ഒരുമയുടെ സൗന്ദര്യവും ആഘോഷവുമാണ്‌ ആദ്യഫലപ്പെരുന്നാൾ: ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്‌

 

കുവൈറ്റ്‌ : ഒരുമയുടെ സൗന്ദര്യമാണ്‌ ആദ്യഫലപ്പെരുന്നാളെന്നും, ഇല്ലായ്മയിലും വല്ലായ്മയിലും ആയിരിക്കുന്നവരെ സഹായിക്കുവാൻ ഒത്തൊരുമിച്ച്‌ കൂടുന്നതിലൂടെ പങ്കിടലിന്റെ അനുഗ്രഹവും ആഘോഷമാക്കി മാറ്റുവാൻ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്‌ മെത്രാപ്പോലിത്താ ആഹ്വാനം ചെയ്തു. സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ച്‌ നടന്ന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തികൊണ്ട്‌ സംസാരിക്കുക യായിരുന്നു അദ്ദേഹം.

ജലീബ്‌ ഇന്ത്യൻ സെന്റ്രൽ സ്ക്കൂൾ അങ്കണത്തിൽ വെച്ചു നടന്ന പെരുന്നാൾ ആഘോഷപരിപാടികൾ കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ കെ. ജീവാസാഗർ ഭദ്രദീപം തെളിയിച്ച്‌ ഉത്ഘാടനം ചെയ്‌തു. കേരളപ്പിറവി ആശംസകൾ നേർന്നു കൊണ്ട്‌ നടത്തിയ ഉത്ഘാടന പ്രസംഗത്തിൽ, സംസ്ക്കാരവും ആധുനികതയും ഒരുമിപ്പിക്കുന്നതോടൊപ്പം പാരമ്പര്യത്തനിമ കൈവിടാതെ നിലനിർത്തുന്നതാണ്‌ മലയാളിസമൂഹത്തിന്റെ പ്രത്യേകതയെന്ന്‌ ഇന്ത്യൻ സ്ഥാനപതി പറഞ്ഞു.

മഹാഇടവക വികാരി ഫാ. ജേക്കബ്‌ തോമസ്‌ സ്വാഗതവും, ആദ്യഫലപ്പെരുന്നാൾ-2019 ജനറൽ കൺവീനർ ഷൈജു കുര്യൻ നന്ദിയും പ്രകാശിപ്പിച്ചു. നാഷണൽ ഇവഞ്ചലിക്കൽ ചർച്ച്‌ കുവൈറ്റ്‌ സെക്രട്ടറി റോയ്‌ യോഹന്നാൻ, കുവൈറ്റ്‌ എപ്പിസ്ക്കോപ്പൽ ചർച്ചസ്‌ ഫെല്ലോഷിപ്പ്‌ വൈസ്‌ പ്രസിഡണ്ടും സെന്റ്‌ ബേസിൽ ഇടവക വികാരിയുമായ ഫാ. മാത്യൂ എം. മാത്യൂ, മഹാഇടവക നിയുക്ത വികാരി ഫാ. ജിജു ജോർജ്ജ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു. അഹമ്മദി സെന്റ്‌ തോമസ്‌ പഴയപള്ളി വികാരി ഫാ. അനിൽ വർഗ്ഗീസ്‌, സെന്റ്‌ സ്റ്റീഫൻസ്‌ ഇടവക വികാരി ഫാ. ജോൺ ജേക്കബ്‌, കുവൈറ്റിൽ ഹൃസ്വസന്ദർശനത്തിനെത്തിയ ഫാ. ജോൺ തോമസ്‌, മഹാഇടവക ട്രഷറാർ മോണിഷ്‌ പി. ജോർജ്ജ്‌, സെക്രട്ടറി ജിജി ജോൺ, ഭദ്രാസന മിഷൻ കോർഡിനേറ്റർ ഷാജി എബ്രഹാം, ഭദ്രാസന കൗൺസിൽ അംഗം അനിൽ ജോർജ്ജ് എന്നിവർ ചടങ്ങിൽ സന്നിഹിത രായിരുന്നു.

ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ച്‌ പ്രസിദ്ധീകരിച്ച സ്മരണിക സുവനീർ കൺവീനർ ടോണി ജോസഫിൽ നിന്നും ഏറ്റുവാങ്ങി മഹാഇടവക സഹവികാരി ഫാ. ലിജു പൊന്നച്ചനു നൽകികൊണ്ട്‌ മാർ ഗ്രീഗോറിയോസ്‌ മെത്രാപ്പോലിത്താ പ്രകാശനം ചെയ്തു. ഇടവകയുടെ നവീകരിച്ച വെബ്സൈറ്റിന്റെ പ്രകാശനം വെബ്മാസ്റ്റർ ഷാജി വർഗ്ഗീസിന്റെയും ഡെപ്യൂട്ടി വെബ്മാസ്റ്റർ ജീൻ വർഗ്ഗീസിന്റെ യും സാന്നിധ്യത്തിൽ മെത്രാപ്പോലിത്താ നിർവ്വഹിച്ചു.

മഹാഇടവകയിലെ സണ്ഡേസ്ക്കൂൾ കുട്ടികളും, പ്രാർത്ഥനായോഗങ്ങളും, ആത്മീയ പ്രസ്ഥാനങ്ങളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ, കുട്ടികൾ നേതൃത്വം നൽകിയ റോക്കിങ്ങ്‌ ജൂനിയേഴ്സ്‌ മ്യൂസിക്കൽ ഫ്യൂഷൻ, പ്രശസ്ത പിന്നണിഗായിക മഞ്ജരി, സിനോവ്‌ രാജ്‌, അഭിജിത്‌ എന്നിവർ നേതൃത്വം നൽകിയ സംഗീത വിരുന്ന്‌, ദേശീയ മാധ്യമങ്ങളിലൂടെ പ്രശസ്തനായ റോബോ ഗണേഷ്‌ അവതരിപ്പിച്ച റോബോട്ടിക്ക്‌ ഷോ, കേരളത്തനിമയാർന്ന വസ്ത്രം ധരിച്ചെത്തിയ ദമ്പതികൾക്ക്‌ വേണ്ടിയുള്ള മത്സരങ്ങൾ, ഊട്ടുപുരയും, തട്ടുകടയും, ചായക്കടയും തയ്യാറാക്കിയ നാടൻ രുചിഭേദങ്ങൾ എന്നിവ ആദ്യഫലപ്പെരുന്നാൾ 2019-ന്റെ ആകർഷണങ്ങളായി. ആദ്യഫലപ്പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ മുൻവർഷങ്ങളിലേതു പോലെ വമ്പിച്ച ജനാവലിയാണെത്തിച്ചേർന്നത്‌.