‘ദെസ്തുനി’ എന്ന പദം ‘എസ്തുനോയോ’ എന്ന സുറിയാനി പദത്തില്‍ നിന്നും ഉത്ഭവിച്ചതാണ്. ‘തൂണുകാരന്‍’ (Stylite) അഥവാ തൂണില്‍ തപസ്സുചെയ്യുന്നവന്‍ എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം. തീവ്രമായ തപോനിഷ്ഠയുടെ ഉദാഹരണമാണ് ശെമവൂന്‍ ദെസ്തുനിയുടെ ജീവിതം. സിലിഷ്യായിലെ സിസ് എന്ന ഗ്രാമത്തില്‍ ജനിച്ചു. മാതാപിതാക്കളുടെ ഉപജീവനമാര്‍ഗ്ഗം ആടു വളര്‍ത്തലായിരുന്നു. കുറെക്കാലം ഈ തൊഴിലില്‍ മാതാപിതാക്കളെ സഹായിച്ചതിനുശേഷം 403-ല്‍ സന്യാസ ജീവിതം സ്വീകരിച്ചു. ഹെയോഡോറസ് എന്ന സന്യാസ ശ്രേഷ്ഠന്‍റെ കീഴില്‍ പത്തു വര്‍ഷക്കാലം സന്യാസജീവിതത്തിന്‍റെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചു. അനുതാപ സൂചകമായുള്ള ശരീരപീഡനങ്ങളില്‍ അദ്ദേഹം സഹസന്യാസികളെ പിന്നിലാക്കി. സഹസന്യാസിമാര്‍ മൂന്നു ദിവസത്തിലൊരിക്കല്‍ മാത്രമെ ഭക്ഷണം കഴിച്ചിരുന്നുള്ളു. ശീമോന്‍ ഒരാഴ്ചക്കാലം തുടര്‍ച്ചയായി ഉപവസിച്ചിരുന്നത്രേ.
പിന്നീട് ഒരു കല്‍ത്തൂണില്‍ തതപസ്സുചെയ്യാന്‍ തുടങ്ങി. സന്ദര്‍ശകരില്‍ നിന്ന് രക്ഷപ്പെടുവാനുള്ള മാര്‍ഗ്ഗമായിട്ടായിരുന്നു തൂണില്‍ തപസ്സു ചെയ്തു തുടങ്ങിയത്. ആദ്യം ആറടിയായിരുന്നു കല്‍ത്തൂണിന്‍റെ ഉയരം. ക്രമേണ 36 അടിയുള്ള തൂണിലേക്ക് തപസ്സുമാറ്റി. തോല്‍കൊണ്ടുള്ള ഒരു കുപ്പായവും ശിരോവസ്ത്രവുമായിരുന്നു ശീമോന്‍റെ വേഷം. വേനല്‍ക്കാലത്തെ പൊള്ളുന്ന ചൂടില്‍നിന്നും, മഞ്ഞുകാലത്തെ കൊടുംതണുപ്പില്‍ നിന്നും ശരീരത്തെ മറയ്ക്കുവാന്‍ ഇതല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. രാവിലെ മുതല്‍ സന്ധ്യവരെ നിന്നുകൊണ്ടു തന്നെയായിരുന്നു പ്രാര്‍ത്ഥിച്ചിരുന്നത്. ചിലപ്പോള്‍ കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചിരുന്നു. ഇടയ്ക്ക് തുടര്‍ച്ചയായി കുമ്പിടുകയും ചെയ്തിരുന്നു. വിവിധ നാടുകളില്‍ നിന്ന് എത്തുന്ന സന്ദര്‍ശകര്‍ക്ക് അദ്ദേഹം ദിവസേന രണ്ടുതവണ ഉപദേശങ്ങള്‍ നല്‍കിയിരുന്നു. 56 വര്‍ഷത്തെ തീവ്രമായ താപസ ജീവിതത്തിന് 459-നോടടുത്ത് തിരശീല വീണു. ഇദ്ദേഹത്തിന്‍റേതായി ചില എഴുത്തുകളും മറ്റും സുറിയാനിയിലുണ്ട്.


