ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ നിലപാട് ദൗര്‍ഭാഗ്യകരം: ഓര്‍ത്തഡോക്‌സ് സഭ


കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പളളി സെമിത്തേരികളില്‍ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജോര്‍ജ് കുര്യന്‍ കൈക്കൊണ്ടിരിക്കുന്ന നിലപാട് ഏറെ ദൗര്‍ഭാഗ്യകരമെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഇടവകാംഗമല്ലാത്ത ആര്‍ക്കും ഇടവകപളളി സെമിത്തേരിയില്‍ മൃതശരീരം സംസ്‌കരിക്കപ്പെടുവാന്‍ അവകാശമില്ലെന്ന് 2017 ലെ സുപ്രീം കോടതി വിധിയില്‍ വ്യക്തമായി പറയുന്നു. പളളി സെമിത്തേരികള്‍ പൊതുശ്മശാനമാക്കാനാവുകയില്ല.
ഇടവകപളളി സെമിത്തേരി ഇടവകാംഗങ്ങളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുവാന്‍ മാത്രമുളളതാണ്. വികാരിയുടെ അനുവാദത്തോടെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലാണ് സംസ്‌കാരം നടത്തപ്പെടുന്നത്. കായംകുളം കാദീശാ ഓര്‍ത്തഡോക്‌സ് പളളിയില്‍ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണ്. കഴിഞ്ഞ ദിവസം മരണപ്പെട്ടവര്‍ ഇടവകാംഗങ്ങള്‍ ആയിരുന്നില്ല. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഭരണഘടനയനുസരിച്ച് പൂര്‍ണ്ണ ബഹുമതികളോടെ സംസ്‌കാരം നടത്തികൊടുക്കാമെന്ന് വികാരി അറിയിച്ചിരുന്നു. ശ്രീ. ജോര്‍ജ് കുര്യന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാകാമെന്ന് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പ്രസ്താവിച്ചു.