയുടെ സ്വയം നിർണ്ണയാവകാശവും സ്വാതന്ത്ര്യവും അതിന്റെ ചരിത്രാനുഭവത്തിലൂടെ ബോധ്യപ്പെട്ട വിഷയമാണ്. അത് നിലനിർത്തിക്കൊണ്ട് അന്ത്യോഖ്യൻ ബന്ധത്തിൽ വ്യക്തതയും തിരുത്തലും ഉണ്ടാകണം. സഭയുടെ തിരിച്ചറിയൽ ഉൾക്കൊണ്ടും വർത്തമാന കാലത്തെ വെല്ലുവിളികൾ മനസ്സിലാക്കിയും സഭ അർത്ഥവത്തായി വളരണമെങ്കിൽ അതിന്റെ സ്വാതന്ത്ര്യം നിലനിർത്തിയേ മതിയാകൂ. അതേസമയം, ഒരേ വേദശാസ്ത്ര – കൂദാശ – ആരാധനാ പാരമ്പര്യവും, ചരിത്രപരമായ ബന്ധവും ഉള്ള സുറിയാനി സഭയുമായി അടുത്ത കൂട്ടായ്മയിൽ കഴിയുന്നതിനും മലങ്കര സഭ ആഗ്രഹിക്കുന്നു. നിർഭാഗ്യവശാൽ ഈ കാര്യം വേണ്ടവിധം അവതരിപ്പിക്കപ്പെടുന്നില്ല എന്ന് മാത്രം. വസ്തുതകൾ തിരിച്ചറിഞ്ഞ് ആരോഗ്യകരമായ ഒരു പാത്രിയർക്കേറ്റ് – കാതോലിക്കേറ്റ് ബന്ധത്തിന് ഈ ചർച്ച സഹായമാകട്ടെ എന്ന് പ്രാർത്ഥിക്കാം.