പ്രകൃതി സംരക്ഷണം മനുഷ്യന്‍റെ കടമയാണ്: രാജു എബ്രഹാം എം.എല്‍.എ.


റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന പരിസ്ഥിതി കമ്മീഷന്‍റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ റാന്നി, മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്‍ററില്‍ നടന്ന ചടങ്ങില്‍ ശ്രീ.രാജു എബ്രഹാം എം.എല്‍.എ ഫലവൃക്ഷത്തൈ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രകൃതി സംരക്ഷണം മനുഷ്യന്‍റെ കടമയാണ് എന്നാല്‍ ഇന്ന് പലതരത്തിലുളളതായ മനുഷ്യന്‍റെ നശീകരണ പ്രവര്‍ത്തനങ്ങള്‍ പ്രകൃതിക്ക് ഉള്‍ക്കൊളളുവാന്‍ സാധിക്കുന്നില്ല. വാഹനങ്ങളില്‍ നിന്ന് ഉയരുന്ന പുകപടലങ്ങള്‍ പ്രകൃതിയെ മലിനമാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഒരു പരിധി വരെ വൃക്ഷങ്ങള്‍ വച്ചു പിടിപ്പിച്ച് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുവാന്‍ ഏവരും ശ്രദ്ധിക്കണമെന്ന് രാജു എബ്രഹാം എം.എല്‍.എ ഉദ്ഘാടന പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. പരിസ്ഥിതി കമ്മീഷന്‍ ഭദ്രാസന വൈസ്പ്രസിഡന്‍റ് റവ.ഫാ.ഷൈജു കുര്യന്‍, സെക്രട്ടറി ഡോ.ബിനു ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരള സര്‍ക്കാര്‍ സാമൂഹിക വനവത്കരണ വകുപ്പിന്‍റെ സഹകരണത്തോടു കൂടി നെല്ലി, പ്ലാവ്, നാരകം, പേര, ഞാവല്‍, കറിവേപ്പ് തുടങ്ങിയ ഫലവൃക്ഷത്തൈകള്‍ സൗജന്യമായി വിതരണം ചെയ്തു.