മത വികാരം വൃണപ്പെടുത്തിയ കേസില്‍ മെത്രാപൊലീത്ത അടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തു

വടക്കഞ്ചേരി: മത വികാരം വൃണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ച സംഭവത്തില്‍ വടക്കഞ്ചേരി പോലീസ് കേസെടുത്തു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലെ തൃശൂര്‍ ഭദ്രാസന മെത്രോപൊലീത്ത ഏലിയാസ് മാര്‍ അത്താനാസിയോസ്, ഫാ. രാജു മാര്‍ക്കോസ് മംഗലംഡാം, ഫാ. മാത്യൂ ആഴാന്തറ കോങ്ങാട്, ഫാ. ബേസില്‍ ബേബി കരിങ്കയം മംഗലംഡാം, ഗിവര്‍ഗീസ് തണ്ണിക്കോട്ട് കോരഞ്ചിറ എന്നിവരെയാണ് വടക്കഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.സന്തോഷ് അറസ്റ്റു ചെയ്തത്.

2019 മാര്‍ച്ച് 10 നാണ് കേസിനാസ്പദമായ സംഭവം. വടക്കഞ്ചേരി പ്രിയദര്‍ശിനി ബസ് സ്റ്റാന്റിനു സമീപം വിശ്വാസ പ്രഖ്യാപന റാലിയും, പൊതുസമ്മേളനവും നടത്തിയതിലാണ് മതവികാരം വൃണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചതിനാണ് പോലീസ് കേസെടുത്തത്. മലങ്കര ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനം മെത്രോപൊലീത്ത ഡോ.യൂഹാനോന്‍ മാര്‍ മിലിത്തോസ് തിരുമേനിയേയും, ഭദ്രാസന സെക്രട്ടറി ഫാ. ബേബി പോള്‍ എന്നിവരെയും മോശമായി രീതിയില്‍ പ്രസംഗിച്ചിരുന്നു. ഈ സംഭവത്തിലാണ് മലങ്കര ഓര്‍ത്തോഡോക്‌സ് സഭ വടക്കഞ്ചേരി പോലീസില്‍ പരാതി നല്‍കിയത്.

ഇതേ തുടര്‍ന്ന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മെത്രോപൊലീത്ത അടക്കമുള്ളവര്‍ ഒളിവിലായിരുന്നു. ഇവര്‍ ഇതിനിടെ പാലക്കാട് സെക്ഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും പോലീസ് സ്‌റ്റേഷനില്‍ ഉപാധികളോടെ ഹാരജാകനായിരുന്നു ഉത്തരവ്. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വടക്കഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ ഹാജരാകുകയും ഇവരെ അറസ്റ്റു ചെയ്യുകയും ചെയ്തു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ച അനുകൂല വിധി പരസ്യമായി ലംഘിക്കുകയും ചെയ്തുവെന്നും ഇവര്‍ക്കെതിരെ കേസുണ്ട്. മതവികാരം വൃണപ്പെടുത്തി വിശ്വാസികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടാക്കി സമൂഹത്തില്‍ കലാപത്തിന് സാധ്യതയുണ്ടാക്കാനാണ് ഇവര്‍ ശ്രമിച്ചതെന്നും പരാതിയില്‍ പറയുന്നു. പ്രസംഗത്തിന്റെ വീഡീയോ സഹിതമാണ് പരാതി നല്‍കിയത്. 153/A, 295/A വകുപ്പ് അനുസരിച്ചാണ് പോലീസ് കേസെടുത്തിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകമെന്ന നിര്‍ദ്ദേശവും നിരവധി ഉപാധികളോടെയാണ് ഇവര്‍ക്ക് ജാമ്യം നല്‍കിയതെന്ന് വടക്കഞ്ചേരി സി.ഐ.ബി.സന്തോഷ് പറഞ്ഞു.