ക്രിസ്ത്യാനികളുടെ അവകാശക്രമത്തെ ക്രോഡീകരിച്ചു തിരുവിതാംകൂറില്‍ ഒരു നിയമം (1916)

22. ക്രിസ്ത്യാനികളുടെ അവകാശക്രമത്തെ ക്രോഡീകരിച്ചു ഒരു നിയമം എഴുതി ഉണ്ടാക്കാന്‍ തിരുവിതാംകൂര്‍ ഗവര്‍മെന്‍റില്‍ നിന്നു ജില്ലാ ജഡ്ജി മിസ്റ്റര്‍ പി. ചെറിയാന്‍ ബി.എ., ബി.എല്‍. പ്രസിഡണ്ടായും ശ്രീ. കോവൂര്‍ ഐപ്പ് തോമ്മാ കത്തനാര്‍ അവര്‍കള്‍, രാ. രാ. കെ. സി. മാമ്മന്‍ മാപ്പിള ബി.എ., …, രാ. രാ. പോള്‍ ദാനിയേല്‍ ബി.എ., എല്‍.റ്റി. അവര്‍കള്‍ …. എന്നിവര്‍ അംഗങ്ങളായും മുന്‍സിഫ് മിസ്റ്റര്‍ വര്‍ഗീസ് ചാണ്ടി ബി.എ., ബി.എല്‍. സെക്രട്ടറിയായും ഒരു കമ്മീഷനെ നിയമിച്ചു. കമ്മീഷന്‍ തിരുവിതാംകൂര്‍ മുഴുവന്‍ ചുറ്റി നടന്നു പ്രധാനികളായ ക്രിസ്ത്യാനികളുടെ മൊഴി വാങ്ങിയശേഷം ഒരു നക്കല്‍ നിയമം എഴുതി നിയമനിര്‍മ്മാണ സഭയില്‍ ഹാജരാക്കി. ഇതില്‍ മകള്‍ക്കു പിതാവിന്‍റെ സ്വത്തില്‍ അവകാശവും വിധവയ്ക്കും വിധുരനും മരിച്ചുപോയ ഭര്‍ത്താവിന്‍റെയും ഭാര്യയുടെയും സ്വത്തില്‍ ഓഹരിയും മറ്റും വച്ചിരിക്കുന്നതിനാല്‍ കോവൂര്‍ കത്തനാര്‍ ഇതില്‍ യോജിക്കാതെ ഒരു ഭിന്നാഭിപ്രായം എഴുതി ഗവര്‍മെന്‍റില്‍ സമര്‍പ്പിച്ചു. ഇതിനെ തുടര്‍ന്ന് ജനങ്ങളുടെ ഇടയില്‍ ഒരു വലിയ ബഹളം അങ്കുരിച്ചു. കീഴ്നടപ്പിനെ അടിസ്ഥാനപ്പെടുത്തി നിയമമുണ്ടാക്കിയാല്‍ മതിയെന്നുള്ള കോവൂര്‍ കത്തനാരോടു തിരുവിതാംകൂറിലുള്ള എല്ലാ വക ക്രിസ്ത്യാനികളിലും ഭൂരപക്ഷം യോജിക്കയാല്‍ അവര്‍ യോഗം കൂടിയും പത്രമുഖേനയും ലഘുലേഖകള്‍ വഴിയായും ദിവാന്‍, മഹാരാജാവ്, റസിഡണ്ട്, മദ്രാസ് ഗവര്‍ണര്‍ മുതല്‍പേരുടെ അടുക്കല്‍ ഡപ്യൂട്ടേഷനായോ, ഹര്‍ജിയായോ തങ്ങളുടെ അഭിപ്രായവ്യത്യാസം പ്രസ്താവിച്ചു. കമ്മീഷന്‍റെ ബില്ലിനെ എതിര്‍ത്തു ചില മെത്രാന്മാര്‍ ഗവര്‍മെന്‍റിലേക്കു എഴുതുകയുണ്ടായി. ഇവരില്‍ ആദ്യം എഴുതിയത് മാര്‍ സേവേറിയോസ് തിരുമേനിയല്ലയോ എന്നു സംശയിക്കുന്നു. അദ്ദേഹത്തിന്‍റെ എഴുത്തിന്‍റെ തീയതി 1913 മെയ് 10 ആണ്. തിരുമനസ്സുകൊണ്ടു ഇങ്ങനെ എഴുതിയതു കൂടാതെ ക്നാനായ സമുദായത്തിനു പൊതുവെയുള്ള അഭിപ്രായം നിര്‍ണ്ണയിക്കാനായി 1916 ജൂണ്‍ 22, 23 തീയതികളില്‍ കൂടിയ ക്നാനായ പൊതുയോഗത്തില്‍ ഈ വിഷയത്തെപ്പറ്റി ആലോചിക്കയും സമുദായം ഒരു പ്രത്യേക മെമ്മോറിയല്‍ തയ്യാറാക്കി തിരുമേനിയും വികാരി ജനറാളും എല്ലാ പള്ളികളിലെയും വികാരിമാരും ഈരണ്ടു പ്രതിനിധികള്‍ വീതവും ഒപ്പിട്ടു തിരുവിതാംകൂര്‍ മഹാരാജാവിനും ബ്രിട്ടീഷ് റസിഡണ്ട് വഴി മദ്രാസ് ഗവര്‍ണര്‍ക്കും അയച്ചുകൊടുത്തു. ഈ മെമ്മോറിയലിന്‍റെ താല്പര്യം ഇപ്പോള്‍ നിയമനിര്‍മ്മാണ സഭയില്‍ ഹാജരാക്കപ്പെട്ടിരിക്കുന്ന ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ നിയമം കേരളീയ സുറിയാനിക്കാരും പ്രത്യേകിച്ചു ക്നാനായ സുറിയാനിക്കാരുടെ കീഴ്നടപ്പിനും മര്യാദയ്ക്കും വിപരീതമാകയാല്‍ അതിനെ തള്ളിക്കളയുകയോ അല്ലാത്തപക്ഷം ക്നാനായ സമുദായത്തെ അതില്‍നിന്നു ഒഴിക്കയോ ചെയ്യണമെന്നാണ്. ഇതിനു മറുപടിയായി ബ്രിട്ടീഷ് റസിഡണ്ട് ആര്‍. എ. ഗ്രാനാം ഐ.സി.എസ്. അവര്‍കള്‍ 1916 സെപ്റ്റംബര്‍ 14-നു R.O.C. No. 1014/16 നമ്പരായി കരുപഠാന എന്ന സ്ഥലത്തുള്ള തന്‍റെ പാളയത്തില്‍ നിന്നു മെത്രാപ്പോലീത്താ തിരുമനസ്സിലേക്കു എഴുതിയ എഴുത്തില്‍ ഹര്‍ജിക്കാര്‍ ഒരു പ്രത്യേക സമുദായവും ഏകാഭിപ്രായക്കാരുമാണെങ്കില്‍ അവര്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്‍റെ അടുക്കലാണ് ആദ്യം ബോധിപ്പിക്കേണ്ടതെന്നു താന്‍ അഭിപ്രായപ്പെടുന്നു എന്നു പ്രസ്താവിച്ചിരുന്നു. മഹാരാജാവ് തിരുമനസ്സില്‍ നിന്നു യാതൊരു മറുപടിയും അയച്ചില്ല. തിരുവിതാംകൂറിലുള്ള ക്രിസ്ത്യാനികളില്‍ ഭൂരിപക്ഷത്തിന്‍റെ വിരോധത്തെ ഗവര്‍മെന്‍റില്‍ നിന്നും വകവച്ചില്ല. ദിവാന്‍ കൃഷ്ണന്‍ നായര്‍ മുതല്‍പേരെ എതിരഭിപ്രായക്കാരില്‍ ചിലര്‍ സ്വാധീനപ്പെടുത്തിയിരുന്നതിനാലോ എന്തോ 1916 ഡിസംബര്‍ 21-നു 92 ധനു 7-നു നിയമ നിര്‍മ്മാണ സഭയില്‍ നിന്നു കമ്മീഷന്‍ ഹാജരാക്കിയ നക്കലിനെ 109-ലെ രണ്ടാം റെഗുലേഷനായി പാസ്സാക്കി.

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)