1995-ലെ സുപ്രീംകോടതിവിധി: ഒരു പഠനം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്


1995 ജൂണ്‍ 20-നുള്ള സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധിയുടെ പ്രാധാന്യത്തെ സംബന്ധിച്ചും ഉടനെ ചെയ്യേണ്ടിയിരിക്കുന്ന കാര്യങ്ങളെ സംബന്ധിച്ചും വ്യക്തിപരമായ ചില നിരീക്ഷണങ്ങള്‍ താഴെപ്പറയും പ്രകാരം കൂട്ടിച്ചേര്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സുപ്രീംകോടതി വിധി

  1. ഈ വിധിപ്രകാരം അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് മലങ്കരസഭ ഭാഗമായിട്ടുള്ള സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷനാകുന്നു. ഇത് മലങ്കരസഭയുടെ ഭരണഘടനയില്‍ അംഗീകരിച്ചിട്ടുള്ളതും അതിനെക്കുറിച്ച് തര്‍ക്കമില്ലാത്തതുമാകുന്നു. എന്നാല്‍ പാത്രിയര്‍ക്കീസിന് സ്ഥാനബഹുമാനങ്ങള്‍ക്കപ്പുറമായി കാതോലിക്കോസിനുമേല്‍ അധികാരമോ മേല്‍സ്ഥാനീയതയോ ഇല്ല. അവരുടെ അധികാര പരിധികള്‍ വളരെ വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടുള്ളതും ഒരാള്‍ക്ക് മറ്റൊരാളുടെ അധികാരപരിധിയില്‍ ഇടപെടുവാന്‍ അവകാശമില്ലാത്തതുമാകുന്നു.
  2. 1912-ലെ കാതോലിക്കേറ്റ് പുനഃസ്ഥാപനം സാഹചര്യങ്ങളില്‍ കാര്യമായ ഒരു വ്യതിയാനം ഉണ്ടാക്കിയിട്ടുണ്ട്. പ. മൂറോന്‍ കൂദാശ ഉള്‍പ്പെടെയുള്ള എല്ലാ അധികാരങ്ങളും പാത്രിയര്‍ക്കീസില്‍ നിന്ന് കാതോലിക്കായിലേയ്ക്ക് മാറ്റപ്പെട്ടു. തന്നിമിത്തം കാതോലിക്കോസിന്‍റെ അനുവാദത്തോടും മലങ്കരസഭാ അസോസിയേഷന്‍റെ സഹകരണത്തോടും 1934-ലെ ഭരണഘടനയ്ക്കനുസൃതമായും മാത്രമേ പാത്രിയര്‍ക്കീസിനു മലങ്കരയില്‍ തന്‍റെ അധികാരങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു.
  3. കാതോലിക്കോസിന്‍റെ മരണമോ വിരമിക്കലോ ഉണ്ടാകുമ്പോള്‍ ഒരു പുതിയ കാതോലിക്കോസിനെ തിരഞ്ഞെടുക്കുവാനും വാഴിക്കാനുമുള്ള പൂര്‍ണ്ണമായ അവകാശം മലങ്കരസഭയിലെ മേല്‍പ്പട്ടക്കാരില്‍ നിക്ഷിപ്തമാണ്. അതുകൊണ്ട് കാതോലിക്കോസ്, മെത്രാപ്പോലീത്തന്മാര്‍ എന്നിവരുടെ തിരഞ്ഞെടുപ്പ്, വാഴിക്കല്‍ (സ്ഥാനാരോഹണം) എന്നിവയ്ക്ക് മറ്റുള്ളവരെ ആശ്രയിക്കുന്നതില്‍ നിന്നും മലങ്കരസഭ പൂര്‍ണ്ണമായി സ്വതന്ത്രമായിരിക്കുന്നു.
  4. മലങ്കരസഭയുടെ ഭരണഘടന മലങ്കരസഭയിലെ എല്ലാ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്‍ പാത്രിയര്‍ക്കീസ് വിഭാഗത്തിനു കൂടിയും പൂര്‍ണ്ണമായും ബാധകമാണ്. മലങ്കരസഭയുടെ ഭരണകാര്യങ്ങളെ സംബന്ധിച്ചിടത്തോളം പാത്രിയര്‍ക്കീസിനും ഈ ഭരണഘടന ബാധകമാണ്.
  5. ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് 1958 ഡിസംബര്‍ 9-ലെ കല്പനപ്രകാരം ബസേലിയോസ് ഗീവറുഗീസ് രണ്ടാമന്‍ കാതോലിക്കോസിനെ അംഗീകരിക്കുക വഴി തന്‍റെ മുന്‍ഗാമിയായ അബ്ദല്‍ മ്ശിഹാ പാത്രിയര്‍ക്കീസിനാല്‍ 1912-ല്‍ എല്ലാ പാത്രിയര്‍ക്കാ അധികാരങ്ങളോടും കൂടി ഭാരതത്തില്‍ സ്ഥാപിച്ച കാതോലിക്കേറ്റിന്‍റെ സാധുതയെ അംഗീകരിക്കുകയാണ് ചെയ്തത്. അതിനുശേഷം അദ്ദേഹത്തിന് കാതോലിക്കോസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുവാന്‍ സാദ്ധ്യമല്ല. പാത്രിയര്‍ക്കീസ് കാതോലിക്കോസിനു മുകളിലുള്ള ഒരധികാരിയല്ല. മലങ്കരസഭയുമായുള്ള ബന്ധത്തില്‍ ഭരണഘടനാനുസൃതമായ അവകാശങ്ങള്‍ മാത്രമേ അദ്ദേഹത്തിനുള്ളു.
  6. ബസേലിയോസ് ഗീവറുഗീസ് രണ്ടാമന്‍ കാതോലിക്കോസ് ഭരണഘടനാനുസൃതമായി മാത്രം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ സ്വീകരിക്കുക വഴി പാത്രിയര്‍ക്കീസ് ഭരണഘടനയ്ക്ക് വിധേയനായിത്തീരുകയും അതുപ്രകാരം മലങ്കരസഭയിലെ ബിഷപ്പുമാര്‍ ഔഗേന്‍ കാതോലിക്കോസിന്‍റെ സ്ഥാനാരോഹണച്ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കാന്‍ പാത്രിയര്‍ക്കീസിനെ മലങ്കരയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതിനുശേഷം മലങ്കരസഭയുടെ ഭരണഘടനയെ ഏകപക്ഷീയമായി നിരാകരിക്കുവാനോ അതിന്‍റെ വകുപ്പുകളെ ലഘൂകരിക്കുവാനോ കഴിയുകയില്ല.
  7. കാതോലിക്കായെ പാത്രിയര്‍ക്കീസ് മുടക്കിയത് കാതോലിക്കായ്ക്കെതിരായ പരാതികളും ആരോപണങ്ങളും സംബന്ധിച്ച ഭരണഘടനാ വകുപ്പുകളുടെ പ്രകടമായ ലംഘനമാണ്. അതിനു നിദാനമായി പാത്രിയര്‍ക്കീസ് മുന്നോട്ടുവെച്ച കാരണങ്ങള്‍ സാധുതയുള്ളവയല്ല. ഒരു കാതോലിക്കോസിനെ മുടക്കുവാന്‍ സഭയുടെ ഒരു കാനോനും പാത്രിയര്‍ക്കീസിന് അധികാരം നല്‍കുന്നില്ല. പ്രസ്തുത മുടക്ക് സാധുവോ നിയമപരമോ അല്ലെന്നു കോടതി പ്രഖ്യാപിച്ചു (പുറം 61).
  8. കാതോലിക്കോസിന്‍റെ പ്രകടവും വ്യക്തവുമായ എതിര്‍പ്പുണ്ടായിരുന്നിട്ടും മലങ്കരസഭയ്ക്കുവേണ്ടി കാതോലിക്കോസ്, മെത്രാപ്പോലീത്തന്മാര്‍ എന്നിവരെ വാഴിച്ച പാത്രിയര്‍ക്കീസിന്‍റെ നടപടി ഭരണഘടനയുടെ ലംഘനമാണ്. പ്രസ്തുത നടപടിക്ക് സാധുതയുമില്ല.
  9. 1971 ജനുവരി ഒന്നാം തീയതി അതായത് ഡിസംബര്‍ 31-ാം തീയതി മാത്യൂസ് മാര്‍ അത്താനാസിയോസിനെ കാതോലിക്കായായി മലങ്കര അസോസിയേഷന്‍ തിരഞ്ഞെടുത്തതിന്‍റെ പിറ്റേദിവസം നിലനിന്ന സാഹചര്യം ഇന്നത്തെ സാഹചര്യമായി എല്ലാപ്രകാരേണയും നിരൂപിക്കേണ്ടതും അനുരഞ്ജനത്തിനും യോജിപ്പിനും വേണ്ടിയുള്ള എല്ലാ ചര്‍ച്ചകളുടെ ആരംഭം ആ സാഹചര്യത്തില്‍ നിന്നായിരിക്കണം. പ്രസ്തുത തീയതിക്കു പിറകിലേക്കു പോകുന്ന പ്രശ്നമേ ഇല്ല.
  10. 1934-ലെ ഭരണഘടനയ്ക്കു വിപരീതമായി ഒരു പാത്രിയര്‍ക്കീസിനോ മെത്രാപ്പോലീത്തായ്ക്കോ മറ്റു സ്ഥാനിയ്ക്കോ മലങ്കരസഭയില്‍ ഒരു അധികാരവും ഉപയോഗിക്കുവാന്‍ സാദ്ധ്യമല്ല. ഭരണഘടനയ്ക്കു പുറത്തുള്ള ഏതൊരു വാഴിക്കലും വൈദികപട്ടം നല്‍കലും മലങ്കരസഭയില്‍ പ്രസക്തിയുള്ളവയല്ല. പാത്രിയര്‍ക്കീസിനാലോ അദ്ദേഹത്തിന്‍റെ പ്രതിപുരുഷനാലോ അനധികൃതമായി വാഴിക്കപ്പെട്ട കാതോലിക്കോസിനോ മെത്രാപ്പോലീത്തന്മാര്‍ക്കോ മലങ്കരസഭയില്‍ യാതൊരധികാരവുമില്ല.
  11. മലങ്കരസഭയില്‍ ഒരേ ഒരു അധികാരി മാത്രമേയുള്ളു. കാലാകാലങ്ങളില്‍ അനുയോജ്യമാംവിധം ഭേദഗതി ചെയ്യപ്പെട്ട 1934-ലെ ഭരണഘടനയുടെ ക്രമപ്രകാരം കാതോലിക്കോസിന്‍റെ അനുവാദത്തോടും സഹകരണത്തോടും മലങ്കരസഭാ ഭരണഘടനാനുസൃതമായും മാത്രമേ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് മലങ്കരയില്‍ പ്രവര്‍ത്തിക്കാനാവൂ.
    സ്ത്രീകളുടെ പങ്കാളിത്തം
  12. കോടതി ആവശ്യപ്പെട്ടിട്ടുള്ള ചില ഭേദഗതികള്‍ ദൂരവ്യാപക സ്വഭാവമുള്ളതും ഇരുവിഭാഗക്കാര്‍ക്കും ഒരു ധാരണയിലെത്താന്‍ ബുദ്ധിമുട്ടുള്ളതുമായേക്കാം. പ്രയാസകരമായ ചില ചുവടുവെയ്പുകള്‍, പ്രശ്നങ്ങള്‍, സമീപനങ്ങള്‍ എന്നിവ ഞാന്‍ ഇവിടെ ചൂണ്ടിക്കാണിക്കാം.
    എ) ഇപ്പോള്‍ പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ മാത്രമേ അസോസിയേഷന്‍റെയും അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയുടെയും ഇടവകപ്പൊതുയോഗത്തിന്‍റെയും അതിന്‍റെ മാനേജിംഗ് കമ്മിറ്റിയുടെയും അംഗങ്ങളാകാറുള്ളു. പുരുഷന്മാരോടൊപ്പം സഭാംഗത്വ യോഗ്യതയുള്ള എല്ലാ പ്രായപൂര്‍ത്തിയെത്തിയ സ്ത്രീകള്‍ക്കും പൂര്‍ണ്ണ വോട്ടവകാശവും പൂര്‍ണ്ണ പ്രാതിനിധ്യാവകാശവും കൊടുക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ ഇതിനെ സംബന്ധിച്ചുള്ള മലങ്കരസഭയുടെ വീക്ഷണം എപ്പോഴും ഐകകണ്ഠ്യേന ഉള്ളതാവാന്‍ സാധ്യതയില്ല. എപ്പോഴൊക്കെ സ്ത്രീകളുടെ പ്രായപൂര്‍ത്തി വോട്ടവകാശ പ്രശ്നം സുന്നഹദോസിന്‍റെ മുമ്പില്‍ വന്നിട്ടുണ്ടോ; അപ്പോഴൊക്കെ സുപ്രീംകോടതി വിധിയുടെ പേരില്‍ അത് മാറ്റിവെയ്ക്കപ്പെടുകയായിരുന്നു. ഇപ്പോള്‍ സുപ്രീംകോടതി തന്നെ സ്ത്രീകള്‍ക്ക് പ്രസ്തുത അവകാശങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കയാല്‍, സഭ അവ സ്ത്രീകള്‍ക്ക് നിരാകരിക്കുന്നത് ബുദ്ധിക്ക് നിരക്കാത്തതും അനീതിയുമാണ്. സഭയുടെ ആദിമ നൂറ്റാണ്ടുകളില്‍ ജീവകാരുണ്യം, ആത്മീയ പ്രബലീകരണം, രോഗികള്‍, വൃദ്ധജനങ്ങള്‍, അനാഥര്‍, ദുര്‍ബലര്‍ എന്നിവര്‍ക്കു വേണ്ടിയുള്ള ഇടയ പരിചരണം, പ്രാര്‍ത്ഥന, മദ്ധ്യസ്ഥത എന്നിവയുടെ കാര്യകര്‍തൃത്വം, സഭാ വസ്തുക്കളുടെ സംരക്ഷണം എന്നീ മേഖലകളില്‍ പ്രധാന ചുമതലകള്‍ സ്ത്രീകള്‍ വഹിച്ചിരുന്നു.
    മലങ്കര അസോസിയേഷനിലേക്കും മറ്റ് ഘടകങ്ങളിലേക്കുമുള്ള പ്രാതിനിധ്യ വ്യവസ്ഥ ഇപ്പോളത്തെ നിലയില്‍ നീതിയുക്തമോ, ജനാധിപത്യപരമോ ആയതല്ല എന്ന നിഗമനത്തിന് ഭൂരിപക്ഷ വിധി ഊന്നല്‍ നല്‍കുന്നുണ്ട്.
    പ്രാതിനിധ്യ സ്വഭാവം
    ബി) അസോസിയേഷന്‍ പ്രാതിനിധ്യ സ്വഭാവമുള്ള ഒരു സമിതി ആയിരിക്കണം. ഇടവകയുടേതല്ല മറിച്ച് ജനങ്ങളുടേത് – സഭയിലെ പുരുഷന്മാരുടെയും സ്ത്രീകളുടേയും. ആയതിനാല്‍ ഓരോ ഇടവകയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരു വികാരിയും രണ്ട് പുരുഷന്മാരും എന്ന തത്വം നിലനില്‍ക്കുന്നതല്ല. എന്നാല്‍ ഇന്നത്തെ ജനസംഖ്യാനുപാതത്തിന് ഊന്നല്‍ കൊടുത്തുള്ള നിര്‍ദ്ദേശമാണ് ആവശ്യം. എന്നാല്‍ അതുകൊണ്ട് അസോസിയേഷന്‍ ഒതുക്കമില്ലാത്തതും നിയന്ത്രിക്കുവാന്‍ ബുദ്ധിമുട്ടുള്ളതുമാവാന്‍ പാടുള്ളതല്ല. മലങ്കരസഭയെ സംബന്ധിച്ചിടത്തോളം ഇടവകകളില്ലാതെ മറ്റൊരിടത്തല്ല ജനങ്ങളെ യഥാര്‍ത്ഥമായി കാണുന്നത് എന്നുള്ളതും പ്രത്യേകം ഓര്‍മ്മിക്കേണ്ടതുമാണ്. രണ്ടു വ്യത്യസ്ത അസ്തിത്വം ഉള്ള ഘടകങ്ങളായി ഇടവകകളേയും ജനങ്ങളേയും വേര്‍തിരിക്കപ്പെടുന്നത് സാധുത ഇല്ലാത്തതാണ്. ഇടവകയിലെ ജനസംഖ്യാനുസൃതമായ മതിയായ പ്രാതിനിധ്യം എന്ന പ്രശ്നം തികച്ചും ന്യായയുക്തമാണ്. എന്നാല്‍ അസോസിയേഷനിലേക്കുള്ള തിരഞ്ഞെടുപ്പിനുവേണ്ടി ഇടവകയെന്ന അടിസ്ഥാനഘടനയില്‍ നിന്ന് നീങ്ങുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും.
    സി) മുഴുവന്‍ സഭയേയും ഉള്‍ക്കൊള്ളുന്ന ഒരു വോട്ടേഴ്സ് ലിസ്റ്റും പ്രായപൂര്‍ത്തിയായ എല്ലാ പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും കൈമാറ്റം ചെയ്യപ്പെടാനാവാത്ത ‘ഒറ്റ വോട്ടും’ ഉള്ള ഒരു പൂര്‍ണ്ണ തെരഞ്ഞെടുപ്പ് സംവിധാനമാണ് ഉണ്ടാവേണ്ടത്. ഇപ്പോഴത്തെ നിലയില്‍ സാധ്യത ഇല്ലായെങ്കിലും ദീര്‍ഘകാല ലക്ഷ്യമായി പരിഗണിക്കാവുന്നതാണ്.
    ഇടവകപള്ളികളെ മൂന്നു ഗ്രേഡുകളായി തരംതിരിയ്ക്കുന്നതിനെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കുക എന്നുള്ളതാണ് മറ്റൊരു സാധ്യത.
  13. പ്രായപൂര്‍ത്തിയായ 500-ല്‍ താഴെ പുരുഷന്മാരും, സ്ത്രീകളും ഉള്ളവ – വികാരിയും തെരഞ്ഞെടുക്കപ്പെട്ട ഒരംഗവും പ്രതിനിധീകരിക്കുക.
  14. പ്രായപൂര്‍ത്തിയായ 500-നും 2000-ത്തിനുമിടയില്‍ സ്ത്രീകളും പുരുഷന്മാരും ഉള്ളവ – വികാരിയും 2 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും പ്രതിനിധീകരിക്കുക.
  15. പ്രായപൂര്‍ത്തിയായ 2000-ത്തിലധികം പുരുഷന്മാരും സ്ത്രീകളും ഉള്ളവ – വികാരിയും തെരഞ്ഞെടുക്കപ്പെട്ട 4 അംഗങ്ങളും പ്രതിനിധീകരിക്കുക.
    ഇത് അസോസിയേഷന്‍ പ്രതിനിധികളുടെ എണ്ണം 3000 എന്ന സംഖ്യയില്‍ നിര്‍ത്താന്‍ സഹായിക്കുന്നതും താരതമ്യേന അംഗസംഖ്യ കുറഞ്ഞ പള്ളികളുടെ പ്രാതിനിധ്യം കുറയ്ക്കുന്നതും അംഗസംഖ്യ കൂടിയ പള്ളികളുടെ പ്രാതിനിധ്യം പ്രകടമായി വര്‍ദ്ധിപ്പിക്കുന്നതുമാണ്. ഈ നിര്‍ദ്ദേശങ്ങള്‍ ജനങ്ങളും അധികാരികളും ശ്രദ്ധാപൂര്‍വ്വം പരിഗണിക്കുകയും നിശ്ചയദാര്‍ഢ്യത്തോടും ത്വരിതഗതിയിലും ഒരു ഏകാഭിപ്രായം സൃഷ്ടിക്കേണ്ടതുമാണ്.
    അനുരഞ്ജനത്തിന്‍റെ ആത്മാവ്
  16. ഒരിടവകയില്‍ സുപ്രീംകോടതി വിധിയനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് വിസമ്മതിക്കുന്നവരെക്കുറിച്ച് ഇടവകകളെന്തു ചെയ്യണം എന്നത് സാധാരണയായി ഉന്നയിക്കപ്പെടുന്ന ഒരു ചോദ്യമാണ്. അവരെ (വിഘടിതരെ) നിര്‍ബന്ധിക്കുവാന്‍ നിയമനടപടികള്‍ എടുക്കണമോ? രണ്ടു വശങ്ങളുള്ള ഉത്തരമാണ് ഇതിനുള്ളത്.
    എ) പരമാവധി ആത്മനിയന്ത്രണം പാലിക്കണമെന്ന് മാത്രമല്ല, സാദ്ധ്യമായ എല്ലായിടത്തും സമൂഹത്തിലെ ഉന്നതരായ വ്യക്തികളുടെ സ്വാധീനമുപയോഗിച്ച് ഭരണഘടനാനുസൃതമായ അനുരഞ്ജനത്തിന് യഥാര്‍ത്ഥ തദ്ദേശീയ ശ്രമങ്ങള്‍ നടത്തണം. സഭാ ഭരണഘടനയ്ക്കു പുറത്തുള്ള ഒത്തുതീര്‍പ്പിനു സമ്മതിക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടുള്ള അനുരഞ്ജനത്തിനും സമാധാനത്തിനും പ്രേരിപ്പിക്കണമെന്ന് മാത്രമേ എല്ലാവരോടും ആവശ്യപ്പെടുന്നുള്ളു.
    ബി) അതേസമയം തന്നെ വിഘടിതര്‍ക്കെതിരായി തദ്ദേശീയമായി എടുക്കേണ്ട നിയമനടപടികളുടെ രജിസ്റ്റര്‍ ഓരോ ഭദ്രാസനത്തിലും സമാഹരിക്കണം. ഈ രാജ്യത്തെ പരമോന്നത നീതിന്യായപീഠത്തിന്‍റെ തീര്‍പ്പുകള്‍ ശ്രദ്ധിക്കുവാന്‍ വിസമ്മതിക്കുന്നവരെയും നിയമവിരുദ്ധമായി സ്വത്തുക്കളും അധികാരങ്ങളും കൈവശമാക്കുന്നവരെയും കുറിച്ചുള്ള വിവരങ്ങള്‍ ഭദ്രാസനതലത്തില്‍ സൂക്ഷിക്കുകയും വേണം. 1970-നു ശേഷം നിയമവിരുദ്ധമായി പട്ടം കെട്ടപ്പെട്ട എല്ലാ പട്ടക്കാരുടെയും, മേല്‍പട്ടക്കാരുടെയും ഒരു ലിസ്റ്റ് ഉണ്ടാകണം. ഈ വസ്തുതകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കയും എങ്ങനെ മുമ്പോട്ടു പോകണം എന്നതിന് കോടതിയുടെ ഉപദേശം ആരായുകയും വേണം. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് കേന്ദ്ര ഗവണ്മെന്‍റിന്‍റെയും, സംസ്ഥാന ഗവണ്മെന്‍റിന്‍റെയും സഹായം തേടണം. ഇന്ത്യന്‍ പൗരന്മാരെന്ന നിലയില്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങളും കേന്ദ്ര സംസ്ഥാന ഗവണ്മെന്‍റുകളുടെ പ്രതികരണങ്ങളും അനുസരിച്ച് നീതിന്യായ കോടതികളിലൂടെയും നിയമപാലകരിലൂടെയും നീതി ലഭിക്കുന്നതിനുവേണ്ടി നിയമത്തിന്‍റെ പാതയിലൂടെ മുമ്പോട്ടു പോകുവാന്‍ നമുക്ക് അവകാശമുണ്ട്. അതുവരെ നമ്മുടെ സംയമനത്തിലൂടെയും നല്ല പ്രവൃത്തികളിലൂടെയും നമുക്ക് പക്വത കാണിക്കാം.
  17. വിവിധ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് സെപ്റ്റംബര്‍ പകുതിയോടെ അന്തിമവിധി പ്രഖ്യാപിക്കുവാന്‍ കോടതിയ്ക്കു സാധ്യമാകത്തക്കവണ്ണം ഓഗസ്റ്റ് അവസാനത്തോടെയെങ്കിലും ഭരണഘടനാ ഭേദഗതികളും സ്ഥിതിവിവര കണക്കുകളും കോടതിയില്‍ സമര്‍പ്പിക്കത്തക്കവണ്ണം തയ്യാറാക്കുവാന്‍ വളരെ ധൃതിയില്‍ ശ്രമം തുടങ്ങണം. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുവാന്‍ അടിയന്തിര പ്രാധാന്യത്തോടുകൂടി കാതോലിക്കായുടെ കീഴില്‍ ആവശ്യത്തിനു ആളും അര്‍ത്ഥവുമായി ഒരു പ്രത്യേക സമിതി രൂപീകരിക്കണം.
  18. കഴിഞ്ഞതും ഇപ്പോഴുള്ളതുമായ എല്ലാ കയ്പും പകയും മറക്കുവാനും എല്ലാ പ്രതികാരവും ഉപേക്ഷിക്കുവാനും യഥാര്‍ത്ഥവും ആത്മാര്‍ത്ഥവുമായ അനുരഞ്ജനം അന്വേഷിക്കുവാനും ദൈവത്തിന് എപ്പോഴും ഇഷ്ടമായ പരിശുദ്ധാത്മാവിലുള്ള ഐക്യം പ്രാപിക്കുവാന്‍ വേണ്ടി പ്രീതികരമായി പ്രയത്നിക്കുവാനുമായി ദൈവം നമുക്ക് ഒരു വലിയ അവസരം തന്നിരിക്കുന്നു. ക്രിസ്തു അവന്‍റെ ആളുകള്‍ക്കായി വാഞ്ഛിക്കുന്ന പരിശുദ്ധാത്മാവിലുള്ള യഥാര്‍ത്ഥ ഐക്യത്തിലേക്ക് ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് നമ്മെ നയിക്കുകയും ചെയ്യട്ടെ.

(1996)