ലേബർ ക്യാംപിലെ ക്രിസ്മസ് ആഘോഷം, പ്രത്യേക പ്രാർഥന; ബാവായുടെ ഓർമകളിൽ തേങ്ങി യുഎഇ


ദുബായ്∙ കാലം ചെയ്ത മലങ്കര സുറിയാനി ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയും യുഎഇയും സഭാ കൂട്ടായ്മയും തമ്മിൽ ഉറ്റബന്ധമാണ് ഉണ്ടായിരുന്നത്. യുഎഇ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് 2017 ൽ പ്രത്യേക കൽപന വരെ അദ്ദേഹം പുറപ്പെടുവിച്ചു. യുഎഇക്കു വേണ്ടി രക്തസാക്ഷികളായവരെ പ്രത്യേകം ഓർത്ത് പ്രാർഥിക്കണമെന്ന് അദ്ദേഹം കൽപ്പനയിൽ ആവശ്യപ്പെട്ടു. യുഎഇയിലെ എല്ലാ ഓർത്തഡോക്സ് ദേവാലയങ്ങളിലും കൽപന വായിച്ച് പ്രാർഥനയും നടത്തി.

ആദ്യമായാകും ഈ രീതിയിൽ ഒരു സഭാതലവൻ കൽപന ഇറക്കിയതെന്ന് സഭാവിശ്വാസികളും പറയുന്നു.1987ൽ ദുബായിൽ മൂന്നു മാസം താമസിച്ച നാൾ മുതൽ ഇവിടുത്തെ സമൂഹവുമായി അദ്ദേഹം പ്രത്യേക അടുപ്പം പുലർത്തി. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരിയായിരുന്ന ഫാ.ജോസഫ് വെൻട്രപ്പള്ളി രോഗബാധിതനായി നാട്ടിൽ പോയപ്പോഴാണ് ചുമതല വഹിക്കാൻ എത്തിയത്.

പിന്നീട് ഒട്ടേറെ തവണ അദ്ദേഹം യുഎഇ സന്ദർശിച്ചു. സഭാധ്യക്ഷനായ ശേഷം 2014ൽ നടത്തിയ സന്ദർശനത്തിൽ ഈദ് ആശംസ നേരാൻ അദ്ദേഹം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ സന്ദർശിച്ചു. 2018 ഡിസംബറിൽ ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ സുവർണജൂബിലി സമാപനത്തോടനുബന്ധിച്ചാണ് അദ്ദേഹം അവസാനമായി ദുബായിൽ എത്തിയത്.

അരോമ കമ്പനിയുടെ സോനാപൂരിലെ ലേബർ ക്യാംപിൽ തൊഴിലാളികൾക്കൊപ്പമാണ് അന്ന് ബാവാ ക്രിസ്മസ് ആഘോഷിച്ചത്. മരുഭൂമിയിലെ പരുമല എന്നറിയപ്പെടുന്ന ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയ കൂദാശയ്ക്കും 1995ൽ അദ്ദേഹം സഹകാർമികനായിരുന്നു. 2005ൽ ഇടവക ദിനത്തോടനുബന്ധിച്ചും എംജിഒഎസ്എം പത്താംവാർഷിക പരിപാടികളോടനുബന്ധിച്ചും അദ്ദേഹം ഇടവക സന്ദർശിച്ചു. 2012ൽ കാതോലിക്കേറ്റ് പുനഃസ്ഥാപന ശതാബ്ദി വേളയിലും 2017 ഡിസംബർ രണ്ടിന് ദേവാലയത്തിൽ നടന്ന അഖില മലങ്കര ശുശ്രൂഷക സംഘം യുഎഇ മേഖലാ സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു.

തൊട്ടടുത്ത വർഷം ദേവാലയത്തിൽ നടന്ന വിശുദ്ധവാരാചരണങ്ങളിലും അദ്ദേഹം കാർമികനായി. കാൽകഴുകൽ ശുശ്രൂഷയിൽ വിശ്വാസികളുടെ പാദം കഴുകി ചുംബിച്ചപ്പോൾ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞത് അവരിന്നും ഓർക്കുന്നു. ഇങ്ങനെ അബുദാബിയിലേത് ഉൾപ്പെടെ സഭയുടെ ആറുദേവാലയങ്ങളിലെ വിശ്വാസികൾക്കും ബാവയെക്കുറിച്ച് ഒട്ടേറെ ഓർമകൾ പങ്കുവയ്ക്കാനുണ്ട്.

മാർപാപ്പയ്ക്കൊപ്പം താമസിച്ച ദിനങ്ങൾ

2013 ൽ ആഗോള കത്തോലിക്കാ സഭാതലവൻ ഫ്രാൻസിസ് മാർപാപ്പയുമായി ബാവാ നടത്തിയ കൂടിക്കാഴ്ച സഭാ മാനേജിങ് കമ്മിറ്റിയംഗവും നാഷനൽ കാർഗോ പ്രസിഡന്റുമായ ജേക്കബ് മാത്യു ഇന്നും ഓർക്കുന്നു. സെപ്റ്റംബർ നാലു മുതൽ ആറു വരെയായിരുന്നു സന്ദർശനം. റോമിൽ സെന്റ് മർത്തായിൽ മാർപാപ്പ താമസിക്കുന്ന കെട്ടിടത്തിൽ തന്നെയാണ് ബാവായ്ക്കും സംഘത്തിനും താമസം ഒരുക്കിയത്.

മാർപാപ്പയുടെ പ്രത്യേക നിർദേശ പ്രകാരമായിരുന്നു ഇത്. ബാവായെയും സംഘത്തെയും നേരിട്ടെത്തി സ്വീകരിച്ചതു മുതൽ അവിടുത്തെ ഓരോ പ്രത്യേക കാഴ്ചകളും പാപ്പ കൂടെ നടന്ന് കാട്ടിക്കൊടുത്തു. ഇതെല്ലാം ബാവായെ വളരെ ആകർഷിച്ചിരുന്നതായി ജേക്കബ് ഓർക്കുന്നു.

ഇരുവരും സ്നേഹത്തോടെ ഇടപെട്ട കാഴ്ചകൾ മനസ്സുനിറയ്ക്കുന്നതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചിനായിരുന്നു ഔദ്യോഗിക കൂടിക്കാഴ്ച. ആറിന് പുലർച്ചെ അഞ്ചിനായിരുന്നു വിമാനം. പാപ്പ ബാവായെയും സംഘത്തെയും നേരിട്ടെത്തി യാത്രയാക്കി. ഇത് ബാവായുടെ മനസ്സിന് വളരെ സ്വാധീനിച്ചിരുന്നെന്ന് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായി വിദേശ യാത്രകളിൽ ഒപ്പമുണ്ടായിരുന്ന കെവിൻ ജോർജ് കോശിയും വ്യക്തമാക്കി.