ഏകവും വിശുദ്ധവും കാതോലികവും അപ്പോസ്തോലികവുമായ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ
ഡോ. ഗീവറുഗീസ് യൂലിയോസ് മെത്രാപ്പോലീത്താ
ഏകദേശം ഒരു തലമുറ കഴിയുമ്പോള്‍, 33 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അഥവാ ഇപ്പോള്‍ സഭാമക്കളായി വി. മാമോദീസാ സ്വീകരിക്കുന്നവര്‍ അവരുടെ യൗവനത്തില്‍ എത്തുമ്പോള്‍ 2052-ല്‍ ദൈവകൃപയാല്‍ ഭാരതത്തിന്റെ ദേശീയ സഭയായ മലങ്കര ഓര്‍ത്തഡോക്സ് സഭ ചരിത്രത്തില്‍ അതിന്റെ രണ്ടാം സഹസ്രാബ്ദം പൂര്‍ത്തിയാക്കും; ദൈവത്തെ സ്തുതിക്കാം.
ലോകചരിത്രത്തില്‍ തന്നെ ഏതെങ്കിലും ഒരു പ്രസ്ഥാനം വളര്‍ച്ചയുടെ പാതയില്‍ രണ്ടായിരം വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന സംഭവങ്ങള്‍ അധികം ഉണ്ടെന്ന് തോന്നുന്നില്ല. മഹാ സാമ്രാജ്യത്വ ശക്തികള്പ്പോലും ഏതാനും നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍ ശിഥിലമായി പോവുകയാണ് പതിവ്. മതങ്ങള്‍ പരിവര്‍ത്തനങ്ങള്‍ക്കു വിധേയപ്പെട്ടുകൊണ്ട് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ജീവിക്കാറുണ്ടെങ്കിലും അനുകൂല സാഹചര്യങ്ങള്‍ ഇല്ലാതെ വരുമ്പോള്‍ അവ പെട്ടെന്ന് വാടിതളരാറുണ്ട്.
വിശ്വാസമെന്ന പാറമേല്‍ പണിയപ്പെട്ട പ. സഭ ദൈവത്തിന്റെ കൈവേലയാകയാല് പാതാള ഗോപുരങ്ങള്‍ക്ക് നശിപ്പിക്കാനാകാത്തവിധം അത് സുദൃഢമായി നിലനില്ക്കുന്നു.
പിറവിയെടുത്ത് അധികകാലം കഴിയുന്നതിനു മുമ്പു തന്നെ ഭാരതത്തില്‍ വിതയ്ക്കപ്പെട്ട ക്രിസ്തുവചനം നല്ല നിലത്ത് വീണ് വളര്‍ന്ന് 30 ഉം 60 ഉം നൂറും മേനിയായി ഫലം പുറപ്പെടുവിക്കുന്ന അനുഭവമായി മലങ്കരസഭയെ കാണാവുന്നതാണ്. ഗുരുവിനോട് വഴിചോദിച്ചറിയുകയും ആ വഴിയിലൂടെ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുകയും ചെയ്ത വി. മാര്‍ത്തോമാ ശ്ലീഹാ റോമാ സാമ്രാജ്യത്തിനപ്പുറത്തേക്ക് കിഴക്കോട്ട് യാത്ര ചെയ്ത് ആദ്യം എഡേസ്സാ ആസ്ഥാനമാക്കി വി. സഭ പണിയുകയും ക്രിസ്താബ്ദം 52-ല്‍ ഭാരതത്തിലെത്തി പ. സഭ സ്ഥാപിക്കുകയും ചെയ്തു. ‘അവനോടു കൂടെ മരിക്കേണ്ടതിന്’ അഥവാ മരണംവരെയും അവനെ പിന്‍പറ്റുന്നതിന് നാമും അവനെ അനുധാവനം ചെയ്യുക എന്ന് സഹ ശിഷ്യരെ പ്രോത്സാഹിപ്പിക്കുകയും, അവര്‍ യഹൂദന്മാരെ ഭയന്ന് ഒളിച്ചു പാര്ത്തപ്പോള് ഭയം കൂടാതെ പുനരുത്ഥാന സത്യം അന്വേഷിച്ച് യെരുശലേമില്‍ സഞ്ചരിക്കുകയും ഒടുവില്‍ സത്യം ബോദ്ധ്യപ്പെട്ടപ്പോള്‍ ‘എന്റെ കര്‍ത്താവും എന്റെ ദൈവവുമേ’ എന്ന് അപ്പോസ്തോലിക വിശ്വാസം പരസ്യമായി പ്രഖ്യാപിച്ച് ഉത്ഥിതനായ യേശു ദൈവം തന്നെയാണെന്ന് സഹശിഷ്യന്മാരെ പഠിപ്പിച്ച് ക്രിസ്തുവിന്റെ മുന്നില്‍ മുട്ടുകുത്തി പ. സഭയുടെ ആരാധനയ്ക്ക് അടിസ്ഥാനം ഇട്ടുവെന്ന് വി. വേദപുസ്തകം (വി. യോഹന്നാന് 20) സാക്ഷിക്കുന്നു.
തന്നെ അയച്ചത് ലോകത്തിന്റെ രക്ഷിതാവും കര്‍ത്താവുമായ സാക്ഷാല്‍ ദൈവമാണെന്നാണ് അവന് ക്രിസ്തുവില്‍ ഈ ലോകത്ത് നമ്മിലേക്ക് അവതരിച്ച് നമ്മെ വീണ്ടെടുത്ത് തന്നിലേക്ക് ചേര്‍ത്ത് ‘വഴിയും സത്യവും ജീവനു’മായി നമ്മെ വീണ്ടെടുത്ത് രക്ഷിച്ചുവെന്നും, അവന് നമ്മെ അസത്യമാര്ഗ്ഗങ്ങളില് നിന്നും സത്യത്തിലേക്കും അന്ധകാരത്തില്‍ നിന്നും തന്റെ അത്ഭുതപ്രകാശത്തിലേക്കും മരണത്തില്‍ നിന്നും ജീവനിലേക്കും നടത്തുന്നുവെന്നും ആകയാല്‍ അവനില്‍ വിശ്വസിച്ച് വി. മാമ്മോദീസാ സ്വീകരിച്ച് അവന്റെ വി. ശരീരവും രക്തവും ഭക്ഷിച്ച് അവന്റെ മാര്‍ഗ്ഗത്തില്‍ നടപ്പിന് എന്നും ശ്ലീഹാ പഠിപ്പിച്ചു. ചിതറിപാര്ത്ത യെഹൂദന്മാരോടൊപ്പം ഭാരതത്തിലെ വിവിധ വിശ്വാസ-ആചാരങ്ങളില്പ്പെട്ടവരും ഒന്നിച്ച് ക്രിസ്തുവില്‍ ഒരു പുതിയ മാനവികത, രാജകീയ-പുരോഹിത വര്‍ഗ്ഗവും വിശുദ്ധ വംശവുമായ ദൈവജനമായി രൂപപ്പെട്ടു. അവര്‍ക്കായി ശ്ലീഹാ ഇടവകകളും പൗരോഹിത്യവും സ്ഥാപിച്ചു നല്കി. അണി മുറിയാതെ നിലനിന്നുപോരുന്ന ആ വി. സഭയുടെ ഇന്നത്ത രൂപമാണല്ലൊ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ. വി. സഭയാണ് താമസംവിനാ അതിന്റെ രണ്ടായിരം വാര്‍ഷികം ആഘോഷിക്കുവാന്‍ ഒരുങ്ങുന്നത്.
മലകളും കരകളും കുന്നുകളും, കുളങ്ങളും, പുഴകളും തടാകങ്ങളും നിറഞ്ഞ് ഉയര്‍ന്ന സഹ്യപര്‍വ്വത നിരകളില്‍ നിന്നും പടിഞ്ഞാറ് അറബികടലിലേക്ക് താഴ്ന്നു കിടക്കുന്ന മലബാര്‍ (യമിസെ ീള വശഹഹെ) ഈ പ്രദേശത്തെ വി. സഭ മലങ്കരസഭ എന്ന് ചരിത്രത്തില്‍ അറിയപ്പെട്ടു. സ്തുതി ചൊവ്വാക്കപ്പെട്ട (ഓര്‍ത്തോ-ദുക്സ്സോ) വിശ്വാസം അത് എക്കാലവും മുറുകെ പിടിച്ച് അതിനെതിരെ വന്ന എല്ലാ വേദവിപരീതങ്ങളെയും പാടേ തോല്പിച്ചോടിച്ചു. ചിതറിപ്പാര്‍ത്ത യഹൂദന്മാരുടെയും അവരോട് സുവിശേഷം പ്രസംഗിച്ച വി. ശ്ലീഹന്മാരുടെയും – നമ്മുടെ കര്‍ത്താവിന്റെയും – സാധാരണ സംസാര ഭാഷയായിരുന്ന അരമായ (പൗരസ്ത്യ സുറിയാനി) ഭാഷയില്‍ ഈ സമൂഹം ആദ്യം മുതല്‍ ആരാധന നടത്തി. അതുകൊണ്ടാണ് ഈ സഭ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ എന്ന് അറിയപ്പെടുന്നത്.
തന്നെ അയച്ചത് ക്രിസ്തുവാണ് എന്നത്രേ ശ്ലീഹാ നമ്മുടെ പൂര്‍വ്വീകരോട് പറഞ്ഞത്. അന്ത്യോഖ്യായില്‍ ഒരു പാത്രിയര്‍ക്കീസ് ഉണ്ടെന്നും അദ്ദേഹമാണ് തന്നെ ഭാരത സുവിശേഷീകരണത്തിന് നിയമിച്ചതെന്നും അതിനാല്‍ നിങ്ങള്‍ എന്നും അന്ത്യോഖ്യായുടെ അടിമനുകത്തിന്‍കീഴില്‍ കഴിയണമെന്നും അദ്ദേഹം നമ്മെ പഠിപ്പിച്ചിട്ടില്ല. മറിച്ച് ക്രിസ്തുവില്‍ നിങ്ങള്‍ പൂര്‍ണ്ണ സ്വതന്ത്രരാണ് എന്നത്ര എല്ലാ ശ്ലീഹന്മാരും അവര്‍ ആരംഭിച്ച സഭകളോട് അറിയിച്ചത്. ‘നിങ്ങളെ ഞങ്ങള്‍ അറിയിച്ചതിന് എതിരായി വേറൊരുവന് വന്ന് അറിയിച്ചാല്‍ അവന് ശപിക്കപ്പട്ടവനെന്ന്’ പ. പൗലൂസ് ശ്ലീഹായും പഠിപ്പിക്കുന്നു.
കാതോലികമായ ശ്ലൈഹിക വിശ്വാസം ഏറ്റുപറയുന്ന ഏവരേയും സ്വീകരിക്കുകയും അവരോട് സഹവര്‍ത്തിക്കുകയും അവരെ കൂട്ടിചേര്‍ത്ത് താദാത്മ്യപ്പെടുകയും ചെയ്യുന്ന പൈതൃകമാണ് മലങ്കരസഭയുടേത്. ഇത് ഭാരതീയ മത-സാംസ്ക്കാരിക സംവിധാനത്തിന്റെ പൊതു സ്വഭാവമാണെന്ന് അറിയാമല്ലൊ. അതുകൊണ്ടുതന്നെ വി. മാര്‍ത്തോമ്മാ ശ്ലീഹായാല്‍ തന്നെ സ്ഥാപിതമായ, പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയായ പേര്‍ഷ്യന്‍ സഭയുമായി ആദ്യകാലം മുതല്‍തന്നെ ഏറെ അടുത്ത ബന്ധം മലങ്കരസഭ നിലനിര്‍ത്തിയിരുന്നു. അവിടെ നിന്നും കച്ചവട സംബന്ധമായി വന്നവരും, പീഡന വിധേയരായി ഓടിപ്പോന്നവരുമെല്ലാം മലങ്കരസഭയില്‍ ഒന്നായി ഒരു വിശ്വാസ സമൂഹമായി വളര്‍ന്നു. അവിടെ നിന്ന് കാലാകാലങ്ങളില്‍ വന്നിരുന്ന പുരോഹിതരെയും നാം സ്വീകരിച്ച് ആദരിച്ചു.
ലോകചരിത്രത്തിലെ ‘ഇരുണ്ട യുഗം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാലഘട്ടത്തിന്റെ ആരംഭം ക്രിസ്താബ്ദം 6-ാം നൂറ്റാണ്ടോടു കൂടെയാണല്ലൊ. ഇക്കാലത്താണ് റോമിന്റെ സാമ്രാജ്യത്ത്വ മനോഭാവം റോമാ സഭയിലേക്കും വ്യാപിക്കുകയും ‘പാപ്പാ’ എന്ന റോമാ സഭയുടെ അധിപന് ലോകസഭയുടെ (ആഗോള) നേതാവ് എന്ന് സ്വയം അവകാശപ്പെട്ടു തുടങ്ങുകയും ചെയ്യുന്നത്. റോമാ സാമ്ര്യാജ്യത്തിന് കീഴിലുള്ളവര്‍ക്ക് ഒരു വലിയ പരിധി വരെ രാഷ്ട്രീയ കാരണങ്ങളാല്‍ ഈ വാദം അനുവദിച്ചു കൊടുക്കേണ്ടി വന്നു. എന്നാല്‍ റോമിന് പുറത്തുള്ള സാര്‍വ്വത്രിക സഭകളായ ഓര്‍ത്തഡോക്സ് സഭകള്‍ ആരും ഈ വാദം വകവച്ചു കൊടുത്തില്ല എന്ന് ചരിത്രം സാക്ഷിക്കുന്നു.
വേദവിപരീതങ്ങളാലും മതപീഡനങ്ങളാലും പേര്‍ഷ്യന്‍ സഭ മിക്കവാറും നെസ്തോറിയന്‍ സഭയായി മാറ്റപ്പെട്ടപ്പോള്‍ അവശേഷിച്ചവരെ സംഘടിപ്പിച്ച് മൂന്നു പൊതു സുന്നഹദോസുകളിലെ സത്യവിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന ഭഗീരഥ പ്രയത്നം വി. യാക്കോബ് ബുര്‍ദാന നടത്തി. ഇതേ വിശ്വാസത്തില്‍ അന്ന് നിലനിന്നിരുന്ന (നിലനിന്നതായി വിശ്വസിക്കപ്പെടുന്ന) അന്ത്യോഖ്യന്‍ ഓര്‍ത്തഡോക്സ് അഥവാ പാശ്ചാത്യ സുറിയാനി സഭയുടെ അദ്ധ്യക്ഷന്‍ ത്രിഗ്രീസ് ആസ്ഥാനമായി പേര്‍ഷ്യയിലെ സ്തുതിചൊവ്വാക്കപ്പെട്ട വിശ്വാസ സമൂഹത്തിന്റെ തലവനായി അവരുടെ ആഗ്രഹവും ആവശ്യവും പരിഗണിച്ച് ഒരു അദ്ധ്യക്ഷനെ വാഴിച്ചു; അദ്ദേഹം ‘ബസേലിയോസ്’ എന്ന സ്ഥാനനാമത്തില്‍ പൗരസ്ത്യ കാതോലിക്കായായി അറിയപ്പെട്ടു.
എന്നാല്‍ റോമിന്റെ സാമ്രാജ്യത്വ അതീശത്വ ഭാവം ഒരു പകര്‍ച്ചവ്യാധിപോലെ പകര്‍ന്നു കിട്ടിയ, റോമാ സാമ്ര്യാജ്യത്തിന്റെ ഭാഗമായിരുന്ന അന്ത്യോഖ്യായുടെ അദ്ധ്യക്ഷനും പൗരസ്ത്യ സഭയുടെ മുകളില്‍ ഒരു മേല്‍ക്കോയ്മാ അവകാശം ഉന്നയിച്ചു! 9-ാം നൂറ്റാണ്ടില്‍ ചേര്‍ക്കപ്പെട്ട ചരിത്രപ്രസിദ്ധമായ കഫര്ത്തൂത്താ സുന്നഹദോസ് ഈ വാദത്തെ പൂര്‍ണ്ണമായി നിരാകരിക്കുകയും പാശ്ചാത്യ സഭാ അദ്ധ്യക്ഷനെ സമന്മാരില് മുമ്പനായി മാത്രം ബഹുമാനിക്കുകയും ചെയ്തു.
വി. പത്രോസ് ശ്ലീഹായും വി. തോമ്മാ ശ്ലീഹായും മറ്റു ശ്ലീഹന്മാരും അപ്പോസ്തോലികതയില് സമന്മാരും എന്നാല്‍ ശ്ലീഹന്മാരില്‍ മൂപ്പനായ വി. പത്രോസ് ശ്ലീഹായ്ക്ക് അവരില്‍ ഒന്നാം സ്ഥാനം നല്‍കുകയും ചെയ്തതുപോലെ വി. പത്രോസിന്റെ പിന്‍ഗാമിയും വി. തോമ്മാ ശ്ലീഹായുടെ പിന്‍ഗാമിയും കൂടിവരുമ്പോള്‍ വി. പത്രോസിന്റെ പിന്‍ഗാമിക്ക് സമന്മാരില് മുമ്പന്‍ എന്ന സ്ഥാനം അനുവദിച്ചു നല്കി എന്ന് സാരം.
മലങ്കരസഭയ്ക്ക് അന്ത്യോഖ്യായിലെ പത്രോസിന്റെ പിന്‍ഗാമിയോട് യാതൊരു പ്രത്യേക ബന്ധങ്ങളും 19-ാം നൂറ്റാണ്ടു വരെ ഉണ്ടായിരുന്നില്ല. മറിച്ച് നാം കണ്ടതുപോലെ പൗരസ്ത്യ ശ്ലൈഹിക സഭയുടെ അദ്ധ്യക്ഷന്മാരായ വി. മാര്തോമ്മാ ശ്ലീഹായുടെ പിന്ഗാമിമാരായിരുന്ന പ. ബസ്സേലിയോസുമാരോട് എക്കാലത്തും നല്ല സഹോദരബന്ധം ഉണ്ടായിരുന്നു താനും. ഏറെ ഊഷ്മളമായ ഈ ബന്ധത്തിന്റെ ചരിത്രത്തില്‍ അറിയപ്പെടുന്ന എടുത്തു പറയേണ്ട കണ്ണികളാണ് പൗരസ്ത്യ കാതോലിക്കായായിരുന്ന ബസ്സേലിയോസ് യല്‍ദോ ബാവാ (കോതമംഗലം ബാവാ) യും ശക്രള്ളാ മാര്‍ ബസ്സേലിയോസ് (ശക്രള്ളാ മഫ്രിയാനാ) ബാവായും. യഥാക്രമം 1685-ലും 1757-ലുമാണ് ഈ പിതാക്കന്മാര് മലങ്കരയില്‍ എത്തുന്നതും രണ്ടുപേരും ഇവിടെ വച്ച് കാലം ചെയ്യുന്നതും. മലങ്കരസഭയ്ക്ക് മറക്കാനാകാത്ത സംഭാവനകള്‍ നല്കി; എന്നാല്‍ മലങ്കരസഭയോട് ഇവര്‍ ഒരു തരത്തിലും സാമ്രാജ്യത്വ അധീശത്വഭാവം എടുത്തില്ല എന്ന് ഓര്‍ക്കണം.
1665-ല്‍ മലങ്കരയില്‍ വന്ന അബ്ദുള്‍ ജലീല്‍ മാര്‍ ഗ്രീഗോറിയോസും (യെരുശലേം കാതോലിക്കാ / പാത്രിയര്‍ക്കീസ്) അധീശത്വം നേടുവാന്‍ ശ്രമിച്ചതായി അധികം രേഖകള്‍ കാണുന്നില്ല. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യദശകങ്ങളില്‍ പാലക്കുന്നത്ത് അത്താനാസ്യോസിന്റെ അനധികൃത മേല്പട്ട സ്വീകരണത്തിന്റെ ഫലമായി മലങ്കരയിലേക്ക് ഒരു കവാടം (ഋിൃ്യേ ജമൈ) തുറന്നു കിട്ടിയ അന്നു മുതല്‍ റോമിന്റെ അധീശ സ്വഭാവത്തിന്റെ തനി പകര്‍പ്പായ അന്ത്യോഖ്യാ അവരുടെ അധീശത്വം മലങ്കരയില്‍ അടിച്ചേല്പിക്കുവാന് ആരംഭിച്ചു. ഇന്നും ആ ശ്രമങ്ങള്‍ നിര്‍ബാധം അവര്‍ തുടരുന്നു.
ഭാഗ്യസ്മരണാര്‍ഹരായ മലങ്കരയുടെ ദീവന്നാസ്യോസുമാരുടെ കാലത്തു തന്നെ ഈ നീക്കത്തെ മലങ്കര അപലപിക്കുകയും ചെറുക്കുകയും ചെയ്തിട്ടുള്ളതായി കാണാം. 1875-ലെ മുളന്തുരുത്തി സുന്നഹദോസ് മുതല്‍ മലങ്കരയുടെ ലൗകിക അധികാരം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് തീറെഴുതണമെന്ന വാദം പത്രോസ് മൂന്നാമന് നിഷ്കര്‍ഷിക്കുന്നതും ‘സാധ്യമല്ല’ എന്ന് അന്നത്തെ മലങ്കര മെത്രാപ്പോലീത്താ ‘സഭാതേജസ്സ്’ ദീവന്നാസ്യോസ് ജോസഫ് പുലിക്കോട്ടില്‍ രണ്ടാമന്റ അദ്ധ്യക്ഷതയില്‍ സഭ ഒന്നിച്ച് പറയുകയും ചെയ്യുന്നതായി കാണുന്നു.
പ്രതിസന്ധികള്‍ക്ക് ശ്വാശ്വത പരിഹാരം എന്ന വിധത്തിലാണ് മലങ്കരസഭാ ഭാസുരന്‍ പ. വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് ദീവന്നാസ്യോസിന്റെ കാലത്ത് അന്നത്തെ കാനോനിക പാത്രിയര്‍ക്കീസ് ബാവ പൗരസ്ത്യ സിംഹാസനം തന്നെ മലങ്കരയില്‍ സ്ഥാപിക്കുന്നതും മലങ്കരയില്‍ ആദ്യമായി ബസ്സേലിയോസ് എന്ന നാമത്തില്‍ കാതോലിക്കാ സ്ഥാനം സാധ്യമാക്കുന്നതും. പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ പിന്‍ഗാമിമാര്‍ കാതോലിക്കാമാരായിരുന്നതും, ആ പാരമ്പര്യത്തിലെ പേര്‍ഷ്യന്‍ സഭയില്‍ 1865-ഓടെ കാതോലിക്കാ സ്ഥാനി അന്യം നിന്നതുമായ സാഹചര്യത്തില്‍ അതേ പാരമ്പര്യത്തിലുള്ള പൗരസ്ത്യ സുറിയാനി സഭയായ മലങ്കരയില്‍ ഈ സ്ഥാപനം സംരക്ഷിക്കപ്പെടുമെന്ന ഉയര്‍ന്ന വീക്ഷണമാണ് അന്നത്തെ പ. പിതാക്കന്മാരെ ഭരിച്ചത്. അതിന്റെ ഫലമായിരുന്നു 1912-ലെ കാതോലിക്കേറ്റ്.
എന്നാല്‍ അധീശത്വഭാവവും ആത്മീയകോളനിവല്ക്കരണത്തിലൂടെ മലങ്കരയെ അടിമത്വത്തില്‍ എക്കാലവും നിലനിര്‍ത്തി കൊള്ളയടിക്കാമെന്ന സ്വാര്‍ത്ഥമോഹവും പൂണ്ട അബ്ദള്ളായും പിന്‍ഗാമികളും തങ്ങളുടെ പൂര്വ്വീകന് പ. അബ്ദേദ് മശിഹായുടെ നടപടികളെ അവമതിക്കുകയും പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക പാരമ്പര്യത്തെ തള്ളിപറയുവാന്‍ ഇവിടെ സംവിധാനങ്ങള്‍ ഒരുക്കി തുടങ്ങുകയും ചെയ്തു.
ഈ പൈശാചിക നീക്കത്തിന് തടയിടുന്ന പ്രക്രിയയിലാണ് മലങ്കരയില്‍ 1934-ലെ ഭരണഘടന ഉണ്ടാകുന്നതും ആ ഭരണഘടനയ്ക്ക് അനുസൃതമായി സുശക്തമായ സഭ നിലനില്ക്കുന്നതും. കറതീര്‍ന്ന ഈ ഭരണസംവിധാനത്തെ അന്ത്യോക്യന്‍ പക്ഷം എന്ന് സ്വയം വിളിക്കുന്നവര്‍ ചോദ്യം ചെയ്തപ്പോള്‍ 1958-ല്‍ ഭാരതത്തിന്റെ പരമോന്നത കോടതി അവയെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. അന്നത്തെ മലങ്കര മെത്രാപ്പോലീത്തായും പൗരസ്ത്യ കാതോലിക്കായുമായ ബസ്സേലിയോസ് ഗീവറുഗ്ഗീസ് ദ്വിതീയന്‍ ബാവായുടെ ശ്രേഷ്ഠതയില്‍ വിഘടനക്കാരെ നിരുപാധികം പ. സഭയില്‍ ചേര്‍ത്തു. ഒരു സഭയായി ഒരു ദശാബ്ദത്തിലധികം സാക്ഷ്യത്തോട പ. സഭ വളര്‍ന്നു.
എന്നാല്‍ വിധി കാലഹരണപ്പെട്ടപ്പോള്‍ ‘സാത്താന്’ പുതിയ രൂപത്തിലും ഭാവത്തിലും അവതരിച്ച് പ. സഭയ്ക്ക് എതിരെ നിലകൊണ്ടു. 1974 മുതല്‍ 2017 ജൂലൈ 3 വരെയുള്ള കാലം നമ്മുടെ ഓര്‍മ്മയിലുള്ളതിനാല്‍ പ്രത്യേകം പരാമര്ശിക്കേണ്ടതില്ലല്ലൊ.
അന്ത്യോഖ്യായുടെ പേരു പറഞ്ഞ് വിശ്വാസികളെ തെറ്റുധരിപ്പിച്ച് തെരുവുയുദ്ധങ്ങളും പള്ളി പിടുത്തവും നടത്തി സഭയെ ഉപദ്രവിക്കുകയും സമൂഹമദ്ധ്യത്തില്‍ ക്രൈസ്തവ സാക്ഷ്യം നഷ്ടപ്പെടുത്തുകയും ചെയ്തു. അധര്‍മ്മവും അക്രമവും കൈമുതലാക്കുകയും ആയതിന് അവിശുദ്ധ രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിക്കുകയും ചെയ്തപ്പോള്‍ 400-ലധികം പള്ളികള്‍ ഈ കൂട്ടര് മുഷ്ടി ബലത്താല്‍ കൈവശപ്പെടുത്തി.
1995-ല്‍ രാജ്യത്തിന്റെ പരമോന്നത നീതിപീഠം വീണ്ടും വിധി പ്രഖ്യാപിച്ചപ്പോള്‍ പ്രശ്നങ്ങള്‍ തീര്‍ത്ത് സഭാഗാത്രം ഒന്നായി തീരണമന്ന് അതിയായ ആഗ്രഹത്തോട പ. മാത്യൂസ് ദ്വിതീയന്‍ ബാവായുടെ നേതൃത്വത്തിലും പരിശ്രമങ്ങള്‍ നടത്തി. എന്നാല്‍ ഒരു സമാധാനശ്രമങ്ങള്‍ക്കും വഴങ്ങാതെ പള്ളികള്‍ കൈവശം വയ്ക്കുകയും ഏതാനും വിശ്വാസികളെ നിഷ്ക്കരുണം വധിക്കുകയുമൊക്കെ ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു.
7 വര്‍ഷത്തെ സമാധാന ശ്രമങ്ങള്‍ക്കൊടുവില്‍ ബ. സുപ്രീം കോടതി തന്നെ നിര്‍ദ്ദേശിച്ചവിധം പ. സഭയുടെ ഒരു സമ്പൂര്‍ണ്ണ സമ്മേളനം – അസ്സോസിയേഷന് യോഗം – പ. പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന പള്ളിയങ്കണത്തില്‍ പ്രാര്‍ത്ഥനയോടെ ചേര്‍ന്ന് അന്നത്തെ മലങ്കരമെത്രാപ്പോലീത്തായും പൗരസ്ത്യ കാതോലിക്കായുമായ പ. ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ തെരഞ്ഞെടുപ്പിനെ സാധൂകരിച്ച് സ്ഥീരീകരിച്ചു. എന്നാല്‍ അന്നേദിവസം തന്നെ പുത്തന്‍കുരിശില്‍ സമാന്തരയോഗം വിളിച്ചുചേര്‍ത്ത് ‘അന്ത്യോഖ്യാ ഭക്തന്മാര്’ അവരുടെ അടിമത്തം ആവര്‍ത്തിക്കുകയും ഒരു അടിമത്ത ഭരണഘടനയുണ്ടാക്കുകയും അതിലൂടെ പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തെ അവഹേളിക്കുകയും ചെയ്യുകയാണുണ്ടായത്. ബ. സുപ്രീംകോടതിയുടെ പ്രത്യേക നിരീക്ഷണത്തില്‍ നടന്ന യോഗത്തെ ബഹിഷ്ക്കരിച്ചതിലൂടെ ഇക്കൂട്ടര്‍ ഭാരതത്തിന്റെ ഭരണസംവിധാനത്തെയാണ് ഇകഴ്ത്തിയതും അനുസരിക്കാതിരുന്നതും എന്നും ചരിത്രം സാക്ഷിക്കുന്നു.
ഒരു ഭാഗത്ത് അപ്പീലുകളും മറുഭാഗത്ത് അക്രമവുമായി അവര്‍ യാത്ര തുടര്‍ന്നു. സഭാഗാത്രത്തിലുടനീളം ഇടവകകളിലും ഭവനങ്ങളിലും അശാന്തി പരത്തുവാനും അരാജകത്വം സൃഷ്ടിക്കുവാനും സാധിച്ചതൊഴിച്ചാല്‍ ശാശ്വതമായി ഒന്നും നേടുവാന്‍ ഇക്കൂട്ടര്‍ക്ക് സാധിച്ചില്ല. സഭാഗാത്രം മുറിച്ച് രക്തം വാര്‍ന്നൊലിക്കുമ്പോള്‍ അത് നുണഞ്ഞ് തടിച്ചു കൊഴുക്കുവാന്‍ അനേകംപേര്‍ വിശ്വാസ-സംരക്ഷണ വാദത്തിന്റെ പേരില്‍ മലങ്കരയില്‍ യഥേഷ്ടം വിഹരിച്ചു കൊണ്ടിരുന്നു.
സമാന്തര ഭരണം പൂര്‍ണ്ണമായും അവസാനിക്കണമെന്ന അന്ത്യശാസനവുമായി 2017-ലെ പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാളായ ജൂലൈ 3-ന് ബ. സുപ്രീംകോടതി തീര്‍പ്പു കല്പിച്ചപ്പോഴും പ. സഭ പ. ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ ബാവ തിരുമേനിയുടെ നേതൃത്വത്തില്‍ വി
പ. മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ പൗരസ്ത്യ ഓര്‍ത്തഡോക്സ് സുറിയാനി സഭ ഏകവും വിശുദ്ധവും കാതോലികവും അപ്പോസ്തോലികവുമാണ്. പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കുകയില്ല. ‘പ. സഭയെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ സ്വയം തകരുമെന്ന്’ പ. സിംഹാസനത്തില്‍ നിന്നും പ്രവാചക ശബ്ദം ഉയരുന്നു. തകര്‍ക്കപ്പെട്ട് ഇല്ലാതായി തലമുറകളിലേക്ക് ശാപം വര്‍ദ്ധിപ്പിക്കുന്നതിനു പകരം പ. സഭാഗാത്രത്തിലേക്ക് തിരികെ വന്ന് പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ വിശുദ്ധ പാരമ്പര്യത്തില്‍ ഉറച്ചുനിന്ന് ദൈവത്തെ സ്തുതിക്കുവാനും അന്ത്യോഖ്യയിലെ സുറിയാനി സഭ ഉള്‍പ്പെടെയുള്ള എല്ലാ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളോടും ഒന്നിച്ച് സര്‍വ്വ ലോകത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുവാനും ഇടയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.