ഒരു പവിത്രചരിതന്‍ പത്രനേത്രങ്ങളില്‍

മലങ്കര സഭാഭാസുരന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ദിവംഗതനായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ അപദാനങ്ങളെ പ്രകീര്‍ത്തിച്ചും ദേഹവിയോഗത്തില്‍ അനുശോചിച്ചും അന്നത്തെ പത്രങ്ങള്‍ എഴുതിയ മുഖപ്രസംഗങ്ങളില്‍ നിന്നുള്ള ഉദ്ധരണികളാണ് ചുവടെ ചേര്‍ക്കുന്നത്:

ഇവയില്‍ മലയാള മനോരമ, ദീപിക എന്നിവ ഒഴിച്ചുള്ള പത്രങ്ങള്‍ എല്ലാം കാലക്രമേണ നിന്നുപോയി.

മലയാള മനോരമ

“ദൈവാശ്രയം, ബുദ്ധിശക്തി, പാണ്ഡിത്യം, സ്വഭാവ സംസ്കാരം, കര്‍മ്മധീരത, അനഹങ്കാരം, കൃത്യബോധം, കളങ്കരഹിതമായ ജീവിതം, സ്ഥാനമാഹാത്മ്യം, സ്വസമുദായത്തിന്‍റെ സര്‍വ്വപ്രധാനമായ ഘട്ടത്തില്‍ നായകത്വം വഹിക്കാന്‍ സിദ്ധിച്ച ഭാഗ്യം, ജീവിത കാലത്തെ സംഭവബഹുലത, തന്നെ അഭിമുഖീകരിച്ച പ്രശ്നങ്ങളുടെ വിഷമതയും ബഹുലതയും എന്നിങ്ങനെ പല സംഗതികള്‍ ഒരുമിച്ചുചേര്‍ത്തു (ചിന്തിച്ചാല്‍) ആലോചിച്ചു നോക്കിയാല്‍ മലങ്കര യാക്കോബായ സമുദായത്തിനു മാത്രമല്ല നസ്രാണി സമുദായത്തില്‍ ഉണ്ടായിട്ടുള്ള മഹാരഥന്മാരില്‍ വച്ച് പ്രഥമസ്ഥാനത്തെ അര്‍ഹിക്കുന്ന ആളെന്ന് ന്യായമായി പരിഗണിക്കപ്പെടാന്‍ അര്‍ഹതയുള്ള പുണ്യാത്മാവായ മലങ്കരയുടെ നി. വ. ദി. ശ്രീ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കളുടെ പരലോകപ്രാപ്തിയിലുള്ള അപാരമായ ദുഃഖത്തെ രേഖപ്പെടുത്തിക്കൊള്ളുന്നു.

………. ജീവിത ദശയിലെ പ്രധാന സംഭവങ്ങളെപ്പറ്റിയോ അദ്ദേഹത്തില്‍ ശോഭിച്ചിരുന്ന വിശിഷ്ട ഗുണങ്ങളെപ്പറ്റിയോ വിശദീകരിക്കുന്നതിന് ഒരുമ്പെടുന്നില്ല.” (1109 കുംഭം 15)

ബഥനി മാസിക

“മലങ്കര സഭാ ഭാസ്വരന്‍” എന്ന അപരനാമത്താല്‍ സുപ്രസിദ്ധനായിരുന്ന മാര്‍ ഗീവര്‍ഗീസ് ദിവന്നാസ്യോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ ദേഹവിയോഗത്തെപ്പറ്റി രേഖപ്പെടുത്തേണ്ടി വന്നതില്‍ ഞങ്ങള്‍ക്കുള്ള ദുസ്സഹദുഃഖം അവര്‍ണ്ണനീയമത്രെ. മല്ലപ്പള്ളിയിലെ ഏറ്റം പുരാതന കുടുംബങ്ങളില്‍ ഒന്നായ വട്ടശ്ശേരില്‍ കുടുംബത്തില്‍ എഴുപത്താറു കൊല്ലങ്ങള്‍ക്കു മുമ്പു ഭൂജാതം ചെയ്യുകയും കാലാന്തരത്തില്‍ മലങ്കര സുറിയാനി സഭയുടെ എന്നു മാത്രമല്ല നസ്രാണി സമുദായം മുഴുവന്‍റെയും അഭിമാനസ്തംഭമായിത്തീരുകയും ചെയ്ത പുണ്യാത്മാവായ ഈ വന്ദ്യ തിരുമേനിയില്‍ പ്രകാശിച്ചിരുന്ന ഗുണഗണങ്ങളെ പ്രകീര്‍ത്തിക്കുന്നതിനു ഞങ്ങള്‍ ഒരുമ്പെടുന്നില്ല. എങ്കിലും തിരുമേനിയെപ്പോലെ അഗാധമായ ബുദ്ധിശക്തി, നിഷ്കളങ്കമായ ദൈവഭക്തി, വേദശാസ്ത്ര പാണ്ഡിത്യം, കൃത്യബോധം, സ്വാര്‍ത്ഥപരിത്യാഗം, അനഹങ്കാരം, വീക്ഷണശക്തി, വിപദിധൈര്യം, ജീവിത നൈര്‍മ്മല്യം, സത്യവിശ്വാസാചാര പ്രതിപത്തി എന്നിവ ഒരാളില്‍ ഏകോപിച്ചു പ്രശോഭിച്ചിരുന്ന മേല്‍പട്ടക്കാരോ, പട്ടക്കാരോ, മലങ്കരസഭയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നു ഒറ്റ വാചകത്തില്‍ എങ്കിലും പ്രസ്താവിക്കാതെ നിവൃത്തിയില്ല. തിരുമനസ്സിലെ നിര്യാണം മലങ്കരസഭയ്ക്കു പൊതുവെയും ബഥന്യാശ്രമത്തിനു പ്രത്യേകിച്ചും അപരിഹാര്യമായ ഒരു നഷ്ടമാണ്. ആശ്രമം സ്ഥാപിച്ചതു മുതല്‍ ഇതുവരെ അതിന്‍റെ വിസിറ്റര്‍ മെത്രാപ്പോലീത്താ ആയിരുന്ന തിരുമനസ്സിലെ അനുമതിയും ആശീര്‍വാദവും പിതൃനിര്‍വിശേഷമായ സ്നേഹവാത്സല്യങ്ങളും ആനുകൂല്യങ്ങളും സഹായസഹകരണങ്ങളും കൊണ്ടല്ലായിരുന്നുവെങ്കില്‍ ഈ ആശ്രമം മലങ്കര സുറിയാനി സഭയില്‍ ആവിര്‍ഭവിക്കുകയോ നിലനില്‍ക്കുകയൊ ചെയ്യുന്നതിനു ഇടവരുകയില്ലായിരുന്നു. തിരുമനസ്സിലെ വാത്സല്യ ശിഷ്യനായിരുന്ന മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ അവര്‍കളുടെ സഭാപരിവര്‍ത്തനം മൂലം മരണതുല്യമായ വേദന അനുഭവിച്ചുകൊണ്ടിരുന്ന ഞങ്ങള്‍ക്കു പുണ്യശ്ളോകനായ ഈ തിരുമേനിയില്‍ നിന്നു യഥാവസരം സിദ്ധിച്ച ആശ്വാസവചനങ്ങളും പ്രോത്സാഹനങ്ങളും ഞങ്ങളെ ധൈര്യപ്പെടുത്തുക തന്നെ ചെയ്തു. ഇവകള്‍ക്കെല്ലാം തിരുമേനിയോട് എന്നാളും ഞങ്ങള്‍ കടംപെട്ടവരത്രെ.

തിരുമനസ്സിലെ അഗാധമായ ദൈവഭക്തിയെ പ്രദ്യോതിപ്പിക്കുന്ന ഏതാനും സംഗതികള്‍ ഇവിടെ രേഖപ്പെടുത്തുന്നത് അനുചിതമായിരിക്കുകയില്ലല്ലോ. തിരുമനസ്സിലേക്കു ആയുസ്സില്‍ ഏറ്റം വെറുപ്പുള്ള ഏതെങ്കിലും ഒറ്റ സംഗതിയുണ്ടായിരുന്നുവെങ്കില്‍ അതു ഭക്തിവേഷം നടിക്കുന്നതായിരുന്നു. തന്‍റെ ശിഷ്യന്മാരില്‍ ഒരാളില്‍ കണ്ട ഭക്തിയുടെ ഭാവന തനിക്കു അശേഷം രുചിക്കാഴികയാല്‍ അടുത്തുണ്ടായിരുന്ന മറ്റൊരു പട്ടക്കാരനോട് ഇപ്രകാരം കല്‍പിക്കുകയുണ്ടായി: “എടൊ കത്തനാരച്ചാ, യഥാര്‍ത്ഥത്തില്‍ ഭക്തിയുള്ളവന്‍ അവന്‍റെ ഭക്തി വെളിപ്പെടുത്തുമോ? നേരെമറിച്ചു അതു മറ്റുള്ളവര്‍ കാണരുതെന്നല്ലായിരിക്കുമോ അവന്‍റെ വിചാരം?”

തിരുമനസ്സിലെ രഹസ്യപ്രാര്‍ത്ഥനകളും ധ്യാനങ്ങളും ഒരിക്കലും മറ്റുള്ളവര്‍ കാണത്തക്കവണ്ണം അവിടുന്നു നടത്തിയിരുന്നില്ലെന്നു സൂക്ഷ്മമായി ഞങ്ങള്‍ക്കറിയാം. മ്ശിഹാനുകരണം എന്ന പുസ്തകം നിത്യവും തിരുമനസ്സുകൊണ്ടു വായിച്ചു ധ്യാനിക്കുക പതിവായിരുന്നു. മുറിയുടെ കതകുകള്‍ അടച്ചുകൊണ്ടല്ലാതെ അവിടുന്ന് ഇതു ചെയ്തിരുന്നില്ല. തന്‍റെ ചിലപ്പോഴത്തെ മുഖഭാവവും പെരുമാറ്റവും കണ്ടാല്‍ തനിക്കു ഭക്തിയില്ലെന്നു ആളുകള്‍ പറയുന്നതു അവിടുത്തേക്കു ഒരുമാതിരി സന്തോഷമായിരുന്നു എന്നുകൂടെ തോന്നിപ്പോവും. എത്രവലിയ ജോലിത്തിരക്കൊ ബദ്ധപ്പാടൊ ഉള്ള അവസരമായിരുന്നാലും വി. വേദപുസ്തകത്തില്‍ നിന്നു നിത്യവും നാല് അദ്ധ്യായം വീതം വായിച്ചു കേള്‍ക്കുക അവിടുത്തെ പതിവായിരുന്നു. മറ്റുള്ളവരുടെ ദൃഷ്ടിക്കു വിഷയീഭവിക്കാതെയും മറ്റുള്ളവരെ ഗ്രഹിപ്പിക്കാതെയും ചില പ്രത്യേക വ്രതങ്ങളും ചിലപ്പോഴെല്ലാം അവിടുന്നു പരിപാലിച്ചുപോന്നു. തിരുമനസ്സുകൊണ്ടു ഒരു പരിശുദ്ധനാണ് എന്നു മഹാനായ സി. എഫ്. ആന്‍ഡ്രൂസ് വിശ്വസിച്ചുപോന്നതായി ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്. അദ്ദേഹം തിരുമേനിയെ സന്ദര്‍ശിച്ച രണ്ടു സന്ദര്‍ഭങ്ങളില്‍ മുട്ടുകുത്തി നമ്മുടെ കര്‍ത്താവു ഉപയോഗിച്ച ഭാഷയില്‍ അവിടുന്നു എന്നെ അനുഗ്രഹിക്കണം എന്നപേക്ഷിച്ചുകൊണ്ട് തിരുമനസ്സിലെ അനുഗ്രഹം പ്രാപിച്ചതായും അറിയാം. നമ്മുടെ തിരുമേനി മാര്‍ ഗീവറുഗീസ് സഹദായെയും മറ്റും പോലെ ധീരനും യോദ്ധാവും ആയ ഒരു പരിശുദ്ധനാണ് എന്നു ദീര്‍ഘകാലം തിരുമേനിയുമായി ഇടപെട്ടിട്ടുള്ള ഡിസ്ട്രിക്ട് ജഡ്ജി എ. പീലിപ്പോസ് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങളോട് പറഞ്ഞ സംഗതിയും ഈ അവസരത്തില്‍ പ്രസ്താവയോഗ്യമത്രെ. അഗാധമായ ഭക്തിയുള്ളവര്‍ക്കു മാത്രം അനുഭവപ്പെടുന്ന ചില ആത്മീയ സംഗതികള്‍ തിരുമനസ്സിലെ പ്രസംഗവും സംഭാഷണവും മൂലം ഗ്രഹിപ്പാനും ഞങ്ങള്‍ക്കു ഇടയായിട്ടുണ്ട്. ജഡസംബന്ധമായ പ്രതിബന്ധങ്ങളില്‍ നിന്ന് ഒഴിഞ്ഞിരിക്കുകയാല്‍ ഈ പരിശുദ്ധന്‍റെ ആത്മാവ് സഭയുടെയും ഞങ്ങളുടെ ആശ്രമത്തിന്‍റെയും ഉന്നമനത്തിനായി പൂര്‍വ്വാധികം പ്രവര്‍ത്തിക്കുന്നു എന്നു സമാശ്വസിക്കട്ടെ. തിരുമനസ്സിലെ നിത്യശാന്തിക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊള്ളുന്നു.”1

നസ്രാണി ദീപിക

(മാന്നാനത്തു നിന്നുള്ള ഈ പത്രം, പിന്നീട് കോട്ടയത്തു നിന്നു പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ അതിന്‍റെ പേര് ‘ദീപിക’ എന്നു മാറ്റി)

“മലങ്കര യാക്കോബായ സഭയുടെ നെടുംതൂണായിരുന്ന മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ കഴിഞ്ഞ വെള്ളിയാഴ്ച പന്ത്രണ്ടേകാല്‍ മണിക്ക് കോട്ടയത്തുള്ള പഴയസെമിനാരിയില്‍ വച്ചു കാലം ചെയ്തു. കുറെ നാളുകളായി ഇദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്ന വാതരോഗം പെട്ടെന്നു വര്‍ദ്ധിക്കുകയാലാണ് ഈ അത്യാഹിതം നേരിട്ടത്. ….. പുലിക്കോട്ടില്‍ മെത്രാപ്പോലീത്താ 1909 -ല്‍ ചരമമടഞ്ഞതിനാല്‍ അദ്ദേഹത്തിന്‍റെ അനന്തരഗാമിയായി ദീവന്നാസ്യോസ് മെത്രാപ്പോലീത്താ തെരഞ്ഞെടുക്കപ്പെട്ടു. അധികനാള്‍ കഴിയുന്നതിനു മുമ്പു ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെ അബ്ദള്ളാ പാത്രിയര്‍ക്കീസു മുടക്കിയതും അതിന്‍റെ ഫലമായി പ്രസിദ്ധമായ ട്രസ്റ്റി വഴക്കും വട്ടിപ്പണക്കേസ്സും ബാവാ – മെത്രാന്‍ കക്ഷി ഭിന്നിപ്പും യാക്കോബായ സഭയില്‍ ഉല്‍ഭവിച്ചതും മറ്റും ഏവര്‍ക്കും അറിയാവുന്ന സംഗതികള്‍ ആണല്ലൊ.
ക്രമാതീതമായ ഒരധികാരമാണ് അന്ത്യോക്യാ പാത്രിയര്‍ക്കീസ് മലങ്കര യാക്കോബായ സഭയുടെ മേല്‍ പ്രയോഗിച്ചുകൊണ്ടു വരുന്നതെന്നും അതു വേണ്ടുംവിധം നിയന്ത്രിക്കപ്പെടേണ്ടതാണെന്നും ഉള്ള അഭിപ്രായക്കാരനായിരുന്നു പരേതനായ മെത്രാപ്പോലീത്താ. തന്നിമിത്തം ആജീവനാന്തം തല്‍സാദ്ധ്യാര്‍ത്ഥം അദ്ദേഹം ഭയങ്കരമായ പോരാട്ടം നടത്തി. മാത്രമല്ല മരണമടഞ്ഞതിന്‍റെ തലേദിവസം പുറപ്പെടുവിച്ച അന്ത്യസന്ദേശത്തില്‍ കൂടെയും ആ ആദര്‍ശം നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിന് അത്യാവശ്യമെന്നുകരുതി അദ്ദേഹം ഏര്‍പ്പെടുത്തിയിട്ടുള്ള കാതോലിക്കാ സ്ഥാപനത്തിനു ഒരിക്കലും ഉടവുതട്ടാത്ത തരത്തിലുള്ള വ്യവസ്ഥയില്‍ മാത്രം എതിര്‍കക്ഷികളുമായി സന്ധിക്കു വഴിപ്പെടണമെന്നത്രേ മെത്രാപ്പോലീത്താ സ്വപക്ഷക്കാരോട് ഉപദേശിക്കുന്നത്. ഇദ്ദേഹത്തിനുണ്ടായിരുന്ന വ്യക്തിമാഹാത്മ്യം ഒന്നു വേറെ തന്നെ ആയിരുന്നുവെന്നു സമ്മതിക്ക തന്നെ വേണം. അസാമാന്യമായ ബുദ്ധിശക്തി, അജയ്യമായ സ്വാധീനശക്തി, ആകര്‍ഷണീയമായ പ്രസംഗപാടവം, അഗാധമായ പാണ്ഡിത്യം, ഒരു അഭിഭാഷകനെ ജയിക്കുന്ന നിയമജ്ഞാനം എന്നിങ്ങനെ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കുണ്ടായിരുന്ന നാനാഗുണങ്ങള്‍ പ്രസിദ്ധങ്ങളാണ്. ഈദൃശനായ ഒരു മഹാനുഭാവന്‍റെ വിയോഗം മൂലം ദുഃഖിതരായിരിക്കുന്ന സഭാംഗങ്ങളോടു കൂടെ ഞങ്ങളും അനുശോചിച്ചുകൊള്ളുന്നു.”

സ്വാതന്ത്ര്യകാഹളം

(കോട്ടയത്തു നിന്നുള്ള രാഷ്ട്രീയ വാരികയായിരുന്നു സ്വാതന്ത്ര്യകാഹളം)

“ഇക്കഴിഞ്ഞ കാല്‍ ശതാബ്ദക്കാലം യാക്കോബായ സഭയില്‍ ഉള്‍പ്പെട്ടും അല്ലാതെയും കേരളത്തിനകത്തും പുറത്തും ഉള്ള അനേകസഹസ്രം ജനങ്ങളുടെ സവിശേഷമായ ശ്രദ്ധയെ തന്നിലേക്ക് ആകര്‍ഷിച്ചിരുന്ന ഒരു മഹാപുരുഷനാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച പകല്‍ പന്ത്രണ്ടേകാല്‍ മണിക്ക് കോട്ടയം പഴയസെമിനാരിയില്‍ വച്ച് 76 -ാമത്തെ വയസ്സില്‍ ദിവംഗതനായത്. ബുദ്ധിശക്തിയിലും, മനക്കരുത്തിലും, സാമര്‍ത്ഥ്യത്തിലും സമകാലീനരുടെ കൂട്ടത്തില്‍ വളരെ ഉയര്‍ന്ന ഒരു സ്ഥാനത്തിനു തിരുമനസ്സുകൊണ്ട് അര്‍ഹനായിരുന്നുവെന്നു അദ്ദേഹത്തോട് അല്‍പം നിമിഷമെങ്കിലും ഇടപെടുവാന്‍ ഇടയായിട്ടുള്ള ഏവനും സശിരഃകമ്പം സമ്മതിക്കും. തിരുമനസ്സിലെ പൂര്‍വ്വഗാമിയായ പുലിക്കോട്ടു മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ കാലം ചെയ്തപ്പോള്‍
കൈവന്നോ കഷ്ടകാലം കരുണയുടെ കട-
ക്കണ്ണടഞ്ഞോ വലഞ്ഞോ
ദൈവം നമ്മേ വെടിഞ്ഞോ കരയുക ജനമേ
കാര്യമെല്ലാം കുഴഞ്ഞു.
എന്ന പൂര്‍വ്വാര്‍ദ്ധത്തോടു കൂടിയ ഒരു ചരമശ്ലോകം പി. കെ. കൊച്ചീപ്പന്‍ തരകന്‍റേതാണെന്നു തോന്നുന്നു, ഞങ്ങള്‍ വായിച്ചതായി ഓര്‍ക്കുന്നുണ്ട്. കാര്‍മേഘപടലങ്ങളാല്‍ ആകാശം മൂടി, ഭയങ്കരമായ കൊടുങ്കാറ്റുകള്‍ ഊതി, കടല്‍ ക്ഷോഭിക്കുവാന്‍ ആരംഭിച്ചിരുന്ന ഒരു അവസരത്തിലാണ് തിരുമനസ്സില്‍ നിന്ന് മലങ്കരയിലെ യാക്കോബായ സുറിയാനി സഭയാകുന്ന യാനപാത്രത്തിന്‍റെ അമരം കൈയേല്‍ക്കുവാന്‍ ഇടവന്നതെന്നു നാം മറക്കരുത്. കോളില്‍ അകപ്പെടുവാനിരിക്കുന്ന കപ്പലിനെ പരേതനായ വന്ദ്യപുരുഷന്‍ നയിച്ച വിധത്തെപ്പറ്റി ഒരഭിപ്രായം പറയുന്നതിനു ഞങ്ങള്‍ പ്രാപ്തരല്ല. സമാധാനം പുനഃസ്ഥാപിക്കുന്നതിനു അന്ത്യശാസനത്തില്‍ കല്‍പിച്ചിട്ടുള്ള സദുപദേശങ്ങളെ ആവുംവിധം ആദരിച്ച് നിര്‍ഭാഗ്യവശാല്‍ യാക്കോബായ സമുദായത്തില്‍ കടന്നുകൂടിയ അന്തച്ഛിദ്രത്തെ അവസാനിപ്പിച്ച് അവശസമുദായങ്ങളുടെ രാഷ്ട്രീയസമത്വപരിഹാരാര്‍ത്ഥം യാക്കോബായ സമുദായം അതിന്‍റെ നിലയും വിലയും അനുസരിച്ചു മുന്നണിയില്‍ തന്നെ നിന്ന് മേലും ധര്‍മ്മസമരം ചെയ്തുകാണുവാനാണ് സ്വാതന്ത്ര്യകാഹളം ആത്മാര്‍ത്ഥതയോടുകൂടി പ്രാര്‍ത്ഥിക്കുന്നത്….”

കോട്ടയം പത്രിക

(കോട്ടയം ബിഷപ്പിന്‍റെ വകയായി കോട്ടയം കത്തോലിക്കാ മിഷന്‍ പ്രസ്സില്‍ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തി വന്ന പ്രതിവാരപ്പത്രമായിരുന്നു കോട്ടയം പത്രിക)

മലങ്കര യാക്കോബായ സഭയുടെ പ്രധാന മെത്രാപ്പോലീത്തായും, കാല്‍ ശതാബ്ദത്തിനുള്ളില്‍ ആ സഭയിലുണ്ടായിട്ടുള്ള അന്തച്ഛിദ്രങ്ങളുടെയും കക്ഷി മത്സരത്തിന്‍റെയും ഇടയില്‍ കൂടി വിജയപൂര്‍വ്വം പുരോഗമനം ചെയ്ത് സുപ്രസിദ്ധനായിതീര്‍ന്നിട്ടുള്ള മഹാനുമായ വട്ടശ്ശേരില്‍ മാര്‍ ഗീവറുഗീസ് ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍ വാര്‍ദ്ധക്യ സഹജമായ രോഗം നിമിത്തം 76-ാമത്തെ വയസ്സില്‍ പഴയസിമ്മനാരിയില്‍ വച്ചു കാലം ചെയ്തിരിക്കുന്നു എന്നുള്ള വിവരം വ്യസനപൂര്‍വ്വം പ്രസ്താവിച്ചുകൊള്ളുന്നു. 84 മിഥുനം 29 -ന് വലിയ മെത്രാച്ചന്‍ (പുലിക്കോട്ടില്‍) കോട്ടയംചെറിയപള്ളിയില്‍ വച്ചു കാലം ചെയ്തു. അദ്ദേഹത്തിന്‍റെ മുപ്പതാമടിയന്തിരത്തിനു ശേഷം അസ്സോസിയേഷന്‍ കൂടി പാത്രിയര്‍ക്കീസിന്‍റെ സമ്മതമനുസരിച്ചു കൊച്ചു മെത്രാച്ചനെ മലങ്കര മെത്രാപ്പോലീത്തായായി ഓക്സിയോസ് ചൊല്ലി ഉയര്‍ത്തുകയും ചെയ്തു.

(മുളന്തുരുത്തി സുന്നഹദോസ്, വട്ടിപ്പണക്കേസ്, മുടക്ക് എന്നിവയെ പരാമര്‍ശിച്ചശേഷം മുഖപ്രസംഗം ഇങ്ങനെ തുടരുന്നു)

ട്രസ്റ്റികള്‍ തമ്മില്‍ രസമില്ലാതിരിക്കുന്ന അവസരത്തിലാണ് 85-ല്‍ അബ്ദള്ളാ പാത്രിയര്‍ക്കീസ് മലയാളത്തു വന്നെത്തിയത്. ഇദ്ദേഹം പഴയ സിമ്മനാരിയില്‍ വച്ചു ഒരു പൊതുസുന്നഹദോസ് വിളിച്ചുകൂട്ടി ശീമക്കാര്‍ക്കു ലൗകികാധികാരം ഉണ്ടായിരിക്കത്തക്കവിധത്തില്‍ ഭരണഘടന പരിഷ്കരിക്കുന്നതിനു ശ്രമിക്കുകയും അതിനുണ്ടായ എതിര്‍പ്പുമൂലം സുന്നഹദോസ് ഉലശലായി പിരിയുകയും ചെയ്തു. പിന്നീടു മെത്രാന്മാര്‍ എല്ലാവരും ലൗകികാധികാരം കൂടി സമ്മതിച്ച് ഉടമ്പടി കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹം പട്ടം കൊടുത്തിട്ടുള്ള മറ്റു മെത്രാന്മാര്‍ അതിനു വഴിപ്പെട്ടുവെങ്കിലും മലങ്കര മെത്രാന്‍ അതിനു സമ്മതിച്ചില്ല. കോനാട്ടു മല്‍പാനവര്‍കളും മി. സി. ജെ. കുര്യനും ബാവായെ അനുകൂലിച്ചു നിന്നിരുന്നു. ഇതോടുകൂടി പാത്രിയര്‍ക്കീസ് ബാവായുടെ ഭാഗത്തും മെത്രാപ്പോലീത്തായുടെ ഭാഗത്തും ആയി ആകെയുള്ള ജനങ്ങള്‍ രണ്ടായി പിരിയുന്നതിനു ഇടയായി. അനുസരണക്കേടും മറ്റും കാരണം പറഞ്ഞു 86-ല്‍ ബാവാ മെത്രാച്ചനെ മുടക്കി. മുടക്കു ന്യായമായിട്ടുള്ളതല്ലെന്നും മലങ്കരയുടെ സ്വാതന്ത്ര്യം ശീമക്കാര്‍ക്കു താന്‍ തീറെഴുതിക്കൊടുക്കയില്ലെന്നും മെത്രാപ്പോലീത്താ വാദിച്ചു. അനന്തരം വട്ടിപ്പണപ്പലിശ വാങ്ങുന്നതു സംബന്ധിച്ചും മറ്റും പല വ്യവഹാരങ്ങള്‍ നടന്നു. ആദ്യകാലത്തു ബാവാ കക്ഷി ഭാഗത്തു വിജയം സിദ്ധിച്ചുവെങ്കിലും അവര്‍ക്കു പണം വാങ്ങാന്‍ സാധിച്ചില്ല. വ്യവഹാരം ധീരനായ മെത്രാപ്പോലീത്താ തുടര്‍ന്നു നടത്തി. മി. സി. ജെ. കുര്യനും കോനാട്ടു മല്‍പാനവര്‍കളും മരിച്ചതിനുശേഷമുണ്ടായ വ്യവഹാരത്തില്‍ മെത്രാപ്പോലീത്തായുടെ മുടക്കു സാധുവല്ലെന്നു കോടതി തീരുമാനിക്കുകയും അദ്ദേഹത്തിനു ഗുണമായി വിധിയുണ്ടാകുകയും വട്ടിപ്പണത്തിന്‍റെ അതേവരെയുള്ള പലിശ മുഴുവനും അദ്ദേഹവും പുതിയതായി നിയമിക്കപ്പെട്ട കൂട്ടു ട്രസ്റ്റികളും കൂടി കെട്ടി വാങ്ങിക്കയും ചെയ്തു. ഇതിനിടയ്ക്ക് അദ്ദേഹം പല രാജിയാലോചനകളും നടത്തിയിട്ടുണ്ട്. എന്നാല്‍ അതെല്ലാം വിഫലമായിതീര്‍ന്നു. അബ്ദള്ളാ പാത്രിയര്‍ക്കീസ് കാലം ചെയ്തശേഷം സിംഹാസനാരോഹണം ചെയ്ത മാര്‍ ഏലിയാസ് പാത്രിയര്‍ക്കീസ് അവര്‍കളെ കണ്ടു സന്ധി കാര്യം പറയുന്നതിനായി മെത്രാപ്പോലീത്താ അവര്‍കള്‍ തന്‍റെ വാര്‍ദ്ധക്യ കാലത്തു ശീമയാത്ര കഴിച്ചു. നിര്‍ഭാഗ്യവശാല്‍ ആ സന്ദര്‍ശനം കൊണ്ടും യാതൊരു ഫലവുമുണ്ടായില്ല. ഒടുവില്‍ മാര്‍ ഏലിയാസ് പാത്രിയര്‍ക്കീസ് മലയാളത്തു വന്നതിനുശേഷം ആലുവായില്‍ വച്ചു മെത്രാപ്പോലീത്താ പാത്രിയര്‍ക്കീസിനെ സന്ദര്‍ശിക്കുകയും താമസിയാതെ തന്നെ അദ്ദേഹത്തിന്‍റെ മുടക്കു തീര്‍ത്തതായി പ്രഖ്യാപനം ചെയ്യുകയും ചെയ്തു. അബ്ദള്ള പാത്രിയര്‍ക്കീസിന്‍റെ മുടക്കു സാധുവല്ലെന്ന് അദ്ദേഹം മലയാളത്തു താമസിക്കുമ്പോള്‍ ഇവിടെ വന്നെത്തിയ അബ്ദേദ് മിശിഹാ പാത്രിയര്‍ക്കീസും ഹൈക്കോടതിയും തീരുമാനിച്ചിട്ടുള്ള സ്ഥിതിക്ക് ഏലിയാസ് പാത്രിയര്‍ക്കീസ് അവര്‍കളുടെ മുടക്കു തീര്‍ക്കല്‍ മെത്രാപ്പോലീത്താ ഒരു ഫലിതമായിട്ടേ ഗണിച്ചിരുന്നുള്ളു. എങ്കിലും ബാവാ കക്ഷിക്കാര്‍ ആയതു കാര്യമായി ഗണിച്ച് അദ്ദേഹത്തെ മുറപ്രകാരം സ്വീകരിച്ചു. അഗാധ ബുദ്ധിമാനും വലിയ പണ്ഡിതനും ധീരപുരുഷനുമെന്നു സര്‍വ്വസമ്മതനുമായ ഒരു മഹാനാണു യാക്കോബായ സഭയ്ക്കു നഷ്ടപ്പെട്ടു പോയിരിക്കുന്നത്. ഇദ്ദേഹം മലങ്കര സഭാചരിത്രത്തില്‍ എന്നാളും സ്മരിക്കപ്പെടുന്നതാണ്.”

നവഭാരതി

(മാര്‍ത്തോമ്മാ സഭയുടെ നാവ് ആയി കെ. ഐ. കൊച്ചീപ്പന്‍ മാപ്പിളയുടെ പത്രാധിപത്യത്തില്‍ തിരുവല്ലായില്‍ നിന്നു പ്രസിദ്ധപ്പെടുത്തിയിരുന്ന പ്രത്യര്‍ദ്ധ വാരികയായിരുന്നു നവഭാരതി)
മലങ്കര യാക്കോബായ സിറിയന്‍ സഭയുടെ പ്രധാന മെത്രാപ്പോലീത്തായായിരുന്ന മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍ പരലോക പ്രാപ്തനായി.

തിരുവല്ലാ താലൂക്കില്‍ ഉള്‍പ്പെട്ട മല്ലപ്പള്ളില്‍ വട്ടശ്ശേരില്‍ എന്ന പുരാതനവും പ്രശസ്തവുമായ സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തിലെ ഒരംഗമായി ഇദ്ദേഹം കൊല്ലവര്‍ഷം 1033 ല്‍ ഭൂജാതനായി. കാലാനുസൃതമായ രീതിക്ക് മാതൃഭാഷാഭ്യസനം നടത്തിയ ശേഷം ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി പുറപ്പെടുകയും ആ ഭാഷയിലും സാമാന്യജ്ഞാനം പ്രാപിക്കുകയും ചെയ്തു. പ്രകൃത്യാ ബുദ്ധിമാനും സമര്‍ത്ഥനുമായ ഒരാളാണിദ്ദേഹമെന്നു ചെറുപ്പത്തിലെ മനസ്സിലാക്കാമായിരുന്നതിനാല്‍ ഇദ്ദേഹം ഉള്‍പ്പെട്ടിരുന്ന സമുദായത്തിലെ നേതാക്കന്മാരുടെ ശ്രദ്ധ സവിശേഷം ഇദ്ദേഹത്തില്‍ പതിയുകയും ഇതു നിമിത്തം വൈദികസ്ഥാനത്തിന്‍റെ പ്രഥമ പദത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സുറിയാനി ഭാഷ നന്നായി അഭ്യസിച്ചതിനാല്‍ സുറിയാനി മല്പാനായി ഇദ്ദേഹം നിയമിക്കപ്പെട്ടു. അനന്തരം കോട്ടയം എം. ഡി. സെമിനാരിയുടെ പ്രിന്‍സിപ്പാളായി തീര്‍ന്നു. ഇങ്ങനെ ഗുരുതരങ്ങളായ അനേക കാര്യങ്ങളില്‍ ഇദ്ദേഹം ഏര്‍പ്പെടുകയും എല്ലാറ്റിലും സഹജസാധാരണമായ ബുദ്ധിശക്തി പ്രകാശിപ്പിക്കുകയും ചെയ്യുക നിമിത്തം വൈദികവൃന്ദത്തിന്‍റെയും ഒട്ടാകെയുള്ള സമുദായ ജനങ്ങളുടേയും ഏകാഭിപ്രായപ്രകാരം ഇദ്ദേഹമൊരു മെത്രാപ്പോലീത്തായായി പട്ടം കെട്ടപ്പെട്ടു. ഈ സ്ഥാനാരോഹണത്തോടു സമീപിച്ചു യാക്കോബായ സഭയില്‍ ഉണ്ടായ ആഭ്യന്തരകലഹം നിമിത്തം ഇദ്ദേഹത്തെക്കൊണ്ടു ന്യായമായി സഭയ്ക്കുണ്ടാകാമായിരുന്ന അനേകം സല്‍ക്കാര്യങ്ങളും നഷ്ടപ്രായമായി തീര്‍ന്നു എങ്കിലും യാക്കോബായ സിറിയന്‍ സഭയുടെ സ്വാതന്ത്ര്യത്തിനും തന്മൂലം ഉണ്ടാകാവുന്ന സവിശേഷമായ ഭാവിക്കും ഇദ്ദേഹം അടിസ്ഥാനമായിത്തീര്‍ന്നു.

മറ്റനേകം വൈദിക സ്ഥാനികളെയുംപോലെ സഭയുടെ സ്വാതന്ത്ര്യത്തെ പരദേശികന്മാര്‍ക്ക് തീറെഴുതി കൊടുക്കാന്‍ ഇദ്ദേഹം തയ്യാറായിരുന്നു എങ്കില്‍ ആഭ്യന്തര കലഹം മൂലമുള്ള കഷ്ടനഷ്ടങ്ങള്‍ക്ക് ഇദ്ദേഹം പാത്രിഭൂതനായി തീരാതെ ഇരിക്കുമായിരുന്നു. ഈ വിഷയത്തില്‍ ഇദ്ദേഹം അനുഭവിക്കേണ്ടിവന്ന ദുഃഖങ്ങളും പ്രയാസങ്ങളും ഈ തലമുറയില്‍ ജീവനോടിരിക്കുന്നവരായ കാര്യവിവരമുള്ളവരോടു പറയേണ്ടതായിട്ടുള്ള ഒന്നല്ല. ഇതില്‍ ഇദ്ദേഹം ഉപയോഗിച്ച സുസ്ഥിരമായ മനഃശക്തിയും ക്ഷമയും വചാമഗോചരം എന്നു ചുരുക്കത്തില്‍ പറഞ്ഞവസാനിപ്പിക്കുവാനല്ലാതെ നിവര്‍ത്തിയുള്ളതല്ല. ഇതൊന്നുകൊണ്ടുമാത്രം ഇദ്ദേഹത്തിന്‍റെ ആയുസ്സ് സഫലമായി എന്നും സഭയുടെ സ്വാതന്ത്ര്യത്തിന് അടിസ്ഥാനമായി തീര്‍ന്നു എന്നും നിസ്സംശയം പറയാവുന്നതാണ്. ദുര്‍ഘടങ്ങളെ അഭിമുഖീകരിക്കുകയും തരണം ചെയ്യുകയും ചെയ്യുന്നതിന് ആവശ്യം നേരിടുന്ന കാലഘട്ടങ്ങളില്‍ ശിലാമാനസ്സന്മാര്‍ ആവിര്‍ഭവിക്കുക പ്രകൃതിയില്‍ കാണപ്പെടാറു പതിവുള്ള ഒന്നാണ്. മലങ്കര സുറിയാനി സഭയുടെ സുദീര്‍ഘചരിത്രത്തില്‍ നിന്നും ഇവ പ്രസ്പഷ്ടം ആവുന്നുണ്ട്. സ്വാഭിപ്രായപ്രകാരം ശരിയെന്നു തോന്നുന്ന കാര്യങ്ങളില്‍ സ്ഥിരമായി നില്‍ക്കുന്നതിനുള്ള ശക്തി ഇദ്ദേഹത്തിന് ഒന്നു പ്രത്യേകം തന്നെ ആയിരുന്നു.
ജീവിതത്തെ മലിനപ്പെടുത്തുന്ന എന്തെങ്കിലുമൊന്ന് ഇദ്ദേഹത്തില്‍ ഉണ്ടായിരുന്നുവെന്ന് ഇദ്ദേഹത്തിന്‍റെ ശത്രുക്കള്‍ക്കുപോലും പറയാന്‍ കഴിയാത്ത ഒരു കാര്യമാണ്. അനഹങ്കാരം ഇദ്ദേഹത്തിന്‍റെ പ്രത്യേക ഗുണങ്ങളില്‍ ഒന്നായിരുന്നു. സുറിയാനി സഭാമാതാവില്‍ നിന്നും ഉല്‍ഭൂതരായി മലങ്കരയുടെ വിഭിന്ന ക്രിസ്തീയ സമുദായങ്ങളില്‍ ഇതഃപര്യന്തം ജീവിച്ചിരിക്കാന്‍ കഴിഞ്ഞിട്ടുള്ള മഹാരഥന്മാരിലൊരാളായിരുന്നു ഇദ്ദേഹമെന്ന് ആരും ഏതു കാലത്തും നിസ്സംശയം പറയുന്നതാണ്. ഇങ്ങനെയുള്ള ഒരു ദേഹത്തിന്‍റെ വേര്‍പാട് അദ്ദേഹത്തിന്‍റെ നായകത്വം സ്വീകരിച്ചിരിക്കുന്ന സഭയുടെ ചരിത്രത്തിലെ അപരിഹാര്യമായ ഒരു നഷ്ടം തന്നെയാണ്. ലോക നിയന്താവായ ദൈവം അവയെ പരിഹരിക്കട്ടെ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കയും ഇതു നിമിത്തം ശോകാകുലരായിരിക്കുന്നവരോട് ഞങ്ങള്‍ ഹൃദയപൂര്‍വ്വം അനുശോചിക്കുകയും ചെയ്തുകൊള്ളുന്നു.

കേരള സേവകന്‍

(കേരള ക്രൈസ്തവ സേവക സമിതിയുടെ ആഭിമുഖ്യത്തിലും സഖറിയാ ഒളശ്ശയുടെ പത്രാധിപത്യത്തിലും തിരുവല്ലായില്‍ നിന്നും പ്രസിദ്ധപ്പെടുത്തി വന്ന വാരികയായിരുന്നു കേരള സേവകന്‍).

മലങ്കരയുടെ മാര്‍ ദീവന്നാസ്യോസു മെത്രാപ്പോലീത്തായുടെ സംഭവബഹുലവും വൈഷമ്യകലിതവുമായ സഭാഭരണം, സുറിയാനി സഭാ ചരിത്രത്തെ വിവിധ വര്‍ണ്ണങ്ങളില്‍ സമലങ്കരിക്കുന്നതാണ്. മെത്രാപ്പോലീത്താ അവര്‍കളുടെ നിര്യാണം മൂലം സുറിയാനി സമുദായത്തില്‍ ഒരേ സമയത്തു സുധീരമായ ഒരു കര്‍മ്മയോഗിയും, സുസമ്മതനായ ഒരു സഭാ നിയമ ശാസ്ത്രവാദിയും ശോക സഹസ്ര സഹനസന്നദ്ധനായ ഒരു പരിത്യാഗിയും സ്വാതന്ത്ര്യ സമ്പാദനബദ്ധപരികരനായ ഒരു സഭാരഥിയും വിചാരവീചി വിക്ഷോപിതരായ ജനതതിക്ക് ഒരു ജ്ഞാനിയും മനുഷ്യസാധാരണമായ ഭയവ്യാകുലങ്ങള്‍ക്ക് ഉപരിസ്ഥിതനായ ഒരു വൈരാഗിയും നഷ്ടപ്പെട്ടുപോയിരിക്കുന്നു. അദ്ദേഹത്തിന്‍റെ ഉല്‍ബോധജനകവും ദിവ്യചൈതന്യസഹിതവുമായ സാന്നിദ്ധ്യപരിധിയില്‍ സമുദായപ്രമാണികളും ന്യായശാസ്ത്ര പടുക്കളും മൗനവ്രതം അനുഷ്ഠിക്കയേ നിവൃത്തിയുള്ളു. മലങ്കര സുറിയാനി സഭയിലെ ബുദ്ധിമാന്മാരും വിദ്യാസമ്പന്നരുമായ മഹാരഥന്മാര്‍ പോലും മെത്രാപ്പോലീത്താ അവര്‍കളുടെ അനന്യലഭ്യമായ ആലോചനാ കുശലതയിലും അനിതരസാധാരണമായ ബുദ്ധിശക്തിയിലും ഉള്ള വിശ്വാസ ബഹുമാനങ്ങള്‍ കൊണ്ട് അദ്ദേഹത്തിന്‍റെ അഭിപ്രായത്തെ അത് അസ്വീകാര്യമായി തോന്നിയാല്‍ തന്നെയും ഒരിക്കലും എതിര്‍ക്കാറില്ല. അത്രയ്ക്കു സര്‍വ്വതന്ത്രമായ ഒരു സ്ഥാനമാണ് അദ്ദേഹത്തിന് മലങ്കര സുറിയാനി സഭയില്‍ ഉണ്ടായിരുന്നത്.. മലങ്കരസഭയുടെ സ്വാതന്ത്ര്യമായിരുന്നു മെത്രാപ്പോലീത്താ അവര്‍കളുടെ പരമോദ്ദേശ്യമെങ്കിലും ആ ഉദ്ദേശ്യത്തിനായി അദ്ദേഹം സഭയുടെ പുരാതന സനാതനപരിധികളെ അതിലംഘിച്ചുള്ള ഒരു വ്യതിചലനത്തിന് ഒരുമ്പെട്ടില്ലെന്നുള്ളതു സര്‍വ്വദാ സ്മരണീയമത്രെ. സമുദായ മണ്ഡലത്തില്‍ പ്രശോഭിച്ചിരുന്ന ആ മലങ്കര സഭാഭാസ്വരന്‍ അസ്തമിച്ചു. അദ്ദേഹത്തോടു സമുദായംഗങ്ങള്‍ക്കുള്ള ഭക്ത്യാദരങ്ങളെ പ്രദര്‍ശിപ്പിക്കേണ്ടതു കരഞ്ഞല്ല അദ്ദേഹത്തിന്‍റെ ആദര്‍ശങ്ങളെ ആദരിച്ചുള്ള കര്‍മ്മകുശലത കൊണ്ടാണ്. മെത്രാപ്പോലീത്താ അവര്‍ കളുടെ ആത്മാവിനു നിത്യശാന്തിയെ പ്രാര്‍ത്ഥിക്കുന്ന ഈ അവസരത്തില്‍ ഞങ്ങള്‍ക്കു സമുദായ പ്രമാണികളോടുള്ള പ്രത്യേക അപേക്ഷ സഭയില്‍ ഭിന്നത വര്‍ദ്ധിപ്പിക്കാതെ ഒന്നിക്കുന്നതിനു സകലരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നാണ്.

ജഡ്ജി ജി. ശങ്കരപ്പിള്ള

സഭാചരിത്രത്തില്‍ പ്രസിദ്ധമായ വട്ടിപ്പണക്കേസില്‍ (1913) കോട്ടയം ജില്ലാ കോടതിയില്‍ സ്പെഷല്‍ ജഡ്ജി ആയിരുന്നു 275 ഖണ്ഡികകളുള്ള പണ്ഡിതോചിതമായ വിധി എഴുതുകയും പിന്നീടു ഹൈക്കോടതി ജഡ്ജിയായി പരിലസിക്കുകയും ചെയ്ത ജി. ശങ്കരപ്പിള്ളയെ വട്ടശ്ശേരില്‍ തിരുമേനിയുടെ നിര്യാണവാര്‍ത്ത കമ്പി മൂലം അറിയിച്ചപ്പോള്‍ കാതോലിക്കാ ബാവായ്ക്ക് അയച്ച അനുശോചന കത്തില്‍ ജഡ്ജി ഇങ്ങനെ പറഞ്ഞു:

ഗോവിന്ദ ഭവനം, തിരുവനന്തപുരം
24-02-1934

മലങ്കരയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ വിയോഗ വാര്‍ത്ത എന്നെ സന്തപ്തനാക്കി. അദ്ദേഹത്തിന്‍റെ വിയോഗം മൂലം യാക്കോബായ സുറിയാനി സഭയ്ക്കു നികത്താനാകാത്ത നഷ്ടമാണ് സംഭവിച്ചതെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ. അസാധാരണമായ വ്യക്തി മാഹാത്മ്യം ഉള്ള ഒരു ദേഹമായിരുന്നു അദ്ദേഹം. മലങ്കരസഭയുടെ ക്ഷേമത്തില്‍ ഹൃദയ പ്രാധാന്യമുള്ള ഒരു തത്വത്തിന്‍റെ സംരക്ഷണത്തിനുവേണ്ടി നിവര്‍ന്നുനിന്നു പോരാടേണ്ടിവന്നു. അതുമൂലം വ്യാജമായ കുറ്റാരോപണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയനായി. വ്യക്തിപരമായി ഗൗരവതരമായ കഷ്ടതകള്‍ സഹിക്കേണ്ടതായും വന്നു. അവയെ എല്ലാം ഒരു വീരയോദ്ധാവിന് അനുയോജ്യമായ ധൈര്യത്തോടും ഒരു സത്യക്രിസ്ത്യാനിക്കു യോജിച്ച സമര്‍പ്പണബുദ്ധിയോടും അദ്ദേഹം അഭിമുഖീകരിച്ചു. അദ്ദേഹം വിത്തു ശരിക്കു വിതച്ചു. സഭയ്ക്കു അതില്‍ നിന്നു വിളവു ലഭിക്കുമെന്നുള്ളതില്‍ എനിക്ക് സംശയമില്ല. ആയുഷ്കാലത്തു നിരാകരിക്കപ്പെട്ട സ്വാസ്ഥ്യം മരണാനന്തരം അദ്ദേഹത്തിന് ലഭിക്കട്ടെ. അവിടുത്തോടും സഭയോടും ഒപ്പം നമ്മില്‍ നിന്നു പിരിഞ്ഞുപോയ ആളിന്‍റെ വേര്‍പാടില്‍ ഞാനും വിലപിക്കുന്നു.”

കബറടക്കവും കാതോലിക്കാ ബാവായുടെ അനുസ്മരണ പ്രസംഗവും

മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ കബറടക്കം പഴയസെമിനാരി ദേവാലയത്തിന്‍റെ ദക്ഷിണഭാഗത്തുള്ള മുറിയില്‍ തയ്യാറാക്കപ്പെട്ട കബറില്‍ 1934 ഫെബ്രുവരി 24-ാം തീയതി ശനിയാഴ്ച യഥാവിധി നടത്തപ്പെട്ടു.
തലേ രാത്രി (വെള്ളിയാഴ്ച) സിമ്മനാരി മുറ്റത്തു പന്തലില്‍ വച്ച് പുണ്യപുരുഷനെ സംബന്ധിച്ചുള്ള പ്രസംഗങ്ങള്‍ നടത്തുകയുണ്ടായി. ഫാദര്‍ അലക്സിയോസ് ഒ. ഐ. സി., ഫാദര്‍ സി. എം. തോമസ് എന്നിവരും, റാവുസാഹിബ് ഒ. എം. ചെറിയാന്‍, കെ. സി. മാമ്മന്‍മാപ്പിള, സി. പി. തരകന്‍, കെ. എം. മാമ്മന്‍മാപ്പിള എന്നീ മാന്യന്മാരുമായിരുന്നു പ്രസംഗങ്ങള്‍ നടത്തിയത്. രാത്രി മുഴുവന്‍ പ്രത്യേക നമസ്കാരങ്ങളും ശുശ്രൂഷകളും നടത്തിക്കൊണ്ടിരുന്നു. ശനിയാഴ്ച രാവിലെ ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, മാര്‍ ഗ്രീഗോറിയോസ്, മാര്‍ സേവേറിയോസ് എന്നീ മെത്രാപ്പോലീത്താമാരുടെ സഹകരണത്തോടു കൂടി മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പിച്ചു. കുര്‍ബാനമദ്ധ്യേ കാതോലിക്കാ ബാവാ അഭിവന്ദ്യ പുരുഷനെക്കുറിച്ചുള്ള സ്മരണകളെ ക്രോഡീകരിച്ചു ഹൃദയാവര്‍ജ്ജകമായ ചരമപ്രസംഗം ചെയ്തു.