ഒന്നാം കാതോലിക്കയുടെ സുറിയാനി കൈയെഴുത്തിന്റെ പരിഭാഷ
എന്നാല് വീണ്ടും ജീവദായകനും കാരുണ്യവാനായ ദൈവത്തിനു സ്തുതി
കണ്ടനാട് ഇടവകയുടെ മെത്രാപ്പോലീത്ത മാര് ഈവാനിയോസ് പൗലോസ് ഇപ്രകാരം എഴുതുന്നു.
വി. മാര്ത്തോമ്മാ ശ്ലീഹായുടെ പൗരസ്ത്യ ശ്ലൈഹീക സിംഹാസനത്തില് കാതോലിക്കാ ബസേലിയോസ് എന്ന് വിളിക്കപ്പെടുകയും അറിയപ്പെടുകയും (ചെയ്യുന്നു). മാര്തോമ്മാശ്ലീഹായുടെ കൈകളാല് സ്ഥാപിക്കപ്പെട്ട മലബാറിലെ എഴരപള്ളികളില് ഒന്നായ നിരണത്തുള്ള ദൈവമാതാവായ വി. കന്യകമറിയാമിന്റെ ദേവാലയത്തിലെ വി. മദ്ബഹായില് വച്ച് ഇന്ന് അവന്റെ പേര് പൗരസ്ത്യ ശ്ലൈഹിക സിംഹാസനത്തിന്റെ ബസേലിയോസ് കാതോലിക്കോസ് എന്ന് മാറ്റപ്പെട്ടു. കാര്മ്മികന് അന്ത്യോഖ്യായുടെ ശ്ലൈഹികസിംഹാസനത്തിലെ നമ്മുടെ പ്രധാന മഹാപുരോഹിതന് ഇഗ്നാത്തിയോസ് പാത്രിയര്ക്കീസ് ആയിരുന്നു. ദൈവത്താല്, മിശിഹായുടെ ദാസന്മാരും, നിറവുള്ളവരും, ബഹുമാന്യരുമായ രണ്ട് മെത്രാപ്പോലീത്തന്മാരും സംബന്ധിച്ചു. ഈ (കാതോലിക്കായുടെ) അധികാരത്താല് ഒന്നാമതായി മെത്രാന്മാരേ പട്ടം കെട്ടുവാനും, മൂറോന് കൂദാശ ചെയ്യുവാനും കഴിയും. ഇതു കൂടാതെ ഇനിയും മേല്പ്പട്ടക്കാരെ മുടക്കുവാനും, നീക്കുവാനും കഴിയും. നമ്മുടെ സത്യ അനുതാപം ദൈവം സ്വീകരിക്കട്ടെ. മഹത്വമുള്ളവളും, വിശുദ്ധിയുള്ളവളും ദൈവമാതാവുമായ കന്യകമറിയാമിന്റെയും, തോമ്മാശ്ലീഹായുടെയും എല്ലാ പരിശുദ്ധന്മാരുടേയും പ്രാര്ത്ഥനയും ഓര്മ്മയും സത്യമായും നമ്മുക്ക് കോട്ടയായിരിക്കും.
ഇന്ന് ഈലൂല് മാസത്തെ രണ്ടാമത്തെ ഞായറാഴ്ച 1912 മിശിഹാക്കാലം
ഇത് ഇപ്രകാരം ഈ പദവി സ്വീകരിച്ചതിനുശേഷം എഴുതി
(പരിഭാഷ : ഫാ. മാത്യു വര്ഗ്ഗീസ്, അടൂര്)