വി. മൂന്നിന്മേല്‍ കുര്‍ബ്ബാന അന്ത്യോഖ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍

പാത്രിയര്‍ക്കാ അരമനപ്പള്ളി അത്ര വലുതല്ലെങ്കിലും അതിമനോഹരവും നവീനരീതിയില്‍ കലാസുഭഗതയോടു കൂടി പണികഴിപ്പിച്ചിട്ടുള്ളതുമാണ്. പള്ളി മദ്ബഹായില്‍ മൂന്നു ത്രോണോസുകള്‍ ഉണ്ട്. നമ്മുടെ ദേശത്തു സാധാരണയായി രണ്ടു ത്രോണോസുകള്‍ മദ്ബഹായുടെ താഴെ അഴിക്കകത്തോ ഹൈക്കലായിലോ കിഴക്കേ അറ്റത്തു വടക്കും തെക്കുമായിട്ടാണല്ലോ. ശീമയില്‍ ഞങ്ങള്‍ പല പ്രധാനപ്പെട്ട പള്ളികളും സന്ദര്‍ശിച്ചിട്ടുണ്ട്. എല്ലാ പള്ളികളിലും മദ്ബഹായിക്കകത്തു തന്നെയാണ് മൂന്നു ത്രോണോസുകളും കണ്ടത്. പ്രധാന ത്രോണോസിനേക്കാള്‍ ചെറുതായിരിക്കും മറ്റു രണ്ടും. നമ്മുടെ നാട്ടില്‍ പള്ളികളില്‍ കാണുന്ന മൂന്നു ത്രോണോസുകള്‍ റോമ്മാക്കാരെ അനുകരിച്ചു നിര്‍മ്മിച്ചിട്ടുള്ളതാണെന്നും അതു പൗരസ്ത്യരുടെ രീതിയല്ലെന്നും മൂന്നിന്മേല്‍ കുര്‍ബ്ബാന ആവശ്യമില്ലെന്നും ഈ അടുത്ത കാലത്തു ചില പ്രമുഖ വ്യക്തികള്‍ പറഞ്ഞു കേള്‍ക്കുന്നതിനിടയായി. ഇതേപ്പറ്റി ഞാന്‍ ശീമയിലെ തിരുമേനിമാരോടു ചോദിച്ചതില്‍ ആ അഭിപ്രായം തെറ്റാണെന്നും അനേക നൂറ്റാണ്ടുകളായി ഈ പാരമ്പര്യം അവിടെ നിലനിന്നുവരുന്നതാണെന്നും പറഞ്ഞു. കൂടാതെ നമ്മുടെ ബാവാ തിരുമേനിയും ശീമയിലെ മെത്രാന്മാരും ചേര്‍ന്നു ഞങ്ങള്‍ സഞ്ചരിച്ച ചില പള്ളികളില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാന അര്‍പ്പിച്ചതില്‍ ഞാനും സംബന്ധിക്കയും ശുശ്രൂഷിക്കുകയും ചെയ്തു.

നമ്മുടെ നാട്ടില്‍ ഈയിടെ ഒരു പ്രധാനപ്പെട്ട പള്ളിയില്‍ ത്രോണോസു പണി സംബന്ധിച്ചു നടന്ന വാദകോലാഹലങ്ങള്‍ അറിയുന്നതിനിടയായതുകൊണ്ട് ഈ കാര്യം പ്രത്യേകം ഇവിടെ എടുത്തു പറയേണ്ടി വന്നതാണ്. കാതോലിക്കാ ബാവാ തിരുമേനിയുടെയും ദാനിയേല്‍ മാര്‍ പീലക്സിനോസ്, പൗലോസ് മാര്‍ പീലക്സീനോസ് എന്നീ തിരുമേനിമാരുടെയും ശ്രദ്ധയില്‍ ഈ കാര്യം ശീമ രാജ്യങ്ങളില്‍ ഞങ്ങള്‍ സഞ്ചരിച്ച പല പള്ളികളിലും വച്ചു ഞാന്‍ കൊണ്ടുവന്നു. …

ഫെബ്രുവരി 7-ാം തീയതി ഞായറാഴ്ച രാവിലെ, മാര്‍ അപ്രേമിന്‍റെ നാമത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഭദ്രാസന ദേവാലയത്തില്‍ (ആലപ്പോ) പ. ബാവാ തിരുമേനിയും ദാനിയേല്‍ മാര്‍ പീലക്സീനോസ്, പൗലൂസ് മാര്‍ പീലക്സീനോസ് എന്നീ തിരുമേനിമാരും ചേര്‍ന്ന് വി. മൂന്നിന്മേല്‍ കുര്‍ബ്ബാന അര്‍പ്പിച്ചു. കിഴക്കന്‍ സഭയില്‍ ഇപ്പോഴും മൂന്നിന്മേല്‍ കുര്‍ബ്ബാന പതിവുണ്ടെന്നുള്ളതിന് ഞാനും തിരുമേനിമാരും ദൃക്സാക്ഷികളാണ്.

(ഫാ. ടി. സി. ജേക്കബ് രചിച്ച എത്യോപ്യന്‍ സുന്നഹദോസും വിശുദ്ധ നാട് സന്ദര്‍ശനവും എന്ന ഗ്രന്ഥത്തില്‍ നിന്നും)