കോടതിവിധി നടപ്പാക്കാൻ ബാധ്യത: ഓർത്തഡോക്സ് സഭ


കോട്ടയം ∙ കട്ടച്ചിറ സെന്റ് മേരീസ്, വരിക്കോലി സെന്റ് മേരീസ് പളളികളെ സംബന്ധിച്ച ഹൈക്കോടതി ഉത്തരവോടെ ഈ പളളികളുടെയും ഭരണം ഓർത്തഡോക്സ് സഭയുടെ 1934 ലെ ഭരണഘടന അനുസരിച്ചു നടത്തുന്നതിനുള്ള സാഹചര്യമാണുള്ളതെന്ന് ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ. കോടതിവിധികൾ നടപ്പാക്കാൻ സർക്കാരിനു നിയമപരമായ ബാധ്യതയുണ്ടെന്നും അതു നിറവേറ്റാൻ നടപടിയെടുക്കുകയാണു വേണ്ടതെന്നും അസോസിയേഷൻ സെക്രട്ടറി പറഞ്ഞു.

അനുകൂലമായ കോടതിവിധികൾ ഉണ്ടായിട്ടും നീതി നിഷേധിക്കപ്പെടുന്ന ഓർത്തഡോക്സ് സഭയ്‌ക്ക് ഒപ്പമുണ്ടാകുമെന്ന ബിജെപി സംസ്ഥാനാധ്യക്ഷൻ പി.എസ്.ശ്രീധരൻപിളളയുടെ നിലപാട് ഓർത്തഡോക്സ് സഭ സ്വാഗതം ചെയ്തു. സഭാതർക്കത്തിൽ ഓർത്തഡോക്സ് സഭയുടെ പക്ഷത്താണു ന്യായമുളളത് എന്ന സുപ്രീംകോടതി വിധികൾ പരിഗണിച്ചു നടത്തിയ പ്രസ്താവന യാഥാർഥ്യബോധത്തോടെയുളളതും അഭിനന്ദനാർഹവുമാണെന്നു സഭ വിലയിരുത്തി.