കട്ടച്ചിറ പള്ളിക്കുമുന്നിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം

കായംകുളം∙ കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നു സംഘർഷാവസ്ഥ ഉടലെടുത്തെങ്കിലും സമാധാനമായി പിരിഞ്ഞു. ഉച്ചകഴിഞ്ഞ് കറ്റാനത്ത് സമാധാന ചർച്ച നടത്താമെന്ന ഉറപ്പിലാണ് ഇരുവിഭാഗവും പിരിഞ്ഞത്. സംഘർഷ സാധ്യത തെളിഞ്ഞതോടെ പള്ളി പരിസരത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചു. കെപി റോഡിൽ ഗതാഗതം തടഞ്ഞു. സ്ഥലത്തു വൻ പൊലീസ് സന്നാഹമാണുള്ളത്.

പള്ളിയുടെ അവകാശം സംബന്ധിച്ചു സുപ്രീം കോടതി ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി വിധി പറഞ്ഞിരുന്നു. ഇന്നു കുർബാന നടത്താനെത്തിയ ഓർത്തഡോക്സ് വൈദികനെയും വിശ്വാസികളെയും പൊലീസ് പള്ളിയിൽ പ്രവേശിപ്പിച്ചില്ലെന്നാണ് ആരോപണം. യാക്കോബായ വിഭാഗം പള്ളിയിൽ കുർബാന നടത്തി.

യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്ന പള്ളിയിലെ എട്ടുനോമ്പാചരണം തടസ്സപ്പെടുത്തരുതെന്നു ജില്ലാ ഭരണകൂടം അഭ്യർഥിച്ചിരുന്നെന്നും അതനുസരിച്ചാണ് പ്രശ്നം സൃഷ്ടിക്കാതിരുന്നതെന്നും ഓർത്തഡോക്സ് വിഭാഗം പറയുന്നു. എന്നാൽ, എട്ടുനോമ്പാചരണം കഴിഞ്ഞിട്ടും കുർബാന നടത്താൻ അനുവദിച്ചില്ല. പകരം യാക്കോബായ വിഭാഗത്തിനു കുർബാനയ്ക്കു സംരക്ഷണം നൽകുകയാണു പൊലീസ് എന്നും അവർ ആരോപിച്ചു.

Source