സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം: മലങ്കര സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റേത് ഒരേ സമീപനം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സമവായത്തിലൂടെ വിധി നടപ്പാക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ കോടതി വിധി നടപ്പാക്കാന്‍ വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ കഴിഞ്ഞ ദിവസം സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കട്ടച്ചിറ, വാരിക്കോലി പള്ളികൾ നൽകിയ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം. കേരള സര്‍ക്കാര്‍ നിയമത്തിന് മുകളിലാണോ എന്ന് കോടതി ചോദിച്ചു. കോടതി വിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലിൽ അടയ്ക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര മുന്നറിയിപ്പ് നല്‍കിയിരുന്നു.

സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് പരാതി നല്‍കുമെന്ന് വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭയും രംഗത്തെത്തിയിരുന്നു. സഭയ്ക്ക് അനുകൂലമായ വിധി വന്നിട്ടും നടപ്പാക്കിത്തരേണ്ടവര്‍ അത് ചെയ്യുന്നില്ല. പിറവം പള്ളിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യു ടേണ്‍ എടുത്തു. തെര‍ഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്‍ദാനങ്ങളൊന്നും എല്‍ഡിഎഫ് പാലിച്ചില്ല. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ബസേലിയോട് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ആവശ്യപ്പെട്ടിരുന്നു.

Source

ആന്റണി ജോണിന്റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ വിവിധ പള്ളികളില്‍ ആരാധന നടത്തുന്നത് സംബന്ധിച്ച തര്‍ക്കം ദീര്‍ഘകാലമായി നിലനില്‍ക്കുന്നതാണ്. 03.07.2017 ലെ ബഹു. സുപ്രീംകോടതിയുടെ വിധിയനുസരിച്ച് സഭാകാര്യങ്ങളില്‍ 1934 ലെ ഭരണഘടനയാണ് ഇരുവിഭാഗങ്ങളും അംഗീകരിക്കേണ്ടത്.

എന്നാല്‍, ബഹു. സുപ്രീംകോടതിയുടെ വിധിന്യായത്തില്‍, രണ്ട് സഭയും പിന്തുടരുന്ന വിശുദ്ധ മതത്തിന്റെ പാവനതയ്ക്കുവേണ്ടിയും, ഇനിയും സ്ഥാപനത്തിന്റെ ജീര്‍ണ്ണത ഒഴിവാക്കാനായും, തര്‍ക്കവും അനിഷ്ട സംഭവങ്ങളും തുടരാതിരിക്കാനായും, അഭിപ്രായഭിന്നതകള്‍ പരിഹരിക്കുന്നതിന് ആവശ്യമെങ്കില്‍ 1934 ലെ ഭരണഘടന നിയമപ്രകാരം ഭേദഗതി ചെയ്ത് ഒരു പൊതുവേദിയില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയാണ് വേണ്ടത്. എന്നാല്‍, അത് ഒരിക്കലും പള്ളികളില്‍ സമാന്തര ഭരണസംവിധാനം ഉണ്ടാക്കാനോ, ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാനോ, പള്ളികള്‍ അടച്ചുപൂട്ടുന്ന നിലയില്‍ എത്തിക്കാനോ ആവരുത്. അത് അംഗീകരിക്കാവുന്നതല്ല എന്ന് വിധിയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഇത് കാണിക്കുന്നത് വിധി നടപ്പിലാക്കുമ്പോള്‍ പള്ളികളില്‍ ക്രമസമാധാന പ്രശ്‌നമോ അടച്ചുപൂട്ടുന്ന നിലയോ ഉണ്ടാക്കാതെ പ്രവര്‍ത്തിക്കണമെന്നാണ്. അതിന്റെ അടിസ്ഥാനത്തില്‍ വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇരുസഭകളിലുംപെട്ട സമാധാനകാംക്ഷികളായവരുമായി സര്‍ക്കാര്‍ പല ആവര്‍ത്തി സമവായ സംഭാഷണങ്ങള്‍ നടത്തുകയുണ്ടായി.

അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാനപാലനത്തിനും ആവശ്യമായ ഘട്ടങ്ങളില്‍ പോലീസ് ഇടപെടലും വേണ്ടിവന്നു. വിശ്വാസികള്‍ക്ക് അവരുടെ ആരാധനയ്ക്കുള്ള തടസ്സമാകുന്ന ഒരു സാഹചര്യവും ഉണ്ടാകരുതെന്നുള്ള എന്ന സര്‍ക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ ഭാഗമായിരുന്നു അത്.

സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അങ്ങനെ നടപ്പിലാക്കുമ്പോള്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കി അത് പ്രാവര്‍ത്തികമാക്കാനുള്ള ശ്രമമാണ് നടത്താറുള്ളത്. ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പിലാക്കുന്ന കാര്യത്തിലുള്‍പ്പെടെ ഇത്തരത്തിലുള്ള ഒരു സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കാര്യത്തില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യം ആരോപിക്കുന്ന ഹര്‍ജി സുപ്രീംകോടതിയില്‍ നേരത്തേ വന്നിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി ഇക്കാര്യത്തില്‍ സ്വീകരിക്കാനാവില്ല എന്ന കാര്യം സുപ്രീംകോടതി ആ അവസരത്തില്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യം ആരോപിക്കുന്ന ഹര്‍ജി ഹര്‍ജിക്കാരന്‍ പിന്‍വലിക്കുകയും ചെയ്ത സംഭവം നേരത്തേ ഉണ്ടായിട്ടുണ്ട്. കോടതി ഇത് സംബന്ധിച്ച് പുറപ്പെടുവിക്കുന്ന ഏതു വിധിയും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

സുപ്രീംകോടതി വിധി അതില്‍ പറയുന്ന പ്രകാരവും കേസിന്റെ സവിശേഷതകളെ കണക്കിലെടുത്തുകൊണ്ടും സമാധാനപരമായി നടപ്പിലാക്കാനാണ് എക്കാലത്തും സര്‍ക്കാര്‍ പരിശ്രമിച്ചിട്ടുള്ളത്. കോടതി വിധിയെ ബഹുമാനിച്ചുകൊണ്ടുള്ള സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ എക്കാലത്തും കാണിച്ചിട്ടുള്ളത്.

അതില്‍ നിന്നും വ്യത്യസ്തമായ സമീപനം ഒരു വിധിയുടെ കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചില്ല. ഇക്കാര്യത്തിലും സുപ്രീംകോടതി വിധി കഴിയുന്നത്ര സമാധാനപരമായും സമവായത്തോടും നടപ്പിലാക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ടായിരിക്കും നടപ്പിലാക്കുക.

PRESS MEET LIVE FROM DEVALOKAM ARAMANA..

Gepostet von GregorianTV am Mittwoch, 3. Juli 2019