കോട്ടയം: ഇഷ്ടപ്പെട്ടില്ലെങ്കിലും ആർക്കും അവഗണിക്കാനാകുമായിരുന്നില്ല ആ ഉറച്ച സ്വരം. എന്നും നേരിനൊപ്പം നിലപാടെടുക്കുകയും സഭയിലും സമൂഹത്തിലും തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുകയും ചെയ്തിരുന്ന മലങ്കര ഒാർത്തഡോക്സ് സഭയിലെ വേറിട്ട ആ ശബ്ദം നിലച്ചു. കാതോലിക്കാ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടിരുന്ന മുതിർന്ന മെത്രാപ്പോലീത്തയായിരുന്ന മാർ അത്താനാസിയോസ് പലപ്പോഴും തന്റെ നിലപാടുകൾ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അതിന് ആരുടെയും മുഖം നോക്കിയിരുന്നില്ല. അദ്ദേഹത്തിന്റെ ധീരമായ നിലപാടുകളിലൂടെ സഭാ നേതൃത്വത്തിനും പലപ്പോഴും സഞ്ചരിക്കേണ്ടതായിവന്നു. മലങ്കര ഒാർത്തഡോക്സ് – യാക്കോബായ സഭാ തർക്കത്തിൽ സമാധാന ശ്രമങ്ങൾക്ക് ഏറെ പ്രയത്നിച്ച മാർ അത്താനാസിയോസ്, പാത്രിയാർക്കീസ് ബാവായുമായി ചർച്ച ചെയ്ത് പ്രശ്നപരിഹാരം കാണണമെന്ന അഭിപ്രായക്കാരനായിരുന്നു. ഇത് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പാത്രിയാർക്കീസ് ബാവായുടെ സമാധാന ശ്രമങ്ങൾക്കായുള്ള ക്ഷണം സ്വീകരിച്ച് ചർച്ചകൾക്ക് തയ്യാറാകണമെന്ന് അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടു. സഭാ തർക്കത്തിൽ സമാധാനം സാധ്യമാകുന്നതിനായി നോമ്പ് ആരംഭിച്ചിരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ദാരുണ അന്ത്യം. മാർ അത്താനാസിയോസിന്റെ ശക്തമായ നിലപാടുകൾ സഭാ സുന്നഹദോസിലും പ്രകടിപ്പിച്ചിരുന്നു. സുന്നഹദോസ് യോഗങ്ങളിലെ അവഗണിക്കാനാവാത്ത ഉറച്ച സ്വരമായിരുന്നു മാർ അത്താനാസിയോസിന്റേത്. നേരത്തെ സുന്നഹദേസ് സെക്രട്ടറിയായിരിക്കെ സഭാ നടപടിക്രമങ്ങളിൽ നിരവധി പരിഷ്കാരങ്ങൾ വരുത്തി. മറ്റ് സഭകളുമായും വ്യക്തിപരമായും ബന്ധങ്ങൾ പുലർത്തുന്നതിൽ ഏറെ തത്‌പരനായിരുന്നു. സഭാ തർക്കവുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. ഭരണകാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരേ വിമർശനമുയർന്നപ്പോൾ ഉമ്മൻ ചാണ്ടിക്കൊപ്പംനിന്ന് തന്റെ നിലപാട് പരസ്യമാക്കി. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പുവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യമെങ്കിൽ തന്നെവന്ന് കാണട്ടെയെന്ന നിലപാട് സ്വീകരിച്ചത് ഏറെ ചർച്ചചെയ്യപ്പെട്ടു. ഒാർത്തഡോക്സ് സഭയിലെ ലൈംഗിക ആരോപണക്കേസിൽ വൈദികർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന നിലപാടായിരുന്നു മെത്രാപ്പോലീത്തായ്ക്ക്. അദ്ദേഹം സുന്നഹദോസിൽ നടപടി ആവശ്യപ്പെടുകയും ചെയ്തു. സഭാകാര്യങ്ങളിലും വിദ്യാഭ്യാസ കാര്യങ്ങളിലും അദ്ദേഹത്തിന് വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. ഒാർത്തഡോക്സ് സഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു കുടക്കീഴിലാക്കി എം.ഡി. കോർപ്പറേറ്റ് മാനേജ്മെന്റിന് രൂപം നൽകുന്നതിൽ പ്രധാനപങ്ക് വഹിച്ചു. ഏറെക്കാലം കോർപ്പറേറ്റ് മാനേജരുമായിരുന്നു. ഗുജറാത്തിൽ നിരവധി സ്കൂളുകൾ ആരംഭിച്ച മാർ അത്താനാസിയോസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്പോൾ മുതൽ നല്ല അടുപ്പം പുലർത്തിയിരുന്നു. ഗുജറാത്ത് മോഡൽ വിദ്യാഭ്യാസം ഒാർത്തഡോക്സ് സഭയിൽ നടപ്പാക്കണമെന്ന അഭിപ്രായക്കാരനായിരുന്നു മാർ അത്താനാസിയോസ്.