പശ്ചിമഭാരതത്തിന്റെ അപ്പോസ്തലന്‍ / ഡി. ബാബു പോള്‍ ഐ.എ.എസ്)


സ്വകുടുംബത്തിലെ ശ്രേഷ്ഠമായ വൈദികപാരമ്പര്യത്തിന്റെ അവകാശിയായി തറവാട്ടിലെ 42ാമത്തെ ആചാര്യനും അഞ്ചാമത്തെ മഹാപുരോഹിതനും ആയിരുന്നു ഇന്നലെ അന്തരിച്ച തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പൊലീത്താ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായിരുന്ന നാല് മെത്രാന്മാരില്‍ ഒരാള്‍ മാര്‍ത്തോമ്മാസഭയുടെ അദ്ധ്യക്ഷനായിരുന്ന എബ്രഹാം മാര്‍ത്തോമ്മയും മറ്റൊരാള്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഒന്നിലധികം ബിരുദാനന്തര ബിരുദങ്ങള്‍ നേടിയ പ്രശസ്തനായ ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസും ആയിരുന്നു. അദ്ദേഹത്തിന്റെ സഹോദരപുത്രനായിരുന്ന അത്താനാസിയോസ് തിരുമേനിയും സഭാകാര്യങ്ങളില്‍ പിതൃവ്യന്റെ നിലപാട് തന്നെയാണ് പിന്‍പറ്റിയത്. ഭാരതത്തിലെ സഭയുടെ പാരമ്പര്യം ആദരിക്കുകയും ഭരണകാര്യങ്ങളിലെ സ്വാതന്ത്ര്യം അനുപേക്ഷണീയമായി കരുതുകയും അതേസമയം സാര്‍വ്വത്രിക സഭയുമായി മലങ്കരസഭയെ ബന്ധിപ്പിക്കുന്നത് ആകമാന സുറിയാനിസഭയുടെ അദ്ധ്യക്ഷനായ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിലൂടെയാവണം എന്ന് വിശ്വസിക്കുകയും ചെയ്ത ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ നിലപാട് ആയിരുന്നു അത്.

ആ മനസും ആ വീക്ഷണവും തന്നെയാണ് അരനൂറ്റാണ്ടിന് ശേഷം അനന്തരവനായ അത്താനാസിയോസും കൊണ്ടുനടന്നത്. ഒരു സഭ, ഒരു പാത്രിയര്‍ക്കീസ്, ഒരു കാതോലിക്കാ, ഒരു ഭരണഘടന എന്നതായിരുന്നു സഭാഘടനയെ സംബന്ധിച്ച് തിരുമേനിയുടെ വീക്ഷണം രൂപപ്പെടുത്തിയ ആശയചതുഷ്ടയം.

വേദശാസ്ത്രപരമായി പ്‌ളൂറലിസത്തോട് വളരെ അടുത്തുപോകുന്നതായിരുന്നു തിരുമേനിയുടെ വീക്ഷണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പ്രോട്ടസ്റ്റന്റുകാരുടെയും കത്തോലിക്കരുടെയും എന്‍.എസ്.എസിന്റെയും കോളേജുകളിലും ബറോഡയിലെ എം.എസ് യൂണിവേഴ്‌സിറ്റിയിലും പഠിച്ചാണ് അദ്ദേഹം ബിരുദബിരുദാനന്തര ബിരുദങ്ങള്‍ നേടിയത്. ആ ശിക്ഷണം ആയിരിക്കാം ഈ വീക്ഷണത്തില്‍ അദ്ദേഹത്തെ കൊണ്ടെത്തിച്ചത്. മതബഹുലമായ ഭാരതത്തിന്റെ ബഹുസ്വരതയെ അദ്ദേഹം സ്‌നേഹിച്ചിരുന്നു. അതാണ് അദ്ദേഹത്തെ പ്രധാനമന്ത്രി മോദിയുടെ സുഹൃദ്&്വംിഷ;വലയത്തില്‍ എത്തിച്ചത് എന്ന് പറഞ്ഞുകൂടെങ്കിലും ആ വലയത്തില്‍ നിന്ന് അന്യനാകാതിരിക്കാന്‍ അത് സഹായിച്ചു.

പശ്ചിമഭാരതത്തിന്റെ അപ്പോസ്തലന്‍ എന്നാണ് തോമസ് മാര്‍ അത്താനാസിയോസ് വിശേഷിപ്പിക്കപ്പെടേണ്ടത്. മഹാരാഷ്ട്ര,രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ അനേകം ഇടങ്ങളില്‍ ആരാധനാസൗകര്യം ഇല്ലാതിരുന്ന സ്വസമുദായാംഗങ്ങള്‍ക്ക് അദ്ദേഹം നല്ല ഇടയനായി.

മെത്രാനായി നാട്ടിലേക്ക് മടങ്ങുവോളം ഗുജറാത്തിലായിരുന്നു തിരുമേനിയുടെ പ്രവര്‍ത്തനം. ബറോഡയിലെ ബേസില്‍ സ്കൂള്‍ അദ്ദേഹം തുടങ്ങിയതാണ്. ഗുജറാത്ത് റിഫൈനറിയുടെ ഇംഗ്‌ളീഷ് സ്കൂള്‍ അദ്ദേഹത്തിന്റെ സിദ്ധികള്‍ തിരിച്ചറിഞ്ഞ അധികാരികള്‍ അദ്ദേഹത്തെ ഏല്പിച്ചതാണ്. ആറ് പുതിയ വിദ്യാലയങ്ങളും അദ്ദേഹം അവിടെ സ്ഥാപിച്ചു. മതനിരപേക്ഷമായ അന്തരീക്ഷത്തില്‍ വിദ്യ നേടാന്‍ ഗുജറാത്തിലെ കുട്ടികളെ സഹായിച്ച ഈ മതാധ്യക്ഷന്‍ നരേന്ദ്രമോദിയുടെ സുഹൃത്തായി മാറിയതില്‍ അത്&്വംിഷ;ഭുതം വേണ്ട.

മെത്രാനായി ചെങ്ങനൂരില്‍ എത്തിയപ്പോഴും തിരുമേനിയില്‍ സക്രിയമായി ശോഭിച്ചത് ഈ അദ്ധ്യാപകഭാവം ആയിരുന്നു. സ്‌നാപകയോഹന്നാന്റെ ജന്മദിനം സഭയുടെ ശിശുദിനം ആയി വേര്‍തിരിച്ചത് അദ്ദേഹം സ്വന്തം ഭദ്രാസനത്തില്‍ തുടങ്ങിയ പരിപാടിയുടെ തുടര്‍ച്ചയാണ്. ഒരു റിസേര്‍ച്ച് സെന്ററും സെക്യൂലര്‍ വിദ്യാഭ്യാസത്തില്‍ ശോഭിക്കാന്‍ ചെറുപ്പക്കാരെ സഹായിക്കുന്ന വിദ്യാജ്യോതിയും ഈ ഗുരുശ്രേഷ്ഠന്റെ സ്മാരകങ്ങളായി എന്നും തുടരും. ചെങ്ങനൂരിലൊരു സിവില്‍ സര്‍വീസ് അക്കാദമി എന്ന ആശയവും അദ്ദേഹത്തിന്റേത് തന്നെ. ഇടവകകളില്‍ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കുന്നതിനെക്കുറിച്ച് ആദ്യം ചിന്തിച്ച മെത്രാന്‍ അദ്ദേഹം ആയിരുന്നു. ആരാധനയില്‍ സഹായിക്കുന്ന പരികര്‍മ്മികളായ ശുശ്രൂഷകരെകപ്യാര്‍അവരുടെ സേവനത്തില്‍ പ്രാവീണ്യം ഉള്ളവരാക്കി മാറ്റുവാനും ഈ അധ്യാപകമനസ് വഴി കണ്ടെത്തി.

ഭാരതത്തിലെ െ്രെകസ്തവ ദൗത്യം മതപരിവര്‍ത്തനമല്ല എന്ന് തിരിച്ചറിഞ്ഞ ഗുരു ആയിരുന്നു തോമസ് മാര്‍ അത്താനാസിയോസ്. മതപരിവര്‍ത്തനത്തെക്കാള്‍ പ്രധാനം മനഃപരിവര്‍ത്തനമാണ് എന്ന് അദ്ദേഹം വിശ്വസിച്ചു. മാനവസേവ മാധവസേവ എന്ന തത്വം മനുഷ്യനെ സ്‌നേഹിക്കുന്നവന്‍ ഈശ്വരനെ സ്‌നേഹിക്കുന്നു എന്ന പ്രമാണംഅദ്ദേഹം സ്വജീവിതത്തില്‍ പ്രയോഗിച്ച് കാണിച്ചു.

(കടപ്പാട്: കേരള കൗമുദി)