മാർപാപ്പയുടെ എളിമയുടെ മുഖം തൊട്ടറിഞ്ഞ് ജോജോ

വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയ്ക്കൊപ്പം ജോജോ. ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ സമീപം.

ദുബായ് ∙ ആഗോള കത്തോലിക്കാ സഭാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ യുഎഇ സന്ദർശനത്തിന് എത്തുമ്പോൾ അദ്ദേഹത്തിന്റെ എളിമയെക്കുറിച്ച് വാചാലനാകുകയാണ് ജേക്കബ് മാത്യു (ജോജോ). 2015ൽ മാർപാപ്പയുടെ അതിഥിയായി അവിടെ ക്രിസ്തുമതത്തിലെ വിവിധ വിഭാഗങ്ങളുടെ സൗഹാർദ്ദ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ജോജോ പോയത്. മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നേതൃത്വത്തിലായിരുന്നു അത്.

വത്തിക്കാനിലെ സാന്റാ മാർത്തായിൽ പോപ്പ് താമസിക്കുന്ന വസതിക്കു താഴത്തെ നിലയിലാണ് നാലുദിവസവും ഇവരും താമസിച്ചത്. തങ്ങളെ സ്വീകരിക്കാൻ മാർപാപ്പ താഴെ ഇറങ്ങി വന്നതും തങ്ങൾക്കൊപ്പമിരുന്ന് ആഹാരം കഴിച്ചതുമെല്ലാം ആഹ്ലാദത്തോടെ ഓർക്കുകയാണ് ചെങ്ങന്നൂർ ആറാട്ടുപുഴ കുളഞ്ഞിക്കൊമ്പിൽ കുടുംബാഗവും ദുബായ് നാഷനൽ കാർഗോ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ജോജോ.

വിനയമാണ് മാർപാപ്പയുടെ മുഖമുദ്രയെന്ന് ജോജോ പറഞ്ഞു. ഓരോരുത്തരുടെയും അടുത്തെത്തി വിശേഷങ്ങൾ തിരിക്കി അദ്ദേഹം എളിമയോടെ പെരുമാറുന്നത് അത്ഭുതാദരങ്ങളോടെയല്ലാതെ നോക്കി കാണാനാവില്ല. മനുഷ്യസ്നേഹത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞത് മറക്കാനാവില്ല- ജോജോ പറഞ്ഞു. യുഎഇ സഹിഷ്ണുതാവർഷം ആചരിക്കുന്ന ഈ വേളയിൽ എളിമയുടെ പ്രതീകമായ അദ്ദേഹത്തിന്റെ സന്ദർശനം എന്തുകൊണ്ടും യോജ്യമാണെന്ന് ജോജോ പറയുന്നു.

Source