പ. ഔഗേന്‍ ബാവായ്ക്ക് ബേറൂട്ടില്‍ സുറിയാനി സഭ നല്‍കിയ വമ്പിച്ച വരവേല്പ് (1965)

ബേറൂട്ടിലെ സ്വീകരണം

എല്ലാവരും നോക്കി നില്‍ക്കവേ ഞങ്ങളുടെ വിമാനം ബേറൂട്ട് ലക്ഷ്യമാക്കി പറന്നു തുടങ്ങി. അഞ്ചു മണി കഴിഞ്ഞു ഞങ്ങള്‍ ബേറൂട്ട് വിമാനത്താവളത്തിലെത്തി. വിമാനത്തില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ കണ്ടത് ഒരു മനുഷ്യമഹാസമുദ്രത്തെയാണ്. ബേറൂട്ട് പട്ടണം മുഴുവന്‍ വിമാനത്താവളത്തിനു ചുറ്റും തടിച്ചുകൂടിയിരിക്കുകയാണോ എന്നു തോന്നിപ്പോയി. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് ഒട്ടധികം പട്ടാളക്കാരും പോലീസുകാരും വളരെയധികം പണിപ്പെടേണ്ടി വന്നു. പാത്രിയര്‍ക്കാ അരമനയിലെ മാര്‍ ദീയസ്ക്കോറോസ് ലൂക്കോ മെത്രാച്ചനും നമ്മുടെ നാട്ടില്‍ മഞ്ഞിനിക്കര ദയറായില്‍ താമസിച്ചിരുന്ന ബ. അപ്രേം റമ്പാച്ചനും പട്ടക്കാരും ആയിരക്കണക്കിനു ജനങ്ങളും അവിടെ കാത്തുനിന്നിരുന്നു. പ്രധാന ഉദ്യോഗസ്ഥന്മാരും പൗരമുഖ്യരും മുന്‍പന്തിയില്‍ത്തന്നെയുണ്ട്. കോപ്റ്റിക്, അര്‍മ്മീനിയന്‍, ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭകളിലെ മേല്‍പ്പട്ടക്കാരും പട്ടക്കാരും ജനങ്ങളും ഈ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഇവര്‍ എല്ലാവരും വന്നു ബാവാ തിരുമേനിയുടെ കൈ മുത്തുകയും കുശലങ്ങള്‍ അന്വേഷിക്കയും ചെയ്തു. വിമാനത്താവളത്തിലെ വിശ്രമ ഹോളില്‍ തിരുമേനിമാരുടെ കൈ മുത്തിന്‍റെ ബഹളമാണ്. വിശ്രമമില്ലാതെ വിശ്രമമുറിയില്‍ കുറെ സമയം ചെലവഴിക്കേണ്ടി വന്നു. അനന്തരം വിമാനത്താവളത്തില്‍ നിന്നും ഏകദേശം മൂന്നു മൈല്‍ ദൂരമുള്ള ബേറൂട്ടിലെ നമ്മുടെ പള്ളിയിലേക്കു പുറപ്പെട്ടു. വലിയ എതിരേല്പോടുകൂടി കാറിലാണു യാത്ര. ആയിരത്തിലധികം കാറുകള്‍ അകമ്പടി സേവിച്ചിട്ടുണ്ട്. ഒരു ലക്ഷത്തില്‍പരം ആളുകള്‍ ഈ ഘോഷയാത്രയില്‍ പങ്കെടുത്തുവെന്നു പറയുന്നതില്‍ ലേശം പോലും അതിശയോക്തി ഇല്ല. ഇത്ര വന്‍പിച്ച ഒരു ഘോഷയാത്ര അടുത്ത കാലത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഇന്ത്യയില്‍ നിന്നും ആഗതനായിരിക്കുന്ന കിഴക്കിന്‍റെ ശ്രേഷ്ഠ മഹാപുരോഹിതനെ ഒരു നോക്കു കാണുന്നതിനുള്ള ജനതതിയുടെ വെമ്പല്‍ പട്ടാളവും പോലീസും സമര്‍ത്ഥമായി നിയന്ത്രിച്ചില്ലായിരുന്നുവെങ്കില്‍, എന്തെല്ലാം അപകടങ്ങളാണു സംഭവിക്കാമായിരുന്നതെന്നു ചിന്തിക്കുവാന്‍ പ്രയാസം. ഘോഷയാത്ര പള്ളിയില്‍ എത്തിയപ്പോഴേക്കും പൂഴി നുള്ളിയിട്ടാല്‍ താഴാത്തവിധം പള്ളിയും പരിസരങ്ങളും ജനങ്ങളെക്കൊണ്ടു നിറഞ്ഞു കഴിഞ്ഞു. ഒരു വിധത്തില്‍ അവരുടെ ഇടയില്‍ക്കൂടി ഞങ്ങള്‍ പള്ളിയകത്തു പ്രവേശിച്ചു. തിരുമേനിമാര്‍ മദ്ബഹായില്‍ പ്രവേശിച്ചു ലുത്തിനിയാ കഴിച്ചു. അതിനുശേഷം പള്ളിയില്‍ വച്ചു ബാവാ തിരുമേനി ഒരു ചെറു പ്രസംഗം ചെയ്തു. തിരുമേനിമാര്‍ പള്ളിവക സ്വീകരണഹോളിലേക്കു ആനയിക്കപ്പെട്ടു. വിവിധ സഭകളിലെ മേല്പട്ടക്കാരും പട്ടക്കാരും പട്ടണത്തിലെ പ്രധാന ഉദ്യോഗസ്ഥന്മാരും അവിടെ സന്നിഹിതരായിട്ടുണ്ട്. ദീസ്ക്കോറോസ് ലൂക്കോ തിരുമേനിയും മറ്റു സഭകളിലെ ചില തിരുമേനിമാരും ഞങ്ങളെ സ്വാഗതം ചെയ്തുകൊണ്ടു പ്രസംഗിച്ചു. ഈ വന്‍പിച്ച സ്വീകരണത്തിനു നന്ദി പ്രദര്‍ശിപ്പിച്ചുകൊണ്ടു ബാവാ തിരുമേനി മറുപടി പ്രസംഗം ചെയ്തു. വിദേശികളായ ഞങ്ങളെക്കാണുന്നതിനും ബാവാ തിരുമനസ്സിലെ കരങ്ങള്‍ മുത്തി അനുഗ്രഹം പ്രാപിക്കുന്നതിനും ജനസഞ്ചയം പ്രകടിപ്പിച്ച ആവേശം അനുപമം തന്നെ. ഉന്തും തള്ളും ബഹളവും കണ്ടു മനസ്സിലാക്കുകയും അവരുടെ ഇടയില്‍ നിന്നു ഒരു വിധത്തില്‍ രക്ഷപ്പെടുകയും ചെയ്ത എനിക്ക് അതിന്‍റെ ഏതാണ്ടൊരു രൂപമെങ്കിലും വാക്കുകള്‍ കൊണ്ടു ഫലിപ്പിക്കുവാന്‍ സാദ്ധ്യമല്ല. ജനസഞ്ചയത്തെ നിയന്ത്രിക്കുവാന്‍ പലരും വിഫലശ്രമം ചെയ്തു. ആവേശഭരിതമായ സാധാരണജനങ്ങള്‍ അതൊന്നും അശേഷം ഗണ്യമാക്കിയില്ല. ആഹ്ലാദത്തള്ളലില്‍ അവര്‍ മതി മറന്നിരിക്കുകയാണ്. പുരുഷന്മാരും സ്ത്രീകളും ഒരുപോലെ തിക്കും തിരക്കുമാണ്. ആരോഗ്യവും സൗന്ദര്യവും ഇവരുടെ കൂടെപിറപ്പുകളാണ്. ഈ ദിഗ്വാസികള്‍ ഇത്ര വലിയ സ്നേഹമുള്ളവരാണല്ലോ എന്നോര്‍ത്തു ഞാന്‍ ആശ്ചര്യപ്പെട്ടുപോയി. സ്വീകരണ സമ്മേളനവും ലഘുഭക്ഷണവും കഴിഞ്ഞ് ഞങ്ങളുടെ താമസത്തിന് ഏര്‍പ്പാടു ചെയ്തിരുന്ന ബേറൂട്ട് ഹോട്ടലിലേക്കു ഞങ്ങള്‍ പോയി.

ഫെബ്രുവരി 1-ാം തീയതി തിങ്കളാഴ്ച. അവിടെ നിന്നും കാപ്പി കുടിയും കഴിഞ്ഞു ഞങ്ങള്‍ ബേറൂട്ട് പട്ടണം കാണുന്നതിനു പുറപ്പെട്ടു. മെഡിറ്ററേനിയന്‍ കടല്‍തീരത്തു ഞങ്ങള്‍ ഇറങ്ങി. കുറച്ചുനേരം അവിടെ കാറ്റേറ്റു നിന്നു. അവിടെ നിന്നു നല്ല മിനുസമുള്ള നാലഞ്ചു കക്കാ ഞങ്ങള്‍ പെറുക്കി എടുത്തുകൊണ്ടു പോന്നു. അതിനുശേഷം ബേറൂട്ടിലുള്ള സുറിയാനിക്കാരുടെ ശവക്കോട്ട ഞങ്ങള്‍ കണ്ടു. ചുറ്റും നല്ല ബലവത്തായ മതില്‍ കെട്ടി നല്ല ചെടികളും മറ്റും വച്ചു പിടിപ്പിച്ച് ഇതു വളരെ ഭംഗിയായും മനോഹരമായും സൂക്ഷിച്ചിരിക്കുന്നു. ഞങ്ങള്‍ അവിടെ കയറി കാണുകയും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തു. നമ്മുടെ പ. പാത്രിയര്‍ക്കീസ് ബാവാ തിരുമേനിയുടെ സ്വന്തം വകയായി ബേറൂട്ടില്‍ പണികഴിപ്പിച്ചിട്ടുള്ള രണ്ടു വലിയ കെട്ടിടങ്ങളാണ് പിന്നീട് ഞങ്ങള്‍ കണ്ടത്. അവയില്‍ ഒന്ന് അഞ്ചു നിലകളുള്ള ഒരു ഭീമന്‍ കെട്ടിടമാണ്. അതില്‍ ഇരുപത്തിനാലു കുടുംബങ്ങളാണു താമസിക്കുന്നത്. അതിന്‍റെ വാടക ഇനത്തില്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമേനിക്കു ആണ്ടില്‍ ഒന്നരലക്ഷം രൂപാ ലഭിക്കുന്നു. തിരുമേനി അമേരിക്ക സന്ദര്‍ശിച്ച അവസരത്തില്‍ അവിടെ നിന്നും കൈമുത്തായും മറ്റും കിട്ടിയ പണം കൊണ്ടാണ് ഇതു പണിയിച്ചിട്ടുള്ളതെന്നാണ് ഞങ്ങളുടെ അറിവ്. തിരുമേനിയുടെ മിക്കവാറുമുള്ള ആവശ്യങ്ങള്‍ ഈ കെട്ടിടങ്ങളുടെ വാടക കൊണ്ടു നടക്കുമെന്നു തന്നെ പറയാം. പാത്രിയര്‍ക്കാ ഇടവകയിലെ ജനതതിയെ ഭാരപ്പെടുത്താതെയും ക്ലേശിപ്പിക്കാതെയും ഇരിക്കുന്നതിനു വേണ്ടിയാണ് തിരുമേനി ഈ കെട്ടിടങ്ങള്‍ പണികഴിപ്പിച്ചത്.

ഇതെല്ലാം കണ്ടതിനുശേഷം ഞങ്ങള്‍ ഉച്ചയോടുകൂടി താമസസ്ഥലത്തേക്കു തിരിച്ചു പോന്നു. ഉച്ചഭക്ഷണവും വിശ്രമവും കഴിഞ്ഞു നാലുമണിക്കു പള്ളിവകയായുള്ള സ്വീകരണഹോളിലേക്കു ഞങ്ങള്‍ പോയി. പട്ടണത്തിലെ പ്രധാന ഉദ്യോഗസ്ഥന്മാരും അര്‍മ്മീനിയന്‍, ഗ്രീക്ക് ഓര്‍ത്തഡോക്സ്, കോപ്റ്റിക് റോമന്‍, കാതലിക്ക് എന്നീ സഭകളിലെ മേല്‍പട്ടക്കാരും പട്ടക്കാരും അവിടെ കൂടിയിരുന്നു. മാര്‍പാപ്പാ തിരുമേനിയും നമ്മുടെ കാതോലിക്കാ ബാവാ തിരുമേനിയും ബോംബെയില്‍ വച്ചു നടത്തിയ കൂടിക്കാഴ്ചാ വിവരങ്ങള്‍ അറിയുകയും മാര്‍പാപ്പാ തിരുമേനി സമ്മാനിച്ചതും അദ്ദേഹത്തിന്‍റെ ചിഹ്നം അങ്കിതമായിട്ടുള്ളതുമായ കുരിശും മാലയും ബാവാ തിരുമേനി ധരിച്ചിരുന്നതു കാണുകയും ചെയ്തപ്പോള്‍ കത്തോലിക്കര്‍ക്കു അതിരില്ലാതെ ബഹുമാനമാണു ബാവാ തിരുമേനിയോടു തോന്നിയത്. ബിഷപ്പുമാരും പട്ടക്കാരും ആ കുരിശ് പിടിച്ചു മുത്തുകയായി. ചിലര്‍ വസ്ത്രാഞ്ചലത്തില്‍ തൊട്ടു നിറുകയില്‍ വച്ചു. ജോണ്‍ മാര്‍പാപ്പായുടെ കാലത്താരംഭിച്ചതും ഇപ്പോത്തെ മാര്‍പാപ്പാ തുടര്‍ന്നു വരുന്നതുമായ സഭാ ഐക്യ പ്രവര്‍ത്തനഫലമാണിതെന്നുള്ളതിനു സംശയമില്ല. കത്തോലിക്കരില്‍ മുന്‍കാലങ്ങളില്‍ കണ്ടിരുന്ന വിഭാഗീയ ചിന്തയുടെ ഒരു നേരിയ നിഴല്‍പോലും അവിടെ കണ്ടില്ല.

ബേറൂട്ട് പട്ടണം വളരെ വിസ്തൃതവും മനോഹരവുമാണ്. കിഴക്കോട്ടും പടിഞ്ഞാറോട്ടും പോകുന്ന ആളുകള്‍ മിക്കവാറും ഇവിടെ ഇങ്ങി വിശ്രമിക്കുന്ന പതിവുണ്ട്. ബേറൂട്ടിനു വളരെ അടുത്താണ് ആന്‍റലിയാസ്. ലബാനോന്‍ പര്‍വ്വതങ്ങളുടെ സാനു പ്രദേശം. അവിടെയാണ് അര്‍മ്മീനിയാക്കാരുടെ രണ്ടാമത്തെ കാതോലിക്കോസിന്‍റെ ആസ്ഥാനം. അര്‍മ്മീനിയന്‍ കാതോലിക്കോസിന്‍റെ ആസ്ഥാനം ആറാറാത്തു പര്‍വ്വതത്തിന്‍റെ സാനുപ്രദേശമായ എച്ച്മിയാറ്റിസില്‍ നിന്നും കിലിക്യ-സിലിഷ്യയിലേക്കു മാറ്റുകയുണ്ടായി. കുറെക്കാലങ്ങള്‍ക്കുശേഷം കാതോലിക്കാ ആസ്ഥാനം എച്ച്മിയാറ്റിസ്സിലേക്കു മാറ്റുവാനുള്ള സാഹചര്യം കൈവന്നു. അപ്പോള്‍ സിലിഷ്യയും ഒരു കാതോലിക്കേറ്റായി തുടരണമെന്നുള്ള അഭിപ്രായം ശക്തിപ്പെടുകയും എച്ച്മിയാറ്റിസിനു തുല്യമായ സ്ഥാനത്തോടുകൂടി കിലിക്യന്‍ കാതോലിക്കാ സിംഹാസനം തുടരുകയുമാണ്. ആകമാന അര്‍മ്മീനിയന്‍ സഭയില്‍ ഒന്നാമത്തെ സ്ഥാനം എച്ച്മിയാറ്റിസിനും രണ്ടാം സ്ഥാനം കിലിക്യായിക്കുമാണ്. എന്നാല്‍ ഭരണപരമായി കിലിക്യന്‍ കാതോലിക്കേറ്റിന്‍മേല്‍ എച്ച്മിയാറ്റിസില്‍ കാതോലിക്കേറ്റിനു യാതൊരുവിധമായ അധികാരവുമില്ല. പല സന്ദര്‍ഭങ്ങളിലും കിലിക്യയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്താനും കിലിക്യമേല്‍ ആധിപത്യം സ്ഥാപിക്കാനും എച്ച്മിയാറ്റിസില്‍ പരിശ്രമിച്ചിട്ടുണ്ടെങ്കിലും കിലിക്യര്‍ അതിനെ ശക്തിയായി എതിര്‍ക്കുകയും അവരുടെ കാതോലിക്കേറ്റിന്‍റെ സ്വാതന്ത്ര്യാവകാശാധികാരങ്ങള്‍ ഇന്നയോളം അന്യൂനം പരിരക്ഷിച്ചു വരുകയുമാണു ചെയ്യുന്നത്.

കിലിക്യന്‍ കാതോലിക്കേറ്റിന്‍റെ ആസ്ഥാനം ബേറൂട്ടിനടുത്തുള്ള ആന്‍റിലിയാസിലേക്കു മാറ്റിയെങ്കിലും കിലിക്യന്‍-സിലിഷ്യന്‍ കാതോലിക്കോസ് എന്ന പേരില്‍ത്തന്നെയാണ് ഇപ്പോഴും അറിയപ്പെടുന്നത്. ഇപ്പോഴത്തെ കാതോലിക്കാ കോറിന്‍ പറായോന്‍ തിരുമേനിയാണ്. ഇദ്ദേഹവും എത്യോപ്യന്‍ കോണ്‍ഫ്രന്‍സില്‍ മറ്റു സഭാതലവന്മാരൊടൊപ്പം പങ്കെടുത്തിരുന്നുവെന്നുള്ള കാര്യം ഇതിനു മുന്‍പേ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഇദ്ദേഹത്തിന്‍റെ മുന്‍ഗാമി സാറേപയാസാലിയന്‍ കാതോലിക്കോസായിരുന്നു. സാറേപയാസാലിന്‍റെ മുന്‍ഗാമി കാലം ചെയ്ത കാലത്തു അര്‍മ്മീനിയരുടെ 1-ാം കാതോലിക്കേറ്റായ എച്ച്മിയാറ്റിസില്‍ കാതോലിക്കോസിന്‍റെ സഹകരണത്തോടുകൂടി ഒരു പിന്‍ഗാമിയെ വാഴിക്കുന്നതിനു സാദ്ധ്യമല്ലാതെ വന്നു. സിലിഷ്യന്‍ കാതോലിക്കേറ്റില്‍ ആകെയുണ്ടായിരുന്ന മെത്രാന്മാരില്‍ സാറാപയാസാലിയനും കോറിന്‍ പറയോനും ഉള്‍പ്പെടെ മൂന്നു പേര്‍ ഒരു കക്ഷിയായി നിന്നിരുന്നു. ടിറണിക്കു പൊള്ളാടിയന്‍, ഖാദ് അര്‍ക്കാബാഹിയന്‍ എന്നിവരുള്‍പ്പെടെയുള്ള മെത്രാന്മാര്‍ എച്ച്മിയാറ്റിസിനെ പിന്താങ്ങിയും നിന്നു. എതിര്‍പ്പുകളെ അവഗണിച്ചു കാതോലിക്കായുടെ തെരഞ്ഞെടുപ്പു നടത്താന്‍ സ്വാതന്ത്ര്യപ്രേമികള്‍ നിശ്ചയിച്ചു.സാറേപയാസാലിയന്‍ തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന്‍റെ വാഴ്ചയില്‍ സഹകരിക്കാനോ അദ്ദേഹത്തെ അംഗീകരിക്കാനോ എച്ച്മിയാറ്റിസില്‍ കാതോലിക്കോസായ വസ്ക്കന്‍ തിരുമേനി തയ്യാറായില്ല. അര്‍മ്മീനിയന്‍ ക്രമപ്രകാരം കാതോലിക്കായെ വാഴിക്കുന്നതിനു കുറഞ്ഞപക്ഷം മൂന്നു മെത്രാന്മാരെങ്കിലും ഉണ്ടായിരിക്കണം. എന്നാല്‍ സാറെപയാസാലില്‍ ഉള്‍പ്പെടെ മൂന്നു മെത്രാന്മാര്‍ മാത്രമേ ആ ഭാഗത്തു ശേഷിച്ചിട്ടുള്ളു. ആ സ്ഥിതിക്കു രണ്ടു മെത്രാന്മാര്‍ മാത്രം ചേര്‍ന്നാല്‍ വാഴ്ച ക്രമാനുസൃതമായിരിക്കയില്ല.

അര്‍മ്മീനിയരും സുറിയാനിക്കാരും വിശ്വാസത്തില്‍ യോജിപ്പും കൂദാശകളില്‍ അന്യോന്യം സംസര്‍ഗ്ഗവുമുള്ളവരാണ്. ആ കാലത്ത് ബേറൂട്ടിലെ നമ്മുടെ മെത്രാപ്പോലീത്താ ആയിരുന്നത് ഇപ്പോഴത്തെ പ. പാത്രിയര്‍ക്കീസ് ബാവാ തിരുമേനിയാണ്. അവര്‍ നമ്മുടെ തിരുമേനിയുടെ സഹായം അഭ്യര്‍ത്ഥിക്കയും തിരുമേനി അതിനു സമ്മതിക്കയും സാറെപയാസാലന്‍ കാതോലിക്കാ ആയി അവരോധിക്കപ്പെടുകയും ചെയ്തു. ഉടനെ തന്നെ അര്‍മ്മീനിയന്‍ സഭയില്‍ കക്ഷിത്വവും വ്യവഹാരവും ആരംഭിച്ചു. സാറേപയാസാലന്‍ കാതോലിക്കോസ് ഒരു കൊല്ലത്തിനുശേഷം കാലം ചെയ്തു. അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി കൊറിന്‍ പയോറാന്‍, കാതോലിക്കോസായി വാഴിക്കപ്പെട്ടു. വസ്ക്കന്‍ കാതോലിക്കോസ് ഇതിലും സഹകരിച്ചില്ല. വസ്ക്കന്‍ തിരുമേനി മലങ്കരയിലേക്കു വരുന്നതിന് ഒരു ആഴ്ച മുമ്പ് യറുശലേമില്‍ വച്ചു രണ്ടു കാതോലിക്കാമാരും തമ്മില്‍ നടത്തിയ സമാധാനാലോചന വിജയിക്കയും അങ്ങനെ അര്‍മ്മീനിയന്‍ സഭയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. എത്യോപ്യയില്‍ വച്ചു വസ്ക്കന്‍ കാതോലിക്കോസിന്‍റെ നേതൃത്വത്തിലുള്ള ഒരു ഡലിഗേഷനായി കൊറിന്‍ കാതോലിക്കായേയും കൂടെയുള്ളവരേയും പരിഗണിക്കേണ്ടതാണെന്നുള്ള ഒരു വാദഗതി വസ്ക്കന്‍ കാതോലിക്കോസ് ഉന്നയിച്ചെങ്കിലും കൊറിന്‍ കാതോലിക്കോസ് അത് സമ്മതിക്കുകയോ വസ്ക്കന്‍ കാതോലിക്കോസിന്‍റെ അഭിപ്രായത്തിനു കീഴ്പ്പെടുകയോ ചെയ്തില്ല എന്നുള്ള വിവരം ഇതിനുപരി പ്രസ്താവിച്ചിട്ടുണ്ട്. സിലിഷ്യന്‍ കാതോലിക്കേറ്റിന്‍റെ സ്വാതന്ത്ര്യസമരത്തില്‍ സത്വരമായ സഹായഹസ്തം നീട്ടിക്കൊടുത്ത ഇപ്പോഴത്തെ നമ്മുടെ പ. പാത്രിയര്‍ക്കീസ് ബാവാ തിരുമേനിയോടു അവര്‍ക്കു അപാരമായ കൃതജ്ഞതയും ബഹുമാനവുമുണ്ട്.

(ഫാ. ടി. സി. ജേക്കബ് രചിച്ച എത്യോപ്യന്‍ സുന്നഹദോസും വിശുദ്ധ നാട് സന്ദര്‍ശനവും എന്ന ഗ്രന്ഥത്തില്‍ നിന്നും)