സഭാക്കേസിലെ കോടതിവിധികള്‍ നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. ക്ഷമ ബലഹീനതയായി കാണരുത്. നീതി നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ പറഞ്ഞ വാക്കുപോലും സര്‍ക്കാര്‍ പാലിക്കുന്നില്ല. സര്‍ക്കാര്‍ തിരിഞ്ഞുമറിഞ്ഞു കളിക്കുകയാണ്. ഉദ്യോഗസ്ഥര്‍ ബലിയാടാവുന്നു. കോടതിയുടെ വാക്കിനുപോലും സര്‍ക്കാര്‍ വിലകൽപ്പിക്കുന്നില്ല. ഒരു സര്‍ക്കാരും കോടതിയേക്കാള്‍ വലുതല്ല. വിധി നടപ്പാക്കാത്തതിനു കാരണം മറ്റ് ഉദ്ദേശ്യങ്ങളാവാമെന്നും ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ പറഞ്ഞു. യേശുക്രിസ്തുവിന്റെ നയം ചര്‍ച്ചയല്ലെന്നും നിരണത്ത് അദ്ദേഹം പറഞ്ഞു.
അതേസമയം, കോതമംഗലം മാർത്തോമ്മ ചെറിയപള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയ ഓർത്തഡോക്സ് സഭ വൈദികൻ തോമസ് പോൾ റമ്പാനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടർന്ന് കലക്ടറുടെ നിർദേശ പ്രകാരമാണ് നടപടി. പ്രാർത്ഥനക്ക് സംരക്ഷണം ഒരുക്കാൻ കേന്ദ്രസേനയെ നിയോഗിക്കണമെന്ന തോമസ് പോൾ റമ്പാന്റെ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു.
കോതമംഗലം ചെറിയപള്ളിയിൽ രണ്ടു പകലും ഒരു രാവും നീണ്ട നാടകീയ രംഗങ്ങൾക്ക് താൽക്കാലിക പരിസമാപ്തി. പള്ളിയിൽ കയറി പ്രാർത്ഥിക്കാതെ മടങ്ങില്ലെന്ന് കർശന നിലപാടുമായി ഇന്നലെ രാവിലെ മുതൽ പള്ളിക്ക് മുന്നിൽ കാറിൽ കഴിയുകയായിരുന്ന ഫാദർ തോമസ് പോൾ റമ്പാനെ വൈകിട്ട് മൂന്നുമണിയോടെ പോലീസ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കേന്ദ്ര സേനയുടെ സുരക്ഷ ആവശ്യപ്പെട്ട് റമ്പാൻ നൽകിയ ഹർജിയിൽ അടിയന്തര ഇടപെടൽ സാധ്യമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം. ക്രമസമാധാനപാലനത്തിന് പൊലീസിന് ഉത്തരവാദിത്തമുണ്ടെന്ന് നിരീക്ഷിച്ച കോടതി ഹർജി അടുത്തമാസം നാലിന് പരിഗണിക്കാൻ മാറ്റുകയായിരുന്നു. സഭാനേതൃത്വവുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ ഇരിക്കെയാണ് ഫാദർ തോമസ് പോൾ റമ്പാനെ പോലീസ് ആശുപത്രിയിലേക്ക് മാറ്റിയത്.
തോമസ് പോൾ റമ്പാനെ നീക്കിയതോടെ പള്ളിപ്പരിസരത്ത് നിലനിന്നിരുന്ന സംഘർഷ സ്ഥിതിക്ക് അയവുവന്നു. ആഹ്ലാദാരവങ്ങളോടെ യാക്കോബായ സഭാംഗങ്ങൾ നടപടിയെ വരവേറ്റത് തോമസ് പോൾ റമ്പാൻ മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് യാക്കോബായ സഭാ നേതൃത്വം കുറ്റപ്പെടുത്തി.
ജനുവരി നാലിലെ കോടതി വിധി എന്തായാലും തോമസ് പോൾ റമ്പാനെ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നാണ് യാക്കോബായ സഭാംഗങ്ങളുടെ നിലപാട്.