History & Liturgy of MOSC: ക്വിസ് മത്സര പരമ്പര / ഡെറിന്‍ രാജു വാകത്താനം

ക്വിസ് നമ്പർ 15

1. തിരുവെഴുത്തുകളെ ഓരോ ദിവസവും പരിശോധിച്ചികൊണ്ടിരുന്നത് ആരാണ്?[വേദപുസ്തകം]

ഉത്തരം: ബെരോവയിലെ ആളുകൾ പ്രവർത്തികൾ 17:11

2. മലമുകളിൽ അഗ്നിമയൻമാരുടെ സാന്നിദ്ധ്യത്തിൽ നടന്ന കബറടക്കം ആരുടെയാണ്.? [ശുശ്രൂഷ/കൂദാശ]

ഉത്തരം : മോശയുടെ വൈദികരുടെ സംസ്കാരക്രമത്തിലും മറ്റ് ചില ഗീതങ്ങളിലും പറയുന്നു.

3. ദൈവമാതാവിന്റെ ഒരു വാങ്ങിപ്പ് പെരുന്നാൾ ദിവസം മലങ്കരസഭാ ചരിത്രത്തിൽ ഇദംപ്രഥമമായി ഒരു സംഭവം നടക്കുകയുണ്ടായി. എന്താണ് ആ സംഭവം? അതേ സംഭവം തോമാശ്ലീഹായുടെ ഒരു ഓർമ്മപെരുന്നാൾ ദിവസം ആവർത്തിച്ചിട്ടുമുണ്ട്.

ഉത്തരം മലങ്കരയിൽ ആദ്യത്തെ മുറോൻ കൂദാശ 1876 – ൽ പത്രോസ് തൃതീയൻ നിർവഹിച്ച മൂറോൻ കൂദാശ. ഔഗേൻ ബാവാ 1967 ഡിസംബർ 21 – നു മൂറോൻ കൂദാശ നിർവഹിച്ചിട്ടുണ്ട്.

4. ” ആറാം ശതാബ്ദത്തിൽ മലയാളക്കര സന്ദർശിച്ച കോസ്മോസ് ഇൻഡിക്കോ പ്ളെസ്റ്റസ് എന്നയാൾ കഴിഞ്ഞാൽ പിന്നെ കേരളവുമായി അടുത്ത ബന്ധത്തിൽ ഏർപെട്ട ഗ്രീക്കുകാരൻ ഞാനാണെന്നു തോന്നുന്നു… ആറു മാസം മുമ്പാണ് ഞാൻ ഇവിടുത്തെ നസ്രാണികളുമായി ഞാൻ പരിചയപ്പെട്ടത്. നിങ്ങൾ യഥാർഥ ക്രിസ്ത്യാനികൾ ആണെന്നും, നിങ്ങൾ ക്രിസ്തുമതത്തിന്റെ ഏറ്റവും പ്രാചീനവും പരിശുദ്ധവുമായ പാരമ്പര്യങ്ങൾ പുലർത്തി പോരുന്നവരാണെന്നും ഞാൻ മനസിലാക്കി” ആരുടെ അഭിപ്രായമാണ്?

ഉത്തരം: ഗ്രീസിലെ പീറ്റർ രാജകുമാരൻ ചിങ്ങവനത്ത് പീസ് ലീഗിന്റെ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച് ചെയ്ത പ്രസംഗത്തിൽ നിന്നും.

5. അന്ത്യോഖ്യ പാത്രിയർക്കീസുമാർ തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്തവരെ നിർത്താൻ സ്ഥിരമായി ഉപയോഗിക്കുന്നതാണ് ‘പട്ടത്വത്തിൽ നിന്ന് തള്ളപ്പെട്ടവനും ഉരിയപ്പെട്ടവനും’ എന്ന പ്രസ്താവന. ചോദ്യം – താൻ പറഞ്ഞത് അനുസരിച്ചില്ലായെങ്കിൽ നിങ്ങൾ പട്ടത്വത്തിൽ നിന്ന് ഉരിയപ്പെട്ടവനായിരിക്കുമെന്ന് ആദ്യമായി പാത്രിയർക്കീസ് ഭീഷണി മുഴക്കുന്നത് ആരോടാണ്?

ഉത്തരം ഗീവറുഗീസ് തൃതിയൻ പാത്രിയർക്കീസ് മാർത്തോമ്മാ അഞ്ചാമനോട് അദ്ദേഹം പറഞ്ഞത് കേൾക്കാൻ കൂട്ടാക്കിയില്ല എന്നത് വേറെ കാര്യം.

ക്വിസ് നമ്പർ 16

1. യോസേഫ്, മോശ, ദാവീദ്, അബ്ശാലോം, എസ്ഥേർ എന്നിവരെ പൊതുവായി ബാധിക്കുന്ന ഒരു വിശേഷണം എന്താണ്?

ഉത്തരം : ഇവരെ സുന്ദരൻ/സൗന്ദര്യമുള്ളവർ എന്നു വേദപുസ്തകം വിശേഷിപ്പിക്കുന്നു.
യോസേഫ് : ഉൽപത്തി 39:6
മോശ : പ്രവർത്തികൾ 7:20
ദാവീദ് : 1 ശമുവേൽ 16 : 12
അബ്ശാലോം : 2 ശമുവേൽ 14 : 25
എസ്ഥേർ : എസ്ഥേർ 2 : 7

2. സൈന്യങ്ങളും പെരുമ്പാമ്പുകളും തന്നെ ചുറ്റി വളഞ്ഞതായി സ്വപ്നം കണ്ടത് ആരാണ്?[ശുശ്രൂഷ/കൂദാശ]

ഉത്തരം : പീലാത്തോസിന്റെ ഭാര്യ ദുഃഖവെള്ളിയാഴ്ച രാത്രി നമസ്കാരം നാലാം കൗമായിൽ ധ്യാനിക്കുന്നു.

3. ”… നാം നിങ്ങളുടെ അപേക്ഷയെ നിവർത്തിച്ചു തന്നതു പോലെ നിങ്ങളും നിങ്ങളെ നാം ഭരമേൽപ്പിച്ചിരിക്കുന്ന നിധിയെ തിരികെ ഏൽപിക്കേണ്ടതാകുന്നു..” ഇതിൽ പരമാർശിക്കുന്ന നിധി എന്താണ്? ആ നിധിയെ ദൗർഭാഗ്യവശാൽ തിരികെ ഏൽപിക്കാൻ നസ്രാണികൾക്കായില്ല.

ഉത്തരം മാർ ബസേലിയോസ് യൽദോ മഫ്രിയാനയും മാർ ഈവാനിയോസ് ഹിദായത്തുള്ളയും ഇഗ്നാത്തിയോസ് അബ്ദേദ് മശിഹാ ഒന്നാമന്റെ കൽപനയിലെ പരാമർശമാണിത്. യൽദോ ബാവാ പതിന്നാലാം പക്കവും മാർ ഈവാനിയോസ് ഒമ്പതു വർഷങ്ങൾക്കുശേഷവും മലങ്കരയിൽ വച്ച് കാലം ചെയ്തു.

4. രണ്ടാമത്തെ മാർത്തോമാശ്ലീഹാ എന്നു വിശേഷിപ്പിക്കപ്പെട്ട മലങ്കര സഭാ ചരിത്ര രേഖകളിൽ മെത്രാപ്പോലീത്ത. (ഇദ്ദേഹം മലയാളിയല്ല)

ഉത്തരം : മാർ ഈവാനിയോസ് ഹദിയള്ള (ഹിദായത്തുള്ള) സെമിനാരി കേസിൽ GGG അക്കമായി ഹാജരാക്കിയ കോനാട്ട് ലൈബ്രറിയിലെ ഒരു ശ്ഹീമാ നമസ്കാര പുസ്തകത്തിലാണ് ഈ പരാമർശമുള്ളത്.

5. ”..ഒ.എം. ചെറിയാനെ കൂട്ടിക്കൊണ്ട് പഴയ സെമിനാരിയിൽ പോയി. വലിയ മെത്രാച്ചനുമായി ഭരണഘടന സംബന്ധിച്ച് സംസാരിച്ചു. പണ സംബന്ധമായ കാര്യങ്ങളിൽ പരമാധികാരം ജനങ്ങൾക്ക് ഇരിക്കണമെന്നുള്ളതാണ് തർക്ക വിഷയം. അതിനെപ്പറ്റി പറഞ്ഞ് ഒരു ഒത്തുതീർപ്പിലെത്താൻ കഴിഞ്ഞില്ല…ഭരണഘടനയെ സംബന്ധിച്ച് മെത്രാച്ചനുമായി കുറേ സമയം സംസാരിച്ചു. യോജിക്കുന്ന മട്ട് കണ്ടില്ല.” ഒരു കാലത്തെ കൃത്യമായി വരച്ച് കാണിക്കുന്ന ഈ ഡയറിക്കുറിപ്പുകൾ ആരുടെയാണ്?

ഉത്തരം: പാറേട്ട് മാത്യൂസ് കത്തനാർ പിന്നീട് കോട്ടയം ഭദ്രാസനത്തിന്റെ പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ്.

ക്വിസ് നമ്പർ 17

1. മുന്തിരിക്കുല, അത്തിപ്പഴം, മാതളപ്പഴം എന്നിവയെ പൊതുവായി ബന്ധിപ്പിക്കുന്ന കാര്യം എന്താണ്? ഒലിവിനും ദേവദാരുവിനും ഈ സവിശേഷത ഇല്ല.

ഉത്തരം : ഈ മൂന്നും കനാൻദേശം ഒറ്റുനോക്കുവാൻ പോയവർ കൊണ്ടുവന്ന ഫലങ്ങളാണ് (സംഖ്യാ പുസ്തകം 13:23)

2. മന്നായിട്ടു വച്ച ചെപ്പും സാക്ഷിയിൻ പെട്ടകവും ഇതിനെ ദൃഷ്ടാന്തീകരിക്കുന്നു. ഏതിനെയാണ്? അഹറോന്റെ തളിർത്തവടിയും ഗിദയോന്റെ രോമക്കെട്ടും അതിനെ സൂചിപ്പിക്കുന്നില്ല.

ഉത്തരം : മുറോന്റെ പാത്രം
_മന്നായുടെ ചെപ്പും
സാക്ഷിപ്പെട്ടകവും ധന്യ പിതാവേ!
തൃകൈയിലിരിക്കും തൈലപാത്രത്തെ സൂചിപ്പിച്ചു
(മൂറോൻ കൂദാശ :- ഒന്നാം ശുശ്രൂഷ)_

3. ഒരു കോളജ് ചാപ്പലിൽ വച്ച് 20-ാം നൂറ്റാണ്ടിൽ മലങ്കരയിലെ ഒരു മെത്രാപ്പോലീത്താ സ്ഥാനാരോഹണ ശുശ്രൂഷ നടന്നിട്ടുണ്ട്. ആരുടെ സ്ഥാനാഭിഷേകമാണ്.?

ഉത്തരം : അലക്സിയോസ് മാർ തേവോദോസിയോസ്, തോമ്മാ മാർ ദീവന്നാസിയോസ് 1941 ഏപ്രിൽ 8-നു ആലുവാ യു.സി കോളേജ് ചാപ്പലിൽ വച്ച് ഗീവറുഗീസ് ദ്വിതിയൻ ബാവാ ഇവരെ മെത്രാൻ സ്ഥാനത്തേക്ക് ഉയർത്തി

4. ”പള്ളിക്രമങ്ങൾ നടത്തുന്നതിൽ അദ്വിതീയനാണ് മുറിമറ്റത്തിൽ പൗലോസ് മാർ ഈവാനിയോസ് തിരുമേനി” ആരുടെ സമകാലിക സാക്ഷ്യമാണിത്.

ഉത്തരം : കോനാട്ട് മാത്തൻ മൽപാൻ 1908-ൽ പുറത്തിറക്കിയ നടപടിക്രമത്തിന്റെ മുഖവുരയിൽ നിന്ന്

5. ”മാർ ഈവാനിയോസ് ഹിദായത്തുള്ള ബാവായുടെ ഓർമ്മ അതിവിപുലമായി മുളന്തുരുത്തി പള്ളിക്കാരും ബസേലിയോസ് മഫ്രിയാനയുടെ ഓർമ്മ സെപ്തംബർ 20 നു കോതമംഗലം പള്ളിക്കാരും ആഘോഷിക്കുന്നുണ്ട്. ഒരു വിദേശ മേൽപ്പട്ടക്കാരന്റെ 18-ാം നൂറ്റാണ്ടിലെ ഒരു രേഖയിൽ കാണുന്നതാണ് ഈ പരാമർശം. ആരുടെയാണ്?

ഉത്തരം മാർ ബസേലിയോസ് ശക്രള്ള ബാവാ ഈ കാര്യം യാക്കോബ് തൃതീയൻ പാത്രിയർക്കീസിന്റെ ഇന്ത്യയിലെ സുറിയാനി സഭ എന്ന പുസ്തകത്തിൽ ഉള്ളതാണ്. ഈ പരാമർശം ശ്രീ കുര്യൻ തോമസ് ഒന്നു രണ്ടിടങ്ങളിൽ ഉപയോഗിച്ചിട്ടുമുണ്ട്.

 

ക്വിസ് നമ്പർ 18

1 : ദാവീദ്, നെഹെമ്യാവ്, ദാനിയേൽ, എസ്ഥേർ, പൗലോസ് എന്നിവർക്കു പൊതുവായ ഒരു സവിശേഷത എന്താണ്?

ഉത്തരം : ഇവരെല്ലാം ഉപവസിച്ചതായി വേദപുസ്തകം സാക്ഷിക്കുന്നു
ദാവീദ് : (2 ശമുവേൽ 12 : 16)
നെഹമ്യാവ് : (നെഹ 1 : 4)
ദാനിയേൽ : (ദാനിയേൽ 9 : 3)
കൊർന്നല്യോസ് : (പ്രവർത്തികൾ 10 : 30)
എസ്ഥേർ : (എസ്ഥേർ 4 : 16)
പൗലോസ് : (2 കൊരിന്ത്യർ 11 : 27)

പൗലോസ് ശ്ലീഹായുടെ കാര്യത്തിൽ (2 കൊരി 11 : 27) ഉപവാസം എന്ന പദം BSI യുടെ സത്യവേദപുസ്തകത്തിൽ കാണുന്നില്ല. POC, വിശുദ്ധഗ്രന്ഥം തുടങ്ങിയ മറ്റ് എല്ലാ പരിഭാഷകളിലും ഉണ്ട്. അതേ പോലെ കൊർന്നല്യോസിന്റെ കാര്യത്തിൽ (പ്രവർത്തികൾ 10 : 30) ഉപവാസം എന്ന പദം BSI യുടെയും POC യുടെയും ബൈബിളിൽ ഇല്ല. പെഷീത്തായുടെ പരിഭാഷയിൽ ഉണ്ട്.

2 : ”വചനത്തിന്റെ മരണം കൊണ്ടേ മനുഷ്യരുടെ ദ്രവത്വം നീക്കാൻ പറ്റൂ. പക്ഷേ വചനത്തിനു മരണമില്ല; വചനം പിതാവിന്റെ പുത്രനാണ്. അതിനുള്ള പോംവഴി എന്താണ്? വചനം മരണമുള്ള ജഡം എടുത്തു. ആ ജഡത്തിൽ എല്ലാവർക്കും വേണ്ടി മരിച്ചു.”

ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങൾ തന്നെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ച ഈ ലേഖന ഭാഗം അഞ്ചാം തുബ്ദേനിൽ നാം ഓർക്കുന്ന ഒരു വലിയ പിതാവിന്റെയാണ്. ആരുടെയാണ്?

ഉത്തരം : മാർ അത്താനാസിയോസ് നിഖ്യാ വിശ്വാസപ്രമാണത്തിന്റെ ക്രോഡീകരണത്തിനായി പോരാടിയ അത്തനാസിയോസ് എഴുതിയ വചനത്തിന്റെ മനുഷ്യാവതാരം എന്ന ലേഖനത്തിൽ നിന്നും.

3. പത്രോസ് മൂന്നാമൻ പാത്രിയർക്കീസ് വാഴിച്ച 6 മെത്രാന്മാരിൽ, (മെത്രാൻ സ്ഥാനാരോഹണ ശുശ്രൂഷകളുമായി ബന്ധപ്പെട്ട്) മുറിമറ്റത്തിൽ മാർ ഈവാനിയോസിനു മാത്രം മറ്റ് അഞ്ച് പേരിൽ നിന്ന് ഒരു കാര്യത്തിൽ വ്യത്യാസമുണ്ട്. എന്തിലാണ്?

ഉത്തരം : സുന്ത്രോണീസോ മുറിമറ്റത്തിൽ മാർ ഈവാനിയോസിന്റെ സുന്ത്രോണീസോ മാമ്മലശേരി പളളിയിൽ വച്ച് നടത്തിയതായി രേഖയുണ്ട്. പത്രോസ് തൃതീയൻ വാഴിച്ച മറ്റ് അഞ്ചു പേർക്കും സുന്ത്രോണീസോ നടത്തിയതായി രേഖയില്ല.

4. മേൽപ്പട്ടക്കാർ കാലം ചെയ്യുമ്പോൾ അംശവസ്ത്രങ്ങൾ ധരിപ്പിച്ച്, സ്ഥാന ചിഹ്നങ്ങൾ അണിയിച്ച് കസേരയിൽ ഇരുത്തുകയാണല്ലോ പതിവ്. കാസാ – പീലാസകൾ കൈയിൽ പിടിപ്പിക്കാറില്ല. എന്നാൽ ചരിത്രത്തിൽ ഒരു മെത്രാന്റെ സംസ്കാരത്തിൽ മെഴുകു കൊണ്ടുള്ള കാസാ – പീലാസാകൾ ഉപയോഗിച്ചതായും അതുണ്ടാക്കിയതിനു നാല് ചക്രം ചെലവായതായും രേഖയുണ്ട്. ആരുടെ സംസ്കാര ശുശ്രൂഷയിൽ ആണ് ഇപ്രകാരം കാസാ – പീലാസകൾ ഉപയോഗിച്ചത്?

ഉത്തരം: വലിയ മാർ ദീവന്നാസിയോസിന്റെ നിരണം പള്ളിക്കാരാണ് കാസാ – പീലാസാകൾ നിർമ്മിച്ചത്.

5.” കോട്ടയത്തുള്ള വലിയ പള്ളി, പുത്തൻ പള്ളി, കുരിശു പള്ളി ഈ മൂന്നു പള്ളികളിലെയും മണികൾ മൂന്നു ദിവസത്തോളം ഇടവിടാതെ ദു:ഖവാർത്തയെ അറിയിച്ചുകൊണ്ടിരുന്നു. മാർ ദീവന്നാസിയോസ് സിമ്മനാരിയും താഴത്തങ്ങാടി ഇംഗ്ലീഷ് പള്ളിക്കൂട്ടും മലയാം പള്ളിക്കൂട്ടങ്ങളും സ്വാമിഭക്തി സൂചകമായി മൂന്നു ദിവസത്തേക്കു പൂട്ടപ്പെട്ടു. തിരുനക്കരയിലും താഴത്തങ്ങാടിയിലുമുള്ള സുറിയാനി കച്ചവട പീടികകൾ എല്ലാം രണ്ടു ദിവസത്തേക്കു അടയ്ക്കപ്പെട്ടു. എല്ലാ പള്ളികളിലും മൂന്നു ദിവസത്തെ ഉപവാസവും നമസ്കാരവും കുർബ്ബാനയും കാലം ചെയ്ത പിതാവിന്റെ ആത്മശാന്തിക്കുവേണ്ടി ആചരിക്കപ്പെടുകയും….”

ആരുടെ മരണവാർത്തയെ തുടർന്നുള്ള സംഭവവികാസങ്ങളാണ് ഇവ.

ഉത്തരം : പത്രോസ് തൃതിയൻ പാത്രിയർക്കീസിന്റെ ഇടവക പത്രിക 1070 കന്നി 30

ക്വിസ് നമ്പർ 19

1. എലെയാസർ (അഹറോന്റെ പുത്രൻ), യിരമ്യാവ്, യെഹസ്ക്കിയേൽ, സഖറിയാ (പ്രവാചകൻ) എന്നിവർക്ക് പൊതുവായ സവിശേഷത എന്താണ്?

ഉത്തരം : ഇവരെല്ലാം ലേവി ഗോത്രത്തിൽ ജനിച്ചവരാണ്

2. പത്രോസ് പൗലോസ് ശ്ലീഹൻമാരുടെ ഓർമ്മ, സ്വർഗാരോഹണ പെരുന്നാൾ, പെന്തിക്കോസ്തിക്കു ശേഷം ആറാം ഞായറാഴ്ച, ശവസംസ്കാരം – ഒന്നാം ശുശ്രൂഷ എന്നിവയ്ക്കു പൊതുവായ സവിശേഷത എന്താണ്?

ഉത്തരം : ഈ സന്ദർഭങ്ങളിലെല്ലാം അഞ്ചാം നിറമാണ് ഉപയോഗിക്കേണ്ടത്

3. സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ പ്രസിഡണ്ട് ജീവനോടെ ഇരിക്കെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമില്ലാതെ വൈസ്പ്രസിഡണ്ട് അദ്ധ്യക്ഷതവഹിച്ച മലങ്കര അസോസിയേഷൻ?

ഉത്തരം : 1974 ലെ നിരണം അസോസിയേഷൻ പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് അദ്ധ്യക്ഷത വഹിച്ചു

4. ഉദയംപേരൂർ സുന്നഹദോസിൽ നസ്രാണികളെ സൂചിപ്പിക്കുവാൻ ഉപയോഗിച്ചിട്ടുള്ള വാക്കേതാണ്?

ഉത്തരം : എണങ്ങർ മാർത്തോമാ നസ്രാണിയിടവകയിലെ പട്ടക്കാരെയും എണങ്ങരെയും (ഇണങ്ങരെയും) കൂട്ടി… എന്നാണ് കാനോനകളിൽ കാണുന്നത്. ഡോ. സ്കറിയാ സക്കറിയായെ പോലെയുള്ള ഭാഷാ പണ്ഡിതർ നസ്രാണി സമുദായത്തിന്റെ സഹോദര്യവും സമഭാവനയുമായി ഈ പദത്തെ ചേർത്ത് അവതരിപ്പിച്ചിട്ടുണ്ട്.

5. ”കുറച്ച് മാസങ്ങൾക്കു മുമ്പ് ഞാൻ വന്നപ്പോൾ എന്നെ പള്ളിയിൽ കയറ്റാതെ അവർ അടച്ചുകളഞ്ഞു; പോലീസിനെക്കൊണ്ടാണ് ഞാൻ വാതിൽ തുറപ്പിച്ചത്. ഞാൻ കുർബാന സമയത്ത് തിരുശരീര രക്തങ്ങൾ ഉയർത്തിയപ്പോൾ അവർ കണ്ണുകൾ അടച്ചു കളഞ്ഞു… ഏതാനും വർഷങ്ങൾക്ക് മുമ്പ് നമ്മുടെ മാതാവിന്റെ ഒരു പ്രതിമ ഞാൻ കാണിച്ചപ്പോൾ ഇവരിൽ പലരും കണ്ണുപൊത്തുകയും, ഞങ്ങൾ ക്രിസ്ത്യാനികളാണ്, വിഗ്രഹങ്ങളെ ആരാധിക്കുന്നവരല്ല; ആ വൃത്തികെട്ട സാധനം കൊണ്ടു പോകണം എന്നു പറയുകയും ചെയ്തു.” – ആരാണീ പറയുന്ന ഞാൻ?

ഉത്തരം:  ഫ്രാൻസിസ് റോസിനോട് മെനെസിസ് പറഞ്ഞതാണ് . ഗുവായയുടെ ജെർണാദയിലും മെക്കൻസിയുടെ ചരിത്രത്തിലും ഇത് കാണുന്നുണ്ട്.

ക്വിസ് നമ്പർ 20

1. തന്നെ ദയതോന്നി കൊന്നു കളയണമെന്ന് യഹോവയോട് പറഞ്ഞ പ്രവാചകൻ ആരാണ്?

ഉത്തരം: മോശെ (സംഖ്യ 11 : 15)

2. ”ആദാമിന്റെ ഇടതുഭാഗത്ത് നിന്ന് ഹവ്വാ പുറപ്പെട്ടതു പോലെ, പുതിയ ആദാമിന്റെ ഇടതുഭാഗത്ത് നിന്ന് സഭ അടിസ്ഥാനപ്പെട്ടിരിക്കുന്ന രണ്ട് കൂദാശകൾ പുറപ്പെട്ടു.” വിശുദ്ധ അഗസ്തീനോസിന്റെ അഭിപ്രായമാണിത്. എന്നാൽ ഇതിനോട് ചേർന്ന അഭിപ്രായം പറഞ്ഞ പൗരസ്ത്യ പിതാക്കന്മാരും ഉണ്ട്. കർത്താവിന്റെ വിലാപ്പുറത്ത് നിന്ന് ഒഴുകിയ രക്തവും വെള്ളവും വി.കുർബാനയെയും മാമോദീസായെയും സൂചിപ്പിക്കുന്നു എന്നു പറഞ്ഞ അഞ്ചാം തുബ്ദേനിൽ ഓർക്കുന്ന പിതാവ് ആരാണ്? (രണ്ട് പേരുണ്ട്; ഒരു പേര് പറഞ്ഞാൽ മതിയാകും)

ഉത്തരം സ്വർണനാവുകാരനായ ഈവാനിയോസും മാർ കൂറീലോസും

3. ചെങ്ങന്നൂർ ചെങ്കൽ ഇട്ടി ശെമ്മാശനെയും കുറവിലങ്ങാട് കിഴക്കേടത്ത് കുര്യൻ ശെമ്മാശനെയും സഭാ ചരിത്രത്തിൽ എവിടെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്?

ഉത്തരം : ഇവർ രണ്ടു പേരുമാണ് മൈലാപ്പൂരിൽ തടവിൽ കഴിഞ്ഞിരുന്ന അഹത്തുള്ള ബാവായെ സന്ദർശിച്ചത്

4. സുറിയാനിക്കാരുടെ കാനോനാകൾക്കും, ചട്ടത്തിനും വിശ്വാസത്തിനും വിരോധമായി തമ്പുരാനെപ്പെറ്റ മാതാവിനോടും പരിശുദ്ധൻമാരോടും പ്രാർഥിക്കണ്ട എന്നും, മരിച്ചവർക്കു വേണ്ടിയുള്ള പ്രാർഥനാ വേണ്ട എന്നും, ഇവകൾ കൊണ്ട് യാതൊരു ഉപകാരവും ഗുണവും ഇല്ലെന്നത്രെ ഈ ആളിന്റെ വിശ്വാസവും പ്രവൃത്തിയും…പാലക്കുന്നത്ത് അത്താനാസിയോസിന്റെ ഈ ചരമക്കുറിപ്പ് ആരെഴുതിയതാണ്?

ഉത്തരം : കരവട്ടുവീട്ടിൽ ശെമവൂൻ മാർ ദീവന്നാസിയോസ് അദ്ദേഹത്തിന്റെ നാളാഗമത്തിൽ കാണാവുന്നതാണ്

5. ”ദീവന്നാസിയോസ് മെത്രാനു മലങ്കര മെത്രപ്പോലീത്തായുടെ പിൻഗാമി എന്ന നിലയിൽ സ്താത്തിക്കോൻ കൊടുത്താൽ പിന്നെ എന്തിനാണ് ഞാൻ പോകുന്നത്; ഞാൻ പേകുന്നതല്ല.” ആരാണീ ഞാൻ?

ഉത്തരം സ്ളീബാ മാർ ഒസ്താത്തിയോസ് വട്ടിപ്പണക്കേസിൽ, ഒസ്താത്തിയോസിനു മലങ്കര മെത്രാൻ സ്ഥാനത്തിനു ആഗ്രഹമുണ്ടായിരുന്നു എന്ന് എങ്ങനെ മനസിലായി എന്ന ചോദ്യത്തിനു വട്ടശേരിൽ തിരുമേനി നൽകിയ മറുപടി.

ക്വിസ് നമ്പർ 21

1. ഫറവോൻ, ബിലെയാം, ആഖാൻ, ദാവീദ്, ശിമയി, ഹിസ്കിയാവ്, ശൗൽ, ഇയ്യോബ് എന്നിവർക്ക് പൊതുവായ ഒരു സവിശേഷത എന്താണ്? ഇതേ സവിശേഷത മീഖായ്ക്കും നെഹമ്യാവിനും ഉണ്ട്.

ഉത്തരം : ഈ പത്തു പേരും ഞാൻ പാപം ചെയ്തു എന്നു ഏറ്റുപറഞ്ഞതായി വേദപുസ്തകം സാക്ഷിക്കുന്നു

ഫറവോൻ (പുറപ്പാട് 9:27)
ബിലെയാം (സംഖ്യ 22:33)
ആഖാൻ (യോശുവ 7:20)
ശൗൽ (1 ശമുവേൽ 26:21)
ദാവീദ് (2 ശമുവേൽ 24:10)
ശിമയി (2 ശമുവേൽ 19:20)
ഹിസ്കിയാവ് (2 രാജാക്കൻമാർ 18:14)
ഇയ്യോബ് (ഇയ്യോബ് 7:20)
മീഖ (മീഖാ 7:9)
നെഹെമ്യാവ് (നെഹമ്യാവ് 1:6)

2. ”പഴയനിയമത്തിൽ പലപ്പോഴും യേശുവിന്റെ പീഡാനുഭവവും ഉയിർപ്പും ഒരുമിച്ചാണ് പ്രവചിച്ചിരിക്കുന്നത്. യെശയ്യാവ് അമ്പത്തിമൂന്നാം അദ്ധ്യായത്തിലും ദാവീദ് രണ്ടാം സങ്കീർത്തനത്തിലും മോശ ഉല്പത്തി നാൽപത്തി ഒമ്പതാം അദ്ധ്യായം ഒമ്പതാം വാക്യത്തിലും യേശുവിന്റെ പീഡാനുഭവവും ഉയിർപ്പും ഒന്നിച്ചു പറഞ്ഞു. അതുപോലെ യേശുവും ഇവിടെ തന്റെ കഷ്ടാനുഭവവും ഉയിർപ്പും ഒന്നിച്ചു പറഞ്ഞു. യേശുവിന്റെ കഷ്ടാനുഭവം അവന്റെ നിത്യതയ്ക്കു തടസമല്ല.” യോഹന്നാന്റെ സുവിശേഷം 12-ാം അദ്ധ്യായത്തിന്റെ ഒരു വ്യാഖ്യാനമാണിത്. 5-ാം തുബ്ദേനിൽ അനുസ്മരിക്കുന്ന ഏത് പിതാവിന്റെ വ്യാഖ്യാനമാണിത്?

ഉത്തരം : സ്വർണനാവുകാരനായ മാർ ഈവാനിയോസ് യോഹന്നാന്റെ സുവിശേഷത്തിനെഴുതിയ വ്യാഖ്യാനത്തിൽ നിന്നും.

3. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ചരിത്രത്തിൽ ആദ്യമായി റിട്ടേണിങ് ഓഫീസറായ വനിത.

ഉത്തരം: ഒ.പി. ശോശാമ്മ 2007 മാർച്ച് 21 നു ചേർന്ന അസോസിയേഷന്റെ റിട്ടേണിംഗ് ഓഫീസർ. തമിഴ്നാട് ലാന്റ് റവന്യു കമ്മീഷനറായിരുന്നു.

4. ആദ്യമായി സൈത്ത് കൂദാശ നിർവഹിച്ച പൗരസ്ത്യ കാതോലിക്ക ആരാണ്?

ഉത്തരം: ബസേലിയോസ് ഗീവറുഗീസ് പ്രഥമൻ 1101 ഇടവം 15-നു വള്ളിക്കാട്ട് ദയറായിൽ വച്ച് 25 കുപ്പി സൈത്ത് കൂദാശ ചെയ്തു പള്ളികൾക്കു കൊടുത്തു എന്നു കാണുന്നു. പൗലോസ് പ്രഥമൻ ബാവാ സൈത്ത് കൂദാശ നിർവഹിച്ചതായി രേഖയൊന്നും ഇല്ല.

5. ഒരു കത്താണ് കണ്ടു പിടിക്കേണ്ടത്. ഈ കത്ത് എഡേസയിലെ രാജകീയ ഗ്രന്ഥശാലയിൽ വച്ച് താൻ കണ്ടു എന്ന് യൗസേബിയോസ് തന്റെ സഭാ ചരിത്രത്തിൽ പറയുന്നു. അതിന്റെ കോപ്പി ഇന്ന് ബ്രിട്ടീഷ് മ്യൂസിയത്തിൽ ഉണ്ട്. 1850 – നോടടുത്ത് ഈജിപ്തിലെ നിത്രിയൻ സന്യാസാശ്രമത്തിൽ നിന്നാണ് മ്യൂസിയത്തിൽ കത്ത് എത്തുന്നത്? ഈ കത്ത് എഴുതിയ വ്യക്തിയെ നമ്മൾ വലിയനോമ്പിന്റെ ഇടയിൽ അനുസ്മരിക്കുന്നുണ്ട്. ആര് ആർക്കെഴുതിയ കത്തിനെപ്പറ്റിയാണ് ഈ പറയുന്നത്?

ഉത്തരം: അബ്ഗാർ രാജാവ് കർത്താവിനയച്ച കത്ത് ഇദ്ദേഹത്തെ പാതി ബുധനാഴ്ച പ.സഭ പ്രത്യേകമായി അനുസ്മരിക്കുന്നു.

ക്വിസ് നമ്പർ 22

1. യിശ്മായേൽ, ഇസഹാക്ക്, യോശിയാവ്, കോരെശ്, ശലോമോൻ, യോഹന്നാൻ സ്നാപകൻ, എന്നിവരെ പൊതുവായി ബന്ധിക്കുന്ന സവിശേഷത എന്താണ്?

ഉത്തരം :- ഇവരുടെയെല്ലാം പേരുകൾ ജനനത്തിനു മുമ്പ് തന്നെ നൽകപ്പെട്ടു/വിളിക്കപ്പെട്ടു.

യിശ്മായേൽ (ഉല്പത്തി 16:11)
യിസഹാക്ക് ( ഉല്പത്തി 17 : 19)
ശലോമോൻ (1 ദിനവൃത്താന്തം 22:9)
യോശിയാവ് (1 രാജാക്കൻമാർ 13:2)
കോരശ് (ഏശായ 44:28)
യോഹന്നാൻ (ലൂക്കോസ് 1:13)

2. ഹൗദ് മാലാഖേ, മാർ സേവേറിയോസിന്റെ മാനീസ, ഉയരപ്പെട്ടവന്റെ മറവിലിരിക്കുന്നവനായ..എന്ന അപേക്ഷ, മോറാൻ യേശുമശിഹ.. എന്നീ പ്രാർഥനകളെ പൊതുവായി ബന്ധിക്കുന്ന സവിശേഷത എന്താണ്? ഈ സവിശേഷത കർത്തൃ പ്രാർഥനയ്ക്കില്ല.

ഉത്തരം :- ഈ പ്രാർഥനകളെല്ലാം പുത്രൻ തമ്പുരാനെ കേന്ദ്രീകരിച്ചുള്ളതാണ് അഥവ പുത്രൻ തമ്പുരാനോടുള്ളതാണ്

3. ബസേലിയോസ് പൗലോസ് പ്രഥമൻ, ബസേലിയോസ് ഗീവറുഗീസ് ദ്വിതിയൻ, ബസേലിയോസ് ഔഗേൻ പ്രഥമൻ, ബസേലിയോസ് മാത്യൂസ് പ്രഥമൻ, ബസേലിയോസ് മാത്യൂസ് ദ്വിതിയൻ, ബസേലിയോസ് ദിദിമോസ് പ്രഥമൻ എന്നീ കാതോലിക്കാ ബാവാമാർ അവർ മെത്രാൻ സ്ഥാനം നൽകിയപ്പോൾ പാലിച്ച പൊതുവായ കീഴ്വഴക്കം കൊണ്ടു സമാനത പുലർത്തുന്നു. അതിനു സാധിക്കാതെ പോയത് ഗീവറുഗീസ് പ്രഥമൻ ബാവായ്ക്ക് മാത്രമാണ്. എന്താണ് ആ പൊതുവായ കാര്യം?

ഉത്തരം :- തങ്ങൾ കാതോലിക്ക/പാത്രിയർക്കീസ് സ്ഥാനം പ്രാപിച്ചശേഷം നിർവഹിക്കുന്ന ആദ്യ മേൽപ്പട്ട സ്ഥാനാഭിഷേകത്തിലെ ഒരു സ്ഥാനാർഥിക്കു തങ്ങളുടെ എപ്പിസ്കോപ്പൽ നാമം നൽകുക എന്ന കീഴ്വഴക്കം ഇവരെല്ലാം തന്നെ പാലിച്ചിട്ടുണ്ട്.

പൗലോസ് പ്രഥമൻ ബാവാ തന്റെ എപ്പിസ്കോപ്പൽ നാമമായ ഈവാനിയോസ് നൽകി 1913-ൽ യുയാക്കിം മാർ ഈവാനിയോസിനെ വാഴിച്ചു

ഗീവറുഗീസ് ദ്വിതിയൻ ബാവാ 1929 -ൽ നടത്തിയ ആദ്യ മേൽപ്പട്ട വാഴ്ചയിൽ തന്റെ എപ്പിസ്കോപ്പൽ നാമമായ ഗ്രീഗോറിയോസ് നൽകി കുറിയാക്കോസ് മാർ ഗ്രീഗോറിയോസിനെ വാഴിച്ചു.

ഔഗേൻ പ്രഥമൻ ബാവാ 1966 -ൽ നടത്തിയ ആദ്യ മേൽപ്പട്ട വാഴ്ചയിൽ തന്റെ എപ്പിസ്കോപ്പൽ നാമമായ തീമോത്തിയോസ് നൽകി തോമസ് മാർ തീമോത്തിയോസിനെ വാഴിച്ചു.

മാത്യൂസ് പ്രഥമൻ ബാവാ – 1977 -ൽ നടത്തിയ ആദ്യ മേൽപ്പട്ട വാഴ്ചയിൽ തന്റെ എപ്പിസ്കോപ്പൽ നാമമായ അത്താനാസിയോസ് നൽകി യൂഹാനോൻ മാർ അത്താനാസിയോസിനെ വാഴിച്ചു.

മാത്യൂസ് ദ്വിതിയൻ ബാവാ – 1991 -ൽ നടത്തിയ ആദ്യ മേൽപ്പട്ട വാഴ്ചയിൽ തന്റെ എപ്പിസ്കോപ്പൽ നാമമായ കൂറീലോസ് നൽകി ഗീവറുഗീസ് മാർ കൂറീലോസിനെ വാഴിച്ചു.

ദിദിമോസ് പ്രഥമൻ ബാവാ 2009 -ൽ നടത്തിയ ആദ്യ മേൽപ്പട്ട വാഴ്ചയിൽ തന്റെ എപ്പിസ്കോപ്പൽ നാമമായ തീമോത്തിയോസ് നൽകി മാത്യൂസ് മാർ തീമോത്തിയോസിനെ വാഴിച്ചു.

4. പരിശുദ്ധ കാതോലിക്കാ ബാവായിൽ നിന്ന് ‘ശ്രേഷ്ഠനായ സംഗീത സംവിധായകൻ’ എന്ന പുരസ്കാരം നേടിയ വ്യക്തി. നന്ദിയോടെ ഞാൻ സ്തുതി പാടിടും, അതിശുദ്ധ ത്രോണോസിൻമേൽ തുടങ്ങിയ പാട്ടുകൾ ഇദ്ദേഹം രചിച്ചതാണ്.

ഉത്തരം :- പി.ജെ.ഏബ്രഹാം പടിഞ്ഞാറേത്തലക്കൽ ഇദ്ദേഹമാണ് മാർത്തോമാ സിംഹാസനത്തിൽ.. എന്നു തുടങ്ങുന്ന കാതോലിക്കാ മംഗളഗാനവും രചിച്ചത്.

5. പതിനൊന്നു മാലാഖമാരെ നമുക്ക് എവിടെയാണ് കാണുവാൻ സാധിക്കുന്നത്?

ഉത്തരം :- പൗരസ്ത്യ കാതോലിക്കാമാരുടെ മുദ്രയിൽ

ക്വിസ് നമ്പർ 23

1. മോശെ, ദാവീദ്, ശമുവേൽ, ശെമയ്യാവ്, ഏലിയാവ്, എലീശ എന്നിവർക്കു (പ്രവാചകൻമാർക്ക്) പൊതുവായ സവിശേഷത എന്താണ്?

ഉത്തരം: ഇവരെല്ലാം ദൈവപുരുഷൻമാർ എന്ന് വേദപുസ്തകം സാക്ഷിക്കുന്നു
മോശെ (ആവർത്തനം 33:1)
ദാവീദ് (2 ദിന: 8:14)
ശമുവേൽ (1 ശമുവേൽ 9:6)
ശെമയ്യാവ് (1 രാജ 12:22)
ഏലിയാവ് (2 രാജ 1:10)
എലീശ (2 രാജ 4:7)

2. കാർത്തേജ് എന്ന ഉത്തരാഫ്രിക്കൻ നഗരത്തിനു പട്ടംകൊട ശുശ്രൂഷയുമായി എന്താണ് ബന്ധം?

ഉത്തരം : പട്ടംകൊട ശുശ്രൂഷയിൽ സ്ഥാനാർഥി വായിക്കുന്ന അമാലോഗ്യ (വിശ്വാസപ്രഖ്യാപനം) ക്രോഡീകരിച്ചത് കാർത്തേജിൽ വച്ചാണ്

3. നിക്കോളാസ് മൈക്കളോവിച്ച് സെർനോവ് എന്ന ഓക്സ്ഫോഡിലെ അദ്ധ്യാപകനായിരുന്ന റഷ്യക്കാരൻ മലങ്കരസഭയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

ഉത്തരം : ഇദ്ദേഹം സഭയുടെ കാതോലിക്കേറ്റ് കോളേജിൽ പ്രിൻസിപ്പൽ ആയിരുന്നു 1952-53 കാലഘട്ടത്തിൽ

4. ”ആകാശം വിതാനവും ഭൂമി കിടക്കയും കൈത്തണ്ട തലയിണയുമായി ആ ക്രൈസ്തവ ഭിക്ഷു ശത്രുക്കളുടെ കണ്ണിൽ ഒരേടും പെടാതെ ഓടി നടന്നു. അന്വേഷിച്ചു നടന്നവർ നാല്പതു മൈൽ വീതം ഒരു മാസം ഓടുന്ന കുതിരയെ കിട്ടാഞ്ഞ് തോറ്റു മടങ്ങി. പിടിച്ചു കൊടുക്കുന്നവർക്ക് 500 നാണയം സമ്മാനമായി കൊടുക്കാമെന്നുള്ള വിളംബരം കായ് കായിക്കാത്ത മുരിക്കിൻപൂ പോലെ നിഷ്ഫലമായി” – റാവു സാഹിബ് ഒ.എം. ചെറിയാൻ ആരെക്കുറിച്ചാണ് ഈ പറയുന്നത്?

ഉത്തരം : യാക്കോബ് ബൂർദാന (കാതോലിക്കാ സിംഹാസനം – ഒ.എം. ചെറിയാൻ)

5. വി.കുർബാനയ്ക്കുള്ള അനാഫുറകൾ മിക്കവാറും എല്ലാം തന്നെ പതിമൂന്നാം നൂറ്റാണ്ടിലോ അതിനു മുമ്പോ രചിക്കപ്പെട്ടതാണ്. 70-ഓളം ക്രമങ്ങൾ സുറിയാനിയിൽ ഉണ്ടെങ്കിലും മലയാളത്തിൽ തർജമ ചെയ്യപ്പെട്ടത് 15-ഓളം എണ്ണം മാത്രമാണ്. യാക്കോബിന്റെ ക്രമം, ഈവാനിയോസിന്റെ ക്രമം, ക്സൊസ്ത്തോസിന്റെ ക്രമം, ദീവന്നാസിയോസിന്റെ ക്രമം എന്നിവ പ്രാധാന്യത്തോടെ വ്യാപകമായി ഉപയോഗിക്കുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മലങ്കര സഭയുടെ സ്വന്തമായി ഒരു ക്രമമുണ്ട്. ഒരു വിശേഷ അവസരത്തിനുവേണ്ടിയാണ് അത് ക്രോഡീകരിക്കപ്പെട്ടത്. ഏതാണ് ആ ക്രമം? ആരാണ് ക്രോഡീകരിച്ചത്.

ഉത്തരം: മാർത്തോമായുടെ ക്രമം – ക്രോഡീകരിച്ചത് മാത്യൂസ് പ്രഥമൻ ബാവ മാർത്തോമാശ്ലീഹായുടെ ചരമശതാബ്ദിയോട് അനുബന്ധിച്ച് തയ്യാറാക്കിയത്. യാക്കോബിന്റെ ഒഴികെയുള്ള അനാഫുറയിലെ പ്രാർഥനകൾ സാധാരണ ഞങ്ങൾ നിനക്കും നിന്റെ ഏകപുത്രനും പരിശുദ്ധ റൂഹായ്ക്കും സ്തുതിയും സ്തോത്രവും സമർപ്പിക്കുമെന്ന് അവസാനിപ്പിക്കുമ്പോൾ ഈ ക്രമത്തിൽ ഞങ്ങൾ നിനക്കും ഞങ്ങളുടെ കർത്താവും ദൈവവുമായ നിന്റെ ഏകപുത്രനും പരിശുദ്ധ റൂഹായ്ക്കും…എന്നായിരുന്നു അവസാനിച്ചിരുന്നത്.

ക്വിസ് നമ്പർ 24

1. ”എന്നോട് ചോദിച്ചുകൊൾക” എന്ന് ദൈവം പറഞ്ഞിട്ടുള്ള മൂന്ന് പഴയനിയമ വ്യക്തികൾ/സന്ദർഭങ്ങൾ ഏതൊക്കെയാണ്?

ഉത്തരം :- മശിഹായോട് (സങ്കീ 2 : 9 & എബ്രായർ 1), ശലോമോനോട് (1 രാജ 3 : 5), ആഹാസിനോട് (യെശയ്യാവ് 7 : 11)

2. വി.കുർബാന, മാമ്മോദീസാ, പട്ടംകൊട, മൂറോൻ എന്നീ കൂദാശകൾക്കു പൊതുവായുള്ള അനുഷ്ഠാനപരമായ സവിശേഷത എന്താണ്? ആ അനുഷ്ഠാനം വിവാഹം, പളളികൂദാശ, തൈലാഭിഷേകം എന്നിവയ്ക്കില്ല.

ഉത്തരം : ഈ നാലു കൂദാശകൾക്കാണ് ക്രൊയിത്തോദ് റൂഹോ കാദീശോ എന്ന പരിശുദ്ധാത്മാഹ്വാനം ഉള്ളത്

3. കാതോലിക്കാമാരുടെ സ്വകാര്യ ചാപ്പൽ ആരുടെ നാമത്തിലാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്?

ഉത്തരം : വലിയ മാർ ബസേലിയോസിന്റെയും മാർ ബർസൗമായുടെയും

4. അഞ്ചാം തുബ്ദേനിൽ ഓർക്കുന്ന ഒരു പിതാവിനെ കണ്ടെത്തണം.
ഇദ്ദേഹം റോമിലെ മെത്രാപ്പോലീത്താ ആയിരുന്നു. പൗലോസ് ശ്ലീഹാ ഫിലിപ്യർക്കെഴുതിയ ലേഖനത്തിൽ പരാമർശിക്കുന്നത് ഇദ്ദേഹത്തെയാണെന്ന് യൗസേബിയോസും ഓറീഗണും അഭിപ്രായപ്പെട്ടിട്ടുണ്ട്. നാലാം നൂറ്റാണ്ട് വരെ ഇദ്ദേഹത്തിന്റെ ലേഖനങ്ങൾ പള്ളികളിൽ വായിക്കുക പതിവായിരുന്നു.

ഉത്തരം :- മാർ ക്ലീമ്മീസ് (ഫിലിപ്യർ 4 : 3) കാതോലിക്ക – പാത്രിയർക്കാ സ്ഥാനാരോഹരണങ്ങളിൽ ഇദ്ദേഹം ക്രോഡീകരിച്ച ഒരു പ്രാർഥനയും ഉപയോഗിക്കുന്നുണ്ട്.*

5. പത്രോസ് തൃതിയൻ പാത്രിയർക്കീസ് അവസാനമായി മലങ്കരയിൽ സന്ദർശിച്ച പള്ളി ഏതാണ്? അവിടെവച്ചാണ് പുതുതായി വാഴിച്ച മെത്രാൻമാർ ആദ്യമായി പട്ടം കൊടുത്തത്.

ഉത്തരം :- ചാലിശേരി പള്ളി (1877 ഇടവം 8) അവിടെനിന്ന് 1877 ഇടവം 9 നു പട്ടാമ്പി റെയിൽവേ സ്റ്റേഷനിലേക്കും തുടർന്ന് ബോംബയിലേക്കും പോവുകയായിരുന്നു.

History & Liturgy of MOSC: ക്വിസ് മത്സര പരമ്പര / ഡെറിന്‍ രാജു വാകത്താനം (1-14)