അനുഗ്രഹത്തിനായി കാതോലിക്കയെ “കാറോടെ പൊക്കല്‍”

“ഇവയെല്ലാം കഴിഞ്ഞപ്പോഴേയ്ക്കും കാമേഴ്സിലിയില്‍ നിന്നും നാലഞ്ചു കാറുകളിലായി അവിടുത്തെ പട്ടക്കാരും ജനങ്ങളും ഞങ്ങളെ സ്വീകരിച്ച് അവിടേയ്ക്കു കൊണ്ടുപോകുന്നതിനായി വന്നുചേര്‍ന്നു. രണ്ടു മണി കഴിഞ്ഞ് ഹെസക്കായിലെ ജനങ്ങളോടു യാത്ര പറഞ്ഞ് കാമേഴ്സിലിയില്‍ നിന്നു വന്നിരുന്നവരുമൊത്തു അവിടേയ്ക്കു പുറപ്പെട്ടു. ഹെസക്കായില്‍ നിന്നു 150 മൈല്‍ ദൂരം വരും കാമേഴ്സിലിയിലേക്ക്. രണ്ടു മണിക്കൂര്‍ കാറില്‍ യാത്ര ചെയ്താല്‍ അവിടെ ചെന്നു ചേരാം. കാമേഴ്സിലിക്കു ഏകദേശം പത്തു മൈല്‍ അടുത്തെത്തിയപ്പോള്‍ പട്ടക്കാരും ജനങ്ങളും വളരെയധികം കാറുകളുമായി അവിടെ നില്‍ക്കുന്ന കാഴ്ചയാണ് ഞങ്ങള്‍ കണ്ടത്. അവിടെ നിന്നും വലിയ ഒരു ഘോഷയാത്രയായിട്ടാണ് പള്ളിയിലേക്കു പോയത്. പല ഗ്രാമങ്ങളില്‍ നിന്നും ജനങ്ങള്‍ കൂട്ടമായി വന്നു രാജവീഥികളുടെ ഇരുവശങ്ങളിലും നിന്നിരുന്നു. ഞങ്ങളെ കണ്ടപ്പോഴേയ്ക്കും പുരുഷന്മാര്‍ കൈ കൊട്ടിയും സ്ത്രീജനങ്ങള്‍ കുരവയിട്ടും അവരുടെ സന്തോഷം പ്രകടിപ്പിച്ചു. ആളുകള്‍ കൂട്ടമായി നിന്നിരുന്ന സ്ഥലങ്ങളിലൊക്കെയും കാതോലിക്കാ ബാവാ തിരുമേനി കാറു നിറുത്തി ജനക്കൂട്ടത്തെ ആശീര്‍വദിച്ചു. ഞങ്ങള്‍ പള്ളിയെ സമീപിച്ചപ്പോഴേയ്ക്കും അവിടം മുഴുവനും ഒരു മനുഷ്യമഹാസമുദ്രമായിക്കാണപ്പെട്ടു. ദൃഢകായന്മാരും ഭക്തിലഹരി പിടിച്ചവരുമായ ഒരു കൂട്ടം പുരുഷന്മാര്‍ മുന്‍പോട്ടു വന്നു ഞങ്ങള്‍ കയറിയിരുന്ന കാര്‍ എടുത്തുപൊക്കിക്കൊണ്ടു പോകുന്നതിനു ശ്രമിച്ചതു കണ്ടപ്പോള്‍ ഞാന്‍ അമ്പരന്നു പോയി. യാതൊരു വക നിയന്ത്രണവും അവരുടെ ഇടയില്‍ നടപ്പില്ല. ഒടുവില്‍ പോലീസുകാരുടെ സമര്‍ത്ഥമായ പെരുമാറ്റം മൂലം അവര്‍ കാര്‍ താഴെ വച്ചു. ഭയങ്കരമായ തിക്കും തിരക്കും നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ഞങ്ങള്‍ കാറില്‍ നിന്നു ഇറങ്ങി ഒരുവിധത്തില്‍ പള്ളിയകത്തു പ്രവേശിച്ചു എന്നു പറഞ്ഞാല്‍ മതി. തിരുമേനിമാര്‍ പള്ളിയില്‍ കയറി ലുത്തിനിയായ്ക്കുശേഷം ബാവാ തിരുമേനി ഒരു ചെറുപ്രസംഗത്തോടുകൂടി ജനക്കൂട്ടത്തെ ആശീര്‍വദിച്ചു. …..

പത്തു മണിക്കു മുന്‍പായി ഞങ്ങള്‍ ദെറിക്കില്‍ എത്തിച്ചേര്‍ന്നു. ഇവിടെ മര്‍ത്തശ്മൂനിയുടെ നാമത്തില്‍ ഒരു പുതിയ പള്ളി പണികഴിപ്പിച്ചിട്ടുണ്ട്. ഈ പള്ളിയുടെ വാതുക്കല്‍ ഒരു നല്ല ജനക്കൂട്ടം കൂടിയിരുന്നു. തിരുമേനിമാര്‍ പള്ളിയില്‍ പ്രവേശിച്ചു ലുത്തിനിയാ നടത്തുകയും ജനങ്ങളെ ആശീര്‍വദിക്കയും ചെയ്തു. ഈ പള്ളിയില്‍ നിന്നും അര മൈല്‍ അകലെ പ. ദൈവമാതാവിന്‍റെ നാമത്തില്‍ നമുക്ക് ഒരു ചെറിയ പള്ളിയുണ്ട്. ഞങ്ങള്‍ അവിടെയും പോയി. ആര്‍പ്പുവിളികളോടും കുരവ ഇടീലുകളോടും കൂടി ആളുകള്‍ ഞങ്ങളെ സ്വീകരിച്ചു. ഞങ്ങളുടെ കാര്‍ പള്ളിമതിലിനു വെളിയില്‍ റോഡില്‍ നിറുത്തിയപ്പോഴേക്കും പത്തിരുപതു യുവാക്കന്മാര്‍ മുന്‍പോട്ടു വന്നു പെട്ടെന്നു കാര്‍ പൊക്കിയെടുത്തു കുറച്ചു ദൂരം മാറ്റിവച്ചു. അത് പുതിയ ഒരു വലിയ ഷവര്‍ലെ കാര്‍ ആയിരുന്നു. ആ ഇനം കാറുകള്‍ നമ്മുടെ നാട്ടില്‍ കാണുന്നില്ല. നിഷ്പ്രയാസം അവര്‍ കാര്‍ പൊക്കിയെടുത്തു മാറ്റിവച്ചതു അവരുടെ സ്നേഹത്തിന്‍റെ ഒരു പ്രകടനമായിരുന്നു എന്ന് പിന്നീട് ഞങ്ങള്‍ക്കു മനസ്സിലായി. ഈ വിവരം ഞങ്ങള്‍ പ. പാത്രിയര്‍ക്കീസ് ബാവാ തിരുമേനിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ മുന്‍പൊരവസരത്തില്‍ ഈ ഇടവകയില്‍ നിന്നും ഇതേ അനുഭവം തിരുമേനിക്കും ഉണ്ടായതായി തിരുമേനി കല്‍പ്പിച്ചു. മാര്‍ അപ്രേം പാത്രിയര്‍ക്കീസ് ബാവാ തിരുമേനി ഈ ഇടവക സന്ദര്‍ശിച്ചപ്പോള്‍ ആളുകള്‍ ഇതുപോലെ തടിച്ചുകൂടുകയും ആ തിരുമേനിയുടെ പുറങ്കുപ്പായത്തിന്‍റെ നൂലുകള്‍ പറിച്ചെടുക്കുകയും കുപ്പായത്തിന്‍റെ അഗ്രഭാഗങ്ങള്‍ കത്രികകൊണ്ട് ചെറിയ ചെറിയ കഷണങ്ങളായി വെട്ടിയെടുത്തു കൊണ്ടു പോകയും ചെയ്തതായി അറിഞ്ഞു. ഇതെല്ലാം ജനങ്ങള്‍ അനുഗ്രഹത്തിനുവേണ്ടി ചെയ്തതാണെന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ അത്ഭുതപ്പെടുകയാണു ചെയ്തത്.”

(ഫാ. ടി. സി. ജേക്കബ് രചിച്ച എത്യോപ്യന്‍ സുന്നഹദോസും വിശുദ്ധ നാട് സന്ദര്‍ശനവും എന്ന ഗ്രന്ഥത്തില്‍ നിന്നും)