യരുശലേമില്‍ ഒരു വിശുദ്ധ കുര്‍ബ്ബാനാര്‍പ്പണം / ഫാ. എ. കെ. ചെറിയാന്‍


ഞങ്ങളുടെ തീര്‍ത്ഥയാത്രയുടെ 10 -ാം ദിവസം യരുശലേമില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കാന്‍ അവസരം ലഭിച്ചു. യരുശലേം യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ത്തന്നെ ഗ്രൂപ്പു ലീഡര്‍ രാജു ഈ കാര്യം എന്നെ ഓര്‍പ്പിക്കുകയും ചെയ്തിരുന്നു. ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഇതിനുവേണ്ടി ചെയ്തു. വി. മര്‍ക്കോസിന്‍റെ ഭവനമെന്ന് പൂര്‍വ്വീകകാലം മുതല്‍ അംഗീകരണം കിട്ടിയ സെന്‍റ് മാര്‍ക്ക് ദേവാലയത്തില്‍ അതിനുള്ള സൗകര്യം ലഭിച്ചു. രാവിലെ എട്ടര മണി മുതലുള്ള സമയം. യരുശലേം കോട്ടയ്ക്കുള്ളിലാണ് ഈ ദേവാലയം. കോട്ടയുടെ പടിഞ്ഞാറുഭാഗത്തുള്ള യോപ്പാ ഗേറ്റിനടുത്ത് ഞങ്ങള്‍ ബസ്സില്‍ നിന്നിറങ്ങി. ബസ്സ് പഴയ യരുശലേം പട്ടണത്തില്‍ ഓടുകയില്ല. അതിന്‍റെ വഴികള്‍ വളരെ ഇടുങ്ങിയതാണ്. യോപ്പാ ഗേറ്റില്‍ നിന്ന് കുറഞ്ഞത് ഒരു മൈല്‍ എങ്കിലും നടന്നിരിക്കും സെന്‍റ് മാര്‍ക്ക് പള്ളിയില്‍ എത്തിച്ചേരുവാന്‍. ഈ പള്ളി പുരാതനകാലം മുതല്‍ സിറിയന്‍ ഓര്‍ത്തഡോക്സ് (അന്ത്യോഖ്യ) സഭയുടെ കൈവശമാണ്. അവിടെ ഒരു ദയറായുമുണ്ട്. അവിടെ പാര്‍ക്കുന്ന ഒരു സ്ത്രീ ഞങ്ങളെ സ്വാഗതം ചെയ്തു. വി. കുര്‍ബ്ബാനയ്ക്ക് ആവശ്യമായവ എല്ലാം തന്നെ വിശുദ്ധ ത്രോണോസില്‍ ഒരുക്കി വച്ചിട്ടുണ്ടായിരുന്നു. ഇത്ര സ്നേഹപൂര്‍വ്വം അവര്‍ പെരുമാറിയപ്പോള്‍ മിക്കവാറും അവര്‍ ഒരുക്കിയിരുന്ന വസ്തുക്കള്‍ തന്നെ ഞങ്ങള്‍ വി. കുര്‍ബ്ബാനയ്ക്ക് ഉപയോഗിച്ചു (ഞങ്ങള്‍ കരുതിയിരുന്നവ അധികമായി ഉപയോഗിച്ചില്ല). സിറിയന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് യരുശലേമിലുള്ള വളരെ കുറച്ചു സ്ഥാപനങ്ങളില്‍ ഒന്നാണിത്.

ഈ ദേവാലയത്തെക്കുറിച്ച് മുന്‍പിനാലെ കേട്ടിരുന്നതുകൊണ്ട് ഇവിടെ വി. കുര്‍ബ്ബാന അര്‍പ്പിക്കാന്‍ അവസരം ലഭിച്ചാല്‍ നല്ലതായിരുന്നുവെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇതിന് ഒന്നിലധികം കാരണങ്ങളുണ്ട്. കര്‍ത്താവ് തന്‍റെ തിരുവത്താഴത്തിനു തെരഞ്ഞെടുത്ത ഭവനം ഇതായിരുന്നുവെന്ന് പുരാതന കാലം മുതലുള്ള വിശ്വാസം, ശിഷ്യന്മാര്‍ക്ക് പുനരുത്ഥാനശേഷം ക്രിസ്തു ആദ്യം പ്രത്യക്ഷമായ സ്ഥലം, ശ്ലീഹന്മാരുടെ മേല്‍ പെന്തെക്കോസ്തിയില്‍ പരിശുദ്ധാത്മാഭിഷേകം നടന്ന സ്ഥലം, പരിശുദ്ധ കന്യകമറിയാമിന്‍റെ സ്നാനം നടന്ന സ്ഥലം, വി. യാക്കോബ് ശ്ലീഹാ ആദ്യമായി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച സ്ഥലം എന്നിങ്ങനെ ആദിമസഭയിലെ അതിപ്രധാനങ്ങളായ അനേക സംഗതികള്‍ക്ക് സാക്ഷ്യം വഹിച്ച മഹനീയ വേദി എന്നു വിശ്വസിക്കപ്പെടുന്ന ഈ ദേവാലയം ഒരു വിശുദ്ധ ഭൂമി തന്നെ. ഇതു കൂടാതെ ഇന്‍ഡ്യയില്‍ നിന്ന് – പ്രത്യേകിച്ച് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ നിന്ന് – വിശുദ്ധനാടുകള്‍ സന്ദര്‍ശിക്കാന്‍ വന്ന പ. പരുമല തിരുമേനി ഈ ദയറായിലായിരുന്നു താമസിച്ചിരുന്നത്. ഈ പള്ളിയിലെ ത്രോണോസില്‍ അദ്ദേഹം വി. കുര്‍ബാന അര്‍പ്പിച്ചിട്ടുണ്ട്. ഊര്‍ശ്ലേം മെത്രാപ്പോലീത്താ മാര്‍ ഗ്രിഗോറിയോസിന്‍റെ അതിഥിയായിട്ടാണ് അദ്ദേഹം ഇവിടെ പാര്‍ത്തിരുന്നത്. ഇവയെല്ലാം മുന്‍പിനാലെ എനിക്കറിവുണ്ടായിരുന്നതിനാല്‍ ഇവിടെ വി. കുര്‍ബ്ബാന അര്‍പ്പിക്കാന്‍ ആഗ്രഹിച്ചു. ആ ആഗ്രഹം സഫലമാകുവാന്‍ കൃപ ചെയ്ത ദൈവത്തിനു സ്തോത്രം.

ഇന്ന് ഈ ദയറായില്‍ ഒരു മെത്രാപ്പോലീത്തായും, 6 ദയറായക്കാരും 2 പട്ടക്കാരും പ്രായമുള്ള ഒന്നുരണ്ടു സ്ത്രീകളും മറ്റും താമസിക്കുന്നു. ഇവിടെ പാര്‍ക്കുന്ന മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ അടുത്ത സ്ഥലങ്ങളിലെവിടെയോ സന്ദര്‍ശനാര്‍ത്ഥം പോയിരുന്നു. ഇദ്ദേഹത്തിന്‍റെ കീഴില്‍ 6 പള്ളികളുണ്ട് എന്ന് അവിടെ പാര്‍ക്കുന്ന ഒരു റമ്പാന്‍ പറഞ്ഞു. ക്യംതാ പള്ളിയിലും, ബേത്ലഹേമിലെ ദേവാലയത്തിലും ഓരോ ത്രോണോസ് സിറിയക്കാര്‍ക്കുണ്ട് എന്നുള്ളതൊഴിച്ചാല്‍ കാര്യമായ യാതൊരു സ്വാധീനവും അവര്‍ക്കീ നാട്ടിലില്ല. 1998 -ല്‍ പ്രസിദ്ധീകരിച്ച ‘സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ആന്‍റിയോക്ക് ആന്‍ഡ് ആള്‍ ദി ഈസ്റ്റ്’ (Christine Chaillot) എന്ന ഗ്രന്ഥത്തില്‍ യെരുശലേമില്‍ നൂറും ബേത്ലഹേമില്‍ നാനൂറും സുറിയാനി കുടുംബങ്ങള്‍ പാര്‍ക്കുന്നു എന്ന് പ്രസ്താവിച്ചിരിക്കുന്നു. മുസ്ലീങ്ങളുടെ ഉപദ്രവം മൂലം ഈ പ്രദേശങ്ങളില്‍ നിന്നെല്ലാം ക്രിസ്ത്യാനികള്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിപാര്‍ക്കുവാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ആസ്ട്രേലിയ, അമേരിക്ക, കാനഡ, ബ്രസീല്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവര്‍ കുടിയേറുകയാണ്. ഇവിടെ ഇപ്പോഴുള്ളവര്‍ എത്രകാലം പിടിച്ചു നില്‍ക്കുമെന്ന് ആര്‍ക്കറിയാം?

സെന്‍റ് മാര്‍ക്ക് ചര്‍ച്ചിന്‍റെ ഉള്‍വിസ്തീര്‍ണ്ണം വളരെ പരിമിതമാണ്. നൂറില്‍ താഴെയാളുകള്‍ക്ക് ഒരേ സമയം ആരാധിക്കാന്‍ സാധിച്ചേക്കാം. പള്ളിയുടെ ഉള്ളില്‍ ബഞ്ചുകള്‍ ഇട്ടിട്ടുണ്ട്. ശുചീകരണ പ്രക്രിയ ചുരുക്കം. ത്രോണോസിന്‍റെ ഇടതു വശത്തായി സൂക്ഷിച്ചിരിക്കുന്ന ഒരു കസേര വി. യാക്കോബ് ശ്ലീഹായുടെ സിംഹാസനമെന്ന് അറിയപ്പെടുന്നു. ഇതു വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. വി. മദ്ബഹായും, ത്രോണോസും വളരെ ശ്രദ്ധയായും വെടിപ്പായും സൂക്ഷിച്ചിരിക്കുന്നു. ക്ദൂശ്കുദിശിന്‍ എന്ന ചിത്രപ്പണി ത്രോണോസിന്‍റെ മുകളില്‍ ഉണ്ട് (ബ്രോങ്ക്സ് സെന്‍റ് മേരീസ് പള്ളിയില്‍ കാണുന്നതുപോലെ). പരിശുദ്ധ പരുമല തിരുമേനി യരുശലേം യാത്രയില്‍ ഈ മനോഹരമായ പണി കണ്ടതിനുശേഷമാണ് പരുമല പള്ളിയില്‍ അതു പണിതു ചേര്‍ത്തത് എന്ന് അറിയുന്നു. യരുശലേം യാത്രയ്ക്കു മുമ്പ് പരുമല പള്ളി കൂദാശ ചെയ്തിരുന്നു. പരിശുദ്ധനായ ലൂക്കോസ് ഏവന്‍ഗേലിസ്തന്‍ സ്വന്ത കയ്യാല്‍ വരച്ചത് എന്നു പറയപ്പെടുന്ന വി. മറിയാമിന്‍റെയും പൈതലായ യേശുവിന്‍റെയും ഒരു ചിത്രം പള്ളിയുടെ തെക്കെ ഭിത്തിയോട് ചേര്‍ത്ത് വച്ചിരിക്കുന്നു. ആ ചിത്രത്തിന്‍റെ നിറം അല്പം ഇരുണ്ടതാണ്. പള്ളിയുടെ മദ്ബഹായോട് ചേര്‍ന്നുള്ള ഇടതുവശത്തെ മുറിയും മറ്റും വേണ്ട ശൂചീകരണങ്ങള്‍ ഇല്ലാതെയാണ് കണ്ടത്. യരുശലേമില്‍ പാര്‍ക്കുന്ന സുറിയാനിക്കാര്‍ ഇന്ത്യക്കാരായ ഞങ്ങളെ സഹോദരന്യായേനയാണ് സ്വീകരിച്ചത്. ഇന്ത്യയിലുള്ള സുറിയാനിക്കാര്‍ക്ക് അവിടെത്തന്നെയുള്ള അവരുടെ സഹോദരങ്ങളോട് മര്യാദാമനോഭാവത്തോടെ പെരുമാറാന്‍ കഴിയാതെ പോകുന്നത് സങ്കടകരമെന്നുള്ളതിന് സംശയമില്ല.

വി. കുര്‍ബ്ബാനയില്‍ സംബന്ധിച്ചവര്‍ മിക്കവാറും എല്ലാവരും തന്നെ വി. കുര്‍ബ്ബാന അനുഭവിച്ചു. മി. തോമസ് ഇടിക്കുള, രാജു, കെ. ജി. വര്‍ഗീസ് എന്നിവര്‍ വി. മദ്ബഹായില്‍ ശുശ്രൂഷയ്ക്കുണ്ടായിരുന്നത് വലിയ അനുഗ്രഹമായി. പത്തര മണിയോടെ വി. കുര്‍ബ്ബാന പൂര്‍ത്തിയായി. ഇപ്പോള്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കുന്ന ദേവാലയത്തിന്‍റെ അടിഭാഗത്തു (താഴത്തെ നിലയില്‍) കാണുന്ന ചെറിയ ഹാളിലാണ് കര്‍ത്താവിന്‍റെ അന്ത്യ അത്താഴം നടന്നതെന്ന് പറയപ്പെടുന്നു. ഇത്ര വലിയ മഹത്വമുള്ള ആ സ്ഥലവും വേണ്ടതുപോലെ സൂക്ഷിക്കുന്നുണ്ടോ എന്ന് സംശയിച്ചുപോകുന്നു.

അന്നു കിട്ടിയ സ്തോത്രകാഴ്ചയും, അല്പംകൂടി പണവും ചേര്‍ത്ത് ഞങ്ങള്‍ നല്കിയ സംഭാവന അവിടെ താമസിക്കുന്ന ഒരു റമ്പാച്ചന്‍ വളരെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. അവിടെയുള്ള ഗിഫ്റ്റ്ഷോപ്പില്‍ നിന്നു ഞങ്ങള്‍ക്കാവശ്യമുണ്ടായിരുന്ന ചില ദേവാലയ ഉപകരണങ്ങള്‍ വാങ്ങി. കാഷ്യര്‍ വില തെറ്റിച്ചാണ് വാങ്ങിയത്. കുറവായായിരുന്നു അവര്‍ കണക്കുകൂട്ടിയത്. ആ ദിവസം വൈകിട്ടാണ് ഞങ്ങള്‍ വിവരം മനസ്സിലാക്കുന്നത്. ആ പണം കൊടുക്കാന്‍ പോയപ്പോള്‍ ഞങ്ങളുടെ ഒരു കുടുംബത്തിന്‍റെ നഷ്ടപ്പെട്ടുപോയ ക്യാമറ അവിടെനിന്നു തിരികെ കിട്ടി. ഇതില്‍ അതിന്‍റെ ഉടമസ്ഥരായിരുന്ന തങ്കച്ചനും, കൊച്ചേലിയാമ്മയും ഞങ്ങള്‍ എല്ലാവരും തന്നെ വളരെ സന്തോഷിച്ചു.

ഹോട്ടലില്‍ നിന്നു ഞങ്ങള്‍ക്ക് പ്രഭാത ഭക്ഷണം കൊടുത്തയച്ചിരുന്നത് ഭക്ഷിച്ചുകഴിഞ്ഞ് വളരെ സന്തോഷാനന്ദങ്ങളോടുകൂടെ ഞങ്ങള്‍ ക്രിസ്തുവിന്‍റെ കഷ്ടാനുഭവത്തിന് സാക്ഷ്യം വഹിച്ച സ്ഥലങ്ങളിലേക്ക് പോയി.

(ഫാ. എ. കെ. ചെറിയാന്‍ 2001-ല്‍ പ്രസിദ്ധീകരിച്ച കര്‍ത്തൃപാദാന്തികം എന്ന യരുശലേം യാത്രാവിവരണത്തില്‍ നിന്നും. 2000 ഒക്ടോബറിലാണ് അച്ചനും അമേരിക്കയിലെ ബ്രോങ്ക്സ് ഇടവകാംഗങ്ങളും വി. നാട് സന്ദര്‍ശിച്ചത്.)

II

വിശുദ്ധനാട്ടിലേക്ക് ഒരു തീര്‍ത്ഥാടനം

ഇടവക സംബന്ധമായ കാര്യങ്ങളില്‍ എന്നും ശ്രദ്ധ പതിപ്പിക്കാനുണ്ടായിരുന്നതിനാലും, ഇതിനോടൊപ്പം ജീവിതമാര്‍ഗ്ഗത്തിനുള്ള ഉപാധികള്‍ മറ്റു വശങ്ങളില്‍ കൂടി കണ്ടുപിടിക്കേണ്ടതായി വന്നതിനാലും ഒരാഴ്ചയില്‍ ഏഴു ദിവസവും ജോലി ചെയ്യേണ്ട അനുഭവമായിരുന്നു എനിക്കുണ്ടായിരുന്നത്. അതുകൊണ്ട് ദീര്‍ഘകാലം താമസസ്ഥലം വിട്ടു നില്‍ക്കുന്നതിനോ, കാഴ്ചകള്‍ കാണുന്നതിനോ അമേരിക്കന്‍ ജീവിതം സഹായകമായില്ല. എങ്കിലും എന്നെങ്കിലും, വിശുദ്ധ നാട് സന്ദര്‍ശിക്കണമെന്ന ആഗ്രഹം ദീര്‍ഘകാലമായി മനസ്സില്‍ കാത്തുസൂക്ഷിച്ചിരുന്നു. 2000-ാമാണ്ട് അതു സാധിതപ്രായമായി. ഇടവകാംഗങ്ങളായ മി. ചെറിയാന്‍ കോശി (രാജു) യും, സഹധര്‍മ്മിണി ശ്രീമതി മോളി കോശിയും (മോളിക്കുട്ടി) അതിനു മുന്‍കൈ എടുത്തു. ഇടവകാംഗങ്ങളായ 41 ആളുകളെ ചേര്‍ത്ത് ഒരു തീര്‍ത്ഥയാത്ര ഒക്ടോബര്‍ ഒന്നാം തീയതി കെന്നഡി എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചു. 2-ാം തീയതി രാത്രിയില്‍ ടെല്‍-അവീവില്‍ എത്തി. 3-ാം തീയതി രാവിലെ തന്നെ യാത്രകള്‍ ആരംഭിച്ചു. കര്‍ത്താവിന്‍റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള സംഭവങ്ങള്‍ നടന്ന സ്ഥലങ്ങള്‍, പഴയനിയമത്തിലെ അതിപ്രധാനമായ സ്ഥലങ്ങള്‍, പ്രവാചകന്മാരുടെയും, രാജാക്കന്മാരുടെയും ശവകുടീരങ്ങള്‍, ഏലീയാ പ്രവാചകന്‍ പാര്‍ത്തിരുന്ന കര്‍മ്മേല്‍ പര്‍വ്വതം, ചാവുകടല്‍, കുംറാന്‍ ഗുഹകള്‍, ഗലീലാ കടല്‍, ഹോറേബ് പര്‍വ്വതം, ദാവീദിന്‍റെ കല്ലറ ഇങ്ങനെ പറഞ്ഞാല്‍ തീരാത്തവിധം പ്രാധാന്യമുള്ള അനേക സ്ഥലങ്ങളും, സ്ഥാപനങ്ങളും, കര്‍ത്താവിന്‍റെ ജന്മസ്ഥലം, ഗോഗുല്‍ത്താ, ക്യംതാപള്ളി, സ്വര്‍ഗ്ഗാരോഹണം ചെയ്ത സ്ഥലം തുടങ്ങി ജീവിതത്തില്‍ ഒരിക്കലും വിസ്മരിക്കാന്‍ സാധിക്കാത്ത സ്ഥലങ്ങളും, ഏറ്റം ഒടുവിലായി യെഹോശാഫാത്ത് താഴ്വരയില്‍ ദൈവമാതാവിനെ അടക്കിയ കല്ലറയും പള്ളിയും സന്ദര്‍ശിച്ച് ഞങ്ങള്‍ മടങ്ങി. 12 ദിവസത്തെ യാത്രയില്‍ എല്ലാവുരം സന്തുഷ്ടരായിരുന്നു. സുറിയാനിസഭ കര്‍ത്താവിന്‍റെ തിരുവത്താഴ സ്ഥലം എന്നു വിശ്വസിക്കുന്ന സെഹിയോന്‍ മാളിക പള്ളിയില്‍ വി. കുര്‍ബാന അണപ്പാനും ദൈവം കൃപ ചെയ്തു. പ. പരുമല തിരുമേനിയും, പ. വട്ടശ്ശേരില്‍ തിരുമേനിയും ഇവിടെ കുര്‍ബാന അര്‍പ്പിച്ചിട്ടുണ്ട്. സുറിയാനി സഭയല്ലാതെ മറ്റൊരു സഭക്കാരും ഈ സ്ഥലത്താണ് കര്‍ത്താവിനു തിരുവത്താഴം ഒഴുക്കിയത് എന്നു വിശ്വസിക്കുന്നില്ല. അവര്‍ പറയുന്നത് ദാവീദിന്‍റെ ശവകുടീരം നില്ക്കുന്നതിനോടു ചേര്‍ന്നുള്ള സ്ഥലത്തായിരുന്നു കര്‍ത്താവിന്‍റെ തിരുവത്താഴം എന്നാണ്. അതിനു കൊടുത്തിരിക്കുന്ന പേര് Coenaculum എന്നാണ് (അര്‍ത്ഥം ഡൈനിംഗ് ഹാള്‍). അതു വളരെ വിസ്തൃതമായി പണിതു സൂക്ഷിക്കുന്നു.
എടുത്തു പറയുവാനുള്ള ഒരു വസ്തുത, ഈ സന്ദര്‍ശനത്തിന് എനിക്ക് പണച്ചെലവ് ഉണ്ടായില്ല എന്നുള്ളതാണ്. ഇത്രയും വലിയ ഗ്രൂപ്പിനെ സംഘടിപ്പിച്ച സംഘാടകര്‍ക്ക് 2 ടിക്കറ്റ് ഫ്രീയായി ലഭിച്ചത് അവര്‍ ഞങ്ങള്‍ക്കു നല്കി. മടിയോടു കൂടിയാണെങ്കിലും അവരു

െ സ്നേഹത്തിന്‍റെ മുമ്പില്‍ തല വണങ്ങി ഞങ്ങള്‍ ആ ഉപഹാരം സ്വീകരിച്ചു.

ഈ യാത്രയില്‍ ഞങ്ങള്‍ക്കനുഭവവേദ്യമായ വസ്തുതകള്‍ ഉള്‍ക്കൊള്ളിച്ച് “കര്‍ത്തൃപാദാന്തികം” എന്ന ഒരു യാത്രാവിവരണം പ്രസിദ്ധീകരിക്കാനും സാധിച്ചു.

(ബ്രോങ്ക്സ് സെന്‍റ് മേരീസ് ദേവാലയവും അമേരിക്കന്‍ ഭദ്രാസനവും എന്ന ഗ്രന്ഥത്തില്‍ നിന്നും)