പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് തീരുമാനങ്ങള്‍

ന്യൂനപക്ഷങ്ങളുടെയും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെയും
ഉന്നമനത്തിന് നടപടികള്‍ കൈക്കൊള്ളും

ന്യൂനപക്ഷങ്ങളുടെയും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിന് നടപടികള്‍ കൈക്കൊള്ളുമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് നിശ്ചയിച്ചു. ഓഗസ്റ്റ് 02 മുതല്‍ 05 വരെയുള്ള ദിവസങ്ങളില്‍ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ വച്ച് നടന്ന യോഗത്തില്‍ ഭാഗ്യസ്മരണാര്‍ഹനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ ആകസ്മികമായ ദേഹവിയോഗത്തില്‍ പ. എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ യോഗം അനുശോചനം രേഖപ്പെടുത്തുകയും പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ അസാന്നിദ്ധ്യത്തില്‍ മലങ്കരസഭാ ഭരണഘടനപ്രകാരം സഭയുടെ സീനിയര്‍ മെത്രാപ്പോലീത്താ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ലീമ്മീസ് തിരുമേനി എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് യോഗങ്ങളില്‍ അദ്ധ്യക്ഷം വഹിച്ചു. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും പങ്കെടുത്തു.

അഭിവന്ദ്യ യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്താ, അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ, അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ, അഭി. ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ എന്നീ തിരുമേനിമാര്‍ ധ്യാനപ്രസംഗം നടത്തി. പരിശുദ്ധ സഭയുടെ എക്യുമെനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും മിഷന്‍ സൊസൈറ്റിയുടെയും കോട്ടയം വൈദിക സെമിനാരിയുടെയും നാഗ്പൂര്‍ വൈദിക സെമിനാരിയുടെയും പരുമല സെമിനാരിയുടെയും പരുമല ഹോസ്പിറ്റലിന്റെയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടു.

ക്രിസ്ത്യന്‍ മൈനോരിറ്റി കണ്‍സേണ്‍സ് എന്ന വിഷയവുമായി ബന്ധപ്പെട്ട് Recent trends in Christian Minority Issues in India എന്ന ടൈറ്റിലില്‍ വിശദമായ പഠന രേഖ അഭി. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് സുന്നഹദോസില്‍ അവതരിപ്പിച്ചു. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തന്നെ സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന അടിയന്തിര ശ്രദ്ധ ആവശ്യമായുളള ഒരു വിഭാഗമുണ്ടെന്നുള്ള സത്യം തിരിച്ചറിഞ്ഞ് അവരെ മുഖ്യ ധാരയിലേക്ക് ചേര്‍ത്ത് നിര്‍ത്തുന്നതിനുള്ള പരിശ്രമങ്ങളും നടപടികളും വേഗത്തില്‍ കൈക്കൊള്ളണമെന്ന് യോഗം വിലയിരുത്തി. എക്യുമെനിക്കല്‍ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി സി. എസ്. ഐ, സി. എന്‍. ഐ, ലൂഥറന്‍ സഭാ, മാര്‍ത്തോമ്മാ സഭ എന്നീ സഹോദര സഭകളും മലങ്കര ഓര്‍ത്തഡോക്‌സ് സഭയും തമ്മില്‍ Bilateral Dialogues ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ കൈക്കൊള്ളുന്നതിന് നിശ്ചയിച്ചു.

മലങ്കരസഭാ തേജസ് അഭിവന്ദ്യ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് (അഞ്ചാമന്‍) മെത്രാപ്പോലീത്തായുടെ ഓര്‍മ്മ ഇനിമുതല്‍ ജൂലൈ മാസം 11-ാം തീയതി ആചരിക്കുന്നതിനും അന്നേദിവസം സഭയുടെ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നതിനും നിശ്ചയിച്ചു. പരുമല ആശുപത്രിയില്‍ പുതുതായി ആരംഭിച്ചിരിക്കുന്ന കാര്‍ഡിയോളജി വിഭാഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവായുടെ പേരില്‍ നാമകരണം ചെയ്യുന്നതാണ്.

ക്രൈസ്തവ മിഷന്‍ പഠനത്തിന് സഹായകമായ Hand Book on Christian Mission Studies എന്നപേരില്‍ ഒരു ഈടുറ്റ ഗ്രന്ഥം പ്രസിദ്ധീകരിച്ച ഡോ. ജോസഫ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെ യോഗം അഭിനന്ദിച്ചു. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമി ചുമതലയേല്‍ക്കുന്നതുവരേയ്ക്ക് സഭാഭരണം നിര്‍വ്വഹിക്കുന്നതിനായി കുറിയാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്തായുടെ അദ്ധ്യതയില്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ സെക്രട്ടറിയായി അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ രൂപീകരിച്ച സഭാ മാനേജിംഗ് കമ്മറ്റി യോഗനിശ്ചയം സുന്നഹദോസ് അംഗീകരിച്ചു.

പരിശുദ്ധ ബാവാ തിരുമേനിയുടെ 40-ാം അടിയന്തിരം ഓഗസ്റ്റ് 20-ാം തീയതി സമുചിതമായി ആചരിക്കുവാന്‍ നിശ്ചയിച്ചു. സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ഓഡിറ്റ് ചെയ്ത വാര്‍ഷിക കണക്കുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി സെപ്റ്റംബര്‍ മാസം 16-ന് സുന്നഹദോസ് യോഗം കൂടുന്നതിന് തീരുമാനിച്ചു.