പള്ളിയിൽ പ്രവേശിക്കാൻ സിആർപിഎഫ് സഹായം തേടണം; ഓർത്തഡോക്സ് സഭ ഹൈക്കോടതിയിൽ

 കൊച്ചി∙ ഓർത്തഡോക്സ് സഭാ വൈദികനു കോതമംഗലം മാർത്തോമ്മ ചെറിയപള്ളിയിൽ ആരാധന അർപ്പിക്കാൻ സാഹചര്യം ഒരുക്കാൻ സിആർപിഎഫിന്റെ സഹായം തേടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഹൈക്കോടതി വിധി നടപ്പാക്കുന്നതിന് സഹായം തേടി ഫാ. തോമസ് പോൾ റമ്പാനാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പൊലീസ് ശ്രമിച്ചിട്ടും പുരോഹിതനു പള്ളിയിൽ പ്രവേശിക്കാൻ സാധിക്കാത്ത പശ്ചാത്തലത്തിലാണു പുതിയ ഹർജി.

കോതമംഗലം മാർത്തോമ്മ ചെറിയപള്ളിയിൽ കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ സംഘർഷം തുടരുകയാണ്. കോടതി വിധിയുടെ പിൻബലത്തിൽ പള്ളിയിൽ കുർബാന അർപ്പിക്കാനെത്തിയ, തോമസ് പോൾ റമ്പാനെ യാക്കോബായ വിശ്വാസികൾ തടഞ്ഞതിനെ തുടർന്നായിരുന്നു സംഘർഷം. മടങ്ങിപ്പോകാൻ റമ്പാൻ തയാറാകാതിരിക്കുകയും യാക്കോബായ വിശ്വാസികൾ പള്ളിക്കുമുന്നിലെ പ്രതിഷേധം തുടരുകയും ചെയ്തതോടെയാണ് സംഘർഷ പശ്ചാത്തലം തുടരുന്നത്.

ഓർത്ത‍ഡോക്സ് സഭാ വികാരിക്കു സംരക്ഷണം നൽകണമെന്നും പ്രാർഥനയ്ക്ക് സൗകര്യം നൽകാനുള്ള മുൻസിഫ് കോടതി ഉത്തരവ് പാലിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. പള്ളിയിൽ കയറരുതെന്ന് ഓർത്തഡോക്സുകാരോടു പറഞ്ഞത് എന്തിനാണെന്നു ചോദിച്ച കോടതി, രാജ്യത്തെ നിയമങ്ങൾ അനുസരിച്ചുള്ള നടപടി വേണമെന്നും നിര്‍ദേശിച്ചിരുന്നു.

Source