സഭാമക്കളുടെ വിശ്വാസ തീക്ഷ്ണതയില്‍ അഭിമാനം: മാര്‍ നിക്കോളോവോസ്

മിഡ്ലാന്‍ഡ് പാര്‍ക്ക്: അത്യാധുനികതയുടെ ധാരാളിത്തത്തിലും ജീവിത സൗകര്യങ്ങളുടെ നടുവിലും ജീവിക്കുമ്പോഴും സഭയെയും വിശ്വാസത്തെയും പറ്റിയുള്ള ഭദ്രാസന ജനങ്ങളുടെ കാഴ്ചപ്പാട് തികച്ചും ശ്ലാഘനീയമാണെന്ന് സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. ഇവിടെ ജീവിക്കുവാന്‍ നമുക്കു ദൈവം വഴിയൊരുക്കി തന്നു. അഭിമാനപുരസരം പറയട്ടെ, ഇവിടുത്തെ വെല്ലുവിളികള്‍ക്കിടയിലും നമ്മുടെ പൈതൃകവും വിശ്വാസതീക്ഷ്ണതയും നമ്മള്‍ ഉയര്‍ത്തിപ്പിടിച്ചു. സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്ന ഭദ്രാസന അസംബ്ലിയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍.

ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററില്‍ ഇക്കഴിഞ്ഞ ദിവസം നടന്ന ക്യാമ്പില്‍ നടന്ന പരിപാടികള്‍ കണ്ട് ബോധ്യപ്പെട്ടാണ് ഇതു പറയുന്നത്. മുപ്പതില്‍പരം യുവജനങ്ങളാണ് അവിടെ പങ്കെടുത്തത്. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ സഭ അനുശാസിക്കുന്ന എല്ലാ യാമപ്രാര്‍ത്ഥനകളിലും എല്ലാവരും സന്നിഹിതരായിരുന്നു. ഈ ചിട്ടക്കും ശിക്ഷണത്തിനും അടിസ്ഥാനം നമ്മുടെ വേരുകളാണ്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വേരുകള്‍ ആരൂഢമായിരിക്കുന്നത് കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള വേദത്തിന്‍റെയും പൈതൃകത്തിന്‍റെയും വിശ്വാസതീക്ഷ്ണതയുടെയും ഉറച്ച അസ്ഥിവാരത്തിലാണ്. ദൈവജനത്തിന്‍റെ പ്രതിനിധികളായ നമുക്ക് മുന്നോട്ടുള്ള പാതയില്‍ എപ്പോഴും ഓര്‍ത്തിരിക്കേണ്ടതും അതു തന്നെയാണെന്ന് മാര്‍ നിക്കോളോവോസ് ഓര്‍മ്മിപ്പിച്ചു.

അസംബ്ലിക്ക് ആമുഖമായി ധ്യാനയോഗം നയിച്ച ഫാ. എബി പൗലൂസ് സങ്കീര്‍ത്തനങ്ങള്‍ 19-ാം ്അധ്യായം 13-14 വാക്യങ്ങളെ അടിസ്ഥാനമാക്കി ഹൃദയസ്പര്‍ശിയായ രീതിയിലാണ് സംസാരിച്ചത്. ശുശ്രൂഷിക്കുന്ന ഇടവകകളില്‍, ചെയ്യുന്ന ജോലികളില്‍, ആയിരിക്കുന്ന സ്ഥലത്ത് ഒക്കെ ദൈവാശ്രയ ബോധത്തോടെ, ദൈവസാന്നിധ്യത്തില്‍ നിറഞ്ഞ്, നന്മതിന്മകളെ തിരിച്ചറിയുന്നവരായി ജീവിക്കുവാന്‍ സാധിക്കണം. വി. പൗലോസിന്‍റെ ജീവിതത്തിലുണ്ടായ വഴിത്തിരിവ് പോലെ, ശ്ലീഹന്മാര്‍ക്ക് ഉണ്ടായ പരിവര്‍ത്തനം പോലെ, ഈ നോമ്പ്കാലത്ത് ഒരു വഴിത്തിരിവ് ഉണ്ടാക്കുവാന്‍ ഇടയാവണം. തോറ്റു കൊടുത്തു കൊണ്ട് ദൈവ ഇച്ഛ പ്രകാരം നടക്കുവാന്‍, ജീവിക്കുവാന്‍ ഇടയാവണം, ദൈവം വഴി നടത്തുന്നു എന്ന ബോധ്യമുണ്ടാവണം, ശക്തമായിരുന്നു എബി അച്ചന്‍റെ വാക്കുകള്‍.

ഭദ്രാസന സെക്രട്ടറി ഫാ. സുജിത് തോമസ് ഭദ്രാസന മെത്രാപ്പോലീത്തയുടെ കല്പന വായിച്ചതോടെയാണ് യോഗനടപടികള്‍ ആരംഭിച്ചത്. മുന്‍ അസംബ്ലിയുടെ മിനിട്സ് വായിച്ചത്, വെരി റവ. പൗലൂസ് ആദായി കോര്‍ എപ്പിസ്കോപ്പയുടെ നിര്‍ദ്ദേശത്തോടെയും പോള്‍ കറുകപ്പിള്ളിയുടെ പിന്താങ്ങലിലൂടെയും ഐകകണ്ഠ്യേന പാസ്സാക്കുകയുണ്ടായി. വാര്‍ഷിക കണക്കുകള്‍ ഓഡിറ്റര്‍ തമ്പി നൈനാന്‍ അവതരിപ്പിച്ചു. വെരി. റവ. സി.ജെ. ജോണ്‍സണ്‍ കോര്‍ എപ്പിസ്കോപ്പ നിര്‍ദേശിക്കുകയും, ഫാ. ഡോ. സി.കെ. രാജന്‍ പിന്താങ്ങുകയും ചെയ്തതോടെ റിപ്പോര്‍ട്ടുകള്‍ ഐകകണ്ഠ്യേന പാസാക്കി. പുതിയ വര്‍ഷത്തേക്കുള്ള ബജറ്റും അവതരിപ്പിച്ചു.

ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററിന് 1.6 മില്യന്‍റെ വ്യക്തിപരമായ കടം ഇപ്പോഴുമുണ്ട്. ഇത് മൂന്നു വര്‍ഷം കൊണ്ടു കൊടുത്തു തീര്‍ക്കേണ്ടതായുണ്ട്. ഭദ്രാസന വിഹിതമായി വിവിധ ഇടവകകളില്‍ നിന്നും 97.5 ശതമാനം പിരിഞ്ഞു കിട്ടി. കൊച്ച് ഇടവകകള്‍ ലയിച്ചു വലിയ ഇടവകകളായി മാറുവാന്‍ ഇടയാകട്ടെ എന്നും മാര്‍ നിക്കോളോവോസ് ആശംസിച്ചു.

ഭദ്രാസന വിഹിതമായി ഓരോ കുടുംബവും നല്‍കുന്ന 90 ഡോളര്‍ എന്നത് 120 ഡോളറായി വര്‍ദ്ധിപ്പിക്കുവാനും അസംബ്ലിയില്‍ തീരുമാനമായി.

ഭദ്രാസന സെക്രട്ടറി ഫാ. സുജിത് തോമസ്, കൗണ്‍സില്‍ അംഗങ്ങളായ ഫാ. മാത്യു തോമസ്, ഫാ. ബാബു കെ. മാത്യു, ഡോ. ഫിലിപ്പ് ജോര്‍ജ്, സജി എം. പോത്തന്‍, സാജന്‍ മാത്യു, സന്തോഷ് മത്തായി എന്നിവര്‍ നേതൃത്വം നല്‍കി. ഭദ്രാസനത്തിലെ 54 ഇടവകകളില്‍ നിന്നായി 40 വൈദികരും 51 പ്രതിനിധികളും പങ്കെടുത്തു. സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഫാ. ഡോ. ലാബി ജോര്‍ജ് പനയ്ക്കാമറ്റം, റോയി എണ്ണച്ചേരില്‍, ജോര്‍ജ് തുമ്പയില്‍, ജോസഫ് ഏബ്രഹാം എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.

മെത്രാപ്പോലീത്തയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫാ.എബി ജോര്‍ജ് റെക്കോര്‍ഡിങ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

സ്ഥാനമൊഴിഞ്ഞ ഭദ്രാസന സെക്രട്ടറി ഫാ. സുജിത് തോമസിനു പകരം ഫാ. ഡോ. വറുഗീസ് എം. ഡാനിയലിനെ പുതിയ ഭദ്രാസന സെക്രട്ടറിയായി അസംബ്ലി തെരഞ്ഞെടുത്തു. റിട്രീറ്റ് സെന്‍ററിന്‍റെ ഡയറക്ടര്‍ ആയി ഫാ. എം. കെ. കുര്യാക്കോസിനെയും തെരഞ്ഞെടുത്തു. ആതിഥേയ ഇടവകയായ സെന്‍റ് സ്റ്റീഫന്‍സ് ദേവാലയ വികാരി ഫാ. ബാബു കെ. മാത്യുവിന്‍റെ നേതൃത്വത്തില്‍ ഇടവക ഭാരവാഹികളും ജനങ്ങളും വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നത്.