നിരണം ഭദ്രാസന പ്രതിഷേധ മഹാസമ്മേളനം..LIVE.
Gepostet von GregorianTV am Sonntag, 15. Dezember 2019
നിരണം : മലങ്കര സഭാ തർക്കത്തിൽ രാജ്യത്തെ പരമോന്നത നീതി പീഠം പുറപ്പെടുവിച്ച വിധി നടപ്പാക്കാത്തതിലെ ഒന്നാം പ്രതി കേരള സർക്കാരാണെന്നും വിധിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വായിച്ചറിയാൻ കഴിയാത്ത മന്ത്രിമാരാണ് ഭരിക്കുന്നതെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.
ഓർത്തഡോക്സ് സഭ നടത്തുന്ന നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നിരണം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടന്ന മഹാ സമ്മേളനം നിരണം വലിയപള്ളി അങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്കൂളിൽ പോകാത്ത ഭരണകർത്താക്കൾ പറയുന്നത് കേട്ട് പ്രവർത്തിക്കുകയാണ് ഇവിടുത്തെ ഐഎഎസുകാർ. പൊലീസുകാരുടെ സ്ഥിതിയും മറിച്ചല്ല. അവർ ഗതികേടുകൊണ്ടാണ് പലതും ചെയ്തു പോകുന്നത്. അക്രമം ഉണ്ടാക്കി സഭയിൽ അരാജകത്വം സൃഷിക്കാനാണ് ഭരണകർത്താക്കൾ ശ്രമിക്കുന്നത്.
മലങ്കര സഭ എന്നും പ്രതിസ്ഥാനത്ത് ആയിരുന്നു. വിദേശ ആധിപത്യം വിശ്വാസ സത്യങ്ങളെ തേച്ചുമാച്ചുകളഞ്ഞതു കൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചത്. ഇപ്പോഴത്തെ കോടതി വിധി എല്ലാത്തിനും മറുപടിയാണ്.
വിഘടിത വിഭാഗം എന്നൊരു വിഭാഗമില്ല. അവരും നമ്മുടെ സഹോദരങ്ങളാണ്.എന്നാൽ ചങ്ങലകളാൽ അവർ പൂട്ടപെട്ടിരിക്കുകയാണ്.കോടതി വിധി വന്നതിനു ശേഷം ചിലർ മധ്യസ്ഥയ്ക്ക് വന്നതിനോടു യോജിക്കുന്നില്ല. എല്ലാ സഭയിലും ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ട്. ഇത് കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നതിനു തുല്യമാണ്. 1934 ലെ ഭരണഘടന അനുസരിച്ച് മലങ്കര സഭയിലെ എല്ലാ പള്ളികളും ഭരിക്കപ്പെടുമെന്നും നിയമം അനുസരിക്കുകയെന്നതാണ് ശാശ്വത പരിഹാരമെന്നും ബാവാ പറഞ്ഞു.
ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. അന്ത്യോഖ്യൻ ബന്ധം മലങ്കര സഭയോട് വഞ്ചന മാത്രമാണ് കാട്ടിയിട്ടുള്ളതെന്ന് മാർ ക്രിസോസ്റ്റമോസ് പറഞ്ഞു.
സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ വിഷയാവതരണം നടത്തി. സഭാ വക്താവ് ഫാ.ജോ. ജോൺസ് ഏബ്രഹാം കോനാട്ട് സന്ദേശം നൽകി. ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ.എം.ഒ. ജോൺ, ഭദ്രാസന സെക്രട്ടറി ഫാ.അലക്സാണ്ടർ ഏബ്രഹാം, സഭ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഫാ. വർഗീസ് ജോർജ്, ജൂബി പീടിയേക്കൽ, ഭദ്രാസന കൗൺസിൽ അംഗം ഫാ. കെ.എ. വർഗീസ്, നിരണം വലിയപള്ളി വികാരി ഫാ. വർഗീസ് മാത്യു എന്നിവർ പ്രസംഗിച്ചു.
ആലംതുരുത്തിയിൽ നിന്നു തുടങ്ങിയ പ്രതിഷേധ റാലിയിൽ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നു വൈദികരും വിശ്വാസികളുമടക്കം ആയിരങ്ങൾ പങ്കെടുക്കുത്തു.