ശക്തമായ സത്വര തീരുമാനം അനിവാര്യം / കെ. വി. മാമ്മന്‍ കോട്ടയ്ക്കല്‍


മാര്‍ത്തോമ്മാശ്ലീഹാ മലങ്കരയില്‍ സ്ഥാപിച്ച സഭ രണ്ടായിരം വര്‍ഷത്തിനിടയില്‍ ഒട്ടധികം പ്രശ്നങ്ങളും പ്രതിസന്ധികളും വിജയകരമായി നേരിട്ടശേഷം, പിതാക്കന്മാര്‍ ഒരിക്കലായി ഭരമേല്പിച്ച സത്യവിശ്വാസവും ആത്മചൈതന്യവും ജന്മസിദ്ധമായ സ്വാതന്ത്ര്യവും ഇന്നും അന്യൂനം പാലിച്ചുകൊണ്ടിരിക്കുന്നു എന്നത് അഭിമാനകരമായ ഒരു വസ്തുതയാണ്. കഴിഞ്ഞ പല നൂറ്റാണ്ടുകളിലെ സംഭവവികാസങ്ങള്‍ക്ക് ഒന്നും ഇന്നു വലിയ പ്രസക്തിയില്ല. അതൊന്നും ചികഞ്ഞെടുത്തു പുനരവലോകനം ചെയ്യുന്നതു തൂകിപ്പോയ പാല്‍ വീണ്ടും ശേഖരിക്കാന്‍ ശ്രമിക്കുന്നതിനു തുല്യമാണ്. എന്നാല്‍ അവയൊക്കെ ഒരു ചെറിയ തോതിലെങ്കിലും സഭയുടെ കാതലായ – സനാതനമായ – വളര്‍ച്ചയേയും ദൗത്യനിര്‍വഹണത്തെയും ബാധിച്ചിട്ടില്ലെന്ന് പറയാനും സാധ്യമല്ല. അതേസമയം സഭയുടെ കളങ്കമറ്റ വിശ്വാസാചാരങ്ങളുടെയും ആത്മികവും മൂല്യാധിഷ്ഠിതവുമായ നിലപാടുകളുടെയും കോട്ടകളില്‍ കാര്യമായ വിള്ളലുകള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് അനിഷേധ്യമായ വസ്തുത. വെള്ളക്കാരുടെ വെള്ളിക്കാശുകൊണ്ടു പൂശിയ നവീകരണ വിശ്വാസങ്ങള്‍ക്കോ റോമന്‍ കത്തോലിക്കരുടെ തങ്കക്കാശുകളില്‍ പൊതിഞ്ഞ പാഷണ്ഡോപദേശങ്ങള്‍ക്കോ കൂണുപോലെ മുളച്ചുവന്ന നവംനവങ്ങളായ കൂട്ടായ്മകളുടെ എടുത്തുചാട്ടങ്ങള്‍ക്കോ ഇളകാത്ത ക്രിസ്തുവിശ്വാസത്തിന്‍റെ അടിയുറച്ച നിലകളില്‍ ആരംഭം കുറിച്ച സഭയെ തെല്ലെങ്കിലും ഉലയ്ക്കാന്‍ സാധിച്ചില്ല എന്ന സത്യം പലരും പലപ്പോഴും വിസ്മരിക്കുകയാണ്.

അതേസമയം ഒരു നല്ല ഭവനത്തെയോ, സമൂഹത്തെയോ, ഇടവകയെയോ, സഭയെയോ, സംഘടനയേയോ തകര്‍ക്കണമെങ്കില്‍ ചിലര്‍ ബോധപൂര്‍വ്വമായി ആഭ്യന്തര ഭിന്നതകള്‍ സൃഷ്ടിച്ചാല്‍ മതി എന്നാണു ലോകരാഷ്ട്ര ങ്ങളുടെയും പല സഭകളുടെയും ചരിത്രം സാക്ഷിക്കുന്നത്. ഇത് ഏതെങ്കിലും തത്വങ്ങളെയോ സദുദ്ദേശ്യങ്ങളേയോ മുന്‍നിറുത്തി നടത്തുന്നതുമായിരിക്കുകയില്ല. സമൂഹത്തില്‍ മിന്നാനും ചില സ്ഥാപിത താല്പര്യങ്ങള്‍ വളഞ്ഞ വഴികളിലൂടെ നേടാനുംവേണ്ടി നടത്തുന്ന ഇത്തരം വേലകള്‍ അവ ചെയ്യുന്നവരെയും അവര്‍ ഉള്‍പ്പെട്ടു നില്‍ക്കുന്ന സമൂഹത്തെയും നശിപ്പിക്കുന്നു എന്നതും നമുക്ക് അനുഭവവേദ്യമാണ്.

ഈ പശ്ചാത്തലത്തില്‍ ഒരു നൂറ്റാണ്ടു മുമ്പ് ശാന്തമായി നിലകൊണ്ട മലങ്കരസഭാവാപിയില്‍ വിരുദ്ധത്തിന്‍റെ കല്ലുകള്‍ എറിഞ്ഞു കലഹകല്ലോലങ്ങള്‍ സൃഷ്ടിച്ചവരും കല്ലോലങ്ങളും എല്ലാം ആവിയായിപ്പോയ ചരിത്രവും നമ്മുടെ മുമ്പിലുണ്ട്. മലങ്കരസഭയുടെ കേന്ദ്രമായിരുന്ന പഴയസെമിനാരിയുടെ നിയന്ത്രണം ലഭിക്കുന്നതിനുവേണ്ടി കുബുദ്ധികളായ വൈദിക-അവൈദിക ട്രസ്റ്റികള്‍ ഒരു വശത്തും സിദ്ധനും സഭാധ്യക്ഷനുമായ മെത്രാന്‍ട്രസ്റ്റി മറുവശത്തും നിലകൊണ്ടു നടത്തിയ ചെറിയ വടംവലിയാണു സഭയുടെ ആത്മിക വളര്‍ച്ചയേയും ദൗത്യനിര്‍വഹണ ചുമതലകളേയും സാമ്പത്തികനിലയേയും വലിയ ഒരളവില്‍ തകര്‍ത്തതെന്നു ചരിത്രം പഠിക്കുന്നവര്‍ക്കു മനസ്സിലാക്കാവുന്നതേയുള്ളു. ലോകത്തില്‍ ദൈവരാജ്യം സ്ഥാപിക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ട സഭയില്‍ സാത്താന്യശക്തികള്‍ പിടിമുറുക്കിയപ്പോള്‍ കേസുകളും തല്ലും കൊലയും എല്ലാം ഉണ്ടായി. സഭയില്‍ പ്രതാപപ്രകടനം നടത്താന്‍ ശ്രമിച്ച അനര്‍ഹരായ മാടമ്പികളും മല്പാന്മാരും സഭയുമായി യാതൊരു ബന്ധവുമില്ലാത്ത വൈദേശിക മഹാപുരോഹിതന്മാരും ഏതാനും വര്‍ഷങ്ങള്‍ അരങ്ങു തകര്‍ത്ത ശേഷം മിന്നാമിനുങ്ങുകള്‍ പോലെ അന്ധകാരത്തില്‍ ആരും അനുസ്മരിക്കാതെ മറഞ്ഞു.

ഇവിടെ ഒരു കാര്യം എല്ലാവരും ഓര്‍ക്കേണ്ടതുണ്ട്. മലങ്കരസഭയില്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ ഒന്നാം ദശകത്തില്‍ നിസ്സാരകാര്യങ്ങളുടെ പേരില്‍ സൃഷ്ടിക്കപ്പെട്ട ഭിന്നതകള്‍ ഇടക്കാലത്തു പടക്കംപോലെ തീയും പുകയും ഒച്ചയും ഉണ്ടാക്കി എങ്കിലും സഭയേയോ സഭാദ്ധ്യക്ഷനേയോ സംഹരിക്കാന്‍ സാധിച്ചില്ല എന്നത് നിന്നു സഭയ്ക്കു ഒരു നിത്യനാഥനുണ്ടെന്നുള്ളതിന്‍റെ ഒളിമങ്ങാത്ത തെളിവാണ്. ഭിന്നത ആരംഭിച്ചപ്പോള്‍ തന്നെ കത്തിച്ച തീ കെടുത്താന്‍ ശ്രമവും തുടങ്ങി. ശ്രമങ്ങള്‍ ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളും ദശകങ്ങളും കടന്ന് ഒടുവില്‍ നൂറ്റാണ്ടിനും വഴിമാറിക്കൊടുത്തു. മലങ്കരസഭയെ ശ്രദ്ധിക്കാനും ഇവിടത്തെ അധികാരവും ധനവും മാനവും ഭരണവും മറ്റും അപഹരിക്കാനും നടത്തിയ ഗൂഢാലോചനകളും കേസുകളും എല്ലാം സഭാനാഥന്‍ കെടുത്തി. മലങ്കരസഭയുടെ ജന്മസിദ്ധമായ ആദ്ധ്യാത്മിക-ഭൗതിക സ്വാതന്ത്ര്യങ്ങള്‍ കാതോലി ക്കേറ്റിലൂടെ കുറ്റമറ്റ രീതിയില്‍ വീണ്ടെടുക്കുകയും ചെയ്തപ്പോള്‍ മലങ്കരസഭ ആഗോള ക്രൈസ്തവ രംഗങ്ങളില്‍ തകര്‍ക്കാനാവാത്ത വിധത്തിലുള്ള ശക്തിദുര്‍ഗ്ഗമായി മാറി എന്നതാണു സത്യം. ഭിന്നതകള്‍ തുടര്‍ന്നു വന്ന കാലത്തും ഇരുകക്ഷികളിലേയും സമുന്നത വൈദിക-അവൈദിക നേതാക്കള്‍ ആരുംതന്നെ ചില കഴമ്പില്ലാത്ത ചിന്താഗതികളുടെ പേരില്‍ ഒന്നായ മലങ്കരസഭയെ ഒരിക്കലും വിഭജിച്ചു പ്രശ്നപരിഹാരം ഉണ്ടാക്കാന്‍ ശ്രമിച്ചില്ലെന്നുള്ള കാര്യം ദൈവനിശ്ചയം മാത്രമാണെന്ന് എല്ലാവര്‍ക്കും വ്യക്തമായിരുന്നു. ഈ തീരുമാനത്തിനു പരമപ്രാധാന്യം നല്‍കിയതുകൊണ്ടാണു 1958 സെപ്തംബര്‍ 12-നു സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചു പ്രഖ്യാപിച്ച വിധി അനുസരിച്ച് 1958 ഡിസംബര്‍ 16-നു പരിപാവനമായ പഴയസെമിനാരിയില്‍ വച്ചുണ്ടായ പരസ്പര സ്വീകരണത്തെ തുടര്‍ന്ന് സഭാംഗങ്ങളെ കോരിത്തരിപ്പിച്ചുകൊണ്ടു നടന്ന സഭാസമാധാന പുനസ്ഥാപനം. ആ ദിവ്യമായ ചടങ്ങു കാണാന്‍ സാധിച്ച എന്നെപ്പോലെയുള്ള എത്രയോ സഭാംഗങ്ങള്‍ ഇന്നും ജീവിച്ചിരിക്കുന്നു. ആ സത്യദര്‍ശനം ഇന്നും മിഥ്യയാണെന്നു പറയുന്നവരും ഉണ്ടാവും. മനുഷ്യനു ദൈവം കൊടുത്ത സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന സന്താനങ്ങളാണ് തെറ്റായ ദര്‍ശന-വ്യാഖ്യാന കഴിവുകള്‍ എന്നു വിചാരിച്ചാല്‍ മതി.

സുദീര്‍ഘമായ കേസുകളുടെ ചരിത്രവും വിധികളുടെ വിശദവിവരങ്ങളും പുസ്തകങ്ങളായി വന്നിട്ടുള്ളതിനാല്‍ വിശദീകരണങ്ങള്‍ക്കൊന്നും ഇന്നു സ്ഥാനമില്ല. അന്നുവരെ ഭിന്നതകള്‍ക്കു കാരണമായി പറഞ്ഞുകൊണ്ടിരുന്ന കാതോലിക്കാ സിംഹാസനത്തെയും സഭാദ്ധ്യക്ഷനെയും അദ്ദേഹത്തിന്‍റെ പട്ടത്വത്തെയും 1934-ലെ സഭാഭരണഘടനയെയും ചോദ്യം ചെയ്യാതെ പാത്രിയര്‍ക്കീസ് ബാവായും മെത്രാപ്പോലീത്താമാരും നിരുപാധികം സ്വീകരിച്ചതിനാല്‍ ഭിന്നതകള്‍ എല്ലാം ഊതിയാല്‍ പൊട്ടിപ്പോകുന്ന കുമിളകളായിരുന്നു എന്നു ലോകം കണ്ണു തുറന്നു കണ്ടു. പരസ്പര സ്വീകരണം, പരസ്പരാലിംഗന സന്ദര്‍ശനങ്ങള്‍ മുതലായവ ഭിന്നിച്ചു നിന്ന ഏകസഭയുടെ ഐക്യത്തിന്‍റെ വെന്നിക്കൊടിയായിരുന്നു. ഇവിടെ തോറ്റവരും ജയിച്ചവരും ഇല്ലാതായി. എല്ലാവരും വിജയിച്ചു എന്നതാണു സഭാസമാധാന സ്ഥാപനത്തിന്‍റെ കാതലായ വശം. ഏതാനും വര്‍ഷം ഭിന്നിച്ചു നിന്ന രണ്ടു സഭകളും സഭാദ്ധ്യക്ഷന്മാരും, മേലില്‍ രണ്ടല്ല ഒന്നുതന്നെ എന്ന് എല്ലാവരും മനസ്സിലാക്കി. ഭിന്നിച്ചു നിന്നവരില്‍ കാര്യവിവരമുള്ള വൈദികരും ബഹുഭൂരിപക്ഷം അംഗങ്ങളും കാതോലിക്കേറ്റിന്‍റെ കീഴില്‍ വന്നപ്പോള്‍ എവിടെയും സന്തോഷത്തിന്‍റെ പ്രഭാതസായാഹ്നങ്ങള്‍ ദൃശ്യമായി. കാരണം, ഭിന്നിച്ചു നിന്ന സഹോദരങ്ങളുടെ പുനസമാഗമം, ഒരേ കുടുംബത്തിനും സമൂഹത്തിനും ഉണ്ടായ ആത്മഹര്‍ഷം ലിപികളില്‍ ആവിഷ്കരിക്കാന്‍ സാധിക്കുന്നില്ല. ഭിന്നിപ്പില്‍ നിന്നു പെട്ടെന്നു ഒന്നിപ്പിലേക്കു വന്നതിന്‍റെ ദൈവശാസ്ത്രം എന്തെന്നു ആരാഞ്ഞ ചുരുക്കം ചില സംശയാലുക്കളെ സമാധാനം ഉണ്ടാക്കിയ പാത്രിയര്‍ക്കീസ് ബാവാ തന്നെ ബോധവാന്മാരാക്കി. അവരുടെ ന്യായമായ സംശയങ്ങള്‍ തീര്‍ക്കുന്നതിനു വേണ്ടിയും കൂടി ആണ് 1964 മെയ് 22-നു കോട്ടയം എം.ഡി. സെമിനാരി വളപ്പില്‍ വച്ച് പ. യാക്കോബ് തൃതീന്‍ ബാവാ, കണ്ടനാട് ഇടവകയുടെ മുന്‍ അധിപനും നിയുക്ത കാതോലിക്കായുമായ ഔഗേന്‍ മാര്‍ തീമോത്തിയോസിനെ മലങ്കരയിലുള്ള എല്ലാവര്‍ക്കും സ്വീകാര്യനായ നാലാമത്തെ കാതോലിക്കായായി വാഴിച്ചത്. സഭയിലെ സകല കലഹങ്ങളും തീര്‍ന്നു എന്നും മേലില്‍ വഴക്കുണ്ടാക്കുന്നവര്‍ ലോത്തിന്‍റെ ഭാര്യയെപ്പോലെ ഉപ്പുതൂണായിത്തീരുമെന്നും കാതോലിക്കാ വാഴ്ചയ്ക്കുശേഷം പാത്രിയര്‍ക്കീസ് ബാവാ ചെയ്ത “നിത്യാക്ഷര പ്രസംഗം” ഇന്നും എന്‍റെ കാതുകളില്‍ പീയൂഷവര്‍ഷം ചൊരിയുന്നു.

സഭയില്‍ രണ്ടു വിഭാഗങ്ങള്‍ ഇല്ലെന്നും രണ്ടു ചിന്താഗതിക്കാരും ഒരമ്മപെറ്റ മക്കളാണെന്നുമുള്ളതിന് ജനലക്ഷങ്ങള്‍ പങ്കെടുത്ത ഈ വാഴ്ചയില്‍ കൂടുതല്‍ എന്താണു തെളിവ് ആവശ്യമുള്ളത്. പരസ്പര സ്വീകരണം, കാതോലിക്കാ വാഴ്ച എന്നിവയ്ക്കു ശേഷം സഭയില്‍ അര്‍ത്ഥരഹിത കാരണങ്ങള്‍ പറഞ്ഞു ഒരു ഭിന്നഗ്രൂപ്പു രൂപവല്‍കരിച്ചു നാശം വിതച്ചത് ആരാണെങ്കിലും അവര്‍ ശാപഗ്രസ്തരായിത്തീര്‍ന്നു എന്നതാണു ചരിത്രം. അനര്‍ഹരായ ഏതാനും പേര്‍ക്കു ചുവന്ന അങ്കി ലഭിക്കുന്നതിനും അതിലൂടെ കേസു നടത്താന്‍ എന്നു പറഞ്ഞു ലക്ഷങ്ങള്‍ പിരിക്കാനും, പിരിച്ചതിന്‍റെ ഒരംശം മാത്രം അഭിഭാഷകര്‍ക്കു നല്‍കി ബാക്കി കീശയില്‍ ഇടാനും വേണ്ടി നടത്തിയ ഈ നാടകത്തിന്‍റെ തിരക്കഥകളും അണിയറ രംഗസംവിധാനവും ഇന്ന് അങ്ങാടിപ്പാട്ടാണ്.
തങ്ങളുടെ തന്ത്രങ്ങള്‍ ഫലിക്കുന്നതിനുവേണ്ടി പ്രത്യേക സഭ രൂപവല്‍കരിക്കാമെന്നും അസോസിയേഷനും പുതിയ ഭരണഘടനയും തല്ലിക്കൂട്ടാമെന്നും വേണ്ടത്ര കാര്യവിവരമില്ലാത്തവരെ പറഞ്ഞു ധരിപ്പിക്കാനും ശ്രമം നടത്തി ‘വിജയിച്ച’വരാണു മലങ്കര വറുഗീസിനെ വധിച്ചു വടക്കന്‍ പ്രദേശങ്ങളില്‍ വിഘടിത സഭ വളര്‍ത്താന്‍ ശ്രമിച്ചതെന്നതും ഇന്ന് ഒരു രഹസ്യമല്ല.

മലങ്കരസഭ ഒന്നേയുള്ളു എന്നും അതിന്‍റെ പരമാദ്ധ്യക്ഷന്‍ കാതോലിക്കാ ബാവായാണെന്നും 1934 ഭരണഘടന സഭയ്ക്കു ഒട്ടാകെ ബാധകമാണെന്നും സമാന്തര ഭരണസംവിധാനം സാധ്യമല്ലെന്നും സുപ്രീംകോടതി 2017 ജൂലൈ 3-നു വീണ്ടും തറപ്പിച്ചു വ്യക്തമാക്കിയത് ഇരുവിഭാഗങ്ങളുടെയും വലിയ നേട്ടമാണ്. ഇവിടെയും ഇരുവിഭാഗങ്ങളും വിജയിച്ചതുകൊണ്ടാണു വീണ്ടും ഒന്നായി മുന്നോട്ടുപോകാന്‍ വലിയ സാധ്യതയുള്ളത്. ഇരുവിഭാഗ നേതാക്കളും ഒരു മേശയ്ക്കു ചുറ്റുമിരുന്നു പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാനാണു ശ്രമിക്കേണ്ടതെന്നു പണ്ഡിതന്മാരും നമ്മേക്കാള്‍ കൂടുതല്‍ ഈശ്വരവിശ്വാസികളുമായ സുപ്രീംകോടതി ജഡ്ജിമാരുടെ നിര്‍ദ്ദേശം അംഗീകരിച്ച് എത്രയുംവേഗം മുന്നോട്ടു പോകണം. സമയം ആരെയും കാത്തുനില്‍ക്കാത്തതിനാല്‍ ഐക്യചര്‍ച്ചകള്‍ക്ക് ഒട്ടും അമാന്തിക്കേണ്ടതില്ല.

കോടതിവിധിയില്‍ വ്യക്തതയില്ലാത്തവര്‍ക്കു ലക്ഷങ്ങള്‍ പിരിച്ചു വീണ്ടും കോടതിയില്‍ പോയി എന്തെങ്കിലും വിധി സമ്പാദിച്ചു എന്നു പറഞ്ഞു മിച്ചം പോക്കറ്റിലാക്കാം. അടുത്ത കാലത്തു മുന്‍ ഡി.ജി.പി. സെന്‍ കുമാറിനനുകൂലമായി സുപ്രീംകോടതി പുറപ്പെടുവിച്ച വിധി വ്യക്തതയില്ലെന്നു പറഞ്ഞു നടപ്പിലാക്കാതിരിക്കാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയും ആഴ്ചകള്‍ നീണ്ട തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു എങ്കിലും ഒടുവില്‍ നാണംകെട്ട് മാപ്പു ചോദിച്ചും പൊതുജനങ്ങള്‍ നല്‍കിയ നികുതിപ്പണം പിഴയായി ഒടുക്കിയും മുഖം രക്ഷിക്കുകയായിരുന്നല്ലോ. ഇതൊന്നും മാന്യന്മാര്‍ക്കു ചേര്‍ന്ന പരിപാടികള്‍ അല്ല. വൈകിയാല്‍ സുപ്രീംകോടതിവിധി നടപ്പാക്കാന്‍ കോടതി തന്നെ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും.
മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ക്കു പണ്ടു സമൂഹത്തിലുണ്ടായിരുന്ന സമുന്നത വാണിജ്യ-സൈനിക-രാഷ്ട്രീയ-സാമൂഹിക സ്ഥാനങ്ങള്‍ പാശ്ചാത്യരുടെ വരവോടെ നഷ്ടപ്പെട്ടു. എന്നാല്‍ വിദ്യാഭ്യാസം, കൃഷി, ബാങ്കിംഗ്, ആരോഗ്യം മുതലായ രംഗങ്ങളിലേക്കു അവര്‍ ശ്രദ്ധതിരിച്ചു വിട്ടതിനാല്‍ നഷ്ടപ്പെട്ട യശസ്സ് വീണ്ടെടുക്കാനുള്ള പ്രാപ്തി അവര്‍ വൈകാതെ കൈവരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഈ രംഗങ്ങളില്‍ അവര്‍ക്കുണ്ടായിരുന്ന നേതൃസ്ഥാനം വലിയ അളവില്‍ കൊഴിഞ്ഞുപോയി. സഭയിലെ ആഭ്യന്തര കലഹങ്ങളാണ് അതിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്ന് എന്ന വസ്തുത എല്ലാവര്‍ക്കും അറിയാം. സഭയില്‍ സമാധാനം ഉണ്ടായതിനെ തുടര്‍ന്ന് 1958 മുതല്‍ സഭാംഗങ്ങള്‍ക്ക് അഭിമാനകരമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചു എങ്കിലും പിന്നെയും കലഹം ഉണ്ടാക്കി സഭയേയും സഭാംഗങ്ങളെയും ചിലര്‍ തകര്‍ത്തു. പല രംഗങ്ങളിലും ചില പ്രമുഖ സഭാംഗങ്ങള്‍ എത്തിച്ചേര്‍ന്നത് സ്വന്തം പരിശ്രമം കൊണ്ടാണ്. സഭയുടെ ശക്തമായ പിന്‍ബലം കൊണ്ടല്ല. ഇന്നും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ നാം പിന്നില്‍ നില്‍ക്കുന്നത് സാക്ഷ്യരഹിത നാമമാത്ര ക്രിസ്തീയ ജീവിതം കൊണ്ടാണ്. ഇതൊഴിവാക്കാന്‍ സുശക്തമായ വ്യവഹാരരഹിതസഭ ഉണ്ടാകണം. ഇതിനാവശ്യമായിട്ടുള്ളത് വെറും ഭരണരഹിത സഭയല്ല, കാര്യക്ഷമമായ ഭരണമുള്ള സഭയാണ്.

കഴിഞ്ഞ വര്‍ഷത്തെ സുപ്രീംകോടതിവിധിയുടെ പ്രാധാന്യം നാം വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല എന്നു സമര്‍ത്ഥിക്കാന്‍ നിഷ്പ്രയാസം സാധിക്കും. കോടതിവിധി എല്ലാവര്‍ക്കും ബാധകമാകയാല്‍ 1934-ലെ സഭാ ഭരണഘടനയ്ക്കു വിധേയമായിട്ടുള്ള പള്ളികള്‍ മലങ്കരസഭയുടെ പൊതുസ്വത്താണ്. അവ ഏറ്റെടുക്കാന്‍ വീണ്ടും കേസും ബലപ്രയോഗവും ഒന്നും ആവശ്യമില്ല. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ഭരണസംവിധാനം വിധി മൂലം പ്രായോഗികമായാല്‍ പ്രിയപ്പെട്ടവരും മുന്‍ പാത്രിയര്‍ക്കീസ് ഭാഗത്തു നിന്നവരും മലങ്കരസഭയുടെ അവിഭാജ്യഘടകമാണെന്നു ചിന്തിക്കും. അപ്പോള്‍ രണ്ടു കക്ഷി എന്ന പണ്ടത്തെ നില സ്വയം ഇല്ലാതാവും. പള്ളിക്കെട്ടിടങ്ങളേക്കാള്‍ പ്രധാനം പള്ളിയില്‍ വരുന്ന സഭാസ്നേഹികളാണ്. എല്ലാവരും പള്ളിക്കുള്ളില്‍ ഒത്തുചേരും.
1958-ലെ പരസ്പര സ്വീകരണത്തിനു മുമ്പ് പ. ഗീവറുഗീസ് രണ്ടാമന്‍ കാതോലിക്കാ ബാവാ, കോടതിയില്‍ തോറ്റവരും തന്‍റെ സ്വന്തം സഭാംഗങ്ങള്‍ ആണെന്ന മഹത്തായ ബോധ്യത്തോടു കൂടിയാണ് പഴയ എതിര്‍കക്ഷിക്കാരായ സ്വന്തക്കാരെ സ്നേഹപൂര്‍വ്വം സ്വീകരിച്ചത്. യഹോവയില്‍ ആശ്രയിച്ചു കുലുങ്ങാത്ത സീയോന്‍ പര്‍വ്വതം പോലെ നിന്ന കാതോലിക്കാ ബാവാ തന്‍റെ ശ്രേഷ്ഠരായ ഉപദേഷ്ടാക്കന്മാരോടും ബന്ധപ്പെട്ട സഭാകമ്മിറ്റികളോടും വേണ്ടവിധം ആലോചിച്ച ശേഷമാണു സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടു വന്നത്. തന്നിമിത്തം കോളജ് കണ്ടിട്ടില്ലാത്ത പണ്ടത്തെ “വൃദ്ധന്‍ പുന്നൂസ്” അന്നു സ്വീകരിച്ചവരുടെയും അതുല്യ പരിശുദ്ധ കാതോലിക്കാ ബാവായായി മാറി. വിനയത്തിന്‍റെ പ്രതീകമായിരുന്ന പ. ഔഗേന്‍ ബാവായും യഥാസമയം ശക്തമായ നടപടികള്‍ സ്വീകരിച്ചു സഭയെ ധന്യമാക്കി എന്നും ഓര്‍ക്കണം.

മലങ്കര സഭാദ്ധ്യക്ഷന്‍ സുന്നഹദോസിന്‍റെയും വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളുടെയും ട്രസ്റ്റിമാരുടെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ സഭയിലെ പ്രമുഖ വൈദികരുടെയും അഭിഭാഷകരുടെയും വിവിധ രംഗങ്ങളിലെ സമുന്നത സഭാസ്നേഹികളുടെയും അഭിപ്രായങ്ങള്‍ എന്നും ആരായുകയും ദൈവാശ്രയത്തോടെ അസാമാന്യമായ ആത്മധൈര്യത്തോടും നടപടികള്‍ സ്വീകരിക്കുകയും സഭയില്‍ സമാധാനം കൈവരുത്താതെ പിന്നോട്ടില്ലെന്നു തീരുമാനിക്കുകയും ചെയ്യേണ്ട കാലം അതിക്രമിച്ചു. തന്‍റെ ദൈവനിയോഗപ്രകാരമുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങളോടു മുഖം തിരിഞ്ഞ് ഒന്നിനും അടുക്കാതെ നില്‍ക്കുന്ന ചെറിയ ന്യൂനപക്ഷമെങ്കിലും ഉണ്ടെങ്കില്‍ ഉറക്കം നടിക്കുന്ന അവരെ ഇനിയും അനുനയിപ്പിച്ചു കാലം പാഴാക്കേണ്ടതില്ല. അവര്‍ കള്ളഉറക്കം തുടരട്ടെ.

മലങ്കരസഭയില്‍ നിന്നു ചെറിയ ചെറിയ കാര്യങ്ങളുടെ പേരില്‍ മാറിനിന്നു കൂട്ടായ്മകളും സഭയെന്ന പേരില്‍ സംഘടനകളും രൂപവല്‍ക്കരിച്ചു പോയിട്ടുള്ളവര്‍ കുറവല്ല. ഇതരസഭകളില്‍ നിന്നും സ്വന്തം ഭിന്നാഭിപ്രായത്തിന്‍റെ പേരില്‍ ചില വ്യക്തികള്‍ കൊച്ചുകൊച്ചു കൂട്ടായ്മകള്‍ രൂപവല്‍കരിച്ചു ഇന്നും എവിടെയ

ം നീങ്ങുന്നുണ്ടല്ലോ. ഒരു വേദപുസ്തകവും ഒരു പാട്ടുപുസ്തകവും അവയിലെ ചില പ്രധാന വാക്യങ്ങളും ഈരടികളും സരസമായി അവതരിപ്പിക്കാനുള്ള കഴിവും കുറച്ചു കാശും ഉണ്ടെങ്കില്‍ ഇന്ന് ഒരു ‘കൂട്ടായ്മ’ രൂപവല്‍കരിക്കാന്‍ നിഷ്പ്രയാസം കഴിയും.

ഇതുവരെ ആരും നിര്‍വ്വചിച്ചിട്ടില്ലാത്ത പാവനമായ ‘അന്ത്യോഖ്യന്‍ വിശ്വാസ’വും സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കാതലായ വിശ്വാസ സത്യങ്ങളില്‍ ഉള്‍പ്പെടുന്ന പരിശുദ്ധന്മാരോടും പരിശുദ്ധയായ ദൈവമാതാവിനോടുമുള്ള അപേക്ഷകളും വിശ്വാസികളായിരുന്നു മരിച്ചുപോയവര്‍ക്കുവേണ്ടി നിര്‍വഹിക്കുന്ന പ്രാര്‍ത്ഥനകളും അംഗീകരിക്കാത്ത ആടുമോഷണപ്രിയരായ സഭകളോടുള്ള കൂട്ടായ്മയ്ക്കു വേണ്ടി ചിലര്‍ നടത്തുന്ന രഹസ്യ ആലോചനകളും ദൈവഹിതത്തിനു നിരക്കാത്തതാണെന്നു ചൂണ്ടിക്കാട്ടാന്‍ ദൈവശാസ്ത്ര വിജ്ഞാനം ഒന്നും ആവശ്യമില്ല. നിലയില്ലാ കയത്തില്‍ മുങ്ങാന്‍ പോകുന്നവന്‍ കച്ചിത്തുരുമ്പില്‍ പിടിച്ചു രക്ഷപെടാന്‍ ശ്രമിക്കുന്നതിനു തുല്യമാണു ഇത്തരം ഞാണിന്മേല്‍ കളികള്‍ എന്നും ഓര്‍ക്കണം. നെല്ലിനോടൊപ്പം വളര്‍ന്നു നെല്ലിന്‍റെ വളം അപഹരിക്കുന്ന കളകളെ പിഴുതു മാറ്റി മുന്നേറാനുള്ള ശക്തവും ആത്മാര്‍ത്ഥവുമായ ശ്രമങ്ങളാണു ദൈവാശ്രയത്തോടെ ഒരു നിമിഷവും കളയാതെ ഇന്ന് നടത്തേണ്ടതെന്നു ബന്ധപ്പെട്ടവരെ അനുസ്മരിപ്പിക്കുന്നതില്‍ എന്തെന്നില്ലാത്ത ഒരാത്മസംതൃപ്തിയുണ്ട്.