ക്രിസ്ത്യന്‍ സെമിത്തേരികളില്‍ മൃതശരീരങ്ങള്‍ കബറടക്കുന്നതു സംബന്ധിച്ച് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് നിയമവശാലോ കാര്യവശാലോ നിലനില്‍ക്കാത്തതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമാണ്. ഓര്‍ഡിനന്‍സിന്‍റെ കരട് തയ്യാറാക്കിയപ്പോള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഈ നിയമം മലങ്കരസഭാ തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ ചില പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ലക്ഷ്യമിടുന്നു എന്നാണ്. എന്നാല്‍ ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയപ്പോള്‍ അത് കേരളത്തിലെ ക്രൈസ്തവ സഭകളെ മുഴുവന്‍ ബാധിക്കുന്ന വിധത്തിലാണ് ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്.
ഓര്‍ഡിനന്‍സിലെ പല വ്യവസ്ഥകള്‍ക്കും കൃത്യമായ നിര്‍വചനങ്ങള്‍ നല്‍കിയിട്ടില്ല. ഒരു ഇടവകാംഗം മരിച്ചാല്‍ അദ്ദേഹത്തിന്‍റെ ഇടവകപള്ളിയില്‍ പൂര്‍വികരെ അടക്കം ചെയ്ത സെമിത്തേരിയില്‍ അടക്കപ്പെടാന്‍ അര്‍ഹതയുണ്ട് എന്നാണ് ആദ്യ ക്ലോസ്. എന്നാല്‍ പൂര്‍വികര്‍ എന്നതിന് ഒരു നിര്‍വചനവും നല്‍കിയിട്ടില്ല. എത്ര തലമുറവരെ പിന്നോട്ട് പൂര്‍വികരായി കണക്കാക്കാം? ഒരാള്‍ ഇടവകാംഗമാണോ എന്നും അദ്ദേഹത്തിന്‍റെ പൂര്‍വികര്‍ ആ ഇടവക സെമിത്തേരിയില്‍ സംസ്കരിക്കപ്പെട്ടിട്ടുണ്ടോ എന്നും സ്ഥിരീകരിക്കേണ്ട ചുമതല ആര്‍ക്കാണ് എന്നൊന്നും ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നില്ല. ആയത് സുപ്രീംകോടതി വിധിയെ മറികടക്കാനുളള ഗുഢതന്ത്രത്തിന്‍റെ ഭാഗമാണ്. ഒരു കാലത്ത് ക്രിസ്ത്യാനിയായിരുന്ന ഒരാള്‍ പിന്നീട് വിശ്വാസം വിട്ട് പോവുകയോ, സഭയില്‍ നിന്ന് എന്തെങ്കിലും കാരണത്താല്‍ മാറ്റി നിര്‍ത്തപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിലും മരണ സമയത്ത് ചുറ്റും നില്‍ക്കുന്ന ആളുകള്‍ തീരുമാനിക്കുന്നതനുസരിച്ച് പുരോഹിതന്‍ എന്ന് നാമകരണം ചെയ്യപ്പെടുന്ന ഏതെങ്കിലും ഒരു വ്യക്തിയെ വിളിച്ചു വരുത്തി എന്തെങ്കിലും കര്‍മ്മങ്ങള്‍ ചെയ്യിച്ച് കബറടക്കുവാനുള്ള സ്വാതന്ത്ര്യമാണ് ഊ നിയമം നല്‍കുന്നത്.
വികാരി പ്രത്യേക മരണ രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമത്തില്‍ വികാരിയുടെ നിര്‍വചനം വ്യക്തമല്ല. ആരെ വേണമെങ്കിലും കാര്‍മ്മികനാക്കാം എന്നു പറഞ്ഞശേഷം, ശവസംസ്ക്കാരം നടത്തുന്ന കാര്‍മ്മികനെയാണ് വികാരി എന്ന വാക്കു കൊണ്ട് സൂചിപ്പിച്ചിരിക്കുന്നത്. അദ്ദേഹം നിയമപരമായ സാധുതയുള്ള വ്യക്തി ആവണമെന്നില്ല. അതായത് മരിച്ച വ്യക്തിയെ സംബന്ധിച്ച് ഏതുവിധത്തിലും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സമ്മതിക്കുന്ന ഒരാളെക്കൊണ്ട് കര്‍മ്മം നടത്തി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുകയോ, മരണം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷം താനാണ് സംസ്ക്കാരം നടത്തിയതെന്ന് ഏതൊരാള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ ഒക്കെ ചെയ്യുവാന്‍ ഈ ഓര്‍ഡിനന്‍സ് അവസരം നല്‍കുന്നു. ദുരുപയോഗം ചെയ്യപ്പെടുവാനുളള സാധ്യതയേറെുളളതാണ് ഈ ഓര്‍ഡിനന്‍സ്.
കഴിഞ്ഞ ദിവസം വരിക്കോലിപള്ളിയില്‍ നടന്ന ഒരു സംസ്ക്കാരം ഉദാഹരണമാണ്. ഒരാള്‍ മരിച്ച വിവരം പോലീസ് മുഖേന നിയമാനുസൃത വികാരിയെ ധരിപ്പിച്ചു. എന്നാല്‍ മരിച്ചയാള്‍ ഇടവകാംഗമാണെന്നോ, അദ്ദേഹത്തിന്‍റെ പൂര്‍വികരെ ആരെയെങ്കിലും ആ സെമിത്തേരിയില്‍ സംസ്കരിച്ചിട്ടുണ്ടെന്നോ സ്ഥിരീകരണമില്ലായെന്ന് വികാരി പോലീസിനെ അറിയിച്ചു. ഈക്കാര്യത്തില്‍ പോലീസ് അന്വേഷണം നടത്താമെന്ന് പറഞ്ഞു എങ്കിലും പോലീസ് ഒരന്വേഷണവും നടത്തിയില്ലാ. ശവസംസ്ക്കാരത്തിന്‍റെ സമയം വികാരിയെ ആരും അറിയിക്കാതിരുന്നതിനാല്‍ സെമിത്തേരിയുടെ ഗേറ്റ് തുറന്നു കൊടുക്കാനായില്ല. ഒരുകൂട്ടം ആളുകള്‍ ഗേറ്റ് പൊളിച്ച് ഒരു മൃതദേഹം കൊണ്ടുവന്ന് സെമിത്തേരിയില്‍ അടക്കി. അദ്ദേഹത്തെ സംബന്ധിക്കുന്ന വിശദവിവരങ്ങള്‍ ഇപ്പോഴും ലഭ്യമായിട്ടില്ല.
ക്രൈസ്തവ സെമിത്തേരികളില്‍ ആര്‍ക്കു വേണമെങ്കിലും, ആരെയും സംസ്കരിച്ച് എന്തുവേണമെങ്കിലും എഴുതി സര്‍ട്ടിഫിക്കറ്റ് ആക്കാമെന്നതാണ് ഈ നിയമത്തിന്‍റെ പ്രത്യേകത. ഇത് സെമിത്തേരികളുടെ ഉപയോഗത്തില്‍ അരാജകത്വം സൃഷ്ടിക്കും.
മലങ്കര സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതി അനുവദിച്ചു തന്ന അവകാശങ്ങളെ ഈ ഓര്‍ഡിനന്‍സ് ഹനിക്കുന്നു. ഒരു പള്ളിയിലെ ഭരണവും കര്‍മ്മാനുഷ്ഠാനങ്ങളും നടത്തേണ്ടത് വികാരിയാണ്. അവിടെ സമാന്തരഭരണമോ കൂദാശ അനുഷ്ഠാനമോ കോടതി അനുവദിച്ചിട്ടില്ല. ഈ അവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടുന്നതിന് കേരള ഗവണ്‍മെന്‍റ് സഹായിക്കുന്നില്ല എന്ന കാരണത്താല്‍ ഓര്‍ത്തഡോക്സ് സഭ നല്‍കിയിട്ടുള്ള കോടതി അലക്ഷ്യ ഹര്‍ജിയെ മറികടക്കുന്നതിനുവേണ്ടിയുള്ള ഒരു ശ്രമം കൂടിയാണ് ഈ ഓര്‍ഡിനന്‍സ്.
ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 26 അനുവദിക്കുന്ന മത സ്വാതന്ത്ര്യത്തെ ഈ പുതിയ നിയമം ഹനിക്കുന്നു. ഓര്‍ത്തഡോക്സ് സഭയുടെ സെമിത്തേരികള്‍ 1934 ലെ ഭരണഘടന അനുസരിക്കുന്ന ഇടവകാംഗങ്ങളുടെ ഉപയോഗത്തിനുള്ളതാണ്. അവിടെ ഇഷ്ടാനുസരണം ആര്‍ക്കും മൃതദേഹങ്ങള്‍ സംസ്കരിക്കാമെന്ന നില സംജാതമാക്കുന്നതിലൂടെ ഓര്‍ത്തഡോക്സ് സഭയുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. പള്ളികളില്‍ സമാന്തര ഭരണം വീണ്ടും കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തുകൊടുക്കുകയാണ്. ഇത് വിവേചനമാണ്. നിയമപരമായി നിലനില്‍പ്പില്ലാത്ത ഒരു വിഭാഗത്തിന് ഒത്താശ ചെയ്തുകൊടുക്കുവാനുള്ള സര്‍ക്കാരിന്‍റെ ലക്ഷ്യം ഇതില്‍ വ്യക്തമാണ്.
ഈ ഓര്‍ഡിനന്‍സിനെ സഭ നിയമപരമായി നേരിടും. എന്നാല്‍ തെരുവിലിറങ്ങി യുദ്ധം ചെയ്യാന്‍ സഭ ആഹ്വാനം ചെയ്യുന്നില്ല. നിയമവും കോടതിവിധികളും എന്നും പാലിക്കുന്ന പാരമ്പര്യമാണ് സഭയ്ക്കുള്ളത്.
പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.