വിജ്ഞാനകൈരളി പിന്‍വലിക്കണം: ബിജു ഉമ്മന്‍

സ്കൂളുകളില്‍ സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വിതരണം ചെയ്യുന്ന “വിജ്ഞാനകൈരളി” മാസികയില്‍ കുമ്പസാരമെന്ന കൂദാശയുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച മുഖപ്രസംഗം അവഹേളനാപരവും അപലപനീയവുമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അഭിപ്രായപ്പെട്ടു.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയുള്ള ഉത്തരവാദിത്വപ്പെട്ട സ്ഥാപനങ്ങള്‍ കൈക്കൊള്ളുന്ന ഇത്തരത്തിലുള്ള സമകാലിക നിലപാടുകള്‍ ഭാരത സംസ്കാരത്തോടും രാജ്യത്തിന്‍റെ ഭരണഘടന വിഭാവന ചെയ്യുന്ന മതേതരത്വം എന്ന ഉല്‍കൃഷ്ഠ ആശയത്തോടുമുള്ള വെല്ലുവിളിയാണ്. ഭാരതത്തിന്‍റെ നിയമനിര്‍മ്മാണ സഭയും നീതിന്യായവ്യവസ്ഥയും ഭരണനിര്‍വ്വഹണ സംവിധാനങ്ങളും ചേര്‍ന്ന് പരിപാലിച്ചുപോരുന്ന ഉന്നത മൂല്യങ്ങളോടുള്ള സന്തുലിതമായ സമീപനത്തിന് കോട്ടം തട്ടുന്ന വിധത്തിലുള്ള, നിയമവിരുദ്ധമായ ഇത്തരം നിലപാടുകള്‍ തിരുത്തപ്പെടണം. മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് വിശ്വാസങ്ങളെയും, ആചാരങ്ങളെയും വൃണപ്പെടുത്തുന്നതാണെന്നും, സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ബന്ധപ്പെട്ട ഭാഗങ്ങള്‍ പിന്‍വലിക്കണമെന്നും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ ആവശ്യപ്പെട്ടു.