MOSC Synod Decisions 2020 September
മലങ്കര ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് നിശ്ചയങ്ങള്‍
കോവിഡ് രോഗ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സമൂഹത്തിന്റെ പുനഃസൃഷ്ടിക്കായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സമ്പൂര്‍ണ്ണ വിഭവശേഷിയും പൊതുസംവിധാനങ്ങളോടൊപ്പം ഉപയോഗിക്കുമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ദേവലോകം അരമനയില്‍ 2020 സെപ്റ്റംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ 1 വരെ കൂടിയ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചു.
ക്വാറന്റീന്‍ കേന്ദ്രങ്ങളായി ഉപയോഗിക്കാന്‍ സഭയുടെ സാധ്യമായ എല്ലാ സ്ഥാപനങ്ങളും ദേവാലയത്തോട് അനുബന്ധിച്ചുളള കെട്ടിടങ്ങളും വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു. ആള്‍താമസം ഇല്ലാത്ത ഭവനങ്ങള്‍ വിട്ടുകൊടുക്കുവാന്‍ സഭാ വിശ്വാസികളോട് പരിശുദ്ധ സുന്നഹദോസ് ആഹ്വാനം ചെയ്തു. കോവിഡ് രോഗബാധിതരായി അവശത അനുഭവിക്കുന്നര്‍ക്ക് ജാതിമതഭേതമന്യേ സഹായങ്ങള്‍ എത്തിക്കാന്‍ ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തെ ചുമതലപ്പെടുത്തി. തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് സഭയുടെ മാനവ ശാക്തീകരണ വിഭാഗത്തിന്റെ ചുമതലയില്‍ വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കും. രോഗവ്യാപനത്തിന്റെ ഭീതിയിലും ഏകാന്തതയിലും കഴിയുന്നവര്‍ക്ക് ഓര്‍ത്തഡോക്‌സ് മെഡിക്കല്‍ ഫോറത്തിന്റെയും വിപാസനയുടെയും നേതൃത്വത്തില്‍ സൗജന്യ കൗണ്‍സിലിഗും ആരോഗ്യസേവനങ്ങളും ലഭ്യമാകും. ഇടവക തലത്തില്‍ മെഡിക്കല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം ശക്തമാക്കും. ആവര്‍ത്തിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ പകര്‍ച്ച വ്യാധികള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ സഭയും സമുഹവും പ്രകൃതി സൗഹൃദമായ ലളിത ജീവതം പരിശീലിക്കണമെന്നും സുന്നഹദോസ് നിര്‍ദ്ദേശിച്ചു.
സമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്തയും വ്യക്തിഹത്യയും ചെയ്യുന്ന സാഹചര്യത്തില്‍ സൈബര്‍ നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. സഭയുടെ ദൃശ്യമാധ്യമ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു വേണ്ടിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. സഭയുടെ ആദ്ധ്യാത്മിക സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്യുകയും അവയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുവേണ്ടി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തി. സഭയുടെ മിഷന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്തു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശ്വാസികളുടെ ബോധവത്കരണത്തിനുവേണ്ടിയുള്ള പദ്ധതികള്‍ രൂപപ്പെടുത്തി. സന്യാസ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാനുള്ള സമിതിയെ നിശ്ചയിച്ചു. വൈദിക സെമിനാരികള്‍, പരുമല സെമിനാരി, പരുമല ആശുപത്രി, ബി-ഷെഡ്യൂളില്‍പ്പെട്ട സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയുടെ വാര്‍ഷികറിപ്പോര്‍ട്ടുകളും കണക്കുകളും അവതരിപ്പിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയോസ്‌കോറോസ് മെത്രാപ്പോലീത്താ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരിശുദ്ധ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ കൂടിയ സുന്നഹദോസ് യോഗത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും സംബന്ധിച്ചു.