ഓര്‍ത്തഡോക്സ് സഭ 30 കോടി രൂപ സംഭരിക്കും

കേരളത്തിലുണ്ടായ പ്രളയക്കെടുതിയെ നേരിടുന്നതിനായുളള ഭാവിപദ്ധതികള്‍ക്കായി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ സഭാംഗങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും 30 കോടി രൂപ സമാഹരിക്കും. സഭയുടെ ആഭിമുഖ്യത്തിലും ആദ്ധ്യാത്മീക സംഘടനാപ്രവര്‍ത്തകരുടെ നേതൃത്വത്തിലും നടക്കുന്ന പ്രളയാരക്ഷാ-ദുരിതാശ്വാസ പുനരധിവാസപ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേര്‍ന്ന സഭാ മാനേജിംഗ് കമ്മിറ്റിയുടെ അടിയന്തിര യോഗതീരുമാനപ്രകാരമാണിത്.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആരംഭിച്ചത് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസിയോസിന്‍റെ ദേഹവിയോഗത്തില്‍ അനുശോചിച്ചുകൊണ്ടാണ്. മെത്രാപ്പോലീത്തായുടെ കബറടക്ക ശുശ്രൂഷയുടെ ക്രമീകരണങ്ങളെക്കുറിച്ച് വൈദീകട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോണ്‍ യോഗത്തെ അറിയിച്ചു. ഇതുവരെ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പരിശുദ്ധ കാതോലിക്കാ ബാവാ സംതൃപ്തി രേഖപ്പെടുത്തി. പുനര്‍ നിര്‍മ്മാണഘട്ടത്തിലും ഏവരുടെയും സഹകരണം ഉണ്ടാകണമെന്ന് പരിശുദ്ധ ബാവാ ആഹ്വാനം ചെയ്തു.

സഭയിലെ 30 ഭദ്രാസനങ്ങളുടെ സഹകരണത്തോടെ 30 കോടി സംഭരിച്ച് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിന് തീരുമാനിച്ചത് മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ ആവര്‍ത്തിച്ചുളള അഭ്യര്‍ത്ഥന മാനിച്ചാണ്. 22-ാം തീയതി ചേര്‍ന്ന സഭാ ആലോചന സമിതിയുടെ റിപ്പോര്‍ട്ടും, ശുപാര്‍ശകളും സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അവതരിപ്പിച്ചു. ക്രൈസിസ് മാനേജ്മെന്‍റ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഫാ. എബിന്‍ ഏബ്രഹാം ഇതുവരെ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപിത റിപ്പോര്‍ട്ട് നല്‍കി. അര്‍ഹരായവരെ കണ്ടെത്തുന്നതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥിതി വിവര കണക്കുകള്‍ ശേഖരിക്കാന്‍ തീരുമാനിച്ചു. പ്രളയം, വൈദ്യുതിതടസം, ഡീസല്‍ ക്ഷാമം, സ്റ്റാഫിന്‍റെ കുറവ് തുടങ്ങിയ പ്രതികൂല സാഹചര്യത്തിലും ആശുപത്രിയെ ആശ്രയിച്ചവര്‍ക്കും, പരുമല ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്ന ആയിരകണക്കിന് ആളുകള്‍ക്കും മുങ്ങാതെ ചികിത്സയും പരിചരണവും നല്‍കാന്‍ കഴിഞ്ഞെന്ന് ഫാ. എം. സി പൗലോസ് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.