പരുമല സെമിനാരിയില്‍ നിന്നു ചേര്‍ന്ന ഒരു ചിട്ടിയുടെ പണം വാങ്ങുന്നതിനെ സംബന്ധിച്ച കേസിലും ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസിനു കോടതി കയറേണ്ടി വന്നത് അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ വ്യര്‍ത്ഥമായ മുടക്കിന്‍റെ പേരില്‍ ആയിരുന്നു. ചിട്ടി വട്ടമറുതി ആയിട്ടും ചിട്ടിത്തലയാളന്മാര്‍ മെത്രാപ്പോലീത്തായ്ക്ക് ചിട്ടിപ്പണം നല്‍കാന്‍ കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്ന് പള്ളിവാതുക്കല്‍ അലക്സന്ത്രയോസ് കത്തനാര്‍, കാരിക്കോട്ട് ബര്‍സ്ലീബി കത്തനാര്‍, പുതുക്കേരി പീറ്റര്‍കുഞ്ഞു വൈദ്യന്‍, പുതുക്കേരി ചെറിയാന്‍കുഞ്ഞു വൈദ്യന്‍ എന്നിവരെ പ്രതികളാക്കി മെത്രാപ്പോലീത്താ കൊല്ലം ജില്ലാക്കോടതിയില്‍ കേസ് കൊടുത്തു. കേസിന്‍റെ നമ്പര്‍, ഏറെ ശ്രമിച്ചിട്ടും വാദിക്കു ലഭിച്ചില്ല. കോടതിയില്‍ നിന്ന് വേണ്ട രേഖയെടുക്കാന്‍ അതുകൊണ്ട് സാധിക്കാതെ വന്നു. പീറ്റര്‍ കുഞ്ഞുവൈദ്യന്‍ മരണമടഞ്ഞതിനാല്‍ നാലാം പ്രതി ചെറിയാന്‍ കുഞ്ഞു വൈദ്യനാണ് ചിട്ടിക്കാര്യങ്ങള്‍ നടത്തിവരുന്നതെന്ന് അപ്പോഴാണ് മെത്രാപ്പോലീത്താ അറിയുന്നത്. കേസ് പിന്തുടര്‍ന്നപ്പോള്‍, മെത്രാപ്പോലീത്തായെ പാത്രിയര്‍ക്കീസ് മുടക്കിയിട്ടുള്ളതിനാല്‍ അദ്ദേഹത്തിന് ചിട്ടിപ്പണം നല്‍കരുതെന്ന് കൂട്ടു ട്രസ്റ്റിയെന്ന് പറഞ്ഞുകൊണ്ട് സി. ജെ. കുര്യന്‍ നോട്ടീസ് മുഖേന തങ്ങളെ അറിയിച്ചിട്ടുണ്ടെന്നും, അതിനാല്‍ ഇത് ഒരു പ്രാതിനിധ്യ വ്യവഹാരമായി പരിഗണിച്ച് താല്‍പര്യമുള്ളവര്‍ക്ക് കേസില്‍ കക്ഷി ചേരാന്‍ കഴിയേണ്ടതിന് കേസ് കാര്യം പരസ്യം ചെയ്യണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു. കോടതി നിര്‍ദ്ദേശമനുസരിച്ച് അപ്രകാരം പരസ്യം ചെയ്യുകയും സി. ജെ. കുര്യന്‍ കേസില്‍ കക്ഷി ചേരുകയും ചെയ്തു (മലങ്കര അസോസ്യേഷന്‍ 1087 ചിങ്ങത്തില്‍ യോഗം ചേര്‍ന്ന് കോനാട്ട് മല്പാനെയും സി. ജെ. കുര്യനെയും കൂട്ടു ട്രസ്റ്റി സ്ഥാനങ്ങളില്‍ നിന്നും കറിവേപ്പില പോലെ നീക്കം ചെയ്തിട്ടുള്ളതാണ്.). വാദിയെ പാത്രിയര്‍ക്കീസ് മുടക്കിയിട്ടുള്ളതാണെന്നും, വാദി മുടക്ക് നിരാകരിച്ചിട്ടുള്ളതിനാല്‍ സഭയ്ക്ക് ഇതരനായിത്തീര്‍ന്നിട്ടുണ്ടെന്നും അതുകൊണ്ട് ചിട്ടിപ്പണം വാങ്ങാന്‍ വാദിക്ക് അവകാശമില്ലെന്നും, കൂട്ടുട്രസ്റ്റികളായ മാത്തന്‍ മല്പാനും തനിക്കും മാത്രമാണ് അതിനുള്ള അവകാശമെന്നും സി. ജെ. കുര്യന്‍ തര്‍ക്കിച്ച് ചിട്ടിപ്പണം വാങ്ങാനുള്ള അവകാശം വാദിക്കാണെന്ന് ജില്ലാക്കോടതി വിധിച്ചു. ഈ വിധിക്കെതിരെ സി. ജെ. കുര്യന്‍ മുതലാളി തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഈ കേസ് നടന്നുവരവെ സി. ജെ. കുര്യന്‍ ചിട്ടി ഇല്ലാത്ത അക്കര കടന്നു. കുര്യന്‍ ചത്തതിനെ തുടര്‍ന്ന് മാത്തന്‍ മല്പാന്‍ കേസില്‍ കക്ഷി ചേര്‍ന്നു. ഹൈക്കോടതിയില്‍ ജ. എച്ച്. എസ്. ചാറ്റ്ഫീല്‍ഡ്, ജ. പി. രാമന്‍ തമ്പി, ജ. കെ. ജി. പരമേശ്വരമേനോന്‍ എന്നിവരടങ്ങുന്ന ഫുള്‍ബഞ്ച് ആണ് അപ്പീല്‍ വാദം കേട്ടത്. പരുമല സെമിനാരിയും സ്വത്തുക്കളും സമുദായത്തിന്‍റെ കൂട്ടുട്രസ്റ്റില്‍ പെടുന്നതല്ലെന്നും, അവ ബാവായുടെ മുടക്കിന് മുമ്പും പിമ്പും വാദിയുടെ കൈവശത്തിലായിരുന്നെന്നും മുടക്കു കൊണ്ട് മലങ്കര സുറിയാനി സഭയിലെ അദ്ദേഹത്തിന്‍റെ അംഗത്വത്തിന് യാതൊരുവിധ ന്യൂനതയും സംഭവിച്ചിട്ടില്ലെന്നും, അതിനാല്‍ ചിട്ടിപ്പണം വാങ്ങാന്‍ വാദിക്കാണ് അവകാശമെന്നും 1918 ഓഗസ്റ്റ് 15-ന് ഫുള്‍ ബഞ്ച് വിധിച്ചു. അങ്ങനെ നിഷ്ഫലമായ മുടക്കിന്‍റെ പേരില്‍ താന്‍ നേരിടേണ്ടി വന്ന അവസാനത്തേതായ കേസിലും ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ വിജയിച്ചു.