
പത്തനംതിട്ട ∙ മോർച്ചറിത്തണുപ്പിൽ 17 ദിവസമായി നിരാശ്രയം കിടക്കുകയാണ് ഷീബയുടെ പ്രിയപ്പെട്ട അച്ചാച്ചൻ. ഭർത്താവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത ശേഷമല്ലാതെ ജഡം മറവു ചെയ്യില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഷീബ.
ജൂലൈ 28നു വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കർഷകൻ ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറേ ചരുവിൽ പി.പി. മത്തായിയുടെ (പൊന്നുമോൻ–41) ഭാര്യയാണു ഷീബ. റാന്നി മാർത്തോമ്മാ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം.
‘‘മോർച്ചറിയിൽ ചെന്നു മൃതദേഹം കാണാൻ പലരും പറഞ്ഞു. പക്ഷേ, അച്ചാച്ചൻ ജീവനില്ലാതെ കിടക്കുന്നതു കാണാൻ വയ്യ. കണ്ടാൽ ഞാനും മരിച്ചുപോയേക്കാം. ഇനിയെങ്കിലും എന്റെ ഭർത്താവിന്റെ മൃതദേഹത്തോട് ആദരം കാട്ടാൻ സർക്കാർ തയാറാകണം. അദ്ദേഹത്തെ എത്രയും പെട്ടെന്ന് സംസ്കരിക്കാൻ കഴിയണേ എന്നാണു പ്രാർഥന.’’– 2 പെൺമക്കളെയും മാറോടടക്കിപ്പിടിച്ച് ഷീബ പറഞ്ഞു.
എന്തു തെറ്റിനാണ് അദ്ദേഹത്തെ കൊന്നതെന്നു വനപാലകർ പറയണം. കൊന്നതാണെന്നു തെളിവു കിട്ടിയിട്ടും പൊലീസ് നടപടിയെടുത്തിട്ടില്ല. സർക്കാരിൽനിന്നു നീതി കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചു. കുടുംബത്തിന്റെ സൗകര്യം പോലെ സംസ്കാരം നടത്തണമെന്ന വനംമന്ത്രി കെ. രാജുവിന്റെ പ്രതികരണം വല്ലാതെ വേദനിപ്പിച്ചു.
9 വർഷം മുൻപായിരുന്നു മത്തായിയുടെയും ഷീബയുടെയും വിവാഹം. 4 വയസ്സ് മാത്രമുള്ള ഇളയ കുട്ടി ഡോണ എപ്പോഴും പപ്പയെ തിരക്കും. മൂത്തമകൾ സോനയ്ക്ക് 8 വയസ്സായി. പ്രായമായ അമ്മ, ഭർത്താവു മരിച്ച സഹോദരിയും 2 മക്കളും, വീൽ ചെയറിൽ കഴിയുന്ന മറ്റൊരു സഹോദരി എന്നിവരും മത്തായിയുടെ സംരക്ഷണയിലാണു കഴിഞ്ഞിരുന്നത്.
അന്ത്യശുശ്രൂഷാ ചടങ്ങുകൾക്കായി വെള്ളത്തുണി വിരിച്ച കട്ടിൽ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. അതിനു തലയ്ക്കലെ കുരിശിനു മുന്നിൽ മക്കൾക്കൊപ്പം മെഴുകുതിരി കൊളുത്തി ഷീബ ദിവസവും പ്രാർഥിക്കുന്നു. ‘‘ഇൗ വേദന ഭൂമിയിൽ മറ്റൊരു പെണ്ണിനുമുണ്ടാകരുതേ…’’


