സഭാസമാധാനം: പ്രമുഖ വൈദികരുടെ കത്ത്

പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും
പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്‍റുമായ
മോറാന്‍ മാര്‍ ബസേലിയോസ് മാര്‍തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ തിരുമേനി മുമ്പാകെ താഴെ പേരെഴുതി ഒപ്പിട്ടവര്‍ സമര്‍പ്പിക്കുന്നത്

പരിശുദ്ധ പിതാവേ,

മലങ്കരസഭയ്ക്ക് അനുകൂലമായി ബഹു. സുപ്രീംകോടതിയില്‍ നിന്നു ദൈവകൃപയാല്‍ 2017 ജൂലൈ 3-നു ലഭിച്ച വിധിമൂലം സഭയിലെ തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും ശാശ്വതമായ പരിഹാരമുണ്ടാകുമെന്ന് ഇരുഭാഗത്തെയും സഭാവിശ്വാസികള്‍ കരുതിയിരുന്നു. സഭയുടെ ചരിത്രത്തില്‍ ഇത്രയും നല്ലയൊരു കോടതിവിധി ഇതുവരെ ലഭിച്ചിട്ടില്ല എന്നുള്ളത് ഏവരും സമ്മതിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. പരിശുദ്ധ ബാവാ തിരുമേനിയുടെ നിരന്തരമായ പ്രാര്‍ത്ഥനയും നേതൃത്വവുമാണ് ഇതിനിടയാക്കിയതെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.

ഈ കോടതിവിധി മൂലം, പരിശുദ്ധ ബാവാ തിരുമേനിയുടെ കല്‍പന (185/11-07-2017)യിലും പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍റെ പ്രസ്താവന (2018 ഫെബ്രുവരി)യിലും സ്വപ്നം കാണുന്ന ഏക ആരാധക സമൂഹം, മലങ്കരസഭാംഗങ്ങളുടെ ഒന്നായിത്തീരല്‍, വ്യവഹാരരഹിത സഭ, ശാശ്വത സമാധാനം തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ സമീപകാലത്തെ സംഭവങ്ങള്‍ ഈ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പിച്ചിരിക്കുകയാണ്. കേരളത്തിലെ പൊതുസമൂഹത്തില്‍ സഭ അവഹേളിക്കപ്പെടുകയും എക്യുമെനിക്കല്‍ രംഗത്ത് ഒറ്റപ്പെടുത്തപ്പെടുകയും രാഷ്ട്രീയമായി അവഗണിക്കപ്പെടുകയും മാദ്ധ്യമങ്ങളുടെ മുമ്പില്‍ പരിഹാസപാത്രമായി തീരുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോള്‍ വന്നു ഭവിച്ചുകൊണ്ടിരിക്കുന്നത്. യുവജനങ്ങളിലും പിഞ്ചുമനസ്സുകളിലും തലമുറകളിലേക്കു വ്യാപിക്കുന്ന വെറുപ്പും വൈരാഗ്യവും കടത്തിവിടുകയും സാമൂഹ്യ-കുടുംബ-അയല്‍പക്ക ബന്ധങ്ങളില്‍ തകര്‍ച്ച ഉണ്ടാകുകയും ചെയ്യുന്നത് അതിഭയാനകമായ ഒരു ഭാവിചിത്രമാണ് നമുക്കു നല്‍കുന്നത്. ഇപ്പോള്‍ നടക്കുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ അപലപനീയമാണ്. പരിശുദ്ധ സഭയെയും പരിശുദ്ധ പിതാവിനെയും ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഞങ്ങള്‍ ഉള്‍പ്പെടെയുള്ള സഭാവിശ്വാസികള്‍ ഇതില്‍ മനംനൊന്തു കഴിയുകയാണ്.

ഇരുഭാഗത്തെയും അനേകം വിശ്വാസികള്‍ ഇക്കാര്യത്തില്‍ അസ്വസ്ഥരാണെന്ന് അവര്‍ ഞങ്ങളുമായി നടത്തിക്കൊണ്ടിരിക്കുന്ന ആശയവിനിമയത്തില്‍ നിന്ന് വ്യക്തമാണ്. അവരുടെ നിരന്തരമായ അഭ്യര്‍ത്ഥനയും സമ്മര്‍ദ്ദവും മാനിച്ച് 2019 നവംബര്‍ 13ന് ഞങ്ങള്‍ ഏതാനും പേര്‍ ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥനാപൂര്‍വ്വം ഒരു തുറന്ന ചര്‍ച്ച നടത്തുകയുണ്ടായി.
സുപ്രീംകോടതി വിധിയും 1934-ലെ സഭാഭരണഘടനയും അനുസരിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകണമെന്നുള്ള കാര്യത്തില്‍ എല്ലാവര്‍ക്കും യോജിപ്പാണ്. ബഹു. സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി ആത്യന്തികമായി സഭയില്‍ സമാധാനത്തിനും യോജിപ്പിനുമായുള്ള പ്രഖ്യാപനമായിരുന്നു. ഇതു യേശുക്രിസ്തുവിന്‍റെ ശരീരമായ സഭയുടെ ദൗത്യത്തിനും ലക്ഷ്യത്തിനും അനുസൃതമായ ഒന്നാണ് എന്നു നിസ്സംശയം പറയാം.
ഞങ്ങളുടെ കൂടിവരവില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഏതാനും എളിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നു.

1. നാലര പതിറ്റാണ്ടു കാലമെടുത്ത്, ഇരുവിഭാഗത്തിനും ഭീമമായ ധനനഷ്ടമുണ്ടാക്കിയാണ് നമുക്ക് വിധി ലഭിച്ചത്. എല്ലാവര്‍ക്കും സന്തോഷിക്കാവുന്ന വിധത്തില്‍, പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഈ വിധിയുടെ ആനുകൂല്യം അനുഭവിക്കുന്നതിന് സഭയ്ക്ക് ഇടയാകണം. ഇപ്പോഴത്തെ അനുകൂല സാഹചര്യം പിന്നീട് ലഭിക്കണമെന്നില്ല. 1995-നു ശേഷം ഒരിക്കല്‍ കൂടി ലഭിച്ചിരിക്കുന്ന ഈ അവസരം ദൈവതിരുനാമമഹത്വത്തിനും മനുഷ്യസമൂഹത്തിന്‍റെ നന്മയ്ക്കും ഐക്യത്തിനുമായി ഉപയോഗിക്കുകയാണ് വേണ്ടത്.

2. മറുകക്ഷിയില്‍ കൂടി നടന്നിരുന്ന സഭാംഗങ്ങളുടെ ശവസംസ്കാരം നടത്തുന്നതു സംബന്ധിച്ച് ഉണ്ടാകുന്ന തര്‍ക്കങ്ങളും അക്രമങ്ങളും ക്രൈസ്തവസാക്ഷ്യത്തിനെതിരാണ് എന്ന് എല്ലാവരും വിശ്വസിക്കുന്നു. നമ്മള്‍ വേട്ടക്കാരും അവര്‍ ഇരകളും എന്ന തെറ്റായ സന്ദേശം പൊതുസമൂഹത്തെ വിശ്വസിപ്പിക്കുന്ന കാര്യത്തില്‍ മറുകക്ഷി വിജയിച്ചിരിക്കുകയാണ്. മറുപക്ഷം ഈ അവസരം വിലപേശലിനായി മുതലെടുക്കുന്നുവെന്നുള്ള  യാഥാര്‍ത്ഥ്യം ആരും അംഗീകരിക്കുന്നില്ല. 1970കളില്‍, പ്രത്യേകിച്ച് വടക്കന്‍ പ്രദേശങ്ങളില്‍ യാതൊരു കരുണയോ മനുഷ്യത്വമോ ഇല്ലാതെ അവര്‍ നമ്മോട് പെരുമാറിയിരുന്നുവെന്നുള്ളത് വാസ്തവമാണ്. എങ്കിലും ക്രിസ്തീയമായ ക്ഷമയുടെ ആത്മാവില്‍ നിന്നുകൊണ്ട് ഭാവിയില്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനായി അലിഖിതമായ ഒരു ധാരണ ഉണ്ടാകേണ്ടിയിരിക്കുന്നു. നിയമാനുസൃത വികാരിയുടെ അറിവും സമ്മതവും മാത്രം ഉറപ്പുവരുത്തിയുള്ള ഒരു സമീപനം ഇക്കാര്യത്തിന് സ്വീകരിക്കാവുന്നതാണെന്ന് തോന്നുന്നു. സമാന്തര ഭരണം ഇടവകകളില്‍ പാടില്ല എന്ന വ്യക്തമായ കോടതിവിധിക്ക് വിധേയമായി, അതാത് പ്രദേശത്ത് നമ്മുടെ മെത്രാപ്പോലീത്താമാരുടെയും വികാരിമാരുടെയും അറിവോടെ ഇക്കാര്യത്തില്‍ അനുയോജ്യമായ പ്രാദേശിക നീക്കുപോക്കുകള്‍ തല്‍ക്കാലം സ്വീകരിക്കുന്നതിന് അനുവദിക്കുകയായിരിക്കും ഉത്തമം. കോട്ടയം ചെറിയ പള്ളിയിലും വാകത്താനം പുത്തന്‍ചന്ത സെന്‍റ് മേരീസ് പള്ളിയിലും മറ്റും ഇന്നും നിലനില്‍ക്കുന്നതും തിരുവല്ലാ കട്ടപ്പുറം പള്ളിയില്‍ നിലനിന്നിരുന്നതുമായ ക്രമീകരണങ്ങള്‍ മാതൃകയാക്കാവുന്നതാണ്.

3. അങ്ങ് ഇപ്പോള്‍ കക്ഷിഭേദമെന്യേ മലങ്കരസഭയിലെ മുഴുവന്‍ വിശ്വാസികളുടെയും ആത്മീയ മേലദ്ധ്യക്ഷന്‍ ആണ്. ഈ നിലയില്‍ തര്‍ക്കമുള്ള ഇടവകകളില്‍ മറുപക്ഷത്തു നില്‍ക്കുന്ന നമ്മുടെ സ്വന്തം രക്തവും മാംസവുമായ സഹോദരങ്ങളെ ക്രിസ്തുവിന്‍റെ ആത്മാവില്‍ സ്വാഗതം ചെയ്യണം. അവരുടെ ഹൃദയങ്ങളെ മുറിപ്പെടുത്താതെയും വികാരങ്ങളെ വ്രണപ്പെടുത്താതെയുമുള്ള നടപടികളാണ് നമ്മുടെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. മലങ്കരസഭയുടെ നല്ല ഭാവിയെ കരുതി, സുപ്രീംകോടതി വിധിയുടെയും സഭാഭരണഘടനയുടെയും അന്തസത്ത ഉള്‍ക്കൊള്ളുന്നവരെ സ്വീകരിക്കുന്നതിന് കൂട്ടായ്മയുടെ വലതുകരം നീട്ടിക്കൊടുക്കുന്ന ആത്മീയ പിതാവിനെയാണ് അങ്ങയില്‍ ഞങ്ങള്‍ കാണുന്നത്.

4. പള്ളിയും സെമിത്തേരിയും ആരുടെ ഭാഗത്തോ അവിടെ വിശ്വാസികള്‍ സ്വാഭാവികമായും ഒരുമിച്ചുകൂടുന്ന രീതിയായിരുന്നു മുന്‍കാലങ്ങളില്‍ കണ്ടിട്ടുള്ളത്. അതാത് ഇടവകകളിലുള്ള അവകാശവും സ്വാതന്ത്ര്യവും ഉപേക്ഷിച്ച് ഇടവകാംഗങ്ങളായ വിശ്വാസികള്‍  പുറത്തു പോകാന്‍ നിര്‍ബന്ധിക്കുന്ന തല്‍പരശക്തികള്‍ നമ്മുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. വിശ്വാസികള്‍ക്ക് അവരുടെ ആരാധനാലയങ്ങളോ അതിനോടു ബന്ധപ്പെട്ട അവകാശങ്ങളോ നഷ്ടപ്പെടാതെ തുടരുക എന്നുള്ളത് സുപ്രീംകോടതി വിധിയുടെ അന്തസത്തയും സഭയുടെ പ്രഖ്യാപിത ഔദ്യോഗിക നിലപാടുമാണ്. വിശ്വാസികള്‍ തങ്ങളുടെ അവകാശങ്ങള്‍ ഉപേക്ഷിച്ച് പുറത്തു പോയി പുതിയ പള്ളികള്‍ പണിയുന്നതിന് നിര്‍ബന്ധിതരാകുന്നതും പൊതുസമൂഹത്തിന്‍റെ സഹതാപതരംഗം ഇക്കാര്യത്തില്‍ നേടുന്നതും ഒട്ടും ആശാസ്യമല്ല; ക്രിസ്തീയ സാക്ഷ്യത്തിന് കടകവിരുദ്ധവുമാണ്. സംഘര്‍ഷത്തോടെയായാലും സമാധാനത്തോടെയായാലും പള്ളികളില്‍ നിന്നു വിശ്വാസികള്‍ വിട്ടുപോകുന്നത് എതിര്‍സാക്ഷ്യമാണെന്നു ഞങ്ങള്‍ കരുതുന്നു. ഏക ആരാധക സമൂഹം എന്നുള്ള സഭയുടെ ആത്യന്തിക ക്രിസ്തീയ ലക്ഷ്യത്തില്‍ നിന്നുള്ള ഗൗരവമായ വ്യതിചലനമാണിത്.

5. രണ്ടു മാസം മുമ്പ് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ അയച്ച കത്തിന് ഇതുവരെ മറുപടി അയച്ചിട്ടില്ല എന്നറിയുന്നു. സുപ്രീംകോടതിവിധി അംഗീകരിക്കുന്ന മുറയ്ക്ക് പരിശുദ്ധ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് സഭാഭരണഘടനപ്രകാരമുള്ള സ്ഥാനികാവകാശങ്ങള്‍ നല്‍കുന്നതിന് മലങ്കരസഭ സന്നദ്ധമാണെന്ന് അറിയിച്ചുകൊണ്ട് ഹൃസ്വവും ഹൃദ്യവുമായ ഒരു മറുപടി എത്രയും വേഗം അയയ്ക്കുന്നത് നന്നായിരിക്കും. വിശ്വാസികളുടെ ഹൃദയങ്ങളെ തണുപ്പിക്കുന്നതിനും പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഇതുമൂലം സാധിക്കും.

6. കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണെങ്കിലും അതോടൊപ്പം ഇരുഭാഗത്തെയും വിവേകമതികളായ വ്യക്തികളെ ക്ഷണിച്ച് കോടതിവിധി ക്രിയാത്മകമായി  നടപ്പാക്കുന്നതിനെ സംബന്ധിച്ച് അനൗപചാരികമായ ചര്‍ച്ചകള്‍ക്ക് നാം തയ്യാറാകണം. ഇത് മഞ്ഞുരുകുന്നതിന് സഹായിക്കും. വിശുദ്ധ വേദപുസ്തകവും ഇതു നമ്മെ പഠിപ്പിക്കുന്നു (വി. മത്തായി 18: 15 – 18; 1 കൊരിന്ത്യര്‍ 6: 1 – 8). ബഹു. സുപ്രിം കോടതി വിധിയും, അതിന്‍റെ ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ ചര്‍ച്ചകളെ വിലക്കുന്നില്ല (184-ാം ഖണ്ഡികയുടെ 28-ാം അനുച്ഛേദം, പേജ് 274).

7. സുപ്രീംകോടതി വിധിക്കുശേഷമുള്ള പ്രത്യേക സാഹചര്യത്തില്‍, സഭാ നേതൃത്വം കൈക്കൊള്ളുന്ന പല തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും സഭയുടെ താല്‍പര്യത്തിനും ശ്രേയസ്സിനും വിരുദ്ധമാണെന്നാണ് ഒരു വലിയ വിഭാഗം സഭാവിശ്വാസികളും കരുതുന്നത് എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. സഭയ്ക്കുള്ളില്‍ ഏകാഭിപ്രായമില്ലാതെ വരുന്നത് ‘സ്വയം ഛിദ്രിക്കുന്ന ഭവന’ത്തിന് (വി. മര്‍ക്കോസ് 3: 24 – 25) സമാനമാകുന്നു. സഭയുടെ നയപരമായ തീരുമാനങ്ങള്‍ ബന്ധപ്പെട്ട ഔദ്യോഗിക സമിതികളുടെ ആലോചനയോടു കൂടി മാത്രം കൈക്കൊള്ളുന്ന മുന്‍കാലപതിവ് നിലനിര്‍ത്തേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. കൂട്ടുത്തരവാദിത്തമില്ലെങ്കില്‍ തീരുമാനങ്ങളിലുണ്ടാകുന്ന പിഴവുകള്‍ക്ക് പരിശുദ്ധ പിതാവ് മാത്രം പഴി കേള്‍ക്കേണ്ടതായി വരും. പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ്, അതിന്‍റെ സ്റ്റാന്‍ഡിംഗ് കമ്മറ്റി, വര്‍ക്കിംഗ് കമ്മറ്റി, മാനേജിംഗ് കമ്മറ്റി തുടങ്ങിയ സമിതികള്‍ ആവശ്യാനുസരണം ചേര്‍ന്ന് തുറന്ന മനസ്സോടെയും സ്വതന്ത്രമായും ചര്‍ച്ച ചെയ്തായിരിക്കണം തീരുമാനങ്ങളെടുക്കേണ്ടത്. അഭിഭാഷകരെ  മാത്രം ആശ്രയിക്കുന്ന രീതി ആശാസ്യമല്ല. ആവശ്യമെങ്കില്‍ വിവേകമതികളും വിഷയ വിദഗ്ദ്ധരുമായ വ്യക്തികളെ ക്ഷണിച്ച് അവരുമായും ആലോചിക്കേണ്ടതാണ്. പ്രസ്തുത സമിതികളുടെ ആലോചനയില്‍, മറുഭാഗത്തുള്ള യോഗ്യരായ പൗരോഹിത്യ സ്ഥാനികളെ കൂടി പൊതുശ്രേണിയിലേക്ക് ഭരണഘടനാനുസൃതമായ നടപടിക്രമങ്ങളിലൂടെയും ഉചിതമായ ഉപാധികളോടെയും സ്വീകരിക്കുന്നതിനെ സംബന്ധിച്ച് ചിന്തിക്കുന്നത് അഭികാമ്യമായിരിക്കും.

സഭാഭരണഘടനയും സുപ്രീം കോടതി വിധിയും അനുസരിച്ചുള്ള സമാധാനവും അനുരജ്ഞനവും ഐക്യവും സാദ്ധ്യമാക്കുന്നതിനെപ്പറ്റി അങ്ങ് പ്രാര്‍ത്ഥനാപൂര്‍വം ചിന്തിച്ച്, സമിതികള്‍ അടിയന്തിരമായി വിളിച്ചുകൂട്ടി, സഭ നേരിടുന്ന ഇന്നത്തെ പ്രതിസന്ധിയെ പറ്റി സ്വതന്ത്രമായി ചര്‍ച്ച ചെയ്ത്, ഉചിതമായ തീരുമാനങ്ങള്‍ ദൈവജനത്തിന്‍റെ ഹിതപ്രകാരം  സ്വീകരിക്കണമെന്ന് ഞങ്ങള്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ക്രിസ്തുവില്‍ അങ്ങയുടെ ആത്മീയ മക്കള്‍

കോട്ടയം,
13-11-2019

Copy to : All members of the Holy Episcopal Synod & Working Committee.

_______________________________________________________________