കൽക്കത്താ ഭദ്രാസനം: പരിസ്ഥിതി ദിനം ആചരിച്ചു

 

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെകൽക്കത്താ ഭദ്രാസന ഇക്കോളജിക്കൽ കമ്മീഷന്റെയും ഭിലായ് സെന്റ് തോമസ് മിഷന്റെയും ആഭിമുഖ്യത്തിൽ ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ പദ്ധതികൾ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത പ്രഖ്യാപിച്ചു.

 2020 ജൂൺ 5-ന് (ഇന്ന്) വൈകിട്ട് നാല് മണിക്ക് വെബിനാർ മുഖനേ ‘COVID19 Lockdown leading to Conservation of Biodiversity’ എന്ന വിഷയത്തിൽ മലങ്കര സഭയുടെ ഇക്കോളജിക്കൽ കമ്മീഷൻ ഉപാധ്യക്ഷൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത, ഡോ. അരവിന്ദ് അനിൽ ബോസ് ഐ.എഫ്.എസ്. (റിട്ട.),  പ്രൊഫ. ഡോ. രാജേന്ദ്ര എൽ. ഡിയപുർകർ , ഡിപ്പാർട്ട്മെന്റ് ഓഫ് മൈക്രോബയോളജി, പൂനെ യൂണിവേഴ്സിറ്റി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പ്രസ്തുത വെബിനാറിന് ഭിലായ് സെന്റ് തോമസ് കോളേജ് ഇക്കോ ക്ലബ് ആതിഥേയത്വം വഹിക്കും.

 ഭദ്രാസനത്തിലെ എല്ലാ ഇടവകാംഗങ്ങൾക്കുമായി ‘നാളേയ്ക്കൊരു തണൽ’ എന്ന പദ്ധതി നടപ്പാക്കും. മട്ടുപ്പാവിലും മുറ്റത്തുമായി സ്ഥല സൗകര്യം അനുസരിച്ച് ഒരു ഭവനത്തിന് ആവശ്യമായ പച്ചക്കറികൾ നിത്യേന കൃഷി ചെയ്യുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ വിജയത്തിനായി ഭദ്രാസന വൈദികരുടെയും സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെയും ഭദ്രാസന കൗൺസിൽ അംഗങ്ങളുടെയും, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെയും ആധ്യാത്മിക സംഘടനകളുടെയും നേതൃത്വവും സഹകരണവും ഉണ്ടാകണം. ഭദ്രാസന തലത്തിൽ നടപ്പാക്കുന്ന ‘നാളേയ്ക്കൊരു തണൽ’ പദ്ധതിയുടെ വിശദവിവരങ്ങൾ എല്ലാ ഇടവകകളെയും അറിയിക്കുന്നതായിരിക്കും.

 വിവിധ പരിപാടികൾക്ക് ഭദ്രാസന സെക്രട്ടറി വെരി. റവ. തോമസ് റമ്പാൻ, സെന്റ് തോമസ് മിഷൻ ട്രഷറർ ഫാ. അജു കെ. വർഗീസ്, ഭദ്രാസന പി.ആർ.ഒ ഫാ.ഡോ. ജോഷി വർഗീസ്, ഭദ്രാസന ഇക്കോളജിക്കൽ കമ്മീഷൻ ഉപാധ്യക്ഷൻ ഫാ. ഗീവർഗീസ് വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകും.

 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി  മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത വൃക്ഷത്തൈകൾ നടുകയും ചെയ്തു.