തീവണ്ടിയിൽ ലഗേജ് മാത്രം; അന്വേഷണത്തിനൊടുവിൽ ട്രാക്കിൽ

കൊച്ചി: ഗുജറാത്തിലെ ബറോഡയിൽനിന്ന് 22-ന് രാത്രി 10.30-ഓടെയാണ് രാജധാനി എക്സ്പ്രസിൽ തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത കേരളത്തിലേക്ക് പുറപ്പെട്ടത്. ഏഴാം തീയതിയായിരുന്നു അദ്ദേഹം ബറോ‍ഡയിലേക്ക് പോയത്.

വെള്ളിയാഴ്ച പുലർച്ചേ 3.10-ന് മെത്രാപ്പോലീത്ത എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തുമെന്നാണ് അറിയിച്ചിരുന്നതെന്ന് സഹായിയായ ഡീക്കൻ സോളമൻ ബാബു പറഞ്ഞു. ഇതനുസരിച്ച് സോളമനും പ്രീ സെമിനാരി വിദ്യാർഥിയായ ജിതിൻ ജോസും 2.30-ന് സൗത്തിലെത്തി. രാജധാനി എക്സ്പ്രസ്‌ എത്തിയപ്പോൾ 4.15 ആയി.

വാതിലിനടുത്തായി ലഗേജെല്ലാം ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തെ കാണാതായതിനെത്തുടർന്ന് എല്ലായിടത്തും അന്വേഷിച്ചു. റെയിൽവേ പോലീസിനെയും വിവരമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുല്ലേപ്പടി മേൽപ്പാലത്തിന് താഴെ റെയിൽവേ ട്രാക്കിൽ വീണ നിലയിൽ കണ്ടെത്തിയതെന്ന് സോളമൻ ബാബുവും ജിതിൻ ജോസും പറഞ്ഞു. പോലീസിനൊപ്പം പോയി മെത്രാപ്പോലീത്തയെ തിരിച്ചറിഞ്ഞത് ഇവർ രണ്ടുപേരുമാണ്. സാധാരണഗതിയിൽ ഒറ്റയ്ക്കാണ് മെത്രാപ്പോലീത്തയുടെ യാത്രകളെന്നും സോളമൻ പറഞ്ഞു.

ട്രാക്കിൽ വീണ നിലയിൽ മെത്രാപ്പോലീത്തയെ കണ്ടെത്തിയത് പുലർച്ചേ 4.40-ഓടെയാണെന്ന് റെയിൽവേ പോലീസ് പറഞ്ഞു. കാണാനില്ലെന്ന് അദ്ദേഹത്തിന്റെ സഹായികൾ പരാതിപ്പെട്ടതിനെത്തുടർന്ന് ട്രാക്കിൽ തിരച്ചിൽ നടത്തുകയായിരുന്നു. തീവണ്ടിയിൽനിന്ന് വെളുപ്പിന് നാലുമണിയോടെ താഴേക്ക് വീണതായിട്ടാണ് കരുതുന്നതെന്ന് എറണാകുളം നോർത്ത് പോലീസ് പറഞ്ഞു. ഈ സമയത്താണ് രാജധാനി എക്സ്പ്രസ് പുല്ലേപ്പടി ഭാഗം കടന്നുപോയത്. വിവരം ലഭിച്ചതനുസരിച്ച് ആറുമണിയോടെയാണ് നോർത്ത് പോലീസ് സംഭവസ്ഥലത്തെത്തിയത്.

Source