സമാധാനം നിരന്തരമായ ഒരു പ്രയാണവും തുടര്‍ച്ചയായ ഒരു പ്രക്രിയയുമാണ് / പ. മാത്യൂസ് ദ്വിതീയന്‍ ബാവാ

(2002 മാര്‍ച്ച് 20-ലെ പരുമല അസോസിയേഷനില്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവാ ചെയ്ത അദ്ധ്യക്ഷ പ്രസംഗം)

പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായ തോമസ് മാര്‍ തീമോത്തിയോസ് തിരുമേനി, നമ്മുടെ സഹോദര മെത്രാപ്പോലീത്തന്മാരേ, സമാദരണീയനായ ജസ്റ്റീസ് വി. എസ്. മളിമഠ്, വാത്സല്യമുള്ള വൈദികരെ, വൈദിക അത്മായ ട്രസ്റ്റിമാരെ, മലങ്കരസഭയുടെ അരുമസന്താനങ്ങളായ പള്ളിപ്രതിപുരുഷന്മാരെ, സുഹൃത്തുക്കളേ,

ഭാരതത്തില്‍ തന്‍റെ സഭയെ നട്ടുവളര്‍ത്തി അതിനെ ആഗോള സഭയായി ഉയര്‍ത്തിയ സര്‍വ്വശക്തനായ ദൈവത്തിന് നന്ദി നിറഞ്ഞ ഹൃദയത്തോടും ദൈവസ്നേഹത്തില്‍ പൂരിതമായ ആത്മാവോടും കൂടി സ്തുതിയും സ്തോത്രവും അര്‍പ്പിക്കുന്നു. വാര്‍ദ്ധക്യത്തിന്‍റെ പ്രയാസങ്ങള്‍ വിസ്മരിച്ചുകൊണ്ടും വര്‍ദ്ധിച്ച സന്തോഷത്തോടും ആത്മ നിര്‍വൃതിയോടും കൂടിയാണ് നാം നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്. ഇപ്രകാരം ഒരവസരത്തിനുവേണ്ടി നാം ഏറെ പ്രാര്‍ത്ഥനയോടെ ദൈവത്തില്‍ ആശ്രയിച്ചു. മലങ്കരസഭയുടെ തനിമയും സ്വാതന്ത്രവും നിലനിര്‍ത്തുന്നതിന് ചരിത്രത്തിന്‍റെ ഗതിവിഗതികള്‍ക്കു നടുവില്‍ നിര്‍ണ്ണായകമായ അഗ്നിശോധനകള്‍ നാം നേരിടേണ്ടി വന്നു. എങ്കിലും അതിജീവനത്തിന്‍റെ ആത്മാവ് കഴിഞ്ഞ കാലങ്ങളില്‍ സഭയില്‍ ശക്തമായി പരിലസിച്ചുകൊണ്ടിരുന്നു. ഇന്ന് ഈ നിര്‍ണ്ണായക ദിവസവും മറ്റൊരു അതിജീവനത്തിന്‍റെ സന്ദേശം ആണ് നമുക്കു ലഭിക്കുന്നത്. അതിന് ഇടയാക്കിയ പരമകാരുണികനായ ദൈവത്തെ നാം വീണ്ടും നന്ദി നിറഞ്ഞ ഹൃദയത്തോടെ സ്തുതിക്കുന്നു. ഈ അസോസിയേഷന്‍ നീതി പൂര്‍വ്വമായും സത്യസന്ധമായും നിര്‍വിഘ്നം നടത്തുന്നതിന് നമ്മെ സഹായിക്കുവാന്‍ ബഹു. സുപ്രീംകോടതിയാല്‍ നിയമിതനായ കേരള ഹൈക്കോടതിയുടെ മുന്‍ ചീഫ് ജസ്റ്റീസ് വി. എസ്. മളിമഠിനോടും പ്രശ്നമുഖരിതമായ കാലയളവില്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്തു തന്ന മാറിമാറി വന്ന സര്‍ക്കാരുകളോടും ഇത്രയും കാലം ക്ഷമയോടുകൂടി ഈ അവസരത്തിനുവേണ്ടി കാത്തിരിക്കുന്ന നമ്മുടെ സഹോദര മെത്രാപ്പോലീത്താന്മാരോടും, കോര്‍-എപ്പിസ്കോപ്പാമാരോടും, റമ്പാന്മാരോടും, വൈദികരോടും, സന്യാസിസന്യാസിനികളോടും, മലങ്കരസഭയുടെ അരുമ സന്താനങ്ങളായ എല്ലാ സത്യവിശ്വാസികളോടും, പ. സഭയുടെയും നമ്മുടെയും അഭ്യുദയകാംക്ഷികളായ ഏവരോടുമുള്ള നന്ദിയും സ്നേഹവും നാം ആമുഖമായി അറിയിക്കുന്നു.

മലങ്കരസഭയുടെ പ്രഖ്യാപിത പരിശുദ്ധനും പിതാവുമായ പരുമല തിരുമേനി അന്ത്യവിശ്രമം കൊള്ളുന്ന ഈ പാവന സ്ഥലത്തുവെച്ച് വീണ്ടും ഒരു അസോസിയേഷന്‍ യോഗം കൂടുവാന്‍ ഇടയായത് ദൈവനിയോഗമായി നാം കരുതുന്നു. മലങ്കര സഭാമക്കള്‍ക്കും പ്രത്യേകിച്ച് ഈ യോഗത്തിനും പ. പരുമല തിരുമേനിയുടെ മധ്യസ്ഥതയും കാവലും കോട്ടയായിരിക്കും.
മലങ്കര ഓര്‍ത്തഡോക്സ് സഭയെ വിശ്വാസ പൈതൃകത്തില്‍ വഴിനടത്തിയ നമ്മുടെ മുന്‍ഗാമികളായ എല്ലാ ശ്രേഷ്ഠ പിതാക്കന്മാരെയും, കാലയവനികയ്ക്കുള്ളില്‍ മണ്‍മറഞ്ഞു പോയ എല്ലാ പിതാക്കന്മാരെയും നാം ഇത്തരുണത്തില്‍ സ്തുതിക്കുന്നു.

മുമ്പ് നടന്ന അസ്സോസിയേഷന്‍ യോഗങ്ങളില്‍ സംബന്ധിച്ചിട്ടുള്ള സഹോദര മെത്രാപ്പോലീത്തന്മാരെ കൂടാതെ സുപ്രീംകോടതി വിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് മലങ്കരസഭയുടെ യോജിപ്പിനെ കരുതി ധീരമായ ഉറച്ച നിലപാടെടുത്ത അഭി. ഏബ്രഹാം മാര്‍ സേവേറിയോസ്, തോമസ് മാര്‍ അത്താനാസിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, സക്കറിയാസ് മാര്‍ നിക്കോളാസ് എന്നീ തിരുമേനിമാരെയും നാം ഹാര്‍ദ്ദവമായി അസോസിയേഷനിലേക്ക് സ്വാഗതം ചെയ്യുന്നു. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍റെ ഈ യോഗത്തില്‍ സംബന്ധിക്കുന്നതിന് ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്ന് ഇവിടെ എത്തിയിട്ടുള്ള നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നതില്‍ നമുക്ക് അനല്‍പമായ സന്തോഷം ഉണ്ട്. കേരളത്തില്‍ നിന്ന് മാത്രമല്ല, കേരളത്തിന് പുറത്ത് ഇന്‍ഡ്യയ്ക്ക് വെളിയില്‍ മലേഷ്യ, സിംഗപ്പൂര്‍, ആസ്ത്രേലിയ എന്നീ പൂര്‍വ്വദേശങ്ങളില്‍ നിന്നും അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും, അമേരിക്ക, യു.കെ., യൂറോപ്പ്, കാനഡ, ആഫ്രിക്ക, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും, യാത്രാക്ലേശങ്ങള്‍ സഹിച്ച് നിങ്ങള്‍ ഇവിടെ എത്തിയിട്ടുള്ളത്, സഭാ മാതാവിനോടുള്ള നിങ്ങളുടെ ഭയഭക്തിയുടെയും പ. മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനമായ കാതോലിക്കാ സിംഹാസനത്തോടു നിങ്ങള്‍ക്കുള്ള കൂറിന്‍റെയും മലങ്കരസഭാ ഭരണഘടനയോടുള്ള നിങ്ങളുടെ വിധേയത്വത്തിന്‍റെയും പ്രത്യക്ഷപ്രകടനം ആണ് എന്നുള്ളതിന് സംശയമില്ല. മലങ്കര സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ നമ്മോടുള്ള നിങ്ങളുടെ ആദരവിനെയും ഇതു വെളിപ്പെടുത്തുന്നു. വാത്സല്യമക്കളേ, നിങ്ങളുടെ ഭക്തിയും കൂറും സഭാസ്നേഹവും കാണുമ്പോള്‍ നമ്മുടെ ഹൃദയം സന്തോഷം കൊണ്ട് നിറയുന്നു. നമ്മുടെ വാര്‍ദ്ധക്യത്തിന്‍റെ സന്തോഷവും കീരീടവും നമ്മുടെ സഹോദര മെത്രാപ്പോലീത്തന്മാരും, വൈദികരും സന്യാസി സന്യാസിനികളും, സത്യവിശ്വാസികളായ അത്മായക്കാരും ആണ് എന്ന് നാം വിശ്വസിക്കുന്നു. നിങ്ങളെപ്രതി കാരുണ്യവാനായ ദൈവത്തെ നാം മഹത്വപ്പെടുത്തുന്നു. നിങ്ങള്‍ക്കുവേണ്ടി നാം ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

അതിശീഘ്രം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പുരാതന സഭയാണ് നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. 126 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ അസോസിയേഷന്‍ രൂപവത്കരിച്ചപ്പോള്‍ കേരളത്തിന്‍റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെയുള്ള പ്രദേശത്തെ ഏകദേശം 100 പള്ളികളില്‍ നിന്നുള്ള പ്രതിപുരുഷന്മാരാണ് അതില്‍ സംബന്ധിച്ചത്. എന്നാല്‍ ഇന്ന് ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള 1244 പള്ളികളില്‍ നിന്ന് 4039 പള്ളിപ്രതിപുരുഷന്മാര്‍ ഇവിടെ സമ്മേളിച്ചിരിക്കുന്നത് കാണുമ്പോള്‍ നാം ആനന്ദംകൊണ്ടു നിറയുകയും അഭിമാനം കൊണ്ട് പുളകംകൊള്ളുകയും ചെയ്യുന്നു. മലങ്കരസഭ ഇന്ന് ഒരു സാര്‍വ്വത്രിക സഭയായി ഉയര്‍ന്നിരിക്കുന്നു.

അസോസിയേഷന്‍ യോഗങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ പ്രത്യേകം എടുത്തു പറയേണ്ട ചില അസോസിയേഷന്‍ യോഗങ്ങളുണ്ട്. 1876-ല്‍ മുളന്തുരുത്തിയില്‍ വെച്ച് അസോസിയേഷന്‍ യോഗങ്ങള്‍ക്ക് തുടക്കം കുറിച്ചു. 1934-ല്‍ കോട്ടയത്ത് കൂടിയ അസോസിയേഷന്‍ യോഗം മലങ്കരസഭാ ഭരണഘടനയ്ക്ക് രൂപംനല്‍കി. പ്രസ്തുത യോഗത്തില്‍ വച്ച് കാതോലിക്കാ സ്ഥാനവും മലങ്കരമെത്രാപ്പോലീത്താ സ്ഥാനവും ഒരാളില്‍ നിക്ഷിപ്തമായി. 1958-ലെ ബഹു. സുപ്രീംകോടതി വിധിക്കുശേഷം സഭയില്‍ സമാധാനം ഉണ്ടാവുകയും ഇരുവിഭാഗവും ചേര്‍ന്ന് പുത്തന്‍കാവില്‍ വെച്ച് യോഗം കൂടി വൈദിക ട്രസ്റ്റിയെയും അത്മായ ട്രസ്റ്റിയെയും തെരഞ്ഞെടുത്തു. ഇന്ന് ഇവിടെ കൂടുന്ന അസോസിയേഷന്‍ യോഗം ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തേണ്ട ഒരു അസോസിയേഷന്‍ യോഗം ആണ്. ഇന്‍ഡ്യയുടെ പരമോന്ന കോടതിയുടെ നിര്‍ദ്ദേശാനുസരണം ഇരുവിഭാഗങ്ങളും യോജിച്ച് നടത്തുന്നതാണ് ഈ യോഗം.

1934-ല്‍ ക്രോഡീകരിച്ച സഭാഭരണഘടനയെ സംബന്ധിച്ച് ഒരു വാക്ക്. കാതോലിക്കേറ്റ് സ്ഥാപനം സംബന്ധിച്ച 1912-ല്‍ ഭാഗ്യസ്മരണാര്‍ഹനായ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് അബ്ദല്‍ മിശിഹാ ബാവാ തിരുമനസ്സുകൊണ്ട് പുറപ്പെടുവിച്ച കല്പനയില്‍ (എ 14) മലങ്കരസഭയുടെ വിശുദ്ധിയും നിര്‍മ്മലതയും നിവിഘ്നം കാത്തുസൂക്ഷിക്കുന്നതിനും അന്ത്യോഖ്യാ സിംഹാസനവുമായുള്ള ബന്ധം ഉറപ്പിക്കുന്നതിനും കാതോലിക്കാ സിംഹാസനം മലങ്കരയില്‍ സ്ഥാപിക്കുന്നത് ഉചിതമായിരിക്കുമെന്ന് അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് അദ്ദേഹം മലങ്കരയില്‍ കാതോലിക്കോസിനെ വാഴിച്ചുതന്നത്. “കാതോലിക്കോസും നിങ്ങളുടെ ഇടയന്മാരായ മേല്‍പ്പട്ടക്കാരും നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നടത്തിതരുന്നതാണെന്നും ഒരു കാതോലിക്കാ കാലം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി മറ്റൊരു കാതോലിക്കായെ വാഴിക്കുന്നതിനുള്ള അധികാരം മലങ്കരയിലുള്ള മേല്പട്ടക്കാരില്‍ നിക്ഷിപ്തമാണെ”ന്നും 1912-ല്‍ പുറപ്പെടുവിച്ച കല്പനയില്‍ പ്രതിപാദിച്ചിട്ടുണ്ട്. പാത്രിയര്‍ക്കീസ് ബാവായുടെ മേല്‍പറഞ്ഞ കല്പനയുടെ അടിസ്ഥാനത്തിലാണ് അന്ത്യോഖ്യാ സിംഹാസനവും മലങ്കരസഭയുമായുള്ള ബന്ധം നിലനിര്‍ത്തത്തക്കവണ്ണം 1934-ല്‍ ഒരു ഭരണഘടനയ്ക്ക് രൂപംനല്‍കിയത്. അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് ബാവായുടെ കല്പനയും ബഹു. സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ട്. അത് അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെയും മലങ്കരസഭാംഗങ്ങളെയും ബന്ധിക്കുന്നതാണെന്നും ബഹു. സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടുണ്ട്.

1934-ല്‍ പാസ്സാക്കിയ ഭരണഘടന മലങ്കരസഭയിലുള്ള എല്ലാ മെത്രാസനങ്ങളെയും സഭാംഗങ്ങളെയും ബന്ധിക്കുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
മേല്‍പറഞ്ഞപ്രകാരമുള്ള ഭരണഘടനാ വ്യവസ്ഥകള്‍ അഭംഗം പാലിക്കപ്പെടണമെന്നും അതനുസരിച്ച് മലങ്കരസഭാ ഭരണം നടത്തണമെന്നും മാത്രമേ മലങ്കരസഭ ആഗ്രഹിക്കുന്നുള്ളു. സഭാഭരണഘടനപ്രകാരം ഇടവകകള്‍ ഭരിക്കപ്പെടണമെന്നല്ലാതെ ഇടവകസ്വത്തുക്കള്‍ കൈയടക്കണമെന്ന് മലങ്കരസഭ ആഗ്രഹിക്കുന്നില്ല. ഏതൊരു സമൂഹത്തിന്‍റെയും കെട്ടുറപ്പിനും വളര്‍ച്ചയ്ക്കും ശിക്ഷണവും അച്ചടക്കവും ആവശ്യമാണല്ലോ?

ലോകത്തിലെ ഏറ്റവും വലിയ ജനായത്ത പാര്‍ലമെന്‍റ് എന്ന് നിസന്ദേഹം പറയപ്പെടാവുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍റെ അംഗങ്ങളായ നിങ്ങളുടെ ഭാരിച്ച ഉത്തരവാദിത്വങ്ങളെ സംബന്ധിച്ച് നിങ്ങള്‍ തികച്ചും ബോധവാന്മാരാണെന്ന് നമുക്കുറപ്പുണ്ട്. നമ്മുടെ സഭ ഒരു എപ്പിസ്കോപ്പല്‍ സഭയാണ്. എപ്പിസ്കോപ്പസിയും ജനായത്തവും മനോഹരമായി ഒരുമിച്ച് ഇണക്കിച്ചേര്‍ത്തിട്ടുള്ള വിശിഷ്ടമായ ഒരു ഭരണഘടനയും സംവിധാനവുമാണ് നമുക്കുള്ളത്. മലങ്കരസഭാ ഭരണഘടനപ്രകാരം നിങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന പരിപാവനമായ കര്‍ത്തവ്യ നിര്‍വ്വഹണത്തിനാണല്ലോ നിങ്ങള്‍ ഇവിടെ സമ്മേളിച്ചിരിക്കുന്നത്. സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് 37 പട്ടക്കാരെയും 74 അയ്മേനികളേയും നിങ്ങള്‍ ഇന്ന് തെരഞ്ഞെടുക്കുകയാണ്. മലങ്കരസഭയുടെ പൗരാണികവും സനാതനവുമായ പാരമ്പര്യ വിശ്വാസ സത്യങ്ങളെ അഭംഗുരം കാത്തുപരിപാലിക്കുന്ന സഭയുടെ കാവല്‍ഭടന്മാരും മാര്‍ഗദര്‍ശികളും ആണല്ലോ മലങ്കരസഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍. സഭാ കാര്യങ്ങള്‍ ചുമതലാബോധത്തോടും ത്യാഗമനോഭാവത്തോടും കൂടെ നടത്തിക്കൊണ്ടുപോകുവാന്‍ കഴിവുള്ള ഉത്തമരായ വ്യക്തികളെ ആയിരിക്കും നിങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്ന് നാം വിശ്വസിക്കുന്നു.

മറ്റ് പൗരസ്ത്യ സഭകളെപ്പോലെ മലങ്കരസഭയ്ക്കും അപ്പോസ്തോലികത്വവും പാരമ്പര്യവും പൗരാണികത്വവും അവകാശപ്പെടുവാന്‍ സാധിക്കും. ഇവ അന്യൂനം നിലനില്ക്കുന്ന വസ്തുതകള്‍ ആണ്. അത് നിലനിര്‍ത്തേണ്ടത് എന്‍റേയും നിങ്ങളുടെയും ചുമതലയും. ഇന്ന് മലങ്കരസഭ പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകള്‍ക്കിടയില്‍ അനിഷേധ്യമായ സ്ഥാനവും ബഹുമതിയും ആര്‍ജ്ജിച്ചിട്ടുണ്ട്. ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭാ കുടുംബത്തിന്‍റെ ആധുനിക ചരിത്രം രൂപപ്പെടുത്തുന്നതില്‍ മലങ്കരസഭയുടെ മക്കളായ ദൈവശാസ്ത്ര പണ്ഡിതന്മാരുടെ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും. പൗരസ്ത്യ സഭയുടെ അപ്പോസ്തോലികമായ വിശ്വാസവും ആരാധനയും അനുഷ്ഠാനങ്ങളും അഭംഗം മലങ്കരയില്‍ പാലിക്കപ്പെട്ടതുകൊണ്ടാണ് ആഗോള സഭയ്ക്ക് പൊതുവായും പൗരസ്ത്യ സഭകള്‍ക്ക് പ്രത്യേകിച്ചും നേതൃത്വസംഭാവനകള്‍ നല്‍കുവാന്‍ ഭാരതത്തിലെ നമ്മുടെ പുരാതന സഭയ്ക്ക് സാധിച്ചത്. ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളില്‍ വെച്ച് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ രാഷ്ട്രീയ സ്വാതന്ത്ര്യവും, സ്വതന്ത്രമായ പ്രവര്‍ത്തന സാഹചര്യങ്ങളും ലഭിച്ചത് മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് മാത്രമാണ്. ഈ വലിയ പദവിയില്‍ നമ്മുടെ രാജ്യത്തോടും അതിന്‍റെ പ്രസിദ്ധമായ ജനായത്ത മതേതര ഭരണസംവിധാനത്തോടും, സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിന്യായ വ്യവസ്ഥയോടും നാം കടപ്പെട്ടിരിക്കുന്നു.

ദീര്‍ഘമായ വ്യവഹാരങ്ങളില്‍ നിന്നും മോചിതമാകുന്ന ഈ സാഹചര്യങ്ങളില്‍ ഒരു ആത്മീയ മുന്നേറ്റത്തിനുള്ള വെല്ലുവിളിയാണ് നാം ആദ്യം ഏറ്റെടുക്കേണ്ടത്. നമ്മുടെ അന്തരംഗങ്ങളില്‍ ദൈവസാന്നിദ്ധ്യബോധവും ദൈവഭയവും വളര്‍ത്തിയെടുക്കുന്നതിന് സഹായിക്കുന്ന ആരാധനാ ജീവിതം അനിവാര്യമാണ്. ദൈവിക ശബ്ദത്തോടു ക്രിയാത്മകമായി പ്രതികരിക്കുവാനും, ഭൗതിക നേട്ടങ്ങളുടെ സാധ്യതകള്‍ നോക്കാതെ സേവനശുശ്രൂഷാ രംഗങ്ങളിലേക്ക് കടന്നുവരുവാനും തയ്യാറാകുന്ന വിശ്വാസികളുടെ സമൂഹം എന്നും സഭയുടെ നിലനില്പിന്‍റെ അടിസ്ഥാനശിലയാണ്. ആത്മീയ ദര്‍ശനവും ത്യാഗമനോഭാവവുമുള്ള വൈദികരും, കര്‍മ്മശേഷിയുള്ള ഒരു വലിയ സന്യാസസമൂഹവും വിവേകവും ആത്മീയ പക്വതയും സേവനസന്നദ്ധതയുമുള്ള ഒരു അല്‍മായ നേതൃനിരയും എല്ലാവര്‍ക്കും അവരവരുടെ പങ്കു നിര്‍വ്വഹിക്കാന്‍ സാധിക്കുന്ന സ്വീകാര്യമായ ഒരു കര്‍മ്മപദ്ധതിയും സഭയുടെ വരുംകാല പ്രവര്‍ത്തനത്തിന് അനുപേക്ഷണീയമായ ഘടകങ്ങളാണ്. ആത്മീയവും സാമൂഹികവുമായ മേഖലകളില്‍ ക്രിസ്തീയ ദൗത്യം കാര്യക്ഷമമായി നിര്‍വ്വഹിക്കാന്‍ തക്കവണ്ണം അടുത്ത 10 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനപദ്ധതി പ. സുന്നഹദോസ് ആവിഷ്ക്കരിച്ചു കഴിഞ്ഞു.

വിവിധ ക്രൈസ്തവ സഭകളുമായുള്ള ബന്ധം ദൈവകരുണയാല്‍ കൂടുതല്‍ സജീവമാകുന്നതില്‍ നാം സന്തോഷിക്കുന്നു. ഇന്ന് ലോകത്തുള്ള എല്ലാ സഭകളോടുമൊപ്പം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സ്ഥാനവും മുന്‍പന്തിയില്‍ തന്നെ. എല്ലാ ക്രൈസ്തവ സഭകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗിച്ച് ക്രിസ്തീയ ഐക്യവും ബന്ധവും കൂടുതല്‍ സുദൃഢമാക്കുവാന്‍ നാം യത്നിക്കണം.

മലങ്കരസഭയില്‍ അനുരഞ്ജനവും സമാധാനവും കൈവരുത്തുവാന്‍ വേണ്ടി 1995-ലെ ബഹു. സുപ്രീംകോടതി വിധിക്കുശേഷം നാം നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് അറിവുള്ളതാണല്ലൊ. ഈ കാര്യത്തില്‍ നമ്മുടെ സഹോദര മെത്രാപ്പോലീത്തന്മാരും, വൈദികരും, ജനങ്ങളും നമ്മോടൊപ്പം നിന്ന് പ്രവര്‍ത്തിച്ചത് നാം നന്ദിയോടെ സ്മരിക്കുന്നു. മലങ്കരസഭ ഒന്നാണെന്നും നിര്‍ഭാഗ്യവശാല്‍ അതില്‍ രണ്ടു കക്ഷികള്‍ ഉണ്ടായെങ്കിലും എല്ലാവരും സ്വീകരിക്കുന്ന 1934-ലെ ഭരണഘടനയുടെയും കാതോലിക്കേറ്റിന്‍റേയും അടിസ്ഥാനത്തില്‍ ഇരുകക്ഷികളും ഒന്നിച്ച് വീണ്ടും ഒരു സഭയാകണമെന്നുമാണ് നമ്മുടെ രാജ്യത്തെ പരമോന്നത നീതിന്യായകോടതി നമ്മെ ഉപദേശിച്ചത്. മലങ്കരസഭയെക്കുറിച്ചുള്ള ഈ മഹത്തായ ലക്ഷ്യം കൈവരിച്ച് മലങ്കരസഭയുടെ മക്കളെ വ്യവഹാരങ്ങളില്‍ നിന്നും കലഹങ്ങളില്‍ നിന്നും മോചിപ്പിക്കുവാന്‍ നാം ആത്മാര്‍ത്ഥമായി ശ്രമിച്ചുവെന്ന് ദൈവസന്നിധിയില്‍ ഉത്തമ മനഃസാക്ഷിയോടെ നാം പറയുന്നു.

ബഹു. സുപ്രീംകോടതി ഉത്തരവനുസരിച്ച് വിളിച്ചു കൂട്ടപ്പെട്ടിരിക്കുന്ന ഈ മലങ്കര അസോസിയേഷന്‍ യോഗത്തോടു കൂടി മലങ്കരസഭയില്‍ കക്ഷികള്‍ ഇല്ലാതാകുകയാണ്. പൂര്‍ണ്ണമായ അനുരഞ്ജനത്തിലേക്കുള്ള നിര്‍ണ്ണായകവും നിയമവിധേയവുമായ പടിയാണ് ഇന്ന് ഈ മഹാസമ്മേളനത്തില്‍ നാം ചവിട്ടികയറുന്നത്. ഇനിയും നാം നിശ്ചലമായി നില്ക്കുകയില്ല. ഇനിയും നാം കലഹത്തിന്‍റെയും വിദ്വേഷത്തിന്‍റെയും ഇരുണ്ട വഴിയില്‍ ഇടറിപ്പോകുകയില്ല. നമ്മെയെല്ലാം സത്യത്തിന്‍റെ പൂര്‍ണ്ണതയിലേക്ക് വഴി നടത്തുന്ന പരിശുദ്ധാത്മാവില്‍ ആശ്രയിച്ചുകൊണ്ട് പ്രകാശപൂര്‍ണ്ണമായ ഭാവിയിലേക്ക് നാം ഒരുമിച്ച് നടന്ന് കയറും. സമാധാനം നിരന്തരമായ ഒരു പ്രയാണവും തുടര്‍ച്ചയായ ഒരു പ്രക്രിയയുമാണ്. മഹത്തായ ഈ പ്രയാണത്തില്‍ മലങ്കരസഭയുടെ വാതായനങ്ങള്‍ നാം തുറന്നിടും. ആരെയും തള്ളിക്കളയുവാനോ അവഗണിക്കുവാനോ നാം ഒരുമ്പെടുകയുമില്ല. മലങ്കരസഭയുടെ എല്ലാ വാത്സല്യമക്കളെയും ഉള്‍ക്കൊണ്ടുകൊണ്ട് നമ്മുടെ രാജ്യത്ത് സ്നേഹത്തിന്‍റേയും സേവനത്തിന്‍റെയും വെളിച്ചം വിതറുന്ന ശ്രേഷ്ഠമായ ഒരു ആത്മീയ തീര്‍ത്ഥാടനത്തിന് നാം ഇവിടെ ആരംഭം കുറിക്കുകയാണ്. ഈ കാര്യത്തില്‍ നിങ്ങള്‍ ഏവരുടെയും പ്രാര്‍ത്ഥനയും സഹകരണവും നമുക്കുണ്ടാകുമെന്ന് നാം വിശ്വസിക്കുന്നു.
ദൈവം പരിശുദ്ധ സഭയെയും നമ്മെ ഓരോരുത്തരെയും ധാരാളമായി അനുഗ്രഹിക്കട്ടെ.