ഓ.വി.ബി.എസിന്‌ വർണ്ണശബളമായ സമാപനം

സെന്റ്‌ ഗ്രീഗോറിയോസ്‌ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ഓ.വി.ബി.എസിന്‌ വർണ്ണശബളമായ സമാപനം

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ ജൂബിലി വേദമഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ്‌ വെക്കേഷൻ ബൈബിൾ സ്ക്കൂൾ 2019-ന്‌ സമാപനം കുറിച്ചു.

നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയാങ്കണത്തിൽ നടന്ന കുട്ടികളുടെ വർണ്ണശബളമായ ഘോഷയാത്രയെ തുടർന്ന്‌ ഓ.വി.ബി.എസ്‌. ഗായക സംഘത്തിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ, സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക വികാരി ഫാ. ജേക്കബ്‌ തോമസ്‌ അദ്ധ്യക്ഷത വഹിച്ചു. സണ്ഡേസ്ക്കൂൾ ഹെഡ്മാസ്റ്റർ കുര്യൻ വർഗ്ഗീസ്‌ സ്വാഗതവും, മഹാഇടവക സെക്രട്ടറി ജിജി ജോൺ നന്ദിയും രേഖപ്പെടുത്തി.

ഓ.വി.ബി.എസ്‌. ഡയറക്ടർ ഫാ. ബിജോയ്‌ ജോർജ്ജ്‌, ഇടവക സഹവികാരി ഫാ. ജിജു ജോർജ്ജ്‌,ഇടവക ട്രഷറാർ മോണീഷ്‌ പി. ജോർജ്ജ്‌, സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം കോശി മാത്യൂ, ഭദ്രാസന കൗൺസിൽ മെംബർഎബ്രഹാം സി. അലക്സ്, സണ്ഡേസ്ക്കൂൾ ട്രഷറാർ ഫിലിപ്സ്‌ ജോൺ, ഓ.വി.ബി.എസ്‌. സ്റ്റാർ സെലക്ഷൻ കമ്മിറ്റി കോർഡിനേറ്റർ പി.സി. ജോർജ്ജ്‌, സൺഡേസ്ക്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഷിബു പി. അലക്സ്‌,സണ്ഡേസ്ക്കൂൾ സെക്രട്ടറി എബി സാമുവേൽ,  ഓ.വി.ബി.എസ്‌. സൂപ്രണ്ട്‌ മനോജ്‌ തോമസ്‌ എന്നിവർ പ്രസംഗിച്ചു. ഓ.വി.ബി. എസ്‌. ഡെപ്യൂട്ടി സൂപ്രണ്ട്‌ ജേക്കബ്‌ റോയ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഓ.വി.ബി.എസ്‌.സ്റ്റാർ-2019 ആയി ജെഫി ആൻ സജിയെയും, റണ്ണർ-അപ്പായി നേഹാ സാറാ വറുഗീസിനെയും തെരഞ്ഞെടുത്തു.

സണ്ഡേസ്ക്കൂൾ ഹെഡ്ബോയ്‌ ഫെബിൻ ജോൺ ബിജു, ഹെഡ്ഗേൾ സാനിയ സൂസൻ സുനിൽ എന്നിവർ ചേർന്ന്‌ പതാക താഴ്ത്തിയതോടു കൂടി ചടങ്ങുകൾ അവസാനിച്ചു. കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ സമാപന ചടങ്ങുകൾക്ക്‌ കൊഴുപ്പേകി.

‘നല്ലത്‌ തെരഞ്ഞെടുക്കാം’ എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ച അവധിക്കാല വേദപഠന ക്ലാസിൽ 600-ഓളം കുട്ടികളും 67 അദ്ധ്യാപകരും പങ്കെടുത്തു. സാനിയ സൂസൻ സുനിൽ, റൂത്ത് റോസ് ലാലു എന്നിവർ മാസ്റ്റർ ഓഫ് സെറിമണീസ് ആയിരുന്നു.